Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന മാധ്യമപ്രവർത്തകൻ എംപി ബഷീർ റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ; ചാനലിന്റേയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടേയും ചുമതല

മുതിർന്ന മാധ്യമപ്രവർത്തകൻ എംപി ബഷീർ റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ; ചാനലിന്റേയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടേയും ചുമതല

മറുനാടൻ ഡെസ്‌ക്‌

റിപ്പോർട്ടർ ടിവിയുടെ എഡിറ്ററായി മുതിർന്ന മാധ്യമപ്രവർത്തകൻ എംപി ബഷീർ ചുമതലയേറ്റു. റിപ്പോർട്ടർ ചാനലിന്റേയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടേയും ചുമതലയാണ് ബഷീറിന്. 25 വർഷമായി മാധ്യമപ്രവർത്തനരംഗത്ത് സജീവമാണ് ബഷീർ. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലധികം മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ ശ്രദ്ധേയമായ പല വിഷയങ്ങളും പുറത്തുകൊണ്ടുവന്നത് ബഷീറായിരുന്നു.

2003ൽ മലയാളത്തിലെ ആദ്യ സമ്പൂർണ വാർത്താചാനലായ ഇന്ത്യാവിഷൻ തുടങ്ങിയപ്പോൾ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു. 2010 മുതൽ 2014 വരെ ഇന്ത്യാവിഷന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി. മുൻപ് കൈരളി ടിവി, ഡെക്കാൻ ഹെറാൾഡ്, യുഎൻഐ, മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ ഡിജിറ്റൽ മാധ്യമരംഗത്തെ ആദ്യ സ്വതന്ത്രസംരഭങ്ങളായ സൗത്ത് ലൈവ്, ന്യൂസ്‌റപ്റ്റ് എന്നിവയുടെ സഹസ്ഥാപകനും എഡിറ്ററുമാണ് ബഷീർ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധേയമായ മൂന്നാറിലെ ഭൂമി കയ്യേറ്റം, ഐസ്‌ക്രീം പാർലർ കേസ്, സിപിഐ എമ്മിലെ വിഭാഗീയത, എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ, ടൈറ്റാനിയംഅഴിമതിക്കേസ്, കേരളത്തിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടന്ന മരുന്ന് പരീക്ഷണങ്ങൾ തുടങ്ങിയ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ പങ്കുവഹിച്ചു.

1998ൽ മികച്ച ഇംഗ്ലീഷ് റിപ്പോർട്ടിങ്ങിനുള്ള തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വി കൃഷ്‌ണമൂർത്തി അവാർഡ് നേടി. 1999ൽ കർണാടകയിലെ കരിങ്കൽ ക്വാറികളിൽ ദളിത് തൊഴിലാളികളെ ചങ്ങലയ്ക്കിട്ട് അടിമപ്പണി ചെയ്യിക്കുന്നത് പുറംലോകത്തെ അറിയിച്ചു. ക്വാറി മുതലാളികളുടെ മനുഷ്യാവകാശ ചൂഷണം പുറത്തുകൊണ്ടുവന്ന ഈ റിപ്പോർട്ടിന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ‘റൈറ്റ്‌സ് റിപ്പോർട്ടർ അവാർഡ്’ ലഭിച്ചു. ഡെക്കാൻ ഹെറാൾഡിൽ പ്രസിദ്ധീകരിച്ച ‘യങ് ഗ്രാൻഡ് മദേഴ്‌സ് ഓഫ് മലപ്പുറം’ എന്ന വാർത്താ പരമ്പര നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ (എൻഎഫ്‌ഐ) മാധ്യമ ഫെല്ലോഷിപ്പിന് അർഹമായി. കേരളത്തിലെ ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കത്തേക്കുറിച്ചുള്ള പഠനത്തിന് ‘എഡിറ്റർ പ്രേം ഭാട്ടിയ’ സ്മാരക ഫെല്ലോഷിപ്പ്’ കരസ്ഥമാക്കി. കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനത്തിന് ‘പാനോസ് സൗത്ത് ഏഷ്യ ഫെല്ലോഷിപ്പ്’ ലഭിച്ചിട്ടുണ്ട്.

കുറിയേടത്ത് താത്രിയുടെ സ്മാർത്ത വിചാരത്തിന്റെ നൂറാം വർഷത്തിൽ കേരളത്തിലെ ‘ലൈംഗിക വിചാരണ’കളേക്കുറിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മൂന്ന് കുറ്റവിചാരണകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. മലബാർ കലാപം നൂറ്റാണ്ട് തികയ്ക്കുന്ന പശ്ചാത്തലത്തിൽ എഴുതുന്ന ‘ഖിലാഫത്ത്: 1921ന്റെ കഥയും രാഷ്ട്രീയവും’ എന്ന പുസ്തകം അടുത്ത വർഷമാദ്യം ഡിസി ബുക്‌സ് പുറത്തിറക്കും. കേരള പ്രസ് അക്കാദമി പൂർവ്വ വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP