Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാന സർക്കാർ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എൻ.ഐ.എ; കേരളത്തിൽ നിന്ന് പിടികൂടിയ മൂന്ന് പേരെയും ഡൽഹിയിലെത്തിച്ചു; രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യലും; പിടിയിലായവർക്ക് മ്യാന്മർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി അടുത്ത ബന്ധവും; ആലുവക്കാരനായ മുൻ സിമി നേതാവിലേക്കും അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:കേരളത്തിലും ബംഗാളിലും പ്രധാന സർക്കാർ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എൻ.ഐ.എയുടെ നിർദ്ദേശം. കേരളത്തിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അൽഖായിദ ഭീകരരെ ഡൽഹിയിൽ ചോദ്യം ചെയ്ത് വരികയാണ്. ഇവരിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് പിടികൂടിയ മൂന്ന് പേരെയും ഡൽഹിയിലെത്തിച്ചിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. ബംഗാളിൽ നിന്ന് പിടികൂടിയവർക്കൊപ്പം ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകൾ, സർക്കാർ, സൈനിക ബന്ധമുള്ള സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജാഗ്രത പുലർത്താനാണ് നിർദ്ദേശം. മ്യാന്മർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ അധികൃതർ അറിയിച്ചു.

അൽഖ്വയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങൾക്ക് കേരളം ആക്രമണലക്ഷ്യമല്ലെന്ന് സൂചന. ശബരിമലയോ, കൊച്ചിൻ ഷിപ്പ്യാർഡോ വേറെ ഏതെങ്കിലും ആക്രമണലക്ഷ്യങ്ങളോ കേരളത്തിൽ തീവ്രവാദ സംഘടനകൾക്ക് ഇല്ലെന്നാണ് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. കേരളം എപ്പോഴും ഒരു സുരക്ഷിതതാവളമായി ഉപയോഗിക്കാനാണ് ഇവർ താത്പര്യപ്പെടുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ പ്രവർത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല. ഇതുകൊണ്ട് തന്നെ രഹസ്യമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള ഇടമായാണ് ഇവർ കേരളം ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പിടിയിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ഈ നിഗമനത്തിൽ എത്തിയത്.

കൊച്ചിയിൽ നിന്ന് ഈ മൂവർ സംഘത്തിന്റെ അറസ്റ്റ് വന്നതോടെ ഇവരുമായി ബന്ധമുള്ള അൽഖ്വയ്ദ തീവ്രവാദികൾ കൊല്ലത്തെക്കും തിരുവനന്തപുരത്തെക്കുമാണ് നീങ്ങിയത്. ഇതിൽ ഉൾപ്പെട്ട ഒരു മലയാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടത്തുന്നത്. ഇവരെ തിരഞ്ഞു പിടിക്കാൻ എൻഐഎയ്ക്ക് പുറമേ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും അടുത്ത് സ്ഥലം വിട്ടവരുടെ വിവരങ്ങളും അതോടൊപ്പം കേരളത്തിൽ നിന്ന് അപ്രത്യക്ഷമായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം തന്നെ അന്വേഷണ ഏജൻസികൾ ശേഖരിക്കുന്നുണ്ട്.

കേരളത്തിൽ നിന്ന് അപ്രത്യക്ഷനായ ആലുവക്കാരനായ സിമി നേതാവ് സി.എ.എം.ബഷീറിനു നിലവിലെ തീവ്രവാദസംഘങ്ങളുമായുള്ള ബന്ധവും ഇപ്പോൾ അന്വേഷണ വിഷയമാണ്. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിൽ ഏറ്റവും കൂടുതൽ റോൾ ഉണ്ടായിരുന്നത് ബഷീറിനു ആയിരുന്നു. എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ പി.ജി.ഡിപ്ലോമയുള്ള ബഷീർ എവിടെയുണ്ടെന്ന വിവരം അന്വേഷണ ഏജൻസികളുടെ കയ്യിലുമില്ല എന്നാണ് അറിവ്. ലഷ്‌ക്കർ ഇ ത്വയിബയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് ബഷീർ എന്ന വിവരമാണ് അന്വേഷണ ഏജൻസികളുടെ കയ്യിലുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP