Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയാൽ റിസോർട്ടൊന്നും കിട്ടിയില്ലേ എന്ന ചോദ്യം; സുഹൃത് ബന്ധത്തിന്റെ പേരിൽ ഫ്‌ളാറ്റ് എടുത്തുകൊടുത്താൽ അവിഹിതമെന്ന് ആരോപണം; കേരള പൊലീസിന് ഇതെന്തുപറ്റി? സോഷ്യൽ മീഡിയയിൽ ചൂടേറിയ സംവാദം നടക്കുന്നത് കോഴിക്കോട് കൺട്രോൾ റൂം സിപിഒയെ സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് സസ്‌പെൻഡ് ചെയ്തതിനെ ചൊല്ലി; മൊഴിയെടുക്കാൻ വന്ന പൊലീസുകാർ ശരീരത്തെയും നിറത്തെയും അപമാനിച്ചെന്ന് യുവതിയുടെ പരാതി

കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയാൽ റിസോർട്ടൊന്നും കിട്ടിയില്ലേ എന്ന ചോദ്യം; സുഹൃത് ബന്ധത്തിന്റെ പേരിൽ ഫ്‌ളാറ്റ് എടുത്തുകൊടുത്താൽ അവിഹിതമെന്ന് ആരോപണം; കേരള പൊലീസിന് ഇതെന്തുപറ്റി? സോഷ്യൽ മീഡിയയിൽ ചൂടേറിയ സംവാദം നടക്കുന്നത് കോഴിക്കോട് കൺട്രോൾ റൂം സിപിഒയെ സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് സസ്‌പെൻഡ് ചെയ്തതിനെ ചൊല്ലി; മൊഴിയെടുക്കാൻ വന്ന പൊലീസുകാർ ശരീരത്തെയും നിറത്തെയും അപമാനിച്ചെന്ന് യുവതിയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സദാചാര പൊലീസിങ് കേരളത്തിൽ ഇപ്പോൾ ഫാഷനാണ്. പലതരം പൊല്ലാപ്പുകൾ ഒന്നുമറിയാത്ത പാവങ്ങൾക്ക് ചില സദാചാര പൊലീസുകാർ മൂലംഉണ്ടായിട്ടുണ്ട്. എന്നാൽ, ഒറിജിനൽ പൊലീസ് തന്നെ സദാചാര പൊലീസായാലോ? കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിന് എതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പ്രായപൂർത്തിയായ യുവതിക്ക് ഫ്‌ളാറ്റ് എടുത്തുകൊടുത്തുവെന്ന പേരിൽ യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ഉമേഷ് വള്ളിക്കുന്ന് എന്ന സിപിഒയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കോഴിക്കോട് സിറ്റി നടക്കാവ് പൊലീസ് ഇൻസ്പക്ടർ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഡിഐജി എ.വി.ജോർജിന്റെ ഉത്തരവ്. എന്നാൽ, ഉത്തരവിൽ പറയുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഇത് വ്യക്തിവിദ്വേഷം മാത്രമാണെന്നുമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു.

വനിതാ സുഹൃത്തിന്റെ വീട്ടിൽ നിത്യ സന്ദർശകൻ എന്ന് ആരോപിച്ചാണ് ഉമേഷ് വള്ളിക്കുന്നിന് സസ്പെൻഷൻ നൽകിയിരിക്കുന്നത്. കൺട്രോൾ റൂമിലെ സിപിഒ ആണ് ഉമേഷ് വള്ളിക്കുന്ന്. തനിച്ച് താമസിക്കുന്ന യുവതിക്ക് പോലും പൊലീസ് പറയുന്ന വിഷയത്തിൽ പരാതിയില്ലാതെയാണ് യുവതിയുടെ അമ്മയുടെ പരാതിയിന്മേൽ ഉമേഷിനെതിരേ നടപടിയെടുത്തിരിക്കുന്നത്. മറ്റൊരാളുടെ പരാതിയിൽ ഇത്തരമൊരു കാരണം പറഞ്ഞ് പൊലീസുകാരനെതിരേ നടപടിയെടുത്തതിൽ സിവിൽ സ്റ്റേഷനിലെ ഫ്ളാറ്റിൽ താമസിക്കുന്ന യുവതി ഉന്നത വൃത്തങ്ങളിൽ പരാതി നൽകാനും ഒരുങ്ങുകയാണ്. മാത്രമല്ല കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വനിതാ പൊലീസുകാർ പോലുമില്ലാതെ തന്റെ ഫ്ളാറ്റിലെത്തിയ സ്പെഷ്യൽ എ.സി.പിയടക്കമുള്ളവർ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന മറ്റൊരു പരാതിയും യുവതി നൽകിയിട്ടുണ്ട്.

തന്റെ പേര് ഉൾപ്പെട്ട സംഭവത്തിൽ പരാതി എന്താണെന്ന് പോലും പറയാതെയാണ് പൊലീസുകാർ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ പകർപ്പ് തരാൻ പറ്റില്ലെന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാട്.പൊലീസുകാരനെ സസ്‌പെന്റ് ചെയ്ത ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടന്ന് കാണിച്ചാണ് യുവതി ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. അമ്മ നല്കിയ പരാതിയിൽ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അധിക്ഷേപിച്ചെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

യുവതിയുടെ വാക്കുകൾ...

'മൂന്നു നാല് മാസമായി ഞാൻ ഒറ്റയ്ക്ക് ഫ്‌ളാറ്റിൽ താമസിക്കുകയാണ്. ഇങ്ങനെയൊരു പരാതിയുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്‌പെഷ്യൽ ബ്രാഞ്ച് എസിപിയും എസ്‌ഐയും ഫ്‌ളാറ്റിലേക്ക് വരികയായിരുന്നു. വനിതാ പൊലീസ് കൂടെയുണ്ടായിരുന്നില്ല. അന്ന് പരാതി എന്താണെന്നൊന്നും പറയാതെയാണ് അവർ മൊഴിയെടുത്തു പോയത്.

ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരന്റെ പേരിലാണ് പരാതിയെന്നൊക്കെ പിന്നീടാണ് അറിഞ്ഞത്. ഞാൻ പറഞ്ഞതൊന്നുമല്ല അവർ മൊഴിയായി രേഖപ്പെടുത്തിയത്. അന്ന് തന്നെ പരാതിയുമായി പോകണമെന്ന് വിചാരിച്ചതാണ്. എസ്‌ഐ മുമ്പൊരു സസ്‌പെൻഷൻ കഴിഞ്ഞുവന്നിട്ടേയുള്ളു എന്നൊക്കെ അറിഞ്ഞതുകൊണ്ടാണ് പിന്നെ പരാതിയുമായി പോകാഞ്ഞത്.

അതിനു ശേഷം മൊഴിയുടെ പകർപ്പ് ചോദിച്ചപ്പോ എസിപി തരാൻ പറ്റില്ലെന്ന് പറഞ്ഞു. എൻക്വയറി കഴിഞ്ഞിട്ടേ തരാൻ പറ്റു എന്നാണ് പറഞ്ഞത്. പിന്നീട് ഡിസിപി ഇടപെട്ടാണ് മൊഴിയുടെ പകർപ്പ് ലഭിച്ചത്. സസ്‌പെൻഷൻ ഉത്തരവായി എന്നൊക്കെ രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. അതിലേക്ക് എന്റെ പേര് വലിച്ചിഴയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല. എനിക്കൊരു പരാതിയുമില്ല. ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ ജീവിക്കുന്നത്. ഞാനൊരു കലാകാരിയാണ്. ഗായികയും സംഗീതസംവിധായികയുമാണ്. എന്റെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഞാൻ ഫ്‌ളാറ്റെടുത്തിട്ടുള്ളത്. പാട്ടുകൾ ചെയ്യുന്നത് സംബന്ധിച്ച് വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് ഇങ്ങനെ തീരുമാനിച്ചതാണ്.

അത്തരമൊരു സാഹചര്യത്തിലാണ് അദ്ദേഹം ഇവിടെ നിത്യസന്ദർശകനാണ് എന്ന് പറഞ്ഞ് വളരെ അപമാനകരമായ രീതിയിലുള്ളതൊക്കെ എഴുതി വച്ചിരിക്കുന്നത്. ശരിക്കും സ്ത്രീകൾക്ക് തന്നെ അപമാനകരമായ കാര്യമാണത്. 31 വയസ്സുള്ള എന്നെ ഒരു സ്ത്രീയെന്ന നിലയ്ക്ക് ഇതൊക്കെ എങ്ങനെ ബാധിക്കുമെന്ന് പോലും ചിന്തിക്കാതെയാണ് അതൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ എന്നല്ല എല്ലാവരെയും സംരക്ഷിക്കേണ്ട പൊലീസ് സേനയുടെ ഭാഗത്തു നിന്ന് തന്നെ ഇത്തരമൊരു നടപടി വരുന്നത് സങ്കടകരമായ അവസ്ഥയാണ്. '

അന്വേഷിക്കാനെത്തിയ എസിപി തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. ശരീരത്തേയും നിറത്തേയും അധിക്ഷേപിച്ചെന്ന് ഇവർ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്ജ് തന്നോട് മുൻ വൈരാഗ്യം തീർക്കുകയാണെന്നാണ് സസ്‌പെൻഷനിലായ ഉമേഷിന്റെ ആരോപണം. നേരത്തെ കാടുപൂക്കും നേരം എന്ന സിനിമയുടെ പോസ്റ്ററും സംഭാഷണവും ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന് ഉമേഷിന് സിറ്റി പൊലീസ് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു

സംഭവം ഇങ്ങനെ:

സ്‌കൂൾ കൗൺസിലറും ഗായികയുമായ യുവതി വീട്ടുകാരുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം ഫ്ളാറ്റെടുത്തായിരുന്നു താമസം. ഇവരുടെ സുഹൃത്തുക്കളിൽ ഒരാളാണ് ഉമേഷ് വള്ളിക്കുന്ന്. യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പൊലീസുകാരൻ ഫ്ളാറ്റെടുത്ത് നൽകിയെന്നും ഉമേഷിൽ നിന്നും മകളെ രക്ഷിക്കണമെന്നുമുള്ള യുവതിയുടെ അമ്മയുടെ പരാതിയിലാണ് സസ്പെൻഷൻ എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രായപൂർത്തിയായ തനിക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുള്ളതാണ് പൊലീസുകാരനെതിരായ നടപടിയെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.

വിവാഹമോചനത്തിനൊരുങ്ങുന്ന പൊലീസുകാരൻ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റിലെത്തി യുവതിയുമായി അടുത്തിടപഴകുന്നു, നിത്യ സന്ദർശനം നടത്തുന്നു, യുവതി ഭാര്യയാണെന്ന് ബ്രോക്കറെ തെറ്റിദ്ധരിപ്പിച്ച് ഫ്ളാറ്റെടുത്തു തുടങ്ങിയ കാരണങ്ങളാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.

മുമ്പ് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെതിരേ ശബരിമല സമര സമയത്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഷനിലായിരുന്നു അന്ന് ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുകയായിരുന്ന ഉമേഷ്. തുടർന്ന് കാളിരാജ് മഹേഷ് കുമാർ സ്ഥലം മാറി പോവുകയും ചെയ്തു. സസ്പെൻഷന് ശേഷം കൺട്രോൾ റൂമിലേക്ക് മാറി ജോലി തുടർന്ന് വരികെയാണ് ഫ്ളാറ്റെടുത്തതിന്റെ പേരിൽ സസ്പെൻഷനിലായിരിക്കുന്നത്.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അതിന്റെ പേരിൽ ജോലി പോയാലും ഒരാളുടെ മുന്നിലും തല കുനിക്കില്ലെന്നും ഉമേഷ് ഫെയ്സുബുക്കിൽ കുറിച്ചു. തനിക്കെതിരെ കാരണമുണ്ടാക്കി നിരന്തരം വേട്ടയാടി ജോലി കളയാൻ നോക്കി പക തീർക്കുകയാണെന്നും ഉമേഷ് പ്രതികരിച്ചു.

ഉമേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു.

2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ
ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.

31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ളാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി 'അവളുടെ പേരിൽ ഫ്‌ളാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു' എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പൊലീസുകാരന്റെ സസ്‌പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.

അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ.

ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP