Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസ്ഥികൂടത്തിനരുകിൽ നിന്ന് രണ്ടുഫോൺ കണ്ടെടുത്തെന്ന് പറഞ്ഞ പൊലീസ് പിന്നീട് ഒരു ഫോൺ എന്ന് നിലപാട് മാറ്റി; അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണയിക്കാൻ ഫോറൻസിക് പരിശോധനയിലും കഴിഞ്ഞില്ല; ഡിഎൻഎ പരിശോധനാ ഫലവും വൈകുന്നത് അനന്തമായി; വൈക്കം കുടവത്തൂർ സ്വദേശി ജിഷ്ണു ഹരിദാസിനെ കാണാതായി മൂന്നു മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

അസ്ഥികൂടത്തിനരുകിൽ നിന്ന് രണ്ടുഫോൺ കണ്ടെടുത്തെന്ന് പറഞ്ഞ പൊലീസ് പിന്നീട് ഒരു ഫോൺ എന്ന് നിലപാട് മാറ്റി; അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണയിക്കാൻ ഫോറൻസിക് പരിശോധനയിലും കഴിഞ്ഞില്ല; ഡിഎൻഎ പരിശോധനാ ഫലവും വൈകുന്നത് അനന്തമായി; വൈക്കം കുടവത്തൂർ സ്വദേശി ജിഷ്ണു ഹരിദാസിനെ കാണാതായി മൂന്നു മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ദുരൂഹ സാഹചര്യത്തിൽ കാണാതായ ബാർ ജീവനക്കാരനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ജൂൺ മൂന്നിന് കുമരകത്തു നിന്ന് കാണാതായ വൈക്കം കുടവത്തൂർ സ്വദേശി ജിഷ്ണു ഹരിദാസിനെ കുറിച്ചുള്ള പൊലീസ് അന്വേഷണവും വഴിമുട്ടിയ നിലയിലാണ്. ഇതിനിടെ കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന നി​ഗമനത്തിൽ പൊലീസ് എത്തിച്ചേർന്നെങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാത്തതും അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നു.

കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു. ജൂൺ മൂന്നിന് രാവിലെ എട്ടിന് വീട്ടിൽ നിന്നിറങ്ങിയ ജിഷ്ണു സൈക്കിൾ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസിൽ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറിൽ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്റെ ഫോൺ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല. രാത്രി ഏഴ് മണിയോടെ ബാർ മാനേജരടക്കം നാലുപേർ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല.

ജൂൺ 27 ന് നാട്ടകം മറിയപ്പള്ളിയിൽ എംസി റോഡിനു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റെതാണ് ആദ്യം സ്ഥിരീകരിച്ച പൊലീസ് മൂന്ന് മാസം പിന്നിട്ടിട്ടും അതിൽ വ്യക്തത വരുത്തിയില്ല. ഫൊറൻസിക് പരിശോധനയിൽ അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധന ഫലമടക്കം വൈകിച്ച് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു. ജിഷ്ണുവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. വിശദ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം എസ്‌പിക്ക് പരാതി നൽകി.

കുമരകം ചക്രംപടിയിൽ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസിൽ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചു. ബസിലിരുന്ന് ഇയാൾ തുടർച്ചയായി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടക്ടർ മൊഴി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് പൊലീസ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തത്. സ്ഥലത്തു നിന്ന് ലഭിച്ച വസ്ത്രങ്ങളും ഫോണും പരിശോധിച്ച പൊലീസ് മൃതദേഹം ജിഷ്ണുവിൻറേതാണെന്ന് ഉറപ്പിച്ചു. എന്നാൽ ഫോണും വസ്ത്രങ്ങളും ജിഷ്ണുവിൻറേതല്ലെന്ന് മാതാപിതാക്കൾ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. മരിച്ചത് ആരെന്നുറപ്പിക്കാൻ ഡിഎൻഎ പരിശോധനയ്ക്കയച്ചെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും മറുപടിയില്ല.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീൻ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയായിരുന്നു. മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാൾ ധരിച്ച ഷർട്ടിന്റെ അവശിഷ്ടമാണെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീൻസിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ടായിരുന്നു. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാർ സാധാരണ എത്താറില്ല. വിഷ്ണു എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല.

നാട്ടകം മറിയപള്ളിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കാട് നീക്കുന്നതിനിടെയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. എസ്‌പിസിഎസ് വക ഭൂമിയിൽ എംസി റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറിയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. മൃതദേഹത്തിന്റെ സമീപത്തു നിന്ന് രണ്ട് ഫോണുകൾ കിട്ടിയെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഒരു ഫോണെന്ന് തിരുത്തി. ഫോണുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ഇല്ലാതിരുന്നത് കുടുംബത്തിന്റെ സംശയം വർധിപ്പിച്ചു. വിഷ്ണു ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും നഷ്ടപ്പെട്ടു. സംശയമുള്ള വ്യക്തികളുടെ പേരുകളും അതിനുള്ള കാരണങ്ങളും വിശദമാക്കിയും കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP