Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനന്തു പതിവായി ലോട്ടറി എടുത്തിരുന്നത് പൊന്നേത്ത് ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ രാധാകൃഷ്ണനുമായി ചേർന്ന്; തിരുവോണം ബമ്പർ എടുത്തത് തനിച്ചു; അനന്തുവിന് കൈവന്ന ഭാഗ്യത്തിൽ സന്തോഷത്തോടെ ക്ഷേത്രത്തിലെ സഹ ജോലിക്കാർ; ക്ഷേത്ര ജീവനക്കാരന് ലോട്ടറി അടിച്ചത് അറിഞ്ഞ് അമ്പലത്തിലേക്കും ജനപ്രവാഹം; ഒരു നല്ല വീട് വെക്കണമെന്നും സഹോദരിയെ നല്ലനിലയിൽ വിവാഹം കഴിപ്പിച്ച് അയക്കണമെന്നും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ് അനന്തു

അനന്തു പതിവായി ലോട്ടറി എടുത്തിരുന്നത് പൊന്നേത്ത് ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ രാധാകൃഷ്ണനുമായി ചേർന്ന്; തിരുവോണം ബമ്പർ എടുത്തത് തനിച്ചു; അനന്തുവിന് കൈവന്ന ഭാഗ്യത്തിൽ സന്തോഷത്തോടെ ക്ഷേത്രത്തിലെ സഹ ജോലിക്കാർ; ക്ഷേത്ര ജീവനക്കാരന് ലോട്ടറി അടിച്ചത് അറിഞ്ഞ് അമ്പലത്തിലേക്കും ജനപ്രവാഹം; ഒരു നല്ല വീട് വെക്കണമെന്നും സഹോദരിയെ നല്ലനിലയിൽ വിവാഹം കഴിപ്പിച്ച് അയക്കണമെന്നും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ് അനന്തു

ആർ പീയൂഷ്

കൊച്ചി: തിരുവോണം ബമ്പർ അടിച്ച കട്ടപ്പന സ്വദേശി അനന്തു വിജയൻ(24) ഒന്നര വർഷമായി എളംകുളത്തെ പൊന്നേത്ത് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ക്ഷേത്രത്തിലെ കഴകം രാധാകൃഷ്ണനുമായി ചേർന്നാണ് ലോട്ടറി എടുത്തു വന്നിരുന്നത്. തിരുവോണം ബമ്പർ എടുക്കുന്ന നേരം രാധാകൃഷ്ണൻ ചില അസൗകര്യങ്ങൾ മൂലം വിട്ടു നിന്നു. അതിനാൽ അനന്തു ഒറ്റക്കാണ് ബമ്പർ എടുത്തത്. എന്നാൽ രാധാകൃഷ്ണന് ഇക്കാര്യത്തിൽ ഒരു വിഷമവുമില്ല. കിട്ടേണ്ടവർക്ക് കിട്ടും, അനന്തുവിന് ലഭിച്ചതിൽ ഏറെ സന്തോഷമെന്നും ലോട്ടറി അടിച്ചാൽ ക്ഷേത്രത്തിലേക്ക് കാര്യമായി എന്തെങ്കിലും ചെയ്യുമെന്നും പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണൻ മറുനാടനോട് പ്രതികരിച്ചു.

ഒന്നരവർഷമായി ക്ഷേത്രത്തിലെ ജോലിക്കാരനായ അനന്തുവിന് ഭാഗ്യദേവത കടാക്ഷിച്ചതിൽ ഒരു പാട് സന്തോമുണ്ടെന്ന് ക്ഷേത്ര കുടുംബാഗമായ നന്ദനൻ പറയുന്നു. പ്രാരാബ്ദങ്ങൾ ഏറെയുള്ള വീട്ടിൽ നിന്നും ജോലി തേടി എത്തിയതായിരുന്നു അനന്തുവെന്നും ബിരുദ ധാരിയായതിനാൽ ക്ഷേത്രത്തിലെ ഓഫീസ് ചുമതല കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി റിസൾട്ട് വന്നപ്പോൾ ക്ഷേത്രത്തിലെ രസീത് കൗണ്ടറിലായിരുന്നു അനന്തു. ഫലം അറിഞ്ഞയുടൻ തന്നെ ബാങ്കിലെ ഒരു ജീവനക്കാരിവഴി ലോട്ടറി ബാങ്കിലേക്ക് കൈമാറി.

അനന്തുവിന് ലോട്ടറി അടിച്ചു എന്നറിഞ്ഞതുമുതൽ ക്ഷേത്രത്തിലെക്കി വലിയ ജനപ്രവാഹമായിരുന്നു. മാധ്യമ പ്രവർത്തകരാണ് ആദ്യം വന്നത്. പിന്നീട് ജനങ്ങൾ എത്താൻ തുടങ്ങി. മാധ്യമ പ്രവർത്തകരോട് അധികം സംസാരിക്കാതെ അനന്തു രാത്രി തന്നെ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയിട്ടുമില്ല. ചാനൽ റിപ്പോർട്ടർമാർ ഏറെ നിർബന്ധിച്ചെങ്കിലും ക്യാമറക്ക് മുന്നിലേക്ക് വരാൻ തയ്യാറായില്ല. ലോട്ടറി അടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഒരു നല്ല വീട് വയ്ക്കണമെന്നും സഹോദരിയെ വിവാഹം കഴിപ്പിച്ചയക്കണമെന്നുമാണ് ആഗ്രഹമെന്നുമാണ് അനന്തു മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

13 വർഷമായി കടവന്ത്ര കെ.പി.വള്ളോൻ റോഡിൽ തട്ടിൽ ലോട്ടറി നിരത്തി വിൽപന നടത്തുന്ന തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി അഴകച്ചാമിയുടെ പക്കൽ നിന്നുമാണ് അനന്തു ലോട്ടറി വാങ്ങിയത്. കച്ചേരിപ്പടിയിലെ വിഘ്നേശ്വരാ ഏജൻസിയിൽ നിന്നുമാണ് ലോട്ടറി വാങ്ങിയിരുന്നത്. ടിക്കറ്റ് വില 300 രൂപയായതിനാൽ 10 ടിക്കറ്റ് മാത്രമേ അഴകച്ചാമി ഇവിടെ നിന്നും വാങ്ങിയിരുന്നുള്ളൂ. അതിലൊന്നിൽ നിന്നുമാണ് ബമ്പർ സമ്മാനം അടിച്ചത്. കമ്മീഷൻ ലഭിക്കുന്ന തുക ഡിമ്ടിഗലിലുള്ള മകൾക്കും മകനും നൽകണമെന്നും കടം തീർക്കണമെന്നും അഴകച്ചാമി പറഞ്ഞു. തുടർന്നും 68 കാരനായ അഴകച്ചാമി ഇനിയും ലോട്ടറി കച്ചവടം തുടരുമെന്നാണ് മരുനാടനോട് പറഞ്ഞത്.

12 കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക. അതേ സമയം അനന്തു എറണാകുളത്ത് നിന്നും ടിക്കറ്റെടുത്തപ്പോൾ അച്ഛൻ വിജയൻ കട്ടപ്പനയിൽ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങി. പക്ഷേ ഭാഗ്യദേവത കടാക്ഷിച്ചത് മകനെ. കട്ടപ്പന ഇരട്ടയാർ വലിയ തോവാളയിലെ 55 വർഷം പഴക്കമുള്ള വീട്ടിലേക്കാണ് ഇത്തവണ ഭാഗ്യദേവത വലതുകാൽ വച്ചു കടന്നുവന്നത്. വലിയ തോവാളയിലെ ഉയർന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സ്ഥലത്താണ് അനന്തുവും കുടുംബവും താമസിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീടിനു ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ശുദ്ധജലവും നല്ല വഴിയുമുള്ളിടത്തു വീടു വയ്ക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മറ്റൊന്നും തൽക്കാലം ചിന്തിച്ചിട്ടില്ല.

അനന്തു ഡിഗ്രി പഠനം കഴിഞ്ഞതു മുതൽ ലോട്ടറിയെടുക്കാറുണ്ട്. പെയ്ന്റിങ് തൊഴിലാളിയായ അച്ഛൻ വിജയനെ കണ്ടു പഠിച്ചതാണ് ഈ ശീലം. ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ് വുമൺ ആണ് അമ്മ സുമാ വിജയൻ. ലോട്ടറി തനിക്കാണെന്ന് ഉറപ്പിച്ചപ്പോൾ അനന്തു വീട്ടുകാരെ സന്തോഷം വിളിച്ചറിയിച്ചു. ആതിര വിജയനും അരവിന്ദ് വിജയനും സഹോദരങ്ങളാണ്. നിരവധിപേർ അനന്തുവിനെ അന്വേഷിച്ച് പൊന്നേത്ത് ക്ഷേത്രത്തിലെത്തുന്നതിനാൽ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി നിൽക്കുകയാണ് എന്നാണ് വിവരം. തിരികെ ക്ഷേത്രത്തിലെ ജോലിക്കായി എത്തുമോ എന്ന് അറിയില്ല എന്ന് ക്ഷേത്ര ജീവനക്കാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP