Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വാറന്റൈൻ ലംഘിച്ചു കേരളാ ചീഫ് സെക്രട്ടറി കുടുംബ സമേതം പൊന്മുടിയിൽ ഉല്ലാസ യാത്രയിൽ; വിശ്വാസ് മേത്ത പൊന്മുടിയിലെ കെടിഡിസി ഗസ്റ്റ് ഹൗസിൽ എത്തിയത് സമ്പർക്കത്തിലുള്ള കീഴുദ്യോഗസ്ഥക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെ; ചീഫ് സെക്രട്ടറി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൽ ഭരണസിരാ കേന്ദ്രത്തിലും മുറുമുറുപ്പ്; മന്ത്രിമാർ പോലും അച്ചടക്കത്തോടെ നിരീക്ഷണത്തിൽ കഴിയുമ്പോൾ ചീഫ് സെക്രട്ടറിക്ക് വേണ്ടി ചട്ടങ്ങൾ കാറ്റിൽപ്പറത്തുന്നു; പൊന്മുടി യാത്രയെ ചൊല്ലി വിവാദം

ക്വാറന്റൈൻ ലംഘിച്ചു കേരളാ ചീഫ് സെക്രട്ടറി കുടുംബ സമേതം പൊന്മുടിയിൽ ഉല്ലാസ യാത്രയിൽ; വിശ്വാസ് മേത്ത പൊന്മുടിയിലെ കെടിഡിസി ഗസ്റ്റ് ഹൗസിൽ എത്തിയത് സമ്പർക്കത്തിലുള്ള കീഴുദ്യോഗസ്ഥക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെ; ചീഫ് സെക്രട്ടറി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൽ ഭരണസിരാ കേന്ദ്രത്തിലും മുറുമുറുപ്പ്; മന്ത്രിമാർ പോലും അച്ചടക്കത്തോടെ നിരീക്ഷണത്തിൽ കഴിയുമ്പോൾ ചീഫ് സെക്രട്ടറിക്ക് വേണ്ടി ചട്ടങ്ങൾ കാറ്റിൽപ്പറത്തുന്നു; പൊന്മുടി യാത്രയെ ചൊല്ലി വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: നിർബന്ധമായും ക്വാറന്റൈനിൽ പോകേണ്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കുടുംബം സമേതം പൊന്മുടി കെടിഡിസി റിസോർട്ടിൽ താമസിക്കുന്നത് വിവാദമാകുന്നു. ചീഫ് സെക്രട്ടറിയുടെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായ ജോഷി മൃൺമയി ശശാങ്ക് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ തുടരുകയാണ്. ചീഫ് സെക്രട്ടറിയുമായി നിരന്തര സമ്പർക്കമുള്ള ഉദ്യോഗസ്ഥയാണ് ജോഷി മൃൺമയി ശശാങ്ക്. മൃൺമയി കോവിഡ് പോസിറ്റീവ് ആയിരിക്കെ പ്രൈമറി കോൺടാക്റ്റ് ആണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. പ്രൈമറി കോൺടാക്റ്റ് ഉള്ളവർ നിർബന്ധമായും ക്വാറന്റൈൻ ആയിരിക്കണം എന്നത് നിർബന്ധമാണ്. ഈ കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തിയാണ് ചീഫ് സെക്രട്ടറിയും സംഘവും പൊന്മുടിയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ചീഫ് സെക്രട്ടറിയുടെ നടപടിക്കെതിരെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയെറ്റിൽ തന്നെ മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. കൊറോണ വ്യാപനം സർവ അതിരുകളും ഭേദിച്ച് തലസ്ഥാന നഗരിയിൽ പടരുവേ തന്നെയാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയിൽ നിന്നും വന്നിരിക്കുന്നത്.

മൃൺമയി കോവിഡ് പോസിറ്റീവ് ആയിരിക്കെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർബന്ധിതമാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മൃൺമയിയുമായി പ്രൈമറി കോൺടാക്റ്റിൽ വരുന്ന ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ളവരും. ഈ രീതിയിൽ ക്വാറന്റൈനിൽ തുടരേണ്ട ചീഫ് സെക്രട്ടറിയാണ് ഇന്നലെ കുടുംബസമേതം കെടിഡിസി റിസോർട്ടിൽ എത്തി താമസം തുടങ്ങിയിരിക്കുന്നത്. മൃൺമയിയുമായി പ്രൈമറി കോൺടാക്റ്റ് വരുന്ന ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ളവർ ക്വാറന്റൈനിൽ പോയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രൈമറി കോൺടാകറ്റിൽ വരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചില്ലെങ്കിലും ഇവർ കരിയർമാർ ആകാൻ സാധ്യതയുണ്ട്. ഇവർ വഴി പ്രതിരോധ ശേഷി കുറവുള്ളവർക്ക് കോവിഡ് പടരാൻ സാധ്യത കൂടുതലാണ്. ചീഫ് സെക്രട്ടറി റൂം ക്വാറന്റൈനിൽ ആണ് തുടരേണ്ടത്. ഏഴു ദിവസം റൂം ക്വാറന്റൈൻ നിർബന്ധമാണ്. ഇവിടെ ചീഫ് സെക്രട്ടറിയുടെ നടപടി വഴി കോവിഡ് പ്രോട്ടോക്കോൾ തന്നെയാണ് ലംഘിക്കപ്പെട്ടത്.

ഇന്നലെ ഉച്ച കഴിഞ്ഞാണ് ചീഫ് സെക്രട്ടറിയും കുടുംബവും റിസോർട്ടിൽ എത്തിയത്. ഇന്നു വൈകീട്ട് വരെ ചീഫ് സെക്രട്ടറിയും കുടുംബവും പൊന്മുടി റിസോർട്ടിൽ തങ്ങുന്നുണ്ട്. മറുനാടന് ലഭ്യമായ വിവര പ്രകാരം വൈകീട്ട് ചീഫ് സെക്രട്ടറിയും കുടുംബവും പൊന്മുടി റിസോർട്ടിൽ നിന്നും മടങ്ങും. ജനങ്ങളെക്കൊണ്ട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർബന്ധിതരാക്കുന്നതിന് ഉത്തരവാദിത്തമുള്ള ചീഫ് സെക്രട്ടറി തന്നെയാണ് കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തി പൊന്മുടിയിലേക്ക് ഉല്ലാസയാത്ര പോയത്. അതേസമയം ചീഫ് സെക്രട്ടറി പൊന്മുടിയിൽ എത്തിയ ഇന്നലെ പൊന്മുടി റിസോർട്ടിൽ പാർട്ടി നടന്നതായി സൂചനയുമുണ്ട്.

ചീഫ് സെക്രട്ടറിയുടെ കുടുംബം അല്ലാതെ വേറെ ഐഎഎസ് ഉദ്യോഗസ്ഥർ ഇവിടെ തങ്ങുന്നുണ്ടോ എന്നതും വ്യക്തമല്ല. കഴിഞ്ഞ 24 മുതൽ കെടിഡിസിയുടെ പൊന്മുടി റിസോർട്ട് തുറന്നു പ്രവർത്തിപ്പിക്കുന്നുണ്ട്. ധാരാളം വിനോദ സഞ്ചാരികൾ കഴിഞ്ഞ 24 മുതൽ ഈ റിസോർട്ടിൽ തങ്ങുന്നുമുണ്ട്. ചീഫ് സെക്രട്ടറിയുടെ കുടുംബം കൂടാതെ മറ്റുള്ള വിനോദ സഞ്ചാരികളും ഈ റിസോർട്ടിൽ തങ്ങുന്നുണ്ട്. കോവിഡ് വ്യാപനത്തിനുള്ള വഴി തന്നെയാണ് കേരളത്തിൽ കോവിഡ് വ്യാപനം തടയാൻ ബാധ്യതയും ഉത്തരവാദിത്തമുള്ള ചീഫ് സെക്രട്ടറിയും കൂട്ടരും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുത്തിരുന്നു. കളക്ടർക്ക് സസ്‌പെൻഷനും ലഭിച്ചിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ പത്തൊൻപതാം തിയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇത് ലംഘിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാർച്ച് 19 മുതൽ ക്വാറന്റൈനിലായിരുന്ന കൊല്ലം സബ് കലക്ടർ അനുപം മിശ്രയെ ഔദ്യോഗിക വസതിയിൽ നിന്ന് കാണാതാവുകയായിരുന്നു.

വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയിരുന്ന മിശ്ര തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് നിരീക്ഷണത്തിൽ പോകാൻ ജില്ലാ കലക്ടർ ബി അബ്ദുൾ നാസർ നിർദ്ദേശിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു മറുപടി. ഉദ്യോഗസ്ഥന്റേത് കടുത്ത നടപടിദൂഷ്യവും ഗുരുതര ചട്ടലംഘനവുമായി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. സബ് കലക്ടറുടേത് നിരുത്തരവാദപരമായ നടപടിയാണെന്നാണ് ജില്ലാ കലക്ടർ പ്രതികരിച്ചത്. അതിനു ശേഷമാണ് ഐഎഎസ് തലത്തിലുള്ള ഒരു ക്വാറന്റൈൻ ലംഘനം അതും ചീഫ് സെക്രട്ടറിപോലുള്ള ഒരു ഉദ്യോഗസ്ഥനിൽ നിന്നും വന്നിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP