Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ' തുടങ്ങിയവ നൽകി സ്ഥാനാർത്ഥികളെ വീർപ്പ് മുട്ടിക്കരുതെ; തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ; ജാഥ, ആൾക്കൂട്ടം, കലാശക്കൊട്ട് എന്നിവയും വേണ്ട; ഭവന സന്ദർശത്തിന് സ്ഥാനാർത്ഥിക്കൊപ്പം അഞ്ച് പേർ മാത്രം മതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോവിഡ് മാർഗ നിർദ്ദേശവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.സ്ഥാനാർത്ഥികൾക്കു ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ തുടങ്ങിയവ നൽകിയുള്ള സ്വീകരണ പരിപാടി ഒഴിവാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം. ജാഥ, ആൾക്കൂട്ടം, കലാശക്കൊട്ട് എന്നിവയും ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ തയാറാക്കിയ മാർഗനിർദ്ദേശങ്ങളുടെ കരടിലാണ് ഇക്കാര്യങ്ങൾ. പ്രചാരണത്തിനു നോട്ടിസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സമൂഹമാധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്താം. ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർത്ഥികൾ ഉൾപ്പെടെ പരമാവധി 5 പേർ മതി. വീട്ടിനുള്ളിൽ പ്രവേശിക്കരുത്. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്കു പരമാവധി 3 വാഹനങ്ങൾ ആകാം.

ഏതെങ്കിലും സ്ഥാനാർത്ഥി കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ക്വാറന്റീനിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻ പ്രചാരണ രംഗത്തു നിന്നു മാറിനിൽക്കണം. ജനസമ്പർക്കം ഒഴിവാക്കണം. പരിശോധനാ ഫലം നെഗറ്റീവായ ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം തുടർപ്രവർത്തനം നടത്താം. പ്രചാരണത്തിൽ പങ്കെടുക്കുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണം.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവ സംബന്ധിച്ചു വരണാധികാരി യോഗങ്ങൾ വിളിക്കുമ്പോൾ 30 പേരിൽ കൂടരുത്. തിരഞ്ഞെടുപ്പു യന്ത്രങ്ങളുടെ പരിശോധന നടത്തുമ്പോഴും 30 പേരെയാണ് അനുവദിക്കുക.രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം കലക്ടർമാർ വിളിച്ചു ചേർക്കുമ്പോൾ ഒരു പാർട്ടിക്കു ഒരു പ്രതിനിധി എന്ന നിലയിൽ പരമാവധി 40 പേർക്കു പങ്കെടുക്കാം. സ്ഥലസൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ മുറികൾ ക്രമീകരിക്കണം. ഹാളിനുള്ളിൽ 2 മീറ്റർ അകലത്തിൽ സീറ്റുകൾ ക്രമീകരിക്കണമെന്നും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു നിർദ്ദേശങ്ങൾ അന്തിമമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP