Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റൈൻ ലംഘിച്ചാൽ 10,000 പൗണ്ട് പിഴ; ഐസൊലേഷൺ വഴി ജോലിക്ക് പോകാനായില്ലെങ്കിൽ 500 പൗണ്ട് ഗ്രാന്റ്; രണ്ടാം ലോക്ക്ഡൗൺ സാധ്യത സൂചിപ്പിച്ചുകൊണ്ട് ബ്രിട്ടനിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ഉടൻ ലണ്ടൻ ലോക്ക്ഡൗണിലേക്കെന്ന് സൂചന നൽകി മേയർ സാദിഖ് ഖാനും; രോഗവ്യാപനം തുടരുമ്പോൾ എങ്ങും ആശങ്ക

ക്വാറന്റൈൻ ലംഘിച്ചാൽ 10,000 പൗണ്ട് പിഴ; ഐസൊലേഷൺ വഴി ജോലിക്ക് പോകാനായില്ലെങ്കിൽ 500 പൗണ്ട് ഗ്രാന്റ്; രണ്ടാം ലോക്ക്ഡൗൺ സാധ്യത സൂചിപ്പിച്ചുകൊണ്ട്  ബ്രിട്ടനിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ഉടൻ ലണ്ടൻ ലോക്ക്ഡൗണിലേക്കെന്ന് സൂചന നൽകി മേയർ സാദിഖ് ഖാനും; രോഗവ്യാപനം തുടരുമ്പോൾ എങ്ങും ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണയുടെ രണ്ടാം വരവിനെ ചെറുക്കുന്ന യുദ്ധത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ് ബ്രിട്ടൻ എന്നു പറഞ്ഞ മാറ്റ് ഹൻകോക്ക് വീണ്ടും ആളുകൾ വീട്ടിലിരുന്നു തന്നെ ജോലിചെയ്യേണ്ടതായ സാഹചര്യം വന്നുകൂടായ്കയില്ലെന്ന് സൂചിപ്പിച്ചു. ഒരു രണ്ടാം ലോക്ക്ഡൗണിന്റെ സാധ്യതയും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സെൽഫ് ഐസൊലേഷൻ സംബന്ധിച്ച് കൂടുതൽ കർശനമായ നിയമങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് അദ്ദേഹം ഇതു പറഞ്ഞത്. പുതിയ നിയമമനുസരിച്ച്, ക്വാറന്റൈൻ നിയമം ലംഘിച്ചാൽ 10,000 പൗണ്ട് വരെ പിഴയീടാക്കാം. രോഗവ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.

മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ സാമ്പത്തിക രംഗത്തുണ്ടാക്കാവുന്ന തകർച്ചയെ കുറിച്ചുള്ള മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ തന്നെ അത് പൂർണ്ണമായി തള്ളിക്കളയാനും കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. നിലവിലുള്ള നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കുമെങ്കിൽ, ഈ നിർണ്ണായക ഘട്ടത്തിൽ ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ലാതെ തന്നെ കൊറോണയുടെ രണ്ടാം വരവിനെ കാര്യക്ഷമമായി തടയാനാകും എന്നും മാറ്റ് ഹാൻകോക്ക് പ്രത്യാശ പ്രകടിപ്പിച്ചു. 6.5 കോടിയിലേറെ ജനങ്ങളുള്ള ബ്രിട്ടനിൽ ഇപ്പോൾ ഏകദേശം ഒന്നരക്കോടിയോളം പേർ പ്രാദേശിക ലോക്ക്ഡൗണിന്റെ പ്രയാസങ്ങൾ അനുഭവിക്കുകയാണ്.

അതേസമയം ഭരണകക്ഷിയിൽ നിന്നു തന്നെ മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗണിനെതിരെ കടുത്ത വിമർശനമുയരുന്നുണ്ട്. ഒരു ലോക്ക്ഡൗൺ കൊണ്ട് ഇന്ന് ഒരാളെ കോവിഡ് മരണത്തിൽ നിന്നും രക്ഷിക്കാനാകും എന്നാൽ നാളെ അത് പലരുടെയും മരണത്തിന് കാരണമാകുമെന്നാണ് ഒരു ഭരണകക്ഷി എം പി ഇതിനെ കുറിച്ചു പറഞ്ഞത്. അതേസമയം, ഇന്ന് കൊറോണയെക്കുറിച്ച് അതിന്റെ ഒന്നാം വരവിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ വൈദ്യലോകത്തിന് അറിയാമെന്നും അത് നേരായ വിധത്തിൽ ഉപയോഗിക്കുകയാണ് വേണ്ടതെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ചില നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തി സാവകാശം കൊറോണയെ നേരിടണമെന്നും, കർശനമായ നടപടികൾ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക എന്നും ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു.

അതേസമയം, ലണ്ടൻ നഗരത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മേയർ സാദിഖ് ഖാൻ എന്നാണ് ലഭിക്കുന്ന വിവരം. പബ്ബുകൾക്ക് രാത്രി 10 മണിക്ക് ശേഷം പ്രവർത്തന നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളായിരിക്കും ഇതിൽ ഉണ്ടാവുക. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്ന നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് മേഖലകളുടേതിന് തുല്യമായി വരികയാണ് ലണ്ടനിലെ രോഗവ്യാപന നിരക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് മേയർ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

കൊറോണ വ്യാപനത്തെ കൈകാര്യം ചെയ്യുന്നതിൽ കനത്ത പരജയമാണ് ബോറിസ് ഞോൺസൺ സർക്കാർ എന്ന് മേയർ ആരോപിച്ചു. ലേബർ പാർട്ടിയുടെ ഒരു വെർച്വൽ സമ്മേളനത്തിലായിരുന്നു സാദിഖ് ഖാൻ ഇതുപറഞ്ഞത്. സർക്കാരും മന്ത്രിമാരും അവസരത്തിനൊത്തുയർന്നെങ്കിൽ ഇത്രയധികം ജീവഹാനിയും സാമ്പത്തിക നഷ്ടവും ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആശയവും, ആദർശവും, ഈഗോയുമെല്ലാം മാറ്റിവച്ച് ജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടികളിൽ പൂർണ്ണമായും മുഴുകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് സാമ്പത്തിക തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആളുകൾ തൊഴിലിടങ്ങളിലേക്ക് പോയി ജോലിചെയ്യുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതിനായി ചില നടപടികൾ കൈക്കൊള്ളുക വരെ ചെയ്തിരുന്നു. ഇതിൽ നിന്നുള്ള ഒരു മലക്കം മറിച്ചിലായി, കൂടുതൽ പേർ വീടുകളിലിരുന്ന് ജോലിചെയ്യുവാൻ ആവശ്യപ്പെട്ടേക്കും എന്നറിയുന്നു. ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്കും പറഞ്ഞത്.ഏതായാലും, വരും നാളുകളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വരുമെന്നുറപ്പായിട്ടുണ്ട്. ഒരു പക്ഷെ ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ കൂടി വന്നേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP