Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുർവേദ ചികിത്സയുടെ ഓജസ്സുമായി മോഹൻലാൽ അടുത്ത ഷൂട്ടിങ് ലൊക്കേഷനിലേക്ക്; പാലക്കാട് പെരിങ്ങോട് ഗുരുകൃപാ ഹെറിറ്റേജിൽ നിന്നും കൊച്ചിയിലേക്ക് ചികിത്സ പൂർത്തിയാക്കി മടങ്ങി താരം; പുതു ലുക്കിൽ താരം പോകുന്നതോ ദൃശ്യം-2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക്; സൂപ്പർഹിറ്റ് മൂവിയുടെ ഷൂട്ടിങ് തുടങ്ങുന്നത് തൊടുപുഴയിൽ

ആയുർവേദ ചികിത്സയുടെ ഓജസ്സുമായി മോഹൻലാൽ അടുത്ത ഷൂട്ടിങ് ലൊക്കേഷനിലേക്ക്; പാലക്കാട് പെരിങ്ങോട് ഗുരുകൃപാ ഹെറിറ്റേജിൽ നിന്നും കൊച്ചിയിലേക്ക് ചികിത്സ പൂർത്തിയാക്കി മടങ്ങി താരം; പുതു ലുക്കിൽ താരം പോകുന്നതോ ദൃശ്യം-2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക്; സൂപ്പർഹിറ്റ് മൂവിയുടെ ഷൂട്ടിങ് തുടങ്ങുന്നത് തൊടുപുഴയിൽ

ആർ പീയൂഷ്

കൊച്ചി: ആയൂർവ്വേദ ചികിത്സ പൂർത്തിയാക്കിയ നടൻ മോഹൻലാൽ പാലക്കാട് പോരിങ്ങോട് ഗുരുകൃപാ ഹെറിറ്റേജിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങി. ഭാര്യക്കും സുഹൃത്ത് സമീർഹംസയ്ക്കുമൊപ്പമാണ് മോഹൻലാൽ മടങ്ങിയത്. കർക്കിടക ചികിത്സ കോവിഡ് മൂലം മാറ്റി വച്ചതിനാൽ ഈ മാസം ഇവിടെ ചികിത്സ നടത്തുകയായിരുന്നു. പുതിയ ലുക്കിലെത്തുന്ന താരം രണ്ട് ദിവസത്തിന് ശേഷം ദൃശ്യം-2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകും. നാളെയാണ് ദൃശ്യം-2 ന്റെ ഷൂട്ടിങ് തൊടുപുഴയിൽ തുടങ്ങുന്നത്. ആയൂർവ്വേദ ചികിത്സയ്ക്ക് ശേഷം സിനിമയ്ക്കായുള്ള തയ്യാറെടുപ്പായിരിക്കും ഈ രണ്ട് ദിവസം. കഴിഞ്ഞ ആഴ്ചയാണ് മോഹൻലാൽ സുഖ ചികിത്സയ്ക്കായി ആയൂർവ്വേദ ആശുപത്രിയിൽ പ്രവേശിച്ചത്. ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ചികിത്സയും മറ്റുമാണ് സുഖ ചികിത്സയ്ക്കൊപ്പം മോഹൻലാൽ നടത്തിയത്.

കടുത്ത നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിങ് തുടങ്ങുക. അണിയറ പ്രവർത്തകരെല്ലാം കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ലൊക്കേഷനിലേക്കെത്തുക. ഷൂട്ടിങ് പൂർത്തിയാകുന്നതു വരെ പ്രവർത്തകരെ ആരെയും പുറത്തേക്ക് വിടില്ല. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ഹോട്ടലിലേക്കാണ് ഇവരെ കൊണ്ടു പോകുക. എല്ലാവരും ഒരു ഹോട്ടലിലാണ് താമസിക്കുക. ഈ ഹോട്ടലിൽ പുറത്ത് നിന്നുമുള്ള മറ്റാരെയും പ്രവേശിപ്പിക്കില്ല. രണ്ട് ദിവസത്തിന് ശേഷം എത്തുന്ന മോഹൻലാലും ഇതേ ഹോട്ടലിൽ ചിത്രീകരണം പൂർത്തിയാകുന്നതുവരെ കാണും. ലൊക്കേഷനുകളിലേക്ക് പുറത്തു നിന്നും വരുന്ന മറ്റാരെയും പ്രവേശിപ്പിക്കുകയില്ല. ഭക്ഷണവും എല്ലാം ഇവിടെ നിന്നും തന്നെയാണ്. ഇന്ന് കൊച്ചിയിലെ ഒരു സീരിയൽ ലൊക്കേഷനിലെ ഇരുപതിലധികം പേർക്ക് കോവിഡ് പോസിറ്റീവായതിനാൽ കടുത്ത ജാഗ്രതയോടെയാണ് ഷൂട്ടിങ് തുടരുക.

അൻപതിൽ താഴെ ആളുകളുമായാണ് ഷൂട്ടിങ് തുടങ്ങുക എന്നാണ് വിവരം. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഷൂട്ടിങ് നടക്കുക. കോവിഡ് കാലത്ത് നടക്കുന്ന ആദ്യ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയായതിനാൽ സിനിമാ ലോകം ചിത്രീകരണത്തെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രീകരണം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ മലയാള സിനിമാ ലോകം ഉണരുന്നതിന്റെ തുടക്കമാവും ദൃശ്യം-2. ചിങ്ങം 2 ന് ഷൂട്ടിങ് നടക്കുമെന്നാണ് അറിയിച്ചതെങ്കിലും ചില സാങ്കേതിക തടസങ്ങൾ മൂലം ഷൂട്ടിങ് നീണ്ടു പോകുകയായിരുന്നു. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരണം നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം-2 നിർമ്മിക്കുന്നത്. മീന ഉൾപ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2വിലുമുണ്ടാകും. തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകൾ.

മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം സംഭവിച്ചില്ലെങ്കിൽ ഓഗസ്റ്റ് 17ന് തന്നെ മോഹൻലാൽ ഷൂട്ടിങ്ങിനെത്തും. ദൃശ്യം രണ്ടിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കോവിഡ് 19 സാഹചര്യത്തിൽ സർക്കാരിന്റെ കർശന നിർദ്ദേശങ്ങളോടു കൂടിയാകും ചിത്രം ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടർച്ചായാകും ചിത്രം. ക്രൈം ത്രില്ലർ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടിയുടെ കഥയായിരുന്നു ദൃശ്യം പറഞ്ഞത്. ചതിക്കാൻ ശ്രമിക്കുന്ന, അപമാനിക്കാൻ ശ്രമിക്കുന്ന യുവാവിനെ ജോർജുകുട്ടിയുടെ മകൾ അഞ്ജു കൊല്ലുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ അഞ്ജു കൊല്ലുന്നത്. തന്റെ കുടുംബത്തിന് നേരെ വന്ന ശത്രുവിനെ കൊന്ന കാര്യം ജോർജുകുട്ടി മറ്റാരും അറിയാതിരിക്കാൻ ശ്രമിക്കുന്നു. ബുദ്ധിമാനായ ജോർജുകുട്ടി അതിൽ വിജയിക്കുകയും ചെയ്യുന്നു. ഒരു ഫാമിലി ത്രില്ലർ ചിത്രമായി എത്തിയ ദൃശ്യം തിയറ്ററുകളിൽ സൂപ്പർഹിറ്റായി. മോഹൻലാൽ നായകനായപ്പോൾ മീന നായികയായി. അൻസിബയും എസ്തറും മക്കളായി. ആശാ ശരത്, സിദ്ദിഖ് എന്നിവരും മികച്ച കഥാപാത്രങ്ങളുമായി. 2013ൽ പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യമായി അമ്പത് കോടിയിലധികം കളക്ഷൻ നേടിയ മലയാള ചിത്രവുമായി. ജീത്തു ജോസഫ് ഏറ്റവും ശ്രദ്ധ നേടിയ സംവിധായകനുമായി. സിനിമ വീണ്ടും വരുമ്പോൾ പ്രേക്ഷകർ വലിയ ആകാംക്ഷയിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP