Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടെ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി; ബിൽ പാസാക്കിയത് ശബ്ദ വോട്ടോടെ; തർക്കത്തിലുള്ള ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ഏകപക്ഷീയ നടപടിയുമായി കേന്ദ്രഭരണക്കാർ; കർഷകരുടെ മരണ വാറണ്ട് എന്ന മുന്നറിപ്പുമായി കോൺഗ്രസ്; സ്പീക്കറുടെ ഡയസിന് മുന്നിലെത്തി വിവാദ ബിൽ കീറിയെറിഞ്ഞു തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ; രാജ്യസഭാ ഉപാധ്യക്ഷന് നേരെ കൈയേറ്റ ശ്രമവും, മൈക്കും തകർന്നു

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടെ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി; ബിൽ പാസാക്കിയത് ശബ്ദ വോട്ടോടെ; തർക്കത്തിലുള്ള ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ഏകപക്ഷീയ നടപടിയുമായി കേന്ദ്രഭരണക്കാർ; കർഷകരുടെ മരണ വാറണ്ട് എന്ന മുന്നറിപ്പുമായി കോൺഗ്രസ്; സ്പീക്കറുടെ ഡയസിന് മുന്നിലെത്തി വിവാദ ബിൽ കീറിയെറിഞ്ഞു തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ; രാജ്യസഭാ ഉപാധ്യക്ഷന് നേരെ കൈയേറ്റ ശ്രമവും, മൈക്കും തകർന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭയിൽ നാടകീയ രംഗങ്ങൾക്ക് ശേഷം കടുത്ത എതിർപ്പുകൾക്കിടെ കാർഷികക ബില്ലുകൾ രാജ്യസഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകൾ പാസാക്കിയത്. ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകൾ സർക്കാർ പാസാക്കിയത്. ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണിത്. ബില്ലിനെതിരെ എതിർപ്പുമായി രംഗത്തുവന്ന കോൺഗ്രസ് ആ എതിർപ്പ് ആവർത്തിക്കുകയാണ് ചെയ്തത്. സെപ്റ്റംബർ 17ന് ഈ ബില്ലുകൾ ലോക്‌സഭ പാസാക്കിയിരുന്നു.

വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിനിടെ അംഗങ്ങൾ ബില്ലുകളുടെ പകർപ്പ് വലിച്ചുകീറുകയും ചെയ്തു.

പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഡെപ്യൂട്ടി ചെയർമാന്റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. ഡയസിലെ മൈക്കും തകർന്നു. ഉപാധ്യക്ഷന് നേരെ കൈയേറ്റ ശ്രമവും നടന്നതായാണ് ആരോപണം. മുൻ നിശ്ചയിച്ചതിന് വിരുദ്ധമായി സഭാ നടപടികൾ നീട്ടി കൊണ്ടു പോകാൻ ഉപാധ്യക്ഷൻ ശ്രമിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. നാലു മണിക്കൂർ നീണ്ട ചർച്ച ഉച്ചഭക്ഷണ സമയത്തോടെ അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ, വിവാദ ബിൽ പാസാക്കാനായി സഭാ നടപടികൾ തുടരാൻ ശ്രമിച്ചതോടെ പ്രതിപക്ഷം ബഹളംവെച്ച് നടുത്തളത്തിലിറങ്ങി. ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ കാർഷിക ബിൽ കീറിയെറിഞ്ഞു. തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.

കാർഷിക ബില്ലുകൾ കർഷകരുടെ മരണ വാറണ്ടെന്ന് കോൺഗ്രസ് അംഗം പ്രതാവ് സിങ് ബജ് വ ആരോപിച്ചു. കാർഷിക ബില്ലുകളെ ഉപാധികളോടെ പിന്തുണക്കാമെന്ന് സിപിഐ വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പുലഭിച്ചാൽ ബില്ലിനെ പിന്തുണക്കാമെന്ന് ബിനോയ് വിശ്വമാണ് സഭയെ അറിയിച്ചത്. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സിപിഎം പാർട്ടികൾ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. കെ.സി വേണുഗോപാൽ, എളമരം കരീം, കെ.കെ രാഗേഷ്, എം.വി ശ്രേയാംസ് കുമാർ എന്നിവർ ബില്ലിനെ എതിർത്തു.

അതേസമയം, താങ്ങുവിലയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സഭയെ അറിയിച്ചു. താങ്ങുവില എന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണ്. താങ്ങുവില ഉറപ്പാക്കുക എന്നത് ബാധ്യതയുമാണ്. താങ്ങുവിലയുമായി നേരിട്ടു ബന്ധപ്പെടുന്ന കാര്യങ്ങളല്ല ബിൽ വ്യവസ്ഥ ചെയ്യുന്നത്. വിപണിയിൽ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ നീക്കുക, സാധനങ്ങൾക്ക് മികച്ച വില ലഭ്യമാക്കുക എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും തോമർ വ്യക്തമാക്കി.

ബിൽ പാസാക്കാനായി വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളുടെ അടക്കം 130 അംഗങ്ങളുടെ പിന്തുണ കേന്ദ്ര സർക്കാർ ഉറപ്പാക്കിയിരുന്നു. എന്നാൽ, എൻ.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദളിന്റെ മൂന്ന് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സഖ്യ കക്ഷിയായ അകാലിദൾ, രാജ്യസഭയിൽ സർക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദൾ എന്നിവരടക്കം ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അവർ കേന്ദ്രസർക്കാർ തള്ളുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP