Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറുപ്പ് ധരിച്ചു വരുന്നവർ പ്രകോപനമുണ്ടാക്കി മാറും; പിന്നാലെ വരുന്ന ഖദർധാരികളെ പൊലീസ് തലങ്ങും വിലങ്ങും തല്ലും; പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്-കെഎസ്‌യു സമരത്തിൽ ഒരു വിഭാഗത്തിന് അടികിട്ടില്ല; പൊലീസും സമരക്കാരിൽ ഒരു വിഭാഗവുമായി ധാരണ: സഹപ്രവർത്തകരെ ഒറ്റിക്കൊടുക്കാൻ പ്രത്യേക ഡ്രസ് കോഡ്

കറുപ്പ് ധരിച്ചു വരുന്നവർ പ്രകോപനമുണ്ടാക്കി മാറും; പിന്നാലെ വരുന്ന ഖദർധാരികളെ പൊലീസ് തലങ്ങും വിലങ്ങും തല്ലും; പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്-കെഎസ്‌യു സമരത്തിൽ ഒരു വിഭാഗത്തിന് അടികിട്ടില്ല; പൊലീസും സമരക്കാരിൽ ഒരു വിഭാഗവുമായി ധാരണ: സഹപ്രവർത്തകരെ ഒറ്റിക്കൊടുക്കാൻ പ്രത്യേക ഡ്രസ് കോഡ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മന്ത്രി കെജി ജലീലിനും സംസ്ഥാന സർക്കാരിനുമെതിരേ ജില്ലാ ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർ നടത്തുന്ന സമരം ഇവരിൽ ഒരു വിഭാഗം തന്നെ പൊലീസിന് ഒറ്റിക്കൊടുക്കുന്നുവെന്ന് ആരോപണം.

പ്രത്യേക ഡ്രസ് കോഡിലെത്തുന്ന ഇവർ പൊലീസിനെ പ്രകോപിപ്പിക്കും. ജലപീരങ്കിയും ലാത്തിയുമായി ഇറങ്ങുന്ന പൊലീസ് പ്രത്യേക ഡ്രസ് കോഡിലുള്ളവരെ ഒഴിവാക്കി ഖദർ ധാരികളെ മാത്രം തെരഞ്ഞു പിടിച്ച് മർദിക്കും. ഇന്നലെ നടന്ന കലക്ടറേറ്റ് മാർച്ചിൽ ഇങ്ങനെ ഭീകര മർദനം ഏൽക്കേണ്ടി വന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണനടക്കം എട്ടു പേർ ഗുരുതര പരുക്കുമായി ചികിൽസയിലാണ്.

ജില്ല ആസ്ഥാനത്തെ ഒരു ഉയർന്ന പൊലീസുദ്യോഗസ്ഥനുമായിട്ടാണ് ഇതു സംബന്ധിച്ച് ധാരണയുള്ളത്. ഉദ്യോഗസ്ഥന് വേണ്ടപ്പെട്ട നേതാക്കളുമായിട്ടാണ് ധാരണ. തന്റെ ആളുകൾക്ക് മർദനമേൽക്കാതിരിക്കാൻ ഉദ്യോഗസ്ഥൻ തന്നെ നിർദ്ദേശിച്ച പൊടിക്കൈയാണ് ഡ്രസ് കോഡ്. അതായത് പൊലീസ് വേണ്ടപ്പെട്ടവരായ പ്രവർത്തകർക്ക് ഒരു ഡ്രസ് കോഡ് നൽകും. കറുപ്പ് ഷർട്ട് ധരിച്ചാകും ഇവർ സമരത്തിൽ പങ്കെടുക്കുക. ഇത്തരം കറുപ്പു ധാരികൾ ആദ്യം പൊലീസിനെ പ്രകോപിപ്പിക്കും.

തൊട്ടുപിന്നാലെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങും. മൂമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഭീകരമായ രീതിയിലാണ് മർദനം. അടിയേറ്റ് തല തകർന്നു കിടക്കുന്നവനെ നിലത്തിട്ട് ചവിട്ടിക്കൂട്ടുകയാണ് ചെയ്യുന്നത്. 'കറുത്ത വർഗ'ക്കാരെ അറിയാതെ പോലും ഒന്നു തൊടുന്നില്ല. ലാത്തിയടി കഴിയുമ്പോഴും ഇവർ സുരക്ഷിതരായിരിക്കും. സാധാരണ രാഷ്ട്രീയ പ്രവർത്തകർ ഖദർ ധരിച്ചാകും പ്രക്ഷോഭത്തിന് ഇറങ്ങുക. പതിവില്ലാതെ സമരക്കളത്തിലേക്ക് കറുപ്പുടുത്ത് വരുന്നത് കണ്ടിട്ടും മറ്റു പ്രവർത്തകർക്ക് അസ്വാഭാവികത തോന്നിയിരുന്നില്ല.

എന്നാൽ, കഴിഞ്ഞ മൂന്നു ദിവസമായി നടന്ന പൊലീസ് ലാത്തിച്ചാർജിൽ കറുപ്പന്മാർക്ക് മാത്രം അടി കിട്ടാതെ വന്നതാണ് സംശയത്തിന് ഇട നൽകിയത്. തുടർന്ന് മറ്റു പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പൊലീസ് മാമനും മച്ചാന്മാരുമായുള്ള അന്തർധാര പുറത്തു വന്നിട്ടുള്ളത്. ഇന്നലെ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ വലിയ സംഘർഷമാണുണ്ടായത്. പൊലീസിന്റെ ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും ജില്ലാ പ്രസിഡന്റ് എംജി കണ്ണനടക്കം എട്ടു പേർക്ക് പരുക്കേറ്റു. കണ്ണന്റെ പരുക്ക് ഗുരുതരമാണ്. തലയ്ക്ക് നാലു തുന്നലിടേണ്ടി വന്നു.

രാവിലെ 11.30 ന് സെൻട്രൽ ജങ്ഷനിൽ നിന്ന് പ്രകടനമായിട്ടാണ് പ്രവർത്തകർ കലക്ടറേറ്റ് പടിക്കലേക്ക് എത്തിയത്. കലക്ടറേറ്റ് കവാടത്തിൽ പൊലീസ് ബാരിക്കേഡ് വച്ച് സമരക്കാരെ തടഞ്ഞു. യോഗം സമാപിച്ചതിന് ശേഷം പ്രവർത്തകർ വീണ്ടും പൊലീസ് ബാരിക്കേഡ് തള്ളി മറിക്കാൻ നോക്കിയതാണ് പ്രകോപനമായത്. പൊലീസും പ്രവർത്തകരുമായുണ്ടായ ബലപരീക്ഷണത്തിനൊടുവിലാണ് ലാത്തിയടിയും ജലപീരങ്കി പ്രയോഗവും ഉണ്ടായത്.

മുളകൊണ്ടുള്ള അടിയേറ്റ് എം.ജി കണ്ണൻ തല തകർന്നു വീണു. വീണു കിടന്ന കണ്ണനെ ശരീരമാസകലം പൊലീസ് മർദിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, വിശാഖ് വെൺപാല, ഷിന്റു തെനാലിൽ, എം.എംപി ഹസൻ, ജിതിൻ ജി. നൈനാൻ, ജോയൽ മുക്കരണത്ത്, അൻസർ മുഹമ്മദ്, അനൂപ് വെങ്ങവിളയിൽ, റെനോ പി. രാജൻ, ഷിബു കാഞ്ഞിക്കൽ എന്നിവർക്കും പരുക്കേറ്റു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP