Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലകാലങ്ങളിൽ പോപ്പുലർ ഉടമകളെ സംരക്ഷിച്ചു പോന്നത് രാഷ്ട്രീയ പാർട്ടികൾ; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാങ്ങിയത് കോടികൾ; പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിക്ഷേപകരെ കൈയിലെടുക്കാൻ പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർത്ത് ഇടതും വലതും ബിജെപിയും; അട്ടിമറിയുടെ ജാള്യം മറിക്കാൻ ആഞ്ഞു പിടിച്ച് സിപിഎം

കാലകാലങ്ങളിൽ പോപ്പുലർ ഉടമകളെ സംരക്ഷിച്ചു പോന്നത് രാഷ്ട്രീയ പാർട്ടികൾ; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാങ്ങിയത് കോടികൾ; പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിക്ഷേപകരെ കൈയിലെടുക്കാൻ പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർത്ത് ഇടതും വലതും ബിജെപിയും; അട്ടിമറിയുടെ ജാള്യം മറിക്കാൻ ആഞ്ഞു പിടിച്ച് സിപിഎം

ശ്രീലാൽ വാസുദേവൻ

കോന്നി: പോപ്പുലർ ഫിനാൻസുകാരുടെ തട്ടിപ്പിൽ പണം നഷ്ടമായവരുടെ രക്ഷകരാകാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മത്സരം. പാർട്ടി ഫണ്ടിലേക്ക് ആയ കാലത്ത് ലക്ഷങ്ങൾ കൈ നീട്ടി സ്വീകരിച്ചവർ ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തട്ടിപ്പിന് ഇരയായവരെ കൂട്ടത്തോടെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. പോപ്പുലർ തട്ടിപ്പിന്റെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തലത്തിൽ തന്നെ നീക്കം നടന്നിരുന്നു.

ഇതു കാരണം നിക്ഷേപകരെ സമീപിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സിപിഎം. എന്നാൽ, കഴിഞ്ഞ ദിവസം ഓരോ പരാതിക്കും പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം പിടിവള്ളിയായതോടെയാണ് നിക്ഷേപകരെ ഏറ്റെടുത്ത് സംരക്ഷിക്കാൻ സിപിഎം മുന്നോട്ടു വന്നിട്ടുള്ളത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും തട്ടിപ്പിന് ഇരയായവർക്ക് രാഷ്ട്രീയക്കാരുടെ പിന്തുണ കിട്ടും. ലക്ഷങ്ങളും കോടികളും പോപ്പുലറുകാരന് കൊടുത്ത് വഴിയാധാരമായവരെ ദത്തെടുക്കാൻ മത്സരിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ആദ്യം കോൺഗ്രസുകാർ സമരം ഏറ്റെടുക്കുമ്പോൾ സിപിഎം ചിത്രത്തിലുണ്ടായിരുന്നില്ല.

സർക്കാരും പൊലീസും ചേർന്ന് പോപ്പുലർ ഉടമകളെ രക്ഷിക്കാനാവശ്യമായ കരുക്കൾ നീക്കിയിരുന്നു. അതിന്റെ ഭാഗമായിരുന്നു എല്ലാ പരാതികൾക്കും കൂടി കോന്നി പൊലീസ് സ്റ്റേഷനിൽ ഒറ്റ എഫ്ഐആർ എന്ന തന്ത്രം. സർക്കാർ തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഡിജിപി അത്തരമൊരു സർക്കുലർ ഇറക്കിയത്.

ഇതിനെതിരേ നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചതോടെ സിപിഎമ്മിന് അപകടം മണത്തു. നിക്ഷേപകർക്ക് അനുകൂലമായി വിധി വരുമെന്ന് മനസിലാക്കിയ സിപിഎം ജില്ലാ സെക്രട്ടറി കേസ് വാദിക്കാൻ പത്തനംതിട്ടയിൽ പ്രത്യേക കോടതിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതു പോലെ ഓരോ പരാതിക്കും പ്രത്യേകം എഫ്ഐആർ ഇടാൻ കോടതി നിർദേശിച്ചു.

നിക്ഷേപകരെ പറ്റിച്ച് നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഉടമയുടെ മക്കളെ അറസ്റ്റ് ചെയ്യിപ്പിച്ചത് ബിജെപിയാണെന്നത് ആർക്കും അറിയാത്ത രഹസ്യമാണ്. പോപ്പുലർ ഉടമ റോയി ഡാനിയലിന്റെ മക്കളായ റിനു, റീബ എന്നിവർ ഓസ്ട്രേലിയയിലേക്ക് കടക്കാൻ പോകുന്നുവെന്ന വിവരം ആദ്യം കിട്ടിയത് ബിജെപി ജില്ലാ സെക്രട്ടറി വിഎ സൂരജിനായിരുന്നു.

അദ്ദേഹം ഈ വിവരം വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസിലേക്ക് കൈമാറുകയും അവിടെ നിന്നുള്ള നിർദേശപ്രകാരം റിനുവിനെയും റീബയെയും എയർ പോർട്ടിൽ തടഞ്ഞു വയ്ക്കുകയുമായിരുന്നു. വകയാറിലെ ആസ്ഥാനമന്ദിരത്തിന് മുന്നിൽ ധർണ നടത്തുന്നതിൽ മാത്രമൊതുങ്ങി ബിജെപിയുടെ സമരം. അതിനും നേതൃത്വം നൽകിയത് സൂരജായിരുന്നു.

കോൺഗ്രസ് ആദ്യം തട്ടിപ്പിന് ഇരയായവർക്ക് നിയമ സഹായം വാഗ്ദാനം ചെയ്തു. പിന്നീട് നിക്ഷേപകരുടെ യോഗം വിളിച്ചു ചേർത്തു. നിക്ഷേപകരോട് കേസ് നടത്താനാവശ്യമായ ചെലവ് കോൺഗ്രസുകാർ ചോദിച്ചുവെന്ന് ഒരു ആരോപണം ഉയരുകയും ചെയ്തു. എന്നാൽ, തങ്ങൾ നേരിട്ട് ആരോടും പണം പിരിച്ചിട്ടില്ലെന്നും അഭിഭാഷകരെ നിർദേശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അങ്ങനെ നിയോഗിക്കപ്പെടുന്ന അഭിഭാഷകർ ഫീസ് ആവശ്യപ്പെട്ടാൽ അത് തങ്ങളുടെ കുറ്റമല്ലത്രേ.

ആദ്യഘട്ടത്തിൽ കോൺഗ്രസ് ബഹുദൂരം മുന്നോട്ട് പോയത് കണ്ടു നിൽക്കാൻ മാത്രമായിരുന്നു സിപിഎമ്മിന്റെ വിധി. അതിന് കാരണമായത് കേസ് അട്ടിമറിക്കാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന ആരോപണമായിരുന്നു. ഒടുക്കം ഓരോ പരാതിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചതിന് ശേഷമാണ് ധൈര്യമായി സിപിഎം രംഗത്തു വന്നതും വെള്ളിയാഴ്ച കോന്നിയിൽ നിക്ഷേപകരുടെ യോഗം വിളിച്ചതും. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യപ്പെട്ടു.

രാജ്യം കണ്ട എറ്റവും വലിയ തട്ടിപ്പാണിത്. വ്യക്തമായ ആസൂത്രണം നടത്തിയാണ് തട്ടിപ്പ് നടത്തിയത് നിക്ഷേപം പല കടലാസു കമ്പനികളിൽ രജിസ്റ്റർ ചെയ്ത് ആളുകളിൽ നിന്ന് സ്വീകരിച്ചത്.ഇവിടെ പണയം വച്ച സ്വർണം ഇരട്ടി തുകയ്ക്ക് മറ്റ് സ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുകയാണ്. തീവെട്ടിക്കൊള്ള യാണ് ഈ മാന്യമാർ നടത്തിയിരിക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി ആദ്യഘട്ടത്തിൽ തന്നെ ഇതിൽ ഇടപെട്ടിരുന്നു.

ഒരോ നിക്ഷേപകരെയും വാദിയാക്കി വിവിധ കേസുകൾ എടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുകയും ആഭ്യന്തര വകുപ്പിൽ ഇടപെട്ട് തീരുമാനമെടുപ്പിക്കുകയും ചെയ്തിതിരുന്നുവെന്നാണ് ഉദയഭാനു അവകാശപ്പെട്ടത്. ഈ തീരുമാനം സർക്കാരിന്റേതല്ല കോടതിയുടേതാണെന്ന വസ്തുത മറച്ചു വച്ചായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP