Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോപ്പുലർ ഫിനാൻസ് പൊട്ടുമെന്ന് ആദ്യം സർക്കാരിന് റിപ്പോർട്ട് നൽകിയത് 2015 ൽ പത്തനംതിട്ട ജില്ലാ സ്പെഷൽ ബ്രാഞ്ച്; റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയ വിവരം മറച്ചു വയ്ക്കാൻ മാധ്യമങ്ങൾക്ക് നൽകിയത് കോടികളുടെ പരസ്യം; 2016 ൽ മുംബൈ ബ്രാഞ്ചിൽ നടന്ന കൊള്ളയുടെ വാർത്തകളും പരസ്യം കൈപ്പറ്റി മാധ്യമങ്ങൾ മുക്കി; ഇപ്പോഴത്തെ തട്ടിപ്പിന് വഴിയൊരുക്കിയത് ഇടതു-വലതു സർക്കാർ കണ്ടില്ലെന്ന് നടിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകൾ

പോപ്പുലർ ഫിനാൻസ് പൊട്ടുമെന്ന് ആദ്യം സർക്കാരിന് റിപ്പോർട്ട് നൽകിയത് 2015 ൽ പത്തനംതിട്ട ജില്ലാ സ്പെഷൽ ബ്രാഞ്ച്; റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയ വിവരം മറച്ചു വയ്ക്കാൻ മാധ്യമങ്ങൾക്ക് നൽകിയത് കോടികളുടെ പരസ്യം; 2016 ൽ മുംബൈ ബ്രാഞ്ചിൽ നടന്ന കൊള്ളയുടെ വാർത്തകളും പരസ്യം കൈപ്പറ്റി മാധ്യമങ്ങൾ മുക്കി; ഇപ്പോഴത്തെ തട്ടിപ്പിന് വഴിയൊരുക്കിയത് ഇടതു-വലതു സർക്കാർ കണ്ടില്ലെന്ന് നടിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോടികളുടെ നിക്ഷേപത്തിട്ടിപ്പിന് പോപ്പുലർ ഫിനാൻസിന് ഒത്താശ ചെയ്തു കൊടുത്തത് മാറി മാറി ഭരിച്ച സംസ്ഥാന സർക്കാരുകൾ. നിയമ വിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്ന പോപ്പുലർ ഫിനാൻസിയേഴ്സ് ഏതു നിമിഷവും പൊട്ടാമെന്നും കോടികളുടെ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്നും 2015 ൽ പത്തനംതിട്ട ജില്ലാ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്ക് സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ആർബിഐ ഉത്തരവിടുന്നത് 2015 ലാണ്. ഈ ഗണത്തിൽപ്പെടുന്ന പോപ്പുലർ ഫിനാൻസ് നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഏക പത്രം ജന്മഭൂമിയായിരുന്നു. മറ്റു മാധ്യമങ്ങൾക്കെല്ലാം ചെറുതും വലുതുമായ പരസ്യം പോപ്പുലർ ഉടമകൾ വാരിക്കോരി നൽകി. അത് കിട്ടാതെ വന്ന ജന്മഭൂമി അവർക്കെതിരേ വാർത്ത നൽകുകയും ചെയ്തു.

അന്ന് ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന അന്തരിച്ച ഡിവൈഎസ്‌പി പികെ ജഗദീശ് ജന്മഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയിരുന്നു. പോപ്പുലർ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിക്കുന്നുവെന്നും തട്ടിപ്പിനുള്ള സകല സാധ്യതകളുമുണ്ടെന്നുമുള്ള റിപ്പോർട്ട് അദ്ദേഹം സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

ഇതൊന്ന് മറിച്ചു നോക്കാനോ വേണ്ട നടപടി സ്വീകരിക്കുന്നതിനോ അന്നൊക്കെ മാറി വന്ന സർക്കാരുകൾ തയാറായില്ല. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഇപ്പോൾ പോപ്പുലറിനെതിരേ പ്രക്ഷോഭവുമായി കോൺഗ്രസും ബിജെപിയും സിപിഎമ്മും രംഗത്തുണ്ട്. ആയ കാലത്ത് തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങി പോക്കറ്റിലിട്ടവരാണ് ഇപ്പോൾ പ്ലേറ്റ് പാടേ തിരിച്ച് നിക്ഷേപകർക്കൊപ്പം ചേർന്നിരിക്കുന്നത്.

മാധ്യമങ്ങൾക്ക് വാരിക്കോരി നൽകുന്ന പരസ്യമായിരുന്നു എക്കാലത്തും പോപ്പുലറിന്റെ ഗ്രൗണ്ട് സപ്പോർട്ട്. പത്രമാധ്യമങ്ങൾക്ക് മാത്രമല്ല, ചാനലുകൾക്കും ഇക്കൂട്ടർ പണം വാരി വിതറിയിരുന്നു. 2016 ൽ പോപ്പുലറിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചിൽ കൊള്ള നടന്നു. 22 കിലോ സ്വർണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. മലയാള മാധ്യമങ്ങളിൽ ഈ വാർത്ത വരാതിരിക്കാൻ അന്നും ലക്ഷങ്ങളുടെ പരസ്യം നൽകാൻ പോപ്പുലർ ഉടമകൾ തയാറായിരുന്നു.

കേസിൽ അഞ്ചു പ്രതികളും അറസ്റ്റിലായ സ്ഥിതിക്ക് അന്വേഷണം പൂർത്തിയായിട്ടില്ല എന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. ബുധനാഴ്ച വീണ്ടും പ്രതികളെ കസ്റ്റഡിയിൽ ചോദിച്ചിരിക്കുകയാണ് പൊലീസ്. സിബിഐ വരുന്നതു വരെ പൊലീസ് അന്വേഷണം തുടരുന്നതിന് തന്നെയാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP