Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയിലേക്കും ഗൾഫിലേക്കും ജലീൽ നടത്തിയ യാത്രകളെല്ലാം നിരീക്ഷണത്തിൽ; സാക്ഷി മൊഴി എടുക്കാൻ വിളിച്ചവരേയും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയാക്കുന്നതിലും നിയമ തടസ്സമില്ല; ഖുറാൻ കടത്തിൽ ജലീലിനെതിരെ നടക്കുന്നത് അതിശക്തമായ അന്വേഷണം; മൊഴി അതിസൂക്ഷ്മമായി പരിശോധിച്ച് എൻഐഎയുടെ ഡൽഹി ഓഫീസും; മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികളിൽ ധാരണ

അമേരിക്കയിലേക്കും ഗൾഫിലേക്കും ജലീൽ നടത്തിയ യാത്രകളെല്ലാം നിരീക്ഷണത്തിൽ; സാക്ഷി മൊഴി എടുക്കാൻ വിളിച്ചവരേയും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയാക്കുന്നതിലും നിയമ തടസ്സമില്ല; ഖുറാൻ കടത്തിൽ ജലീലിനെതിരെ നടക്കുന്നത് അതിശക്തമായ അന്വേഷണം; മൊഴി അതിസൂക്ഷ്മമായി പരിശോധിച്ച് എൻഐഎയുടെ ഡൽഹി ഓഫീസും; മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികളിൽ ധാരണ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ വിദേശയാത്രകളെക്കുറിച്ച് എൻ.ഐ.എ. അന്വേഷിക്കും. അമേരിക്കയിലും ഗൾഫിലും നടത്തിയ വിദേശയാത്രകളാണ് പ്രധാനമായും അന്വേഷണപരിധിയിൽ വരിക. അമേരിക്കൻ യാത്രയിൽ പാക്കിസ്ഥാൻ സംഘനടയുടെ പരിപാടിയിൽ ജലീൽ പങ്കെടുത്തുവെന്ന ആരോപണവും സജീവമാണ്.

ജലീലിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യും. ജലീൽ നടത്തിയ വിദേശയാത്രകളെത്ര, യാത്രാലക്ഷ്യം എന്നിവയും പരിശോധിക്കും. കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ, ഈന്തപ്പഴം എന്നിവയുടെ ഉറവിടത്തെക്കുറിച്ചും എൻ.ഐ.എ. അന്വേഷിക്കും. സ്വപ്ന സുരേഷിൽനിന്ന് കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളും ജലീലിൽനിന്നുള്ള മൊഴികളും ചേർത്തുവച്ച് എൻ.ഐ.എ പരിശോധനയ്ക്ക് വിധേയമാക്കും. സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്തശേഷമാകും ജലീലിനെ വിളിപ്പിക്കുക. ഗ്രന്ഥങ്ങൾ എത്തിച്ചതുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് കേസെടുത്ത കസ്റ്റംസും ജലീലിനെ വിളിപ്പിക്കും.

ജലീലിനെ ചോദ്യം ചെയ്യുന്നതിനൊപ്പം കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്. സാക്ഷിയായാണ് ജലീലിനെ മൊഴി നൽകാൻ ആദ്യം എൻഐഎ വിളിച്ചു വരുത്തിയത്. എങ്കിലും ഇനി കേസെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. ചോദ്യംചെയ്യാൻ വിളിപ്പിക്കുന്ന എല്ലാവർക്കും എൻ.ഐ.എ. സാധാരണ നൽകുന്നത് സി.ആർ.പി.സി. സെക്ഷൻ 160 പ്രകാരമുള്ള നോട്ടീസാണ്. ഏതു കേസിലാണ് വിളിപ്പിക്കുന്നത്, ഏതു സമയത്താണ് ഹാജരാകേണ്ടത് എന്നതടക്കമുള്ള വിവരങ്ങളടങ്ങിയതാണ് ഈ നോട്ടീസ്. ഇതാണ് ജലീലിന് നൽകിയത്.

ഇതുപ്രകാരം വിളിപ്പിക്കുന്നവരെയും തെളിവുകളുടെ അടിസ്ഥാനത്തിൽ പിന്നീട് പ്രതിയാക്കാൻ കഴിയുമെന്ന് 1978-ലെ നന്ദിനി സത്പതി കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും കേസിൽ ജലീൽ പ്രതിയാകാൻ സാധ്യത ഏറെയാണ്. വിവരശേഖരണത്തിനായാണ് വിളിക്കുന്നതെന്ന് ഈ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ടാകും. ഇങ്ങനെ വിളിക്കുന്നവരിൽനിന്ന് സി.ആർ.പി.സി. സെക്ഷൻ 161 പ്രകാരമാണ് മൊഴിയെടുക്കുന്നത്. പക്ഷേ, ഇങ്ങനെ വിളിപ്പിക്കുന്നവരെ പ്രതിചേർക്കെരുതെന്ന് നിയമത്തിൽ പറയുന്നില്ല.

കേസിനെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേരുമ്പോഴാണ് വിവരം ശേഖരിക്കാൻ ഒരാളെ സെക്ഷൻ 160 പ്രകാരം വിളിച്ചുവരുത്തുന്നത്. കേസിനെക്കുറിച്ച് അറിവുള്ള ആരെയും ഇത്തരത്തിൽ വിളിച്ചുവരുത്താം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി. ജലീലിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻ.ഐ.എ. നോട്ടീസ് നൽകിയത് സി.ആർ.പി.സി. സെക്ഷൻ 160 പ്രകാരമായിരുന്നു. അതുകൊണ്ട് തനിക്ക് കേസുമായി ബന്ധമില്ലെന്നാണ് ജലീൽ ഇപ്പോൾ പറയുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നാണ് പൊതുവേയള്ള വിലയിരുത്തൽ.

സ്വർണ്ണകള്ളക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദങ്ങൾ തള്ളി ദേശീയ അന്വേഷണ ഏജൻസി രംഗത്ത് വന്നിട്ടുണ്ട്. ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല. ജലീലിനെ ചോദ്യം ചെയ്തത് ഭീകര ബന്ധമടക്കമുള്ള കേസുകൾ അന്വേഷിക്കുന്ന എൻഐഎ സംഘമാണ്. എൻഐഎ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിക്കൊണ്ടാണ് എൻഐഎ സംഘം ജലീലിനെ എട്ടുമണിക്കൂർ ചോദ്യം ചെയ്ത്. മതഗ്രന്ഥത്തിന്റെ മറവിൽ ഹവാല ഇടപാടുകളോ സ്വർണക്കടത്തുകളുമായോ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

അതിനിടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുർ ആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിനെതിരെ കസ്റ്റംസ് കേസെടുത്തിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവരുന്നത് കോൺസുലേറ്റിന് ആവശ്യമുള്ള അവശ്യ വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം. നടപടികൾ പാലിക്കാതെയാണ് ഇത് പുറത്തേയ്ക്ക് നൽകിയതെന്നും ആരോപിച്ചാണ് കസറ്റംസ് കേസെടുത്തിരിക്കുന്നത്.

ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ നടത്തിയ ഇടപാടുകൾക്കെതിരെ യുഎഇ കോൺസുലേറ്റ് കൈക്കൊള്ളുന്ന ആദ്യ നടപടിയാണ് ഇത്. വിഷയത്തിൽ മന്ത്രി കെ.ടി. ജലീലിനെയും ചോദ്യം ചെയ്യും. വ്യാഴാഴ്ച കൊച്ചിയിലെ എൻഐഎ ഓഫീസിൽ വിളിപ്പിച്ച് മന്ത്രി കെ.ടി. ജലീലിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ കസ്റ്റംസും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി എത്തിയ ഖുർആൻ കൈപ്പറ്റിയത് കേന്ദ്ര സർക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് എൻഐഎ കെ.ടി. ജലീലിനോട് ചോദിച്ചതായാണ് വിവരം. കോൺസുൽ ജനറൽ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് കൈപ്പറ്റിയതെന്നും എന്നാൽ എന്തുണ്ട് കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല എന്ന എൻഐഎയുടെ ചോദ്യത്തിന് മന്ത്രിക്ക് ഉത്തരം മുട്ടിയതായും സൂചനയുണ്ട്. കോൺസുലേറ്റുമായുള്ള ഇടപെടലിൽ മന്ത്രി പ്രോട്ടോക്കോൾ പാലിച്ചില്ലെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എൻഐഎ കേന്ദ്ര ഓഫീസിന് കൈമാറി കഴിഞ്ഞു.

അതേസമയം മന്ത്രിയെ വ്യാഴാഴ്ച ചോദ്യം ചെയ്തതിന്റെ പകർപ്പ് ഡൽഹി, ഹൈദരാബാദ് ഓഫീസുകൾക്ക് രാത്രിയോടെ തന്നെ കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകണമെങ്കിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഐഎയുടെ നിലപാട്. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. കോൺസുലേറ്റിൽ നിന്ന് ഖുർആൻ കൈപ്പറ്റിയതിലും കോൺസൽ സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷുമായുള്ള പരിചയം സംബന്ധിച്ചും കൂടുതൽ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP