Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും ആഭ്യന്തര സുരക്ഷയ്ക്കും മാസങ്ങളായി തലവനില്ല; ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിനുള്ള ഡിഐജി-എസ്‌പി കസേരകളും ഒഴിഞ്ഞു കിടക്കുന്നു; ബംഗാളിയിൽ ആശയവിനിമയം നടത്തിയാൽ സൈബർ ഡോമും ഒന്നും അറിയില്ല; അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലാകുമ്പോൾ ചർച്ചയാകുന്നത് പൊലീസിന്റെ നിരീക്ഷണ പോരായ്മകൾ; എല്ലാം കേരളാ പൊലീസിനെ അറിയിച്ചത് അർദ്ധരാത്രിയിൽ

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും ആഭ്യന്തര സുരക്ഷയ്ക്കും മാസങ്ങളായി തലവനില്ല; ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിനുള്ള ഡിഐജി-എസ്‌പി കസേരകളും ഒഴിഞ്ഞു കിടക്കുന്നു; ബംഗാളിയിൽ ആശയവിനിമയം നടത്തിയാൽ സൈബർ ഡോമും ഒന്നും അറിയില്ല; അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലാകുമ്പോൾ ചർച്ചയാകുന്നത് പൊലീസിന്റെ നിരീക്ഷണ പോരായ്മകൾ; എല്ലാം കേരളാ പൊലീസിനെ അറിയിച്ചത് അർദ്ധരാത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എറണാകുളത്ത് അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലാകുമ്പോൾ നാണം കെടുന്നത് കേരളാ പൊലീസ്. പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എൻഐഎയുടെ ഡൽഹി ഓഫിസാണു കൊച്ചി, ബംഗാൾ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവർ അൽഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം. ഓപ്പറേഷനെപ്പറ്റി എൻഐഎ പൊലീസിനു വിവരം നൽകിയതു വെള്ളിയാഴ്ച രാത്രി 12ന്. നടപടിക്കു പൊലീസ് സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് നടപടി എന്നു വ്യക്തമാക്കിയില്ല. സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ പൊലീസുകാർക്കു പുറമേ ജില്ലാ പൊലീസ് മേധാവിമാരുടെ സ്‌ട്രൈക്കിങ് ഫോഴ്‌സും കൺട്രോൾ റൂം അംഗങ്ങളും പങ്കെടുത്തു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങൾക്കു മാസങ്ങളായി തലവനില്ല. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. എസ്‌പിയുടെ നിയന്ത്രണത്തിലായിരുന്നു സ്‌ക്വാഡ്. ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്‌പിയും ഉണ്ടായിരുന്നു. ഈ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. .മലയാളികൾ ഉൾപ്പെടുന്ന പ്രവർത്തനമാണെങ്കിൽ ഫോൺ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബർ ഡോം ബന്ധപ്പെട്ടവർക്കു വിവരം കൈമാറും. എന്നാൽ ബംഗാളിയിൽ നടത്തുന്ന ആശയ വിനിമയം സൈബർ ഡോമിനും കണ്ടെത്താൻ കഴിഞ്ഞില്ല.

അറസ്റ്റിലായവരിൽ തിരിച്ചറിയൽ രേഖകൾ പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നത് ഒരാൾ മാത്രം. അതിഥിത്തൊഴിലാളികൾ നിർബന്ധമായി അടുത്തുള്ള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണമെന്നാണു നിയമം. പിടിയിലായവരിൽ വർഷങ്ങളായി പെരുമ്പാവൂരിൽ കഴിയുന്ന മുസാഫർ ഹുസൈന്റെ തൊഴിൽ കരാറുകാരൻ മാത്രമാണു പൊലീസ് സ്റ്റേഷനിൽ രേഖകൾ നൽകിയത്. മറ്റു 2 പേരുടെയും കരാറുകാർ വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇതൊന്നും കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല. ഇനി പരിശോധനകൾ കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതരസംസ്ഥാന തൊഴിലാളിയെന്ന മറവിൽ ബംഗ്ലാദേശ് ഭീകരരും കൊച്ചിയിൽ വൻ തോതിൽ എത്തുന്നുവെന്നാണ് സൂചന.

യാക്കൂബ് ബിശ്വാസ് അടിമാലിക്കു സമീപം ആയിരമേക്കറിൽ ചപ്പാത്തിക്കടയിൽ ജോലി ചെയ്തിരുന്നതായി വിവരം. ബിശ്വാസിന്റെ ചിത്രം മാധ്യമങ്ങളിൽ കണ്ട വ്യാപാരികളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. പിന്നീട് ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ അടിമാലി പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശി അഷ്‌റഫിന്റേതാണു ചപ്പാത്തിക്കട. 2019 ഫെബ്രുവരി മുതൽ ജൂൺ 3 വരെ ബിശ്വാസ് കടയിൽ ജോലി ചെയ്തിരുന്നു എന്നാണ് അഷ്‌റഫ് നൽകുന്ന വിശദീകരണം. അതേ സമയം ജൂലൈ വരെ ഇയാൾ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനിടയിൽ അഷ്‌റഫ് സ്ഥാപനം ഇരുനൂറേക്കർ സ്വദേശിക്കു കൈമാറിയ ശേഷം രാജാക്കാട് ടൗണിൽ ചപ്പാത്തിക്കട തുടങ്ങി. യാക്കൂബ് ആയിരമേക്കറിലെ കടയിൽത്തന്നെ ജോലിക്കാരനായി തുടർന്നു.

ഇയാൾക്കൊപ്പം അതിഥിത്തൊഴിലാളികളായ 5 പേർ കൂടി ആയിരമേക്കറിൽ മാസങ്ങളോളം ഉണ്ടായിരുന്നു. പിന്നീട് ഓരോരുത്തരായി സ്ഥലംവിട്ടു. ജൂലൈയിൽ നാട്ടിലേക്ക് എന്നു പറഞ്ഞാണു ബിശ്വാസ് പോയതെന്നും പിന്നീട് തിരികെ എത്തിയിട്ടില്ലെന്നും ആയിരമേക്കറിലെ വ്യാപാരികൾ പറഞ്ഞു. ചപ്പാത്തിക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ലോക്ഡൗണിനു ശേഷം തിരികെ എത്തിയ അതിഥിത്തൊഴിലാളികളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു ജില്ലാ സ്‌പെഷൽ ബ്രാഞ്ച് അറിയിച്ചു.

അൽഖ്വയ്ദ ബന്ധത്തിന്റെ പേരിൽ കൊച്ചിയിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ എൻ.ഐ.എ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂർ, കളമശേരി മേഖലകളിൽ നിന്ന് ഇന്നലെ പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ഡൽഹി കോടതിയിൽ ഹാജരാക്കുക.ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഡൽഹിയിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ഡൽഹിയിലാകും നടക്കുക.

അതേസമയം ഇന്നലെ കൊച്ചിയിൽ പിടിയിലായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി എൻ.ഐ.എ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP