Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്കുമാറിന്റെ കസ്റ്റഡി വിവരം ഓരോ ദിവസവും ടെലിഫോണിലൂടെയും വാട്സ് ആപ്പ് മുഖേനയും അറിയിച്ചതിന് ഡിജിറ്റൽ തെളിവുകൾ ഏറെ; എല്ലാം അക്കമിട്ട് നിരത്തി ഡിഐജി റിപ്പോർട്ട് കൊടുത്തിട്ടും എസ് പിയെ മാത്രം അന്ന് വെറുതെ വിട്ടു; മേയിൽ വിരമിച്ച് പെൻഷൻ ആനുകൂല്യവും വാങ്ങിയപ്പോൾ സർക്കാരിന് ബോധോധയം! നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ സിബിഐ സംശയ നിഴലിൽ നിർത്തുന്ന മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെതിരെ ഇപ്പോൾ നടത്തുന്ന അന്വേഷണം തട്ടിപ്പിന്റെ ബാക്കിപത്രമാകുമ്പോൾ

രാജ്കുമാറിന്റെ കസ്റ്റഡി വിവരം ഓരോ ദിവസവും ടെലിഫോണിലൂടെയും വാട്സ് ആപ്പ് മുഖേനയും അറിയിച്ചതിന് ഡിജിറ്റൽ തെളിവുകൾ ഏറെ; എല്ലാം അക്കമിട്ട് നിരത്തി ഡിഐജി റിപ്പോർട്ട് കൊടുത്തിട്ടും എസ് പിയെ മാത്രം അന്ന് വെറുതെ വിട്ടു; മേയിൽ വിരമിച്ച് പെൻഷൻ ആനുകൂല്യവും വാങ്ങിയപ്പോൾ സർക്കാരിന് ബോധോധയം! നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ സിബിഐ സംശയ നിഴലിൽ നിർത്തുന്ന മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെതിരെ ഇപ്പോൾ നടത്തുന്ന അന്വേഷണം തട്ടിപ്പിന്റെ ബാക്കിപത്രമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിൽ മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെതിരെ വീണ്ടും അന്വേഷണമുണ്ടാവുമെന്ന സർക്കാർ പ്രഖ്യാപനം ശുദ്ധ തട്ടിപ്പ്. കേസിൽ വേണുഗോപാലിനെതിരെ കഴിഞ്ഞ വർഷം തന്നെ ഡിഐജിയുടെ റിപ്പോർട്ട് ഡിജിപിക്ക് കിട്ടിയിരുന്നു. ഈ റിപ്പോർട്ടിൽ ആരോപണ വിധേയരായ ഡിവൈഎസ് പിമാർക്കെതിരെ നടപടി എടുക്കുകയും ചെയ്തു. എന്നാൽ എസ് പിയെ വെറുതെ വിട്ടു. ഈ വർഷം മേയിൽ വേണുഗോപാൽ വിരമിക്കുകയും ചെയ്തു. എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി. അതിന് ശേഷമാണ് വേണുഗോപാലിനെതിരെ നടപടി തീരുമാനമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആനുകൂല്യങ്ങൾ എല്ലാം വാങ്ങാൻ വേണുഗോപാലിന് അവസരമൊരുക്കുകയായിരുന്നു സർക്കാർ. ആഭ്യന്തര വകുപ്പ് തലത്തിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ വേണുഗോപാലിനെതിരെ സംസ്ഥാന പൊലീസ് മേധാവി അച്ചടക്ക നടപടികൾക്ക് ശിപാർശ ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തുനിന്ന് ഭരണപരമായ വീഴ്ചയുണ്ടായതായി ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ ആരോപണങ്ങൾ വേണുഗോപാൽ നിഷേധിച്ചു. ഈ സാഹചര്യത്തിൽ അടിയന്തര അന്വേഷണം നടത്തേണ്ടതായിരുന്നു. അങ്ങനെ അന്വേഷണം നടന്നാൽ വിരമിക്കൽ ആനൂകൂല്യങ്ങൾ തടഞ്ഞു വയ്ക്കേണ്ടി വരുമായിരുന്നു.

ഇതു മനസ്സിലാക്കിയാണ് സർക്കാർ തന്ത്രപരമായി നീങ്ങിയത്. പെൻഷൻ ആനുകൂല്യമെല്ലാം വാങ്ങും വരെ അന്വേഷണം നടത്തിയില്ല. ഇതിനിടെ കേസ് അന്വേഷണത്തിന് സിബിഐ എത്തുകയും ചെയ്തു. കസ്റ്റഡി മരണത്തിൽ വേണുഗോപാലിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം. ഇത് ഡിഐജി തല അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. എല്ലാം സിഐയിലും എസ് ഐയിലും കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു വേണുഗോപാലിന്റെ നീക്കം. ഇതാണ് ഡിഐജിയുടെ റിപ്പോർട്ട് തുറന്നു കാട്ടിയതും. രണ്ട് ഡിവൈഎസ്‌പിമാർക്കെതിരേയും ആരോപണമുണ്ടായി. ഇവർക്കെതിരെ അന്വേഷണ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ നടപടി എടുക്കുകയും ചെയ്തു.

സർക്കാരിന്റെ അതിവിശ്വസ്തനാണ് വേണുഗോപാൽ. അതുകൊണ്ടാണ് ആ സമയം നടപടി എടുക്കാതെ ഒത്തുകളിച്ചതെന്ന ആരോപണം ശക്തമാണ്. സിബിഐ വന്നതോടെ നടപടികൾ ഉണ്ടായില്ലെങ്കിൽ അത് സർക്കാരിനും തലവേദനായകും. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം നടത്തി മുൻ എസ്‌പിയുടെ വാദം ശരിയാണോയെന്ന് പരിശോധിക്കുക.ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളാണ് അന്വേഷണ മേധാവി. ലാന്റ് റവന്യു കമ്മിഷണർ സി.എ ലതയും പരിശോധനാ സംഘത്തിലുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് നല്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

സംഭവം നടക്കുമ്പോൾ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്നു കെ.ബി വേണുഗോപാൽ. രണ്ട് ഡിവൈ.എസ്‌പി മാരും അന്വേഷണം നേരിടുന്നുണ്ട്. ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിച്ചിരുന്നു.വേണുഗോപാലിനെതിരെ ആരോപണം ശക്തമായതോടെ എസ്‌പിയെ ആസ്ഥാനത്തുനിന്നും ആഭ്യന്തരമന്ത്രാലയം മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12 മുതൽ 16 വരെയുള്ള കാലയളവിലാണ് രാജ്കുമാർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. രാജ്കുമാർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായി അറിവുണ്ടായിരുന്നുവെന്ന് ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ രാജ്കുമാർ കസ്റ്റഡിയിലായ വിവരം അറിയില്ലെന്നായിരുന്നു മുൻ എസ്‌പിയുടെ മറുപടി. സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ അന്നത്തെ നെടുങ്കണ്ടം എസ്‌ഐ ഇക്കാര്യങ്ങൾ ജില്ലാ മേധാവിയെ സമയാസമയം അറിയിച്ചിരുന്നതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഓരോദിവസവും ഇക്കാര്യം ടെലിഫോണിലൂടെയും വാട്സ് ആപ്പ് മുഖേനയും അറിയിച്ചിരുന്നതിനും തെളിവുകളുണ്ട്. കൂടാതെ സ്പെഷ്യൽ ബ്രാഞ്ചും ഇക്കാര്യങ്ങൾ എസ്‌പിയെ കൃത്യമായ ഇടവേളകളിൽ അറിയിച്ചിരുന്നുവെന്ന് ഡി.ഐ.ജി യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിലൊരു റിപ്പോർട്ടുണ്ടായിട്ടും അന്ന് പൊലീസ് മേധാവിക്കെതിരെ വകുപ്പു തല നടപടി എടുത്തില്ല.

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആദ്യപടിയായി കേസിലെ പ്രതികളായ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒന്നാം പ്രതി എസ്‌ഐ. സാബുവടക്കം കേസിലെ ഏഴ് പ്രതികളും നിലവിൽ ജാമ്യത്തിലാണ്. അന്വേഷണം, സസ്പെൻഷൻ, സ്ഥലംമാറ്റം തുടങ്ങി ഉരുട്ടിക്കൊലകൾക്ക് സർക്കാർ നൽകുന്ന സ്ഥിരം ശിക്ഷാ രീതികൾ രാജ്കുമാറിന്റെ കാര്യത്തിലും സർക്കാർ ആദ്യം നടപ്പാക്കിയിരുന്നു. കേരളമാകെ വ്യാപകപ്രതിഷേധം ഉയർന്നതോടെയാണ് നിവർത്തിയില്ലാതെ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. നാല് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലിട്ടു. ജില്ലാ പൊലീസ് മേധാവിയുടെ പേരടക്കം കേസിൽ ഉൾപ്പെടതോടെ അന്വേഷണം സിബിഐക്ക് വിടാൻ കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിട്ടു. കേസ് സിബിഐ ഏറ്റെടുത്തെങ്കിലും അന്വേഷണം തുടങ്ങിയിരുന്നില്ല. ഇതിൽ രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

എഎസ്ഐ റെജിമോൻ, ഡൈവർ സിവിൽ പൊലീസ് ഓഫീസർ എസ്.നിയാസ്, സജീവ് ആന്റണി ഹോംഗാർഡ് കെ.എം.ജെയിംസ്, സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ.ജോർജ് അസി.സബ് ഇൻസ്പെക്ടർ റോയ് പി.വർഗീസ് എന്നിവരാണ് മറ്റ് പ്രതികൾ. എസ് പിയും പ്രതിയാകാൻ സാധ്യതയുണ്ട്. കേരള പൊലീസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ് ഓരോ ഉരുട്ടിക്കൊലയും. അതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു. ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കൊലപാതകം. പണംതട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ കഴിഞ്ഞവർഷം ജൂൺ 21നാണ് മരിച്ചത്. മരണം കാരണം പൊലീസിന്റെ ക്രൂരമായ മർദനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്ട്ടിൽ നിന്നടക്കം വ്യക്തമായിരുന്നു. കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ അർധരത്രി വാഗമൺ കോലാഹലമേട്ടിലെ വീട്ടിലെത്തിപ്പോൾ തുടങ്ങിയതാണ് പൊലീസിന്റെ ക്രൂരമർദ്ദനം

കുപ്രസിദ്ധമായ ഉരുട്ടൽ പൊലീസ് രാജ്കുമാറിന്റെ ശരീരത്തിലും നടത്തി.ലാത്തികൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടി. കാലുകളിൽ പൊലീസ് ഡ്രൈവർമാർ കയറിനിന്നു. സ്വകാര്യഭാഗങ്ങളിൽ മുളകരച്ച് തേച്ചു, 32 മുറിവുകളാണ് രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP