Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ച് ഡോക്ടർ നിലമ്പൂരിലെ വീട്ടിൽ തിരിച്ചെത്തി; കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ റിയയെ പൊക്കിയത് അതിനിർണ്ണായക നീക്കത്തിലൂടെ; അന്വേഷണത്തിന് സിബിഐ എത്തും മുമ്പ് അച്ഛനേയും അമ്മയേയും മൂന്ന് മക്കളേയും അഴിക്കുള്ളിലാക്കി കൂടത്തായി ഹീറോയുടെ ഉഗ്രൻ ഇടപെടൽ; പോപ്പുലർ ഫിനാൻസ് കേസിൽ സൈമണിന് തുണയായത് എല്ലാ പരാതിയിലും എഫ്‌ഐആർ ഇടണമെന്ന നിർദ്ദേശം

ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ച് ഡോക്ടർ നിലമ്പൂരിലെ വീട്ടിൽ തിരിച്ചെത്തി; കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ റിയയെ പൊക്കിയത് അതിനിർണ്ണായക നീക്കത്തിലൂടെ; അന്വേഷണത്തിന് സിബിഐ എത്തും മുമ്പ് അച്ഛനേയും അമ്മയേയും മൂന്ന് മക്കളേയും അഴിക്കുള്ളിലാക്കി കൂടത്തായി ഹീറോയുടെ ഉഗ്രൻ ഇടപെടൽ; പോപ്പുലർ ഫിനാൻസ് കേസിൽ സൈമണിന് തുണയായത് എല്ലാ പരാതിയിലും എഫ്‌ഐആർ ഇടണമെന്ന നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോന്നി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം നിലമ്പൂരിൽ നിന്നാണ് റിയയെ പിടികൂടിയത്. റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി അഭിഭാഷകർ അറിയിച്ചു. എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ അറസ്റ്റ് ചെയ്തത്.

സിബിഐക്ക് കേസ് കൈമാറാൻ ഉത്തരവാകാത്തതിനാൽ പൊലീസിന്റെ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചു. ഇതിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെയാണ് നിർണ്ണായകമായ അറസ്റ്റ് നടക്കുന്നത്. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയലിന്റെ രണ്ടാമത്തെ മകളായ റിയ കേസിൽ അഞ്ചാം പ്രതിയും പോപ്പുലറിനു കീഴിലെ 4 കമ്പനികളുടെ ഡയറക്ടറുമാണ്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി.

ഹൈക്കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ നിലമ്പൂരിലെ വീട്ടിൽ ഇവർ കഴിയുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അന്വേഷണ സംഘം എത്തിയത്. അഭിഭാഷകരെ വിളിച്ചുവരുത്തി അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തനംതിട്ട എസ് പി സൈമണിന്റെ നിർണ്ണായക നീക്കമാണ് ഇതിന് കാരണമായത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലർ കേസ് വന്നതിനു പിന്നാലെ ഒളിവിൽ പോയി. റിയയുമായി രാത്രിയിൽ തന്നെ സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു.

കോന്നിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ റോയി, പ്രഭ, റിനു, റീബ എന്നിവരെ ഇന്നലെ ജയിലിലെത്തി അന്വേഷണ സംഘം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിൽ എടുത്തിരിക്കുന്ന പരാതികളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. രണ്ടാമത്തെ കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുക്കും. തട്ടിപ്പു കേസിലെ ഓരോ പരാതിയിലും കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതാണ് റിയയെ പിടികൂടാൻ കാരണമായത്. തട്ടിപ്പിൽ റിയയ്ക്കും നിർണ്ണായക പങ്കുണ്ടെന്നാണ് വലിയിരുത്തൽ.

പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ച പണം തൃശ്ശൂരിലുള്ള എൽ.എൽ.പി. കമ്പനിയിലേക്ക് മാറ്റിയതായി തെളിഞ്ഞിട്ടുണ്ട്. പോപ്പുലർ മാനേജിങ് ഡയറക്ടർ തോമസ് ദാനിയേലിന്റെ മകൾ റിനു മറിയം നേരിട്ട് നടത്തുന്ന മേരി റാണി നിധി ലിമിറ്റഡിലേക്കാണ് മാറ്റിയത്. കേരളത്തിൽ നൂറുശാഖയുള്ള ഈ കമ്പനിക്ക് നിക്ഷേപങ്ങൾ കുറവാണ്. സ്വർണപ്പണയവായ്പയാണ് പ്രധാനം. വകയാർ പോപ്പുലറിലെ നിക്ഷേപങ്ങൾ വഴിമാറ്റിയാണ് മേരി റാണി നിധിക്ക് മൂലധനം കണ്ടെത്തിയത്. റീനുവിന്റെ ഭർതൃവീട്ടുകാർക്കും ഈ സ്ഥാപനത്തിൽ പങ്കുള്ളതായി അന്വേഷണോദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. ഓസ്ട്രേലിയയിലേക്കും സ്വത്തുക്കൾ കൊണ്ടു പോയിട്ടുണ്ട്. അതിനിടെ പോപ്പുലർ ഫണ്ട് തട്ടിപ്പുകേസിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന ഡി.ജി.പി.യുടെ ഉത്തരവ് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകരമായി മാറുമായിരുന്നു. ഹൈക്കോടതി ഇടപെടലോടെ ഇതിനുള്ള സാധ്യതയും കുറഞ്ഞു.

കേസ് അന്വേഷണത്തിന് സിബിഐയും എത്തും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനം എടുക്കും. ഓരോ പരാതിയിലും പറയുന്നത് ഓരോ ഇടപാടുകളെക്കുറിച്ചാണ്. ഒരു എഫ്.ഐ.ആർ. മാത്രമാണ് രജിസ്റ്റർചെയ്യുന്നതെങ്കിൽ കേസിൽ പ്രതികൾക്ക് ഒരു ജാമ്യംമാത്രം എടുത്താൽ ജയിലിൽനിന്ന് പുറത്തുവരാൻ സാധിക്കും. ഇത് ചൂണ്ടിക്കാട്ടിയതിനാലാണ് കേസിൽ പ്രത്യേകം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതും. സി.ആർ.പി.സി. 154 പ്രകാരം ഗൗരവമായ കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചാൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. 2014-ലെ ലളിതാകുമാരി കേസിൽ സുപ്രീംകോടതിയുടെ ഉത്തരവിലും ഇത് പറയുന്നുണ്ട്. എന്നാൽ, പല സ്റ്റേഷനുകളിൽ പലപ്പോഴായി എത്തുന്ന കേസുകളിൽ ഒരുമിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ മതിയെന്നാകുമ്പോൾ ഇത് ലംഘിക്കപ്പെടും.

ഒരേവർഷംനടന്ന ഒരേ സാമ്പത്തികകൈമാറ്റവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യം വരെയാണെങ്കിൽ ഒരുമിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാമെന്ന് സി.ആർ.പി.സി.യിൽ വ്യവസ്ഥയുണ്ട്. പക്ഷേ, ഇങ്ങനെ കേസ് രജിസ്റ്റർ ചെയ്യാൻ കേസിൽ ഒരേ പ്രതിയും ഒരേ വാദിയുമായിരിക്കണം. പോപ്പുലർ ഫണ്ട് തട്ടിപ്പുകേസിൽ പ്രതി ഒരാളാണെങ്കിലും വാദികൾ വെവ്വേറെയാണ്. കോന്നിയിലുള്ള പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന പേരിലാണ് ഒറ്റ എഫ്.ഐ.ആർ. മതിയെന്ന നിർദ്ദേശം ഡി.ജി.പി. നൽകിയത്. എന്നാൽ, തട്ടിപ്പുനടന്നത് പല ബ്രാഞ്ചിലൂടെയായതിനാൽ ഓരോ പരാതിയിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രതികൾ രക്ഷപ്പെടാനിടയുണ്ടായിരുന്നു.

പോപ്പുലർ ഫിനാൻസ് ഉടമകൾ 2500 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 3500-ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്രയും എഫ്.ഐ.ആർ. ഇനി പൊലീസ് രജിസ്റ്റർചെയ്യണം. 300 കോടിയുടെ കാര്യത്തിലേ പ്രതികൾക്ക് പത്തനംതിട്ട കോടതിയിൽ വിശദീകരണം നൽകാൻ സാധിച്ചിട്ടുള്ളൂ. ബാക്കിത്തുക എവിടെയാണെന്നറിയാൻ വിശദമായ അന്വേഷണം ആവശ്യമാണ്.

കേസിന്റെ അന്വേഷണം സിബിഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നൽകിയ കത്തിൽ കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട അഥോറിറ്റി ഉടൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP