Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാചകർക്ക് പോലും നേരിട്ട് വിളിക്കാൻ കഴിയുന്ന ജനപ്രതിനിധി; പരാതിക്കാരുടെ ഭാ​ഗത്ത് നിന്ന് മാത്രം ചിന്തിക്കുന്ന ജനകീയ നേതാവ്; എന്നും ആൾക്കൂട്ടത്തെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഉമ്മൻ ചാണ്ടി ജനകീയനാകുന്നത് ഇങ്ങനെ

യാചകർക്ക് പോലും നേരിട്ട് വിളിക്കാൻ കഴിയുന്ന ജനപ്രതിനിധി; പരാതിക്കാരുടെ ഭാ​ഗത്ത് നിന്ന് മാത്രം ചിന്തിക്കുന്ന ജനകീയ നേതാവ്; എന്നും ആൾക്കൂട്ടത്തെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഉമ്മൻ ചാണ്ടി ജനകീയനാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എന്നും ആൾക്കൂട്ടത്തിന്റെ ആരവമായിരുന്നു കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങി പടിപടിയായി കോൺഗ്രസ് പ്രവർത്തക സമിതി അംഗംവരെയായ ഉമ്മൻ ചാണ്ടി. ഇത്രും ജനകീയനായ ഒരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇല്ല എന്ന് പറയാം. കുടുംബാം​ഗങ്ങൾക്ക് ഉമ്മൻ ചാണ്ടിയുമായി ഏറ്റവും കുടുതൽ സംസാരിക്കാൻ അവസരം ലഭിക്കുക യാത്രകളിലാണ്. മറ്റുള്ള സമയങ്ങളിലെല്ലാം അദ്ദേഹം ആൾക്കൂട്ടങ്ങളെയാണ് കേൾക്കുന്നത്. അവരുടെ ആവലാതികൾക്ക് പരിഹാരം കാണാനാണ് പരിശ്രമിക്കുന്നത്. അതിനാൽ തന്നെ ഉമ്മൻ ചാണ്ടിയുമൊത്തുള്ള യാത്രകൾ മകനും മകളും അടക്കമുള്ളവർക്ക് എന്നും സന്തോഷകരമാണ്. എന്നാൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്കുള്ള യാത്രയിൽ പതിവ് തെറ്റി എന്ന് മകൻ ചാണ്ടി ഉമ്മൻ പറയുന്നു. യാത്രയിൽ അപ്പ കൂടുതൽ സന്തോഷവനായിരുന്നു. കുടുംബത്തോടൊപ്പം പുതുപ്പള്ളിക്കു വരുന്നതിന്റെയാണ് ആ സന്തോഷം. ഞാനും അമ്മ മറിയാമ്മയും സഹോദരി മറിയയും കൊച്ചുമകൻ എഫിനോവയും പഴ്സനൽ സ്റ്റാഫുമാണു വരുന്നത്. വിദേശത്തുള്ള അച്ചുവിനു വരാൻ കഴിഞ്ഞില്ല.

ഞങ്ങൾ അപ്പയുമായി സംസാരിക്കുന്നതു കൂടുതലും യാത്രയിലാണ്. തിരക്കില്ലാതെ കുടുംബാംഗങ്ങളോടു സംസാരിക്കാൻ യാത്രയിലാണു സമയം കിട്ടുക. പോകുന്ന വഴിയിലുള്ള കാര്യങ്ങളെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുന്നതും യാത്രയിലാണ്. ഇത്തവണ ആ പതിവു തെറ്റി. നിരന്തരമായി ഫോൺ കോളുകൾ വരുന്നു. സംവിധായകർ ബാലചന്ദ്ര മേനോൻ, ഹരിഹരൻ തുടങ്ങി പരിചയക്കാർ പലരും വിളിക്കുന്നു. നിയമസഭയിൽ അമ്പത് വർഷം തികച്ചതിന്റെ സന്തോഷം ജനനേതാവിനോട് പങ്ക് വെക്കാനുള്ള തിരക്ക്.

പുതുപ്പള്ളിയിൽ ആരെങ്കിലും മരിച്ചാൽ ആ വിവരം മക്കളെ അറിയിച്ചു കഴിഞ്ഞാൽ അടുത്ത ചോദ്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചോ എന്നാണ്. അറിയിച്ചില്ലെങ്കിലും ഏറ്റവും അടുത്ത ദിവസം ഉമ്മൻ ചാണ്ടി അവിടെ എത്തും. പുതുപ്പള്ളിയെയും ഉമ്മൻ ചാണ്ടിയെയും ബന്ധപ്പെടുത്തി കേൾക്കുന്ന ഇത്തരം പല തമാശകളിലും ട്രോളുകളിലും വാസ്തവമുണ്ട്. ഒരിക്കൽ പുതുപ്പള്ളി പള്ളിക്കു മുന്നിലെ യാചകരെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പള്ളിയിൽ വന്നു മടങ്ങുമ്പോൾ പ്രസിഡന്റ് നെബു ജോൺ നേരിട്ട് ഇക്കാര്യം യാചകരെ അറിയിച്ചു. അധികം വൈകാതെ നെബുവിന് ഉമ്മൻ ചാണ്ടിയുടെ ഫോൺ. പെട്ടെന്ന് ഇറക്കി വിടുന്നത് അവർക്കു ബുദ്ധിമുട്ടുണ്ടാക്കും. ഒന്നുകൂടി ആലോചിക്കണം. യാചകരിൽ ഒരാൾ ഉമ്മൻ ചാണ്ടിയെ നേരിട്ടു വിളിച്ചു പരാതിപ്പട്ടതാണ്. ജനപ്രതിനിധിയായി അരനൂറ്റാണ്ടു പിന്നിട്ട പുതുപ്പള്ളിക്കോട്ടയുടെ ആണിക്കല്ല് ഈ ബന്ധമാണ്.

പുതുപ്പള്ളിയിൽ നിന്നു കണ്ടെടുത്ത ജനസമ്പർക്കമാണു സംസ്ഥാനമൊട്ടാകെ ജനസമ്പർക്ക പരിപാടിയായി ഉമ്മൻ ചാണ്ടി നടപ്പാക്കിയത്.ഏതു പരാതി ലഭിച്ചാലും പരാതിക്കാരുടെ ഭാഗത്തു നിന്നാണ് ഉമ്മൻ ചാണ്ടി ചിന്തിക്കുന്നതെന്നു മുൻ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രൻ പറഞ്ഞു. മിനിമം മാർക്കില്ലാത്ത ഒരാൾ പ്ലസ് വൺ പ്രവേശനത്തിനു ശുപാർശക്കത്തു തേടി വന്നാൽ പുനർമൂല്യനിർണയം നടത്തി യോഗ്യത നേടാൻ വല്ല വഴിയുമുണ്ടോ എന്നാണു ഉമ്മൻ ചാണ്ടി നോക്കുക. അതിനുള്ള വഴിയും പറഞ്ഞു കൊടുക്കും. ദിവസവും ശരാശരി 60 ശുപാർശക്കത്തുകളാണ് ഉമ്മൻ ചാണ്ടിയുടെ ഓഫിസ് സംഘം എഴുതുക. ജനങ്ങളുടെ പരാതി, ശുപാർശ എന്നിവ വാങ്ങി, ബന്ധപ്പെട്ടവർക്ക് അയയ്ക്കുക, കാര്യം നടന്നോ എന്നു വീണ്ടും വീണ്ടും തിരക്കുക, അക്കാര്യം പരാതിക്കാരനെ അറിയിക്കുക എന്നിവയ്ക്കു കൃത്യമായ ക്രമീകരണമുണ്ട്.

പുതുപ്പള്ളിയിൽ സ്കൂൾ തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ മുത്തച്ഛൻ വി.ജെ.ഉമ്മനാണ്. അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. ഇപ്പോഴത് വി.ജെ.ഉമ്മൻ സ്മാരക സ്കൂളാണ്. എംഎൽഎ ആയതോടെ രാഷ്ട്രീയത്തിൽ പുതിയ ‘സിലബസിൽ’ പുതുപ്പള്ളിക്കൂടം ഉമ്മൻ ചാണ്ടിയും തുടങ്ങി. ആർക്കും എപ്പോഴും സമീപിക്കാമെന്നതാണ് ഈ സിലബസെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയും. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീടിന്റെ മുറ്റവും വാതിൽപ്പടിയും തമ്മിലുള്ള ദൂരം 10 മീറ്ററേയുള്ളൂ. ഞായറാഴ്ച രാവിലെ 7ന് മുറ്റത്തു വന്നു കാറിലിറങ്ങുന്ന ഉമ്മൻ ചാണ്ടിക്ക് വാതിൽക്കൽ വരെ നടന്നെത്താൻ പറ്റുന്നത് പലപ്പോഴും 9 മണിക്കാണെന്നു സഹോദരൻ അനിയൻ എന്ന അലക്സ് പറഞ്ഞു. അതാണു പുതുപ്പള്ളിയിലെ ജനസമ്പർക്ക പരിപാടി ! ഞായറാഴ്ചകളിൽ പലപ്പോഴും ആയിരത്തോളം പേരാണു വീട്ടിൽ വരിക.

എന്നും പുതുപ്പള്ളിക്കാർക്ക് ഒപ്പമാണ് അവരുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞ്. അമ്പതുവർഷത്തെ ഉമ്മൻ ചാണ്ടി ഭരണത്തിൽ വികസക്കുതിപ്പുതന്നെയാണ് ഈ മണ്ഡലത്തിൽ ഉണ്ടായത്. അല്ലായെ വെറും വ്യകതിബന്ധം കൊണ്ട് മാത്രമല്ല അദ്ദേഹം ജയിച്ചുകയറുന്നത്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ, ഈ മൂന്നു ലോകപ്രശസ്തരുടെ ഓർമയ്ക്കായി സ്ഥാപനങ്ങളുണ്ട് പുതുപ്പള്ളി മണ്ഡലത്തിൽ. കോവിഡ് കാലത്ത് ഏറ്റവും ഉപകരിക്കപ്പെട്ട ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ വർഷങ്ങൾക്കു മുൻപേ ദീർഘ വീക്ഷണത്തോടെ ആരംഭിച്ചതും ഉമ്മൻ ചാണ്ടിയാണ്.

1991ൽ രാജീവ് ഗാന്ധിയുടെ മരണ ശേഷം ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണു പാമ്പാടി വെള്ളൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവ. എൻജിനീയറിങ് കോളജ്. ഈ കോളജിന്റെ ഉദ്ഘാടകയായി സോണിയ ഗാന്ധിയെയാണ് ഉമ്മൻ ചാണ്ടി മനസ്സിൽ കണ്ടത്. അതു സാധ്യമായില്ല. അതുകൊണ്ടു കോളജിൽ പല പരിപാടികൾക്കു ക്ഷണിച്ചെങ്കിലും ഉമ്മൻ ചാണ്ടി പോയതുമില്ല. ഒടുവിൽ കോളജിന്റെ ഉദ്ഘാടനവും രജതജൂബിലി ആഘോഷവും ഒരുമിച്ചു സോണിയ ഗാന്ധി നിർവഹിച്ചു 2015ൽ.അകലക്കുന്നം പഞ്ചായത്തിലെ തെക്കുംതലയുടെ തലയെടുപ്പാണ് കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് എന്ന സ്ഥാപനം. ഉദ്ഘാടനം ചെയ്തത് മുൻഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി.

കാടു പിടിച്ചു കിടന്ന പഴയ സർക്കാർ സ്‌കൂളും പുരയിടവും ഇന്നു ഫിലിം സിറ്റിയാണ്.വിഖ്യാത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാർഷികത്തിൽ രാജ്യത്തിനുള്ള സമ്മാനമായിരുന്നു ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് വെള്ളൂരിൽ വാടക കെട്ടിടത്തിലാണ്. ആർഐടി കോളജിനുസമീപം 10 ഏക്കർ എടുത്തിട്ടുണ്ട്. ഇത് കുടാതെ മണ്ഡലമൊമ്പാടുമുള്ള റോഡ് അടക്കമുള്ള വികസനങ്ങളും കാണേണ്ടതുതന്നെയാണ്. ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാൻ സ്നേഹിക്കുന്നതും ഇതിന്റെയൊക്കെ ബലത്തിൽ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP