Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി കെ.ടി.ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷിയായോ? എൻഐഎ അയച്ച നോട്ടീസിൽ രേഖപ്പെടുത്തിയത് സാക്ഷി എന്ന്; ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസിൽ; തന്നെ സാക്ഷി ആയാണ് വിളിപ്പിച്ചതെന്നും മൊഴി എടുത്തതെന്നും അവകാശപ്പെട്ട് ജലീലും; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച് വിതരണം ചെയ്തതും വിഷയമായി; പുകമറ സൃഷ്ടിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയെന്നും ജലീൽ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കത്തി നിൽക്കുമ്പോഴും സർവപിന്തുണയുമായി മുഖ്യമന്ത്രിയും

മന്ത്രി കെ.ടി.ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷിയായോ? എൻഐഎ അയച്ച നോട്ടീസിൽ രേഖപ്പെടുത്തിയത് സാക്ഷി എന്ന്; ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസിൽ; തന്നെ സാക്ഷി ആയാണ് വിളിപ്പിച്ചതെന്നും മൊഴി എടുത്തതെന്നും അവകാശപ്പെട്ട് ജലീലും; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച് വിതരണം ചെയ്തതും വിഷയമായി; പുകമറ സൃഷ്ടിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയെന്നും ജലീൽ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കത്തി നിൽക്കുമ്പോഴും സർവപിന്തുണയുമായി മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി കെ.ടി.ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കേസിലെ സാക്ഷി എന്ന നിലയിൽ. മന്ത്രിക്ക് എൻഐഎ ഡപ്യൂട്ടി സൂപ്രണ്ട് സി.രാധാകൃഷ്ണ പിള്ള അയച്ച നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിആർപിസി സെക്ഷൻ 160 പ്രകാരം സാക്ഷിക്ക് നോട്ടീസ് എന്ന് തലക്കെട്ടിൽ തന്നെ പറയുന്നുണ്ട്.

17 ന് രാവിലെ കടവന്ത്ര ഗിരിനഗറിലെ എൻഐഎ ഓഫീസിൽ രാവിലെ 10 മണിക്ക് ഹാജരാകണമെന്നാണ് രാധാകൃഷ്ണപിള്ളയുടെ കത്തിൽ പറയുന്നത്. യുഎപിഎ ചുമത്തിയ സ്വർണക്കത്ത് കേസുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസിൽ പറയുന്നു. എൻഐഐ നിയമത്തിലെ 17,18, 19 വകുപ്പുകൾ പ്രകാരമുള്ള സാക്ഷി മൊഴി രേഖപ്പെടുത്താനാണ് എൻഐഎ വിളിപ്പിച്ചതെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികളുടെ മൊഴിയിലെ കാര്യങ്ങൾ ധരിപ്പിച്ച് സംശയനിവാരണം വരുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയുമായിരുന്നുവെന്ന് ജലീൽ അവകാശപ്പെടുന്നു.

സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളാണ് തേടിയത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം എവിടേക്കു പോകുന്നു എന്നതടക്കമുള്ള എന്റെ നിഗമനങ്ങൾ ആരാഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കോ ഓഫീസിനോ മുടിനാരിഴയുടെ ബന്ധം പോലുമില്ല. അതേക്കുറിച്ചുള്ള വിവരങ്ങളും ആരാഞ്ഞില്ല. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ മാത്രമാണ് സ്വ്പന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത്. അവരുമായി സംസാരിച്ച കോളുകൾ പരിശോധിച്ചാൽ അത് മനസിലാകും. എല്ലാ ഫോൺ സംഭാഷണങ്ങളും അര മിനിട്ടോ ഒരു മിനിട്ടോ ഒക്കെ മാത്രമാണ്. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.

താൻ വളരെ സന്തോഷവാനാണെന്ന് ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. പുകമറ സൃഷ്ടിച്ച പലകാര്യങ്ങളിലും വ്യക്തത വരുത്താൻ സാധിച്ചിട്ടുണ്ട്. വലിയ ഒരു ഭാരം മനസ്സിൽനിന്ന് ഇറക്കിവച്ചു. മറുപടികളിൽ എൻഐഎ തൃപ്തരാണ് എന്നാണ് മനസിലായത് എന്നും മന്ത്രി പറഞ്ഞു.

കൊച്ചി എൻഐഎ ഓഫിസിലെത്തി 10 മണിക്കൂറിനു ശേഷം വൈകിട്ട് അഞ്ചുമണിക്കാണ് മന്ത്രി ജലീൽ മടങ്ങിയത്. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ച രാവിലെ മന്ത്രിയോട് ചോദ്യം ചെയ്യാൻ എൻഐഎ ആവശ്യപ്പെട്ടപ്പോൾ അർധരാത്രിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് മന്ത്രി അറിയിച്ചത്. ഇത് എൻഐഎ നിരസിച്ചതോടെ ഓൺലൈനായി ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതയും ആരാഞ്ഞു.

ജലീലിന് സർവപിന്തുണയുമായി മുഖ്യമന്ത്രി

മടിയിൽ കനമില്ലാത്തതുകൊണ്ടാണ് മന്ത്രി കെ.ടി.ജലീൽ അന്വേഷണ ഏജൻസികളുടെ അടുത്ത് നേരെപോയി കാര്യങ്ങൾ വ്യക്തമാക്കിയതെന്നു മുഖ്യമന്ത്രി. ഒരു കാര്യവും ജലീൽ മറച്ചുവയ്ക്കാൻ തയാറല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ജലീലോ ഓഫിസോ തെറ്റു ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു.

എല്ലാകാര്യങ്ങളും ജലീൽ അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികൾക്കും അത് ബോധ്യപ്പെട്ടിട്ടുണ്ടാകും. ബാക്കി കാര്യങ്ങൾ അന്വേഷണ ഏജൻസികൾ പറയുന്നതുവരെ കാത്തിരിക്കാം. സ്വാഭാവികമായും അന്വേഷണത്തിനു ഒരു അവസാനം ഉണ്ടാകുമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീലിനെ എൻഐഎ ചോദ്യം ചെയ്തത് ചില വിവരങ്ങൾ അറിയാനാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. ജലീലുമായി സംസാരിച്ചാലേ കാര്യങ്ങൾ അറിയാൻ കഴിയൂ. എൻഐഎ അദ്ദേഹത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിവരങ്ങൾ പൂർണമായി അറിഞ്ഞശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം കഴിയുന്നതുവരെ രാഷ്ട്രീയ ധാർമികതയുടെപേരിൽ ജലീൽ മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതല്ലേ നല്ലത് എന്ന ചോദ്യത്തിന്, അതിന്റെ ഒരു കാര്യവുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ രാഷ്ട്രീയ ധാർമികതയുടെ പ്രശ്‌നം ഇല്ല. ജലീൽ മതഗ്രന്ഥമോ സക്കാത്തോ ആരോടും ആവശ്യപ്പെട്ടില്ല. മതഗ്രന്ഥം വന്നത് വിമാനത്താവളത്തിൽ സാധാരണ മാർഗത്തിലൂടെയാണ്. അത് കസ്റ്റംസ് ക്ലിയർ ചെയ്തു. അതു വാങ്ങിയവരും ഉണ്ട്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായതിനാൽ മതഗ്രന്ഥം വിതരണം ചെയ്യാൻ അദ്ദേഹത്തെ സമീപിച്ചു. ജലീൽ അതു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് നേതാക്കൾ കോൺഗ്രസുമായും ബിജെപിയുമായും ചേർന്ന് ജലീലിനെ മതഗ്രന്ഥത്തിന്റെ കാര്യത്തിൽ ആക്രമിക്കുന്നതു മനസിലാകുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റു ചെയ്തു എന്നു താൻ കരുതുന്നുമില്ല. പരാതി വന്നാൽ അന്വേഷണ ഏജൻസികൾക്കു വ്യക്തത വരുത്തേണ്ടി വരും. വ്യക്തത വരുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. അത് അതിന്റെ വഴിക്കു നടക്കട്ടെ. അതിനെ സർക്കാർ നിരുൽസാഹപ്പെടുത്തിയിട്ടില്ല. അതിലൂടെ അപകടം വരുമെന്നു കരുതുന്നുമില്ല.

ജലീൽ രാത്രി അന്വേഷണ ഏജൻസികളുടെ അടുത്തേക്കു പോയതെന്തിനാണെന്ന ചോദ്യത്തിന്, സംഘർഷം ഉണ്ടാക്കാൻ പറ്റുമോ എന്നു ചിന്തിക്കുന്ന ശരിയല്ലാത്ത മനസുകൾ നാട്ടിലുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യം ചെയ്യലിനുശേഷം ജലീൽ തിരുവനന്തപുരത്തേക്കു വന്നപ്പോൾ എന്തൊക്കെ അക്രമമാണ് സംഭവിച്ചതെന്നു മുഖ്യമന്ത്രി ചോദിച്ചു. തന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാകരുതെന്നു ജലീൽ ചിന്തിച്ചിട്ടുണ്ടാകാം. അദ്ദേഹത്തിന്റെ വീണ്ടു വിചാരമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP