Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡി.സി.സി ഓഫീസ് വരാന്തയിൽ പായവിരിച്ചുറങ്ങുന്ന ഉമ്മൻ ചാണ്ടി; കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി; ഒരാളോടു പോലും ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല; ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്; ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ അദ്ദേഹം പറയാറുള്ളൂ; ഉമ്മൻ ചാണ്ടിയെ കുറിച്ച് ആര്യാടൻ മുഹമ്മദ് പറയുന്നു

ഡി.സി.സി ഓഫീസ് വരാന്തയിൽ പായവിരിച്ചുറങ്ങുന്ന ഉമ്മൻ ചാണ്ടി; കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി; ഒരാളോടു പോലും ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല; ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്; ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ അദ്ദേഹം പറയാറുള്ളൂ; ഉമ്മൻ ചാണ്ടിയെ കുറിച്ച് ആര്യാടൻ മുഹമ്മദ് പറയുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: അരനൂറ്റാണ്ടിന്റെ നിയമസഭാംഗത്വത്തിന്റെ നറവിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാൻ മുഹമ്മദിനും ഒത്തിരി പറയാനുണ്ട്. ഉമ്മൻ ചാണ്ടിയുമായി 55 വർഷമായി തുടരുന്ന ആത്മബന്ധമാണ് എനിക്കുള്ളത്. ഇത്ര കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു രാഷ്ട്രീയ നേതാവിനെ കേരളത്തിൽ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്ന് രണ്ട് തവണ കേരളത്തിൽ ജനപ്രിയ ഭരണം നടത്തിയ മുഖ്യമന്ത്രിയായി. ഞങ്ങൾ ഇരുവരും ഒന്നിച്ച് പാർട്ടിക്കകത്ത് ധാരാളം പ്രവർത്തനങ്ങൾ ഒന്നിച്ച് നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി പലതവണ ഒന്നിച്ച് യാത്രകളും നടത്തിയിട്ടുണ്ട്. ഏറ്റവും എളിയ ജീവിതമാണ് ഉമ്മൻ ചാണ്ടി നയിച്ചിരുന്നത്.

ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ മനസിൽ ഓടിവരുന്നത് കോഴിക്കോട് ഡി.സി.സി ഓഫീസിലെ വരാന്തയിൽ പായവിരിച്ചുറങ്ങുന്ന മുഖമാണ്.
ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഞാൻ കോഴിക്കോട് ഡി.സി.സ,ി ജനറൽ സെക്രട്ടറിയാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്നതാണ് അന്നത്തെ കോഴിക്കോട് ജില്ല. അക്കാലത്ത് ഞാൻ ഡി.സി.സി ഓഫീസിൽ തന്നെയാണ് താമസം. പുലർച്ചെ മൂന്നരയോടെ എത്തുന്ന തീവണ്ടിയിലാണ് ഉമ്മൻ ചാണ്ടി കോഴിക്കോട്ടെത്തുക. ഡി.സി.സി ഓഫീസിലെത്തിയാൽ എല്ലാവരും കൂർക്കം വലിച്ചുറങ്ങുകയായിരിക്കും. ഞാൻ ഓഫീസ് മുറിയിലും ജീവനക്കാർ വരാന്തയിൽ പായവിരിച്ചുമാണ് ഉറങ്ങുക.

ആരെയും വിളിക്കാതെ ഓഫീസ് മൂലയിലെ പായ വിരിച്ച് ഉമ്മൻ ചാണ്ടിയും വരാന്തയിൽ കിടന്നുറങ്ങും. ഞാൻ രാവിലെ മുറിയിൽ നിന്നും ഇറങ്ങിവരുമ്പോഴാണ് ഉമ്മൻ ചാണ്ടി വരാന്തയിൽ കിടന്നുറങ്ങുന്നത് കണ്ടത്. വന്ന വിവരം അറിയിക്കാത്തതിൽ പരിഭവം പറഞ്ഞ ഞാൻ ഇനി വരുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ താമസിക്കാൻ മുറിയൊരുക്കാമെന്ന് പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടി പിന്നീടും അതനുസരിച്ചിരുന്നില്ല. ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് വിളിക്കാതിരുന്നത് എന്ന് ചിരിച്ചൊഴിയുകയായിരുന്നു. കോഴിക്കോട്ട് നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തിൽ രണ്ടാം തവണയും ഉമ്മൻ ചാണ്ടി സംസ്ഥാന പ്രസിഡന്റായി. അന്ന് ഏഷ്യയിലെ തന്നെ വലിയ വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു കെ.എസ്.യു. പഴയ കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്തെ എളിയ ജീവിതം തന്നെയാണ് മുഖ്യമന്ത്രിയായപ്പോഴും ഇപ്പോഴും ഉമ്മൻ ചാണ്ടി തുടരുന്നത്. എവിടെപ്പോയാലും ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി ഉമ്മൻ ചാണ്ടി മാറും. ജനങ്ങളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കണ്ടാണ് പരിഹാരം കാണുക.

1977ൽ ഉമ്മൻ ചാണ്ടി മന്ത്രിയായപ്പോൾ ഞാൻ എംഎ‍ൽഎയായിരുന്നു. തൊഴിൽ വകുപ്പായിരുന്നു ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്. തൊഴിൽ വകുപ്പിനെ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വകുപ്പാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലമായതിനാൽ ഏറ്റവും അധികം തൊഴിൽ പ്രശ്‌നങ്ങളുള്ള കാലഘട്ടമായിരുന്നു അത്. രാവും പകലും ഒരു പോലെ കഷ്ടപ്പെട്ട് അദ്ദേഹം തൊഴിൽപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഓടി നടന്നു. കൂലി വർധന ഒരു പ്രധാന പ്രശ്‌നമായി അക്കാലത്ത് ഉയർന്നു വന്നു. കൂലി വർധിപ്പിക്കില്ലെന്ന് മുതലാളിമാർ കടുംപിടുത്തം പിടിച്ചു. ഇതിന് പരിഹാരം കാണാൻ തൊഴിൽതർക്ക നിയമത്തിൽ 10 ആ എന്ന ഒരു ഉപവകുപ്പ് ഉമ്മൻ ചാണ്ടി കൊണ്ടുവന്നു.

ഈ വകുപ്പനുസരിച്ച് തൊഴിലാളികളുടെ കൂലി നിജപ്പെടുത്തി ഉത്തരവ് പാസാക്കാനുള്ള അധികാരം സർക്കാരിന് ലഭിച്ചു. ഇത്തരത്തിൽ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ നിയമമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ചുമട്ടുതൊഴിലാളി മേഖലയിൽ വളരെയധികം സമരങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു. ചുമട്ടുതൊഴിലാളികൾക്ക് സംരക്ഷണം നൽകാനായി ഹെഡ് ലോഡ് വർക്കേഴ്‌സ് ആക്ട് എന്ന ശ്രദ്ധേയമായ നിയമം കൊണ്ട് വന്ന് രാജ്യത്തിന് തന്നെ മാതൃകയായി. ഈ നിയമവും ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത് ഉമ്മൻ ചാണ്ടി തൊഴിൽമന്ത്രിയായിരുന്നപ്പോഴാണ്.

നിയമസഭാ സാമാജികൻ എന്നുള്ള നിലയിൽ എതിർപക്ഷത്തെ ഒട്ടുംതന്നെ വേദനിപ്പിക്കാതെ കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാര്യമായി എതിർക്കാൻപോലും എതിർപക്ഷത്തിന് കഴിയുമായിരുന്നില്ല. രണ്ടു തവണ ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായപ്പോഴും അദ്ദഹത്തിന്റെ മന്ത്രിസഭയിൽ ഞാനും അംഗമായിരുന്നു. 'വികസനവും കരുതലും'', ''അതിവേഗം ബഹുദൂരം'' എന്നീ മുദ്രാവാക്യങ്ങൾ അദ്ദേഹം ഉയർത്തി ആ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭരണമാണ് നടത്തിയത്. കേരളത്തിന്റെ നാനോന്മുഖമായ വികസനത്തിനു വേണ്ടി കഠിനമായി അധ്വാനിച്ച മുഖ്യമന്ത്രിയായിരുന്നു.
ജനങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടാൽ ഉടനെ അവിടെ ഓടിയെത്തുകയും അവ പരിഹരിക്കാൻ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. സുനാമി വന്നപ്പോൾ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് ആദ്യം ഓടിയെത്തിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. എല്ലാ ജില്ലകളിലേക്കും ചുമതല നൽകി ഉടൻ മന്ത്രിമാരെ അയച്ചു. തലസ്ഥാനത്തെയും കളക്ടർ അടക്കമുള്ള ജില്ലാതലങ്ങളിലെയും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് അപ്പപ്പോൾ നിർദ്ദേശങ്ങൾ നൽകി. സുനാമിയെ കേരളത്തിന് അതിജീവിക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ വിശ്രമംവെടിഞ്ഞുള്ള പ്രവർത്തനങ്ങൾ കൊണ്ടുകൂടിയാണ്.

എന്നും പാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഉമ്മൻ ചാണ്ടി ജനസമ്പർക്കപരിപാടിയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആവലാതികൾക്കും പ്രശ്‌നങ്ങൾക്കുമാണ് പരിഹാരം കണ്ടത്. എല്ലാ ജില്ലകളിലും പതിനായിരക്കണക്കിന് ജനങ്ങളുടെ ഇടയിലേക്ക് അവരുടെ പരാതികൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയും ഭരണസംവിധാനവും നേരിട്ടെത്തി. ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട മുഖ്യമന്ത്രി അവയ്ക്ക് പരിഹാരം കാണാൻ ലക്ഷക്കണക്കിന് ഉത്തരവുകളാണ് തൽസമയം പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്ര സഭപോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തതാണ് ഉമ്മൻ ചാണ്ടിയുടെ പൊതുജനപരാതി പരിഹാരത്തിനു വേണ്ടിയുള്ള ജനസമ്പർക്ക പരിപാടി.

ജനങ്ങളെ ബാധിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമവും ചട്ടങ്ങളും തടസമായാൽ അത് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് പല ഭരണാധികാരികളും ചെയ്യുക. എന്നാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നിയമവും ചട്ടവും ഭേദഗതി വരുത്തി ജനങ്ങളുടെ പ്രശ്‌നം പരഹരിക്കുമായിരുന്നു ഉമ്മൻ ചാണ്ടി.

ഒരാളോടുപോലും ഉമ്മൻ ചാണ്ടി ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട് എന്നാൽ ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ ഉമ്മൻ ചാണ്ടി പറയാറുള്ളൂ. കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ ഒരു മറുപടിയില്ല. സോഹദരതുല്യമായ ആത്മബന്ധമാണ് എനിക്ക് ഉമ്മൻ ചാണ്ടിയുമായുള്ളത്. പഴയ കെ.എസ്.യു നേതാവായ കാലം മുതൽ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP