Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോതമംഗലത്ത് ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സ് തുറന്നു; വനപാലകർക്കായു കേരളത്തിൽ ആദ്യത്തെ ഫ്‌ളാറ്റ് സമുച്ചയം; വീടുകളിൽ പോയി വരാനുള്ള സാഹചര്യമില്ലാത്ത ഉദ്യോഗസ്ഥർക്ക് സഹായകമായ നടപടിയുമായി വനം വകുപ്പ്

കോതമംഗലത്ത് ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സ് തുറന്നു; വനപാലകർക്കായു കേരളത്തിൽ ആദ്യത്തെ ഫ്‌ളാറ്റ് സമുച്ചയം; വീടുകളിൽ പോയി വരാനുള്ള സാഹചര്യമില്ലാത്ത ഉദ്യോഗസ്ഥർക്ക് സഹായകമായ നടപടിയുമായി വനം വകുപ്പ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മൂന്നാർ, മറയൂർ, മാങ്കുളം, ചിന്നാർ, ഇരവികുളം ഉൾപ്പടെയുള്ള വനമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് ആശ്രയമായി ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സ് തുറന്നു. കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിച്ച കോംപ്ലക്സിന്റെ ഉദ്ഘാടനം വനം, വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. കോതമംഗലം മേഖലയിലുണ്ടാകുന്ന അഭൂത പൂർവ്വമായ വികസനപ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സെന്ന് മന്ത്രി പറഞ്ഞു. കോടികൾ മുടക്കിയുള്ള വികസനപ്രവർത്തനങ്ങൾ വർഷങ്ങൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ കോംപ്ലക്സ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനായത് വലിയ നേട്ടമാണ്.

വനപാലകർക്കായി കേരളത്തിൽ ആദ്യമായാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ചാലക്കുടിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വനാന്തരങ്ങളിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വീടുകളിൽ പോയി വരാനുള്ള സാഹചര്യമില്ല. അവർക്ക് കുടുംബത്തോടൊപ്പം ജോലി സ്ഥലത്തിനടുത്ത് താമസ സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പ് ജീവനക്കാർക്ക് സുരക്ഷിതമായ പാർപ്പിട സമുച്ചയമൊരുക്കുകയുമാണ് സർക്കാർ.

വന്യജീവി-മനുഷ്യ സംഘർഷങ്ങൾ വർധിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. വന്യ ജീവികളുടെ എണ്ണം വർധിക്കുകയും വനത്തിനുള്ളിൽ അവയ്ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാതെ വരുന്നതുമാണ് ഇതിന് കാരണം. നാട്ടിലിറങ്ങുന്ന വന്യജീവികൾ കർഷകർക്കുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി.

വന്യജീവി ആക്രമണം മൂലം മനുഷ്യ ജീവന് ആപത്തുണ്ടായാൽ നൽകുന്ന നഷ്ടപരിഹാര തുക അഞ്ച ലക്ഷത്തിൽ പത്ത് ലക്ഷമാക്കി. ഈ തുക കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. എല്ലാ ജില്ലകളിലും വന അദാലത്തുകൾ സംഘടിപ്പിച്ചു. നാലായിരത്തോളം അപേക്ഷകളാണ് അദാലത്തുകളിൽ ലഭിച്ചത്. അദാലത്തിൽ മാത്രം അഞ്ച് കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു.

വനമേഖലകളിൽ താമസിക്കുന്നവർക്ക് സംരക്ഷണമുറപ്പാക്കാനായി അവിടത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കർഷകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കഴിയുംവിധം വലിയ അധികാരമാണ് സമിതിക്ക് നൽകിയിരിക്കുന്നത്. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൃഷിയിടത്തിൽ വെച്ച് കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവ് സർക്കാർ വഹിക്കും. ജനജാഗ്രതാ സമിതിയുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് ഓഫീസറുടെയും റേഞ്ച് ഓഫീസറുടെ അനുമതിയോടെ ലൈസൻസുള്ള തോക്കുള്ള എംപാനൽ പട്ടികയിലുള്ളവരെക്കൊണ്ട് മാത്രമേ പന്നികളെ കൊല്ലാവൂ എന്നു നിബന്ധനയുണ്ട്. ഈ നടപടിയിലൂടെ പന്നികളുടെ ശല്യം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

പാമ്പുപിടുത്തക്കാർക്കും പ്രത്യേക പരിശീലനം നൽകുന്നതിനുള്ള സ്വീകരിച്ചിട്ടുണ്ട്. വനം വകുപ്പിലെ 525 ജീവനക്കാർക്കും പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്കു മാത്രമേ പാമ്പുപിടിക്കാൻ അനുമതിയുള്ളൂ. പൊതുജനങ്ങൾക്കും ഇത്തരം പരിശീലനം നേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ സ്വതന്ത്രവും സ്വതസിദ്ധവുമായ ആവാസ വ്യവസ്ഥ നിലനിർത്തി പുത്തൂരിൽ നിർമ്മിക്കുന്ന മൃഗശാലയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആന പരിപാലന കേന്ദ്രത്തിനായി 125 കോടിയാണ് കിഫ്ബിയിൽ നിന്നു ലഭിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 120 കോടിയും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.

കേരളത്തിലെ വനാവരണവും വനവിസ്തൃതിയും വർധിച്ചുവെന്ന് മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രചാരണം ശരിയല്ല. വനാവരണം ഏറ്റവുമധികമുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വനവിസ്തൃതിയിലും വർധനയുണ്ടായിട്ടുണ്ട്. വന സംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതോടൊപ്പം വികസനപ്രവർത്തനങ്ങളിലും മുന്നിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

നബാഡിന്റെ 4 കോടി 75 ലക്ഷവും സംസ്ഥാന സർക്കാർ വിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഫ്ളാറ്റ് സമുച്ചയം പൂർത്തീകരിച്ചിരിക്കുന്നത്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണച്ചുമതല. രണ്ടു ബ്ലോക്കുകളായി നിർമ്മിച്ചിരിക്കുന്ന സമുച്ചയത്തിൽ 20 ഫ്ളാറ്റുകളാണുള്ളത്. 800 ചതുരശ്രഅടി വിസ്തീർണ്ണമുള്ളതാണ് ഫ്ളാറ്റുകൾ. വൈദ്യുതി കണക്ഷൻ ഗാർഹിക കണക്ഷനായി ലഭിക്കുന്ന മുറയ്ക്ക് ഫ്ളാറ്റ് ജീവനക്കാർക്ക് അലോട്ട് ചെയ്ത് തുടങ്ങും. കോട്ടയം ഹൈറേഞ്ചിന്റെ പരിധിയിലുള്ള കോതമംഗലം, മൂന്നാർ, മറയൂർ, മാങ്കുളം, കാന്തല്ലൂർ, ചിന്നാർ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരുടെ പാർപ്പിട പ്രശ്നപരിഹാരമായി സമുച്ചയം മാറുകയാണ്.

അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ആന്റണി ജോൺ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് പി.കെ. കേശവൻ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി&ഡി) ദേവേന്ദ്രകുമാർ വർമ്മ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹൈറേഞ്ച് സർക്കിൾ, ജോർജി പി. മാത്തച്ചൻ, ഫീൽഡ് ഡയറക്ടർ കെ.ആർ. അനൂപ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കോട്ടയം എ. രഞ്ജൻ, മലയാറ്റൂർ ഡിഎഫ്ഒ നരേന്ദ്ര ബാബു, ഡിഎഫ്ഒ ഫ്ളയിങ് സ്‌ക്വാഡ് സാജു വർഗീസ്, വൈൽഡ് ലൈഫ് വാർഡൻ ആർ. രാഹുൽ, പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രൊജക്ട് എൻജിനീയർ എ.എം. ജബ്ബാർ, കൗൺസിലർമാരായ പ്രിൻസി എൽദോസ്, കെ.എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP