Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തിയിൽ വെല്ലുവിളി നിറഞ്ഞ സ്ഥിതി; പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു; ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോൾ ഇന്ത്യ ശക്തമായ മറുപടി നൽകി; ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചു; ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്യസഭയിൽ നൽകിയ വിശദീകരണം ഇങ്ങനെ; അതിർത്തിയിലെ ഉച്ചഭാഷിണിയിൽ തകർപ്പൻ പഞ്ചാബി പാട്ടുകൾ വെച്ചുകൊണ്ടും ചൈനീസ് സേനയുടെ പ്രകോപനം; അണുവിട പിഴക്കാത്ത നിരീക്ഷണവുമായി ഇന്ത്യൻ സേനയും

അതിർത്തിയിൽ വെല്ലുവിളി നിറഞ്ഞ സ്ഥിതി; പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു; ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോൾ ഇന്ത്യ ശക്തമായ മറുപടി നൽകി; ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചു; ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്യസഭയിൽ നൽകിയ വിശദീകരണം ഇങ്ങനെ; അതിർത്തിയിലെ ഉച്ചഭാഷിണിയിൽ തകർപ്പൻ പഞ്ചാബി പാട്ടുകൾ വെച്ചുകൊണ്ടും ചൈനീസ് സേനയുടെ പ്രകോപനം; അണുവിട പിഴക്കാത്ത നിരീക്ഷണവുമായി ഇന്ത്യൻ സേനയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ കുറിച്ചു രാജ്യസഭയിൽ വിശദീകരണം നൽകി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിർത്തിയിൽ പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, അതിർത്തിയിൽ എനിക്ക് വിശദീകരിക്കാൻ കഴിയാത്ത തന്ത്രപ്രധാനമായ പ്രശ്നങ്ങളുണ്ട്. ആ അവസ്ഥ അതേ വികാരത്തോടെ സഭ ഉൾക്കൊള്ളുമെന്നാണ് താൻ കരുതുന്നത്. നിലവിലെ സ്ഥിതി വ്യത്യസ്തമാണ്. വിവിധ തന്ത്രപ്രധാനപോയിന്റുകളിൽ സൈന്യം നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അതേസമയം, ഏതു സാഹചര്യവും കൈകാര്യം ചെയ്യാൻ സൈന്യം സജ്ജമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോൾ ഇന്ത്യ ശക്തമായ മറുപടി നൽകി. ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചെന്നും രാജ്നാഥ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് ചൈനയുടെ പല പ്രവൃത്തികളും. അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനായി ചൈന വൻ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത്. അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിനും സമാധാനത്തിനും അടിസ്ഥാനം യഥാർത്ഥ നിയന്ത്രണ രേഖയെ മാനിക്കുകയും കർശനമായി നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റർ അനധികൃതമായി ചൈന കൈവശപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ പാക് അധീന കശ്മീരിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള 5,180 ചതുരശ്ര കിലോമീറ്റർ പ്രദേശം പാക്കിസ്ഥാൻ അനധികൃതമായി ചൈനയ്ക്ക് വിട്ടുകൊടുത്തു. അരുണാചൽ പ്രദേശിലെ ഏകദേശം 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിനായി ചൈന അവകാശവാദം ഉന്നയിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഗൽവാനിൽ വീരമൃതു വരിച്ച സൈനികരെ അനുസ്മരിച്ചാണ് രാജ്‌നാഥ് രാജ്യസഭയിലെ പ്രസംഗം തുടങ്ങിയത്. കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 സൈനികർ ഗാൽവാൻ താഴ്‌വരയിൽ വീരമൃതു വരിച്ചത് ഇന്ത്യയുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനാണെന്ന് രാജ്‌നാഥ് സിങ് അനുസ്മരിച്ചു.

അതിനിടെ വിരട്ടി നോക്കി, തമ്മിൽ ആയുധമെടുത്ത് ഏറ്റുമുട്ടി നോക്കി ആകാശത്തേക്ക് വെടിപൊട്ടിച്ച് നോക്കി എന്തെല്ലാം ചെയ്തിട്ടും തങ്ങൾ ഉദ്ദേശിച്ചതു പോലെ ഇന്ത്യ ഭയന്ന് പിന്മാറുന്നില്ലെന്ന് കണ്ടപ്പോൾ പ്രതിയോഗിയെ മാനസികമായി തളർത്താനുള്ള സൈക്കോളജിക്കൽ മൂവുമായി വരികയാണ് ചൈനീസ് സൈന്യ രംഗത്തുവന്നതായുള്ള വാർത്തകളും പുറത്തുവന്നു. അർഹമായ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ വരുന്ന ചൈനീസ് പട്ടാളത്തോട് വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ നിലപാട് സ്വീകരിക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ മയക്കാൻ ഫിംഗർ 4ൽ ലൗഡ്സ്പീക്കർ വച്ച് പഞ്ചാബി പാട്ടുകൾ കേൾപ്പിക്കുകയാണ് ഇപ്പോൾ ചൈനീസ് പട്ടാളം.ലൗഡ്സ്പീക്കർ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇന്ത്യ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്.

ഇന്ത്യൻ സൈനികർക്ക് അൽപം ആശ്വാസം പകർന്ന് ശ്രദ്ധ തിരിച്ച് അട്ടിമറി ശ്രമത്തിനായി ചൈന ശ്രമിക്കുകയാണോ എന്ന് ഇന്ത്യൻ വൃത്തങ്ങൾ സംശയിക്കുന്നു. സെപ്റ്റംബർ എട്ടിന് ഇരു സേനയും തമ്മിൽ ആകാശത്തേക്ക് 100 റൗണ്ട് വെടിയുതിർത്തത് ഇവിടെയാണ്. കഴിഞ്ഞ 20 ദിവസങ്ങൾക്കകം കിഴക്കൻ ലഡാക്കിൽ മൂന്നോളം വെടിവയ്പ് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 29നും 30നുമാണ് ആദ്യ സംഭവമുണ്ടായത്. പാങ്ഗോെഗ് തടാകത്തിന്റെ വടക്കു ഭാഗത്ത് ചൈന കടന്നു കയറാൻ ശ്രമിച്ചതാണ് ആ സംഭവം. രണ്ടാമത് ഉണ്ടായത് സെപ്റ്റംബർ 7ന് മുഖ്പാരിയിലും അടുത്തത് 8ന് പാങ്ഗോെഗ് തടാകത്തിന്റെ വടക്ക് വശത്തുമാണ്. ഇവിടെ ഇരു സൈനിക വിഭാഗങ്ങളും ആകാശത്തേക്ക് 100റൗണ്ട് വെടിവച്ചു. വളരെ പ്രകോപനപരമായിരുന്നു അന്നത്തെ പെരുമാറ്റം.തുടർന്ന് റഷ്യയിൽ നടന്ന ഷാങ്ഹായി സമ്മേളനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് തീരുമാനമായി. എന്നാൽ ചർച്ച എന്നാണെന്ന് ചൈന അറിയിച്ചിട്ടില്ല.ഏപ്രിൽ മാസം മുതൽ യഥാർത്ഥ നിയന്ത്രണ രേഖ പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി അയയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

അതിനിടെ ലഡാക്ക് അതിർത്തിയിൽ യുദ്ധ സമാന സാഹചര്യം തുടരുന്നു ഏത് വെല്ലുവിളിയേയും നേരിടാൻ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. അതിനിടെ ശൈത്യകാലത്തുപോലും കിഴക്കൻ ലഡാക്കിൽ സമ്പൂർണ യുദ്ധം നടത്താൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് നോർത്തേൺ കമാൻഡ് അറിയിക്കുകയും ചെയ്തു. ഈ മേഖലയിൽ യുദ്ധ സാധ്യത മുൻനിർത്തി ജലപര്യവേക്ഷണവും ഇന്ത്യ തുടങ്ങി കഴിഞ്ഞു. കിഴക്കൻ ലഡാക്കിൽ 17,000 അടി ഉയരത്തിൽ ദൗലത് ബേഗ് ഓൾഡിയിലെ (ഡിബിഒ) പർവതത്തിലാണു സൈന്യം വെള്ളത്തിനായി പര്യവേക്ഷണം നടത്തുന്നത്. സൈന്യത്തിന് ഇവിടെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് ഇത്. ഈ സംഘർഷങ്ങൾ യുദ്ധത്തിലൂടെയേ തീരൂവെന്ന തിരിച്ചറിവിലാണ് ഇത്. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം തുടരുന്ന യഥാർഥ നിയന്ത്രണ രേഖയിൽ കാര്യങ്ങൾ സങ്കീർണ്ണമാണ്. 10,000 വർഷങ്ങൾക്ക് മുമ്പ് ഡിബിഒയിൽ നിലനിന്നിരുന്ന ഒരു തടാകം പുനർനിർമ്മിക്കാനും പദ്ധതിയുണ്ട്.

രാജ്യത്തിന്റെ വിദൂരവും ഏറ്റവും തന്ത്രപ്രധാനവുമായ ഔട്ട്‌പോസ്റ്റാണു ഡിബിഒ. സിയാച്ചിൻ ഗ്ലേസിയർ, ബറ്റാലിക് എന്നിവിടങ്ങളിൽ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത ജിയോളജിസ്റ്റ് ഡോ. റിതേഷ് ആര്യയാണു ജലപരിവേഷണത്തിന് മാർഗനിർദ്ദേശങ്ങളുമായി കൂടെയുള്ളത്. സ്ഥിരതയ്യാർന്ന ഭൂഗർഭ ജലവിഭവ സ്രോതസ്സ് കണ്ടെത്തുന്നതിനാണ് നീക്കം. കാരു മുതൽ ടാംഗിൾ വരെ 28 ദിവസം പ്രാഥമിക പര്യവേക്ഷണം നടത്തി. ഡിബിഒയിലേക്കും യാത്ര ചെയ്തു. പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ഡോ. റിതേഷ് ആര്യ പറഞ്ഞു.

മുമ്പ് കിഴക്കൻ ലഡാക്കിലെ ഉയർന്ന പർവതങ്ങളിൽ സൈന്യത്തിനായി ഭൂഗർഭ ജലസ്രോതസ്സുകൾ ഡോ. റിതേഷ് വിജയകരമായി കണ്ടെത്തിയിട്ടുണ്ട്. ഗൽവാൻ കൂടാതെ പാംഗോങ് സോ, ലുകുങ്, താക്കുങ്, ചുഷുൽ, റെസാങ് ലാ, ടാങ്‌സെ എന്നിവിടങ്ങളിൽ വെള്ളം ഉറപ്പാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഡിബിഒയിലും വെള്ളം കണ്ടെത്തുമെന്നാണു പ്രതീക്ഷ. അതിനിടെയാണ് ഇന്ത്യ യുദ്ധ സജ്ജമാണെന്ന സന്ദേശം നോർത്തേൺ കമാൻഡും നൽകുന്നത്. യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കിൽ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയാറായ സൈനികരെയാണ് നേരിടേണ്ടി വരിക. ചൈനീസ് സൈന്യം നഗരമേഖലകളിൽനിന്നു വരുന്നവരാണ്. മലനിരകളിലും മറ്റും പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈനികർ-ഇതാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. ഇന്ത്യയുടെ ഓപ്പറേഷനൽ ലൊജിസ്റ്റിക്സ് സജ്ജമല്ലെന്നും ശൈത്യകാലത്ത് ഫലപ്രദമായി പോരാടാൻ കഴിയില്ലെന്നുമായിരുന്നു ഗ്ലോബൽ ടൈംസിന്റെ വിമർശനം.

'ഇക്കാര്യം അവരുടെ അജ്ഞതയാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയൽക്കാരുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതും. ചർച്ചകൾ വഴി പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൽപ്പര്യപ്പെടുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോകുമ്പോൾ സൈനികപരമായി എത്രനാൾ മുഖാമുഖം നിൽക്കണമെങ്കിലും ഇന്ത്യ തയാറാണെന്നും സൈന്യം വിശദീകരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP