Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

33 കോടിയുടെ എമർജൻസി കെയറും ട്രോമകെയറും; മാസ് കാഷ്വാലിറ്റിയും ഡിസാസ്റ്ററും നേരിടാൻ അടിയന്തര സംവിധാനവും; തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബർ ശനിയാഴ്ച

33 കോടിയുടെ എമർജൻസി കെയറും ട്രോമകെയറും; മാസ് കാഷ്വാലിറ്റിയും ഡിസാസ്റ്ററും നേരിടാൻ അടിയന്തര സംവിധാനവും; തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബർ ശനിയാഴ്ച

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബർ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.

മെഡിക്കൽ കോളേജിന്റെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അത്യാഹിതങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടുവരുന്നവർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ ഇതിലൂടെ പരിഹാരമാകുന്നതാണ്. എയിംസ് മാതൃകയിൽ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമ കെയർ സംവിധാനവും എമർജൻസി മെഡിസിൻ വിഭാഗവും ഉൾപ്പെടയാണ് അത്യാഹിത വിഭാഗം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. 717 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയർ, എമർജൻസി കെയർ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്ററും സജ്ജമാക്കുന്നതായി മന്ത്രി പറഞ്ഞു.

മനസിന് ആശ്വാസമേകാൻ പൂന്തോട്ടം

മെഡിക്കൽ കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപം മെയിൻ റോഡിനോട് ചേർന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. പഴയ സങ്കൽപങ്ങളൊക്കെ മാറ്റിയാണ് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. വളരെയധികം വിഷമത്തോടെയാണ് ഓരോരുത്തരും അത്യാഹിത വിഭാഗത്തിലെത്തുക. അവർക്ക് മനസിന് ആശ്വാസം പകരുന്ന തരത്തിലാണ് അത്യാഹിത വിഭാഗം രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിന് മുൻവശമുള്ള സ്ഥലം മനോഹരമായി ലാന്റ്സ്‌കേപ്പിങ് ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയാണ് 3 ലക്ഷം രൂപ ചെലവഴിച്ച് സൗന്ദര്യവത്ക്കരണം നടത്തിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ഇൻഫർമേഷൻ സെന്ററും പൂർവ വിദ്യാർത്ഥി സംഘടനയുടെ സംഭാവനയാണ്.

അടിയന്തര ചികിത്സ ഉറപ്പാക്കാൻ ട്രയാജ് സംവിധാനം

ഒരു രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചാലുടനെ അത്യാഹിതത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ ഉറപ്പിക്കാനാണ് അത്യാധുനിക ട്രയാജ് സംവിധാനം ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീൻ എന്നീ സോണുകൾ തിരിച്ചാണ് ചികിത്സ ഉറപ്പിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ റെഡ് സോണിലേക്കും ഗുരുതരമായിട്ടുള്ളത് യെല്ലോ സോണിലേക്കും അത്ര വലിയ പ്രശ്നമില്ലാത്ത രോഗികളെ ഗ്രീൻ സോണിലേക്കും വിടുന്നു. റെഡ് സോണിലയ്ക്കുന്നവരെ അടിയന്തര പരിശോധന നടത്തി പ്രാഥമിക എയർവേ, ബ്രീത്തംഗ്, സർക്കുലേഷൻ എന്നിവ ഉറപ്പ് വരുത്തി ഐ.സി.യു.വിലേക്കോ ഓപ്പറേഷൻ തീയറ്ററിലേക്കോ വാർഡിലേക്കോ മാറ്റുന്നു. എന്താണ് രോഗിയുടെ അവസ്ഥയെന്നറിഞ്ഞ് അടിയന്തര ചികിത്സ ഉറപ്പു വരുത്തി ട്രീറ്റ്മെന്റ് പ്ലാനുണ്ടാക്കിയാണ് ഓരോ സോണിലേയും രോഗിയെ മാറ്റുന്നത്. റെഡ് സോണിൽ 12 രോഗികളേയും യെല്ലോ സോണിൽ 62 രോഗികളെയും ഗ്രീൻ സോണിൽ 12 രോഗികളേയും ഒരേ സമയം ചികിത്സിക്കാനാവും. അപകടാവസ്ഥ മാറിയശേഷം തുടർന്നുള്ള ചികിത്സയ്ക്ക് അതാത് ചികിത്സാവിഭാഗങ്ങൾ രോഗിയുടെ പരിചരണം ഏറ്റെടുക്കുന്നതാണ്. എമർജൻസി മെഡിസിൻ വിഭാഗത്തിൽ 9 മെഡിക്കൽ തീവ്രപരിചരണ കിടക്കകളും 8 സർജിക്കൽ തീവ്രപരിചരണ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

എമർജൻസി മെഡിസിൻ വിഭാഗം

അത്യാഹിത വിഭാഗത്തിൽ മെഡിസിൻ, സർജറി, ഓർത്തോ പീഡിക്സ്, ഇ.എൻ.ടി. തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിന്റെ പോരായ്മ പലപ്പോഴും ചികിത്സയ്ക്ക് കാലതാമസമെടുക്കാറുണ്ട്. ഇത് മനസിലാക്കി ഇവയെല്ലാം ഏകോപിച്ചൊരു ചികിത്സാ സമ്പ്രദായം ലഭ്യമാക്കാനാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിച്ചത്. അന്തർദേശീയ നിലവാരത്തിലുള്ള മാനദണ്ഡത്തിലും ഇപ്പോഴത്തെ എമർജൻസി മെഡിസിൻ ഗൈഡ്ലൈനും അനുസരിച്ചാണ് എയിംസ് മാതൃകയിൽ അത്യാധുനിക എമർജി മെഡിസിൻ വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ട്രോമയും പല സ്ഥലങ്ങളിലുള്ള മറ്റ് എമർജൻസികളായ കാർഡിയാക്, സ്ട്രോക്ക്, ബേൺസ് എന്നിവയും ഒരേക്കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കാർഡിയോളജി സെന്റർ, സ്ട്രോക്ക് സെന്റർ, ട്രോമ സെന്റർ എന്നിവ വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിന് മാത്രമായി 106 തസ്തികകളാണ് സൃഷ്ടിച്ചത്. മറ്റ് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളും അത്യാഹിത വിഭാഗത്തിൽ ഓൺ കോളിങ് ലഭ്യമാക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

അത്യാധുനിക ട്രോമ സെന്റർ

എമർജൻസി മെഡിസിൻ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആർട്ട് സിമുലേഷൻ സെന്റർ, ട്രോമാകെയർ സംവിധാനം എന്നിവയുൾപ്പെട്ട സമഗ്ര ട്രോമാകെയർ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ 33 കോടിയുടെ അത്യാധുനിക ട്രോമ കെയർ, എമർജൻസി കെയർ സംവിധാനമൊരിക്കിയിട്ടുള്ളത്. എയിംസിലെ ഡോക്ടർമാരുടെ സഹകരണത്തോടെ ലെവൽ 2 സംവിധാനമുള്ള ട്രോമ കെയർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടും അലയാതെ അപകടത്തിൽപ്പെട്ടവർക്ക് അപകടത്തിന്റെ തീവ്രതയനുസരിച്ച് വിദഗ്ധ ചികിത്സ എമർജൻസി മെഡിസിൻ വിഭാഗം മുഖേന ലഭ്യമാക്കുന്നു. പുതിയ അത്യാഹിത വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി ജീവനക്കാർക്കുള്ള ജീവൻ രക്ഷാ പരിശീലനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർ മുതൽ ഡോക്ടർമാർ വരെയുള്ളവർക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. ബേസിക്ക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ്ഡ് ക്രിട്ടിക്കൽ ലൈഫ് സപ്പോർട്ട്, എമർജൻസി കാർഡിയാക്ക് ലൈഫ് സപ്പോർട്ട്, മികച്ച സ്ട്രോക്ക് പരിചരണം എന്നിവയ്ക്ക് പ്രാധാന്യം നൽകിയായിരുന്നു പരിശീലനം.

കാർഡിയോളജി സെന്റർ

ഹൃദ്രോഗവുമായി വരുന്ന രോഗികൾക്ക് അൽപംപോലും കാലതാമസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ നിലവിലെ കാർഡിയോളജി സംവിധാനം ഉപയോഗപ്പെടുത്തി അത്യാഹിത വിഭാഗത്തോട് ബന്ധിപ്പിച്ചിട്ടുണ്ട്. കാർഡിയാക് ചികിത്സയ്ക്ക് ആവശ്യമുള്ള അത്യാധുനിക സംവിധാനങ്ങൾ കാർഡിയോളജി സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്. ഹൃദയാഘാതവുമായി വരുന്നവർക്ക് ത്രോംബോലൈസിസ്, പ്രൈമറി ആൻജിയോ പ്ലാസ്റ്റി തുടങ്ങിയവ ചെയ്യുവാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സമഗ്ര സ്ട്രോക്ക് സെന്റർ

തലച്ചോറിന്റെ അറ്റാക്കായ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവർക്ക് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്ട്രോക്ക് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ട്രോക്ക് സെന്ററിനെ സമഗ്ര സ്ട്രോക്ക് സെന്ററാക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിരുന്നു. സ്ട്രോക്ക് കാത്ത് ലാബ് ഉൾപ്പെടെ സ്ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഈ സെന്ററിൽ ഒരുക്കുന്നത്. സ്ട്രോക്ക് കാത്ത് ലാബ്, ഐസിയു, സിടി ആഞ്ചിയോഗ്രാം എന്നിവ സ്ഥാപിച്ചു വരുന്നു. നൂറോളജി വിഭാഗം എമർജൻസി മെഡിസിൻ വിഭാഗവുമായി സഹകരിച്ചാണ് സ്ട്രോക്ക് സെന്റർ പ്രവർത്തിക്കുക.

മാസ് കാഷ്വാലിറ്റി & ഡിസാസ്റ്റർ മാനേജ്മെന്റ്

പെട്ടൊന്നൊരു അത്യാഹിതം സംഭവിച്ച് ധാരാളം പേർ ഒരുമിച്ചെത്തിയാൽ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ജീവനക്കാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. ഓക്സിജൻ സപ്പോർട്ടോടുകൂടിയ 120 കിടക്കകളാണ് ഒബ്സർവേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

പരിശോധനയ്ക്കായി അലയേണ്ട

അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായി ഡിജിറ്റൽ എക്സറേ, എം.ആർ.ഐ., സി.ടി. സ്‌കാൻ, അൾട്രാസൗണ്ട്, പോയിന്റ് ഓഫ് കെയർ ലാബ്, ഇ.സി.ജി തുടങ്ങിയ അടിയന്തിര പരിശോധനകളെല്ലാം തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നഴ്സിങ് സ്റ്റേഷൻ, ലാബ്, ഫാർമസി, എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഓപ്പറേഷൻ തീയറ്ററും ഐസിയുവും

അടിയന്തര ശസ്ത്രക്രിയയ്ക്കായി എല്ലാവിധ നൂതന സംവിധാനങ്ങളോടു കൂടിയ 5 ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. സർജറി, ന്യൂറോ, ഓർത്തോ, പ്ലാസ്റ്റിക്, സെപ്റ്റിക് വിഭാഗങ്ങളിലായി ഏറ്റവും നൂതനമായ നെഗറ്റീവ് പ്രഷർ സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 10 കിടക്കകളോട് കൂടിയ ട്രാൻസിറ്റ് ഐ.സി.യു.വും 8 കിടക്കകളോട് കൂടിയ കാഷ്വാൽറ്റി ഐ.സി.യുവും സജ്ജമാണ്. 21 വെന്റിലേറ്റേറുകളും, മൾട്ടിപാരാമീറ്റർ മോണിറ്ററുകൾ, ഡിഫെബ്രുിലേറ്ററുകൾ, ഹൈഡ്രോളിക് ട്രോളി, മൊബൈൽ കിടക്കകൾ എന്നീ രോഗീപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പത്തും, അമ്പതും കിടക്കകൾ ഉള്ള രണ്ട് ട്രാൻസിറ്റ് വാർഡുകളും തയ്യാറാക്കി.

ഗ്രീൻ സോൺ ഒബ്സർവേഷൻ

അടിയന്തര ചികിത്സ ആവശ്യമില്ലാതെ ഗ്രീൻ സോൺ മുഖേന വരുന്ന രോഗികളെ നിരീക്ഷിക്കുന്നതിനായി ശശീതരൂർ എംപി അനുവദിച്ച വിശ്രമ കേന്ദ്രം നവീകരിച്ച് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓക്സിജൻ ഉൾപ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ഗതാഗതക്കുരുക്കഴിക്കാൻ റോഡ്

മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടമായി അനുവദിച്ച 58 കോടി രൂപയിൽ ഉൾക്കൊള്ളിച്ചുള്ള പുതിയ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങൾ വൺവേയായി നിലവിലെ അത്യാഹിത വിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാവുന്നതാണ്. ആമ്പുലൻസുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാർക്കിങ് സൗകര്യവും ഒരുക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP