Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു; ദേശവിരുദ്ധ കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തതോടെ രാജി വെച്ചേ തീരൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി യുവജന സംഘടനകൾ; ഇനിയും നാണം കെടാൻ നിൽക്കരുത്, തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല; ജലീൽ സ്വർണം കടത്തിയെന്ന ബിജെപി ആരോപണം സ്ഥിരീകരിച്ചെന്ന് കെ സുരേന്ദ്രൻ

കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു; ദേശവിരുദ്ധ കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തതോടെ രാജി വെച്ചേ തീരൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി യുവജന സംഘടനകൾ; ഇനിയും നാണം കെടാൻ നിൽക്കരുത്, തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല; ജലീൽ സ്വർണം കടത്തിയെന്ന ബിജെപി ആരോപണം സ്ഥിരീകരിച്ചെന്ന് കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയും മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രകടനങ്ങൾ നടക്കുകയാണ്. അതിനിടെ എൻഐഎ മന്ത്രിയെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെയാണ് എൻഐഎയും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

രാവിലെ ആറുമണിയോടെയാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ സ്വകാര്യ വാഹനത്തിലാണ് ജലീൽ എത്തിയത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. മാർച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ. മാധ്യമങ്ങൾ അറിയാതിരിക്കാനാണ് പുലർച്ചെതന്നെ ജലീൽ എൻഐഎ ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവർത്തകരുടെ മുന്നിൽ പെടുകയായിരുന്നു. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ എത്തിയതെന്നാണ് സൂചന.

കഴിഞ്ഞ തവണ ഇ.ഡി ഓഫീസിലെത്തിയതും സ്വകാര്യവാഹനത്തിലായിരുന്നു. അന്ന് ചോദ്യംചെയ്യലിനു ശേഷവും ജലീൽ അക്കാര്യം മാധ്യമപ്രവർത്തകരോട് സമ്മതിച്ചിരുന്നില്ല. ജലീലിനെ എൻഐഎ ചോദ്യംചെയ്യാൻ വിളിച്ചതായുള്ള വാർത്ത പുറത്തുവന്ന ഉടൻതന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികൾ നൽകുന്ന സൂചന.

ഇനിയും കൂടുതൽ നാണം കെടാൻ നിൽക്കാതെ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എൻ.ഐ.എ ഓഫീസിൽ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീൽ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ രണ്ട് ഏജൻസികൾക്കും ജലീൽ നടത്തിയ കുറ്റകൃത്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീൽ സ്വർണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ആളുകൾ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളംപറഞ്ഞാലും സത്യപറഞ്ഞാലും തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ എൻഐഎയുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ജലീലിന് ഇനിയും പിടിച്ച് നിൽക്കാനാവില്ല. മറ്റു മന്ത്രിമാരിലേക്കും ഒടുവിൽ തന്നിലേക്കും അന്വേഷണം എത്തുമെന്നുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവാഴ്ചക്ക് മുമ്പിൽ അത്തരം ന്യായീകരണങ്ങൾ പ്രസക്തിയുണ്ടാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിലേയ്ക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് സിപിഎമ്മിനെ വേട്ടയാടുന്നത്. ജലീൽ രാജിവെക്കേണ്ടിവന്നാൽ മന്ത്രിസഭയിലെ പല അംഗങ്ങൾക്കും രാജിവെക്കേണ്ടിവരും എന്ന തിരിച്ചറിവുകൊണ്ടാണ് സിപിഎം ജലീലിനെ സംരക്ഷിക്കുന്നത്. അധികാരത്തിൽ തുടരാനുള്ള ധാർമികതയും നൈതികതയും പിണറായി വിജയൻ സർക്കാരിന് നഷ്ടപ്പെട്ടു. സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടക്കാൻ സംസ്ഥാന സർക്കാർ തന്നെ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

എന്നാൽ, അന്വേഷണ ഏജൻസികൾ വിവരങ്ങൾ തേടുന്നു എന്നതിന്റെ പേരിൽ രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീൽ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വിഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതിയായി വരേണ്ട ആൾ കേന്ദ്ര മന്ത്രി വി. മുരളീധരനാണെന്നും അദ്ദേഹം തിരിച്ചടിച്ചു. ജലീലിന്റെ രാജി എന്ന ആവശ്യം തള്ളി എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും രംഗത്തെത്തി. ഒരു തരത്തിലുമുള്ള നിയമലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജൻസിക്കും അന്വേഷണം നടത്താം. അവർ ചോദിക്കുന്നതിൽ അറിയുന്ന കാര്യം പറയും. ഇക്കാര്യത്തിൽ ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP