Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഹ്രാൻ ഹാഷ്മി സൃഷ്ടിച്ച കറുത്ത ഈസ്റ്ററിനും ബംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധം! നയതന്ത്ര കടത്തിലേയും ലഹരി ബിസിനസ്സിലേകും പണം ഒഴുകുന്നത് ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിന്; ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും; അതിശക്തമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയും

സഹ്രാൻ ഹാഷ്മി സൃഷ്ടിച്ച കറുത്ത ഈസ്റ്ററിനും ബംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധം! നയതന്ത്ര കടത്തിലേയും ലഹരി ബിസിനസ്സിലേകും പണം ഒഴുകുന്നത് ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിന്; ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും; അതിശക്തമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം ചോദ്യം ചെയ്യും. സ്വർണ്ണ കടത്തുമായി ബന്ധപ്പട്ടുള്ള ചോദ്യം ചെയ്യലും നടക്കും. ശ്രീലങ്കയിലെ ചാവേർ ബോംബ് ആക്രമണം സംബന്ധിച്ച് ഇന്ത്യയിൽ അന്വേഷണം നടത്തിയ ടീമാകും ഇക്കാര്യം അന്വേഷിക്കുക. ശ്രീലങ്കയിലെ സ്‌ഫോടന ഗൂഢാലോചന നടന്നത് ദക്ഷിണേന്ത്യയിലാണെന്ന് കണ്ടെത്തിയിരുന്നു.

ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) ബന്ധമുണ്ടെന്നാരോപിച്ചു എൻ എ എ നേരത്തെ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ കേരളത്തിൽ ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ കറുത്ത ഈസ്റ്ററിന് സമാനമായ ചാവേർ ബോംബ് സ്ഫോടനങ്ങളായിരുന്നു. ലങ്കയിൽ നിന്ന് ചാവേറുകളെ കൊണ്ടു വന്ന് സ്ഫോടനം നടത്തനായിരുന്നു ലക്ഷ്യം. തമിഴ്‌നാട്ടിലേയും കേരളത്തിലേയും മത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിരുന്നു. ശ്രീലങ്കയിൽ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങൾ ഇവരിൽ ചിലർ പ്രചരിപ്പിച്ചതായി എൻഐഎയ്ക്കു തെളിവുകൾ ലഭിച്ചിരുന്നു. ശ്രീലങ്കൻ സ്ഫോടനത്തിൽ കേരളത്തിൽ നിന്നാർക്കെങ്കിലും നേരിട്ട് ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ പര്യാപ്തമായ ഒരു തെളിവും ഇതുവരെ കിട്ടിയില്ല. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് ഉയർന്നു വന്നത്. ഇതോടെയാണ് അന്വേഷണം വീണ്ടും എൻഐഎ ശക്തമാക്കുന്നത്.

ശ്രീലങ്കൻ സ്‌ഫോടനങ്ങളിലെ ഇന്ത്യൻ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കർ, കാസർഗോഡ് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാർമൂലയിലെ അബൂബക്കർ സിദ്ദിഖ് എന്നിവരെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായവർക്ക് ശ്രീലങ്കയിലെ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്താനായിട്ടില്ലെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചില രഹസ്യസന്ദേശങ്ങൾ കോയമ്പത്തൂരിലും കേരളത്തിലുമുള്ളവർ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്‌നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. സഹ്‌റാൻ ഹാഷിമിന്റെ തീപ്പൊരി പ്രസംഗങ്ങളുടെ വീഡിയോ കേരളത്തിലും തമിഴ്‌നാട്ടിലും ചില യുവാക്കൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതും മയക്കുമരുന്ന് കേസിൽ നിർണ്ണായകമാകുന്നുണ്ട്.

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതികളുടെ തുടർച്ചയായ ശ്രീലങ്കൻ യാത്രകളുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. 2019 ഏപ്രിൽ 21നാണ് കൊളംബോയിലും പരിസരത്തും ആരാധനാലയങ്ങളിൽ ഉൾപ്പെടെ 8 ഇടങ്ങളിൽ ബോംബ് സ്‌ഫോടനമുണ്ടായത്. ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഇടപെടൽ.

ലഹരിക്കേസിലെ പ്രതികൾക്കു നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം ഉണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാൻ ഹാഷിം 3 വർഷം മുൻപു ബെംഗളൂരു സന്ദർശിച്ചതായി രഹസ്യ വിവരം ലഭിച്ചിരുന്നു. സഹ്രാനെ സമൂഹമാധ്യമങ്ങളിൽ പിൻതുടർന്നിരുന്ന യുവാക്കളെ എൻഐഎ പല തവണ ചോദ്യം ചെയ്തു. ഈ കേസുകൾക്കുള്ള കേരള ബന്ധവും ഗൗരവത്തോടെ കാണും.

ശ്രീലങ്ക വഴി കടൽമാർഗം ഇന്ത്യയിലേക്കു വൻതോതിൽ ലഹരിമരുന്നു കടത്തുന്നതും കേരളത്തിൽ നിന്നു യുവാക്കൾ ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും ലഹരി പാർട്ടികളിൽ സംബന്ധിക്കുന്നതും അതീവ ഗൗരവത്തോടെയാണ് എൻഐഎ കാണുന്നത്. ഇതിന് പിന്നിൽ തീവ്രവാദ സംഘടനകളുണ്ടെന്നാണ് വിലയിരുത്തൽ. സ്വർണ്ണ കടത്തും ലഹരി ബിസിനസ്സും തീവ്രവാദത്തിന് പണമുണ്ടാക്കാനാണ്. ശ്രീലങ്കയിലെ ഐസിസ് വേരുകളിലേക്ക് അന്വേഷണം നീളുന്നത് ഈ സാഹചര്യത്തിലാണ്.

ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളുമായി കർണാടകയിലെ ലഹരി മാഫിയയ്ക്കുള്ള ബന്ധം അന്വേഷിക്കും. കന്നഡ സിനിമാ, രാഷ്ട്രീയ മേഖലകളിലെ ചിലർക്ക് ശ്രീലങ്കയിൽ കസീനോ നടത്തിപ്പുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ലങ്കൻ കസീനോകളിൽ പോയതായി പറയുന്ന നടി അയ്ന്ദ്രിത റേ, ഭർത്താവും നടനുമായ ദിഗന്ത് എന്നിവരെ ഇന്നലെ 4 മണിക്കൂറോളം ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേരളത്തിലായിരുന്ന ദമ്പതികൾ ഇന്നലെ പുലർച്ചെയാണു ബെംഗളൂരുവിലെത്തിയത്. രാഗിണി ദ്വിവേദിക്കു പിന്നാലെ നടി സഞ്ജന ഗൽറാണിയും ജൂഡീഷ്യൽ കസ്റ്റഡിയിലായി. പാരപ്പന അഗ്രഹാര ജയിലിലാണ്. സഞ്ജനയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. രാഗിണിയുടെ അപേക്ഷ 19ന് പരിഗണിക്കാനായി മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP