Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നയതന്ത്ര കടത്തിൽ ജലീലിനെതിരെ കേസെടുക്കാനുള്ള സാധ്യതകൾ തേടി ഇഡി സെപ്ഷ്യൽ ഡയറക്ടർ കൊച്ചിയിൽ; സ്പെഷ്യൽ പ്രോസിക്യൂട്ടറുമായും അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായും ചർച്ച ചെയ്തത് മന്ത്രിക്കെതിരെ കേസെടുക്കുന്നതിലെ നിയമ വശങ്ങൾ; എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അന്തിമ തീരുമാനം; കേന്ദ്രാനുമതിയില്ലാതെ കോൺസുലേറ്റിൽ നിന്ന് പണം കൈപ്പറ്റിയത് കുരുക്കാകും; ജലീലിനെതിരെ ഇഡി കൂടുതൽ നടപടികൾക്ക്

നയതന്ത്ര കടത്തിൽ ജലീലിനെതിരെ കേസെടുക്കാനുള്ള സാധ്യതകൾ തേടി ഇഡി സെപ്ഷ്യൽ ഡയറക്ടർ കൊച്ചിയിൽ; സ്പെഷ്യൽ പ്രോസിക്യൂട്ടറുമായും അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായും ചർച്ച ചെയ്തത് മന്ത്രിക്കെതിരെ കേസെടുക്കുന്നതിലെ നിയമ വശങ്ങൾ; എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അന്തിമ തീരുമാനം; കേന്ദ്രാനുമതിയില്ലാതെ കോൺസുലേറ്റിൽ നിന്ന് പണം കൈപ്പറ്റിയത് കുരുക്കാകും; ജലീലിനെതിരെ ഇഡി കൂടുതൽ നടപടികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ കൊച്ചിയിലെത്തിയത് എൻഐഎ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുമെന്ന തിരിച്ചറിവിനെ തുടർന്ന്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായും ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറുമായും അദ്ദേഹം ചർച്ച നടത്തി. വരും ദിവസങ്ങളിൽ ഇഡിയുടെ നിർണായക നീക്കങ്ങൾ കേസിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. നയതന്ത്ര കടത്ത് കേസിൽ ജലീലിനെതിരെ കേസെടുക്കാനുള്ള സാധ്യതയാണ് ഇഡി പരിശോധിക്കുന്നത്.

മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യംചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയിലെ ഉന്നതൻ അന്വേഷണ പുരോഗതി വിലയിരുത്താൻ കൊച്ചിയിൽ എത്തിയിട്ടുള്ളത്. ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറുമായും അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായും കൊച്ചിയിലെ ഹോട്ടലിൽവച്ചാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ജലീലിനെതിരെ പ്രോട്ടോകോൾ ലംഘനത്തിൽ കേസെടുക്കുന്നതിന്റെ സാധ്യതയാണ് ഈ ചർച്ചകളിൽ തേടുന്നത്. സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളും മന്ത്രി കെ.ടി ജലീലിന്റെ മൊഴിയിലെ വിശദാംശങ്ങളും ചർച്ചകളിൽ നിറഞ്ഞു. കൂടുതൽ കടുത്ത നടപടികൾ ഇഡിയുടെ ഭാഗത്തു നിന്നുണ്ടാകും.

ഇഡി ചോദ്യംചെയ്ത പല ഉന്നതരുടെയും മൊഴികൾ ഉന്നത തലത്തിലാണ് വിശകലനം ചെയ്യുന്നത്. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് മാത്രമായി ഇ.ഡിയിലെ ഉന്നതൻ കൊച്ചിയിലെത്തുന്നത്. അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തും. വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ ഏകോപനവും സ്പെഷ്യ ഡയറക്ടർ വിലയിരുത്തി. സ്വർണക്കടത്ത് കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ.ഡി ചോദ്യംചെയ്യുന്നുണ്ട്. ഇതെല്ലാം സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതും ഗൗരവത്തോടെയാണ് ഇഡി വീക്ഷിക്കുന്നത്. ഈ മൊഴിയിലും പൊരുത്തക്കേടുണ്ടോ എന്നും പരിശോധിക്കും. അതിന് ശേഷമാകം മന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് ഏറെ നിർണ്ണായകമാണ്. പുലർച്ചെയോടെ ആലുവയിലെ സിപിഎം നേതാവ് എ. എം യൂസഫിന്റെ കാറിലാണ് മന്ത്രി ജലീൽ എൻഐഎ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസിന്റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനറെയും വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യൽ. ഇതാദ്യമായാണ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രിയെ എഐഎ ചോദ്യം ചെയ്യുന്നത്. എൻഫോഴ്‌സ്‌മെന്റിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എൻഫോഴ്‌സ്‌മെന്റ് ജലീലിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ എൻ.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു.

സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ.അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ പരിധിയിൽ വരും. യുഎഇ കോൺസുലിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമദാൻ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകൾ കൈപ്പറ്റിയത് കോൺസുൽ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിരുന്നു. നിയമനിർമ്മാണ സഭാംഗങ്ങൾ പണമോ, പാരിതോഷികമോ കൈപ്പറ്റുന്നതിന് മുൻപ് കേന്ദ്രാനുമതി തേടണമെന്നാണ് ചട്ടം. ഇതെക്കുറിച്ചെല്ലാമുള്ള വിശദാംശങ്ങൾ ചോദിച്ചറിയുകയാണ് എൻ.ഐ.എയുടെ ലക്ഷ്യം.

അതിനിടെ തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതെന്നും ഇത് അതീവ ഗൗരവതരമെന്നും ഇനിയും നാണം കെടാതെ ജലീൽ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോയെന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും മുൻ അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺസുലേറ്റിൽ പരിശോധന നടത്തി. കഴിഞ്ഞദിവസം മുൻകൂട്ടി അറിയിക്കാതെയെത്തിയ ഇവർ സാമ്പത്തിക ഇടപാടുരേഖകൾ ഉൾപ്പെടെ പരിശോധിച്ചെന്നാണു വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP