Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മനോരമ ചാനൽ ചർച്ചയിൽ കേരളത്തിലെ ഖുർആൻ അറബി മലയാളത്തിലാണ് പ്രിന്റ് ചെയ്യുന്നത് എന്ന നാക്കുപിഴയിൽ മാപ്പുപറഞ്ഞ് ജെയ്ക്.സി.തോമസ്; അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും തെറ്റ് വരാൻ പാടില്ലായിരുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; രാഹുലിന്റെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്ത് എത്താൻ സാധിക്കാത്തതിലും ക്ഷമിക്കുക എന്നും ജെയ്ക്

മനോരമ ചാനൽ ചർച്ചയിൽ കേരളത്തിലെ ഖുർആൻ അറബി മലയാളത്തിലാണ് പ്രിന്റ് ചെയ്യുന്നത് എന്ന നാക്കുപിഴയിൽ മാപ്പുപറഞ്ഞ് ജെയ്ക്.സി.തോമസ്; അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും തെറ്റ് വരാൻ പാടില്ലായിരുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; രാഹുലിന്റെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്ത് എത്താൻ സാധിക്കാത്തതിലും ക്ഷമിക്കുക എന്നും ജെയ്ക്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കഴിഞ്ഞ ദിവസം മനോരമ ചാനൽ ചർച്ചയിൽ കേരളത്തിലെ ഖുർആൻ അറബി മലയാളത്തിലാണ് പ്രിന്റ് ചെയ്യുന്നത് എന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക്.സി.തോമസ് പറഞ്ഞിരുന്നു. എന്നാൽ, അത് തെറ്റാണ് അറബി മലയാളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നില്ല എന്ന് പലരും തിരുത്തി. മനോരമ ന്യൂസ് സംവാദത്തിൽ തനിക്കുണ്ടായ നാക്കുപിഴയ്ക്ക് ജെയ്ക് എഫ്ബി പോസ്റ്റിലൂടെ മാപ്പ് പറഞ്ഞു.

ജെയ്കിന്റെ പോസ്റ്റ് ഇങ്ങനെ:

ഇന്നലെ മനോരമ ന്യൂസിൽ നടന്ന സംവാദത്തിൽ അറബി മലയാളത്തിലാണ് കേരളത്തിൽ വിശുദ്ധ ഖുർആൻ പ്രിന്റ് ചെയ്യുന്നത് എന്നു പറഞ്ഞത് സംസാര മദ്ധ്യേ സംഭവിച്ച പിഴവാണ്. മലബാറിലെ സാധാരണക്കാരായ മുസ്ലിങ്ങൾ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികൾക്ക് അനായാസം പാരായണം ചെയ്യുവാൻ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വി.ഖുർആൻ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളിൽ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാൻ ആഗ്രഹിച്ചത്.

പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴീ വിശദീകരണം നൽകുന്നത്. ചർച്ചയ്ക്കിടെ മനഃപൂർവമല്ലാതെ സംഭവിച്ച വീഴ്‌ച്ച ആർക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചുവെങ്കിൽ ഖേദം അറിയിക്കുന്നു.

അറബ് രാജ്യങ്ങളിലും കേരളത്തിലും മുൻപുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂർണാർത്ഥത്തിൽ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല.ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവൻ ആളുകളുടെയും നിർദ്ദേശങ്ങളെയും വിമർശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു.

പക്ഷേ അപ്പോഴും 'ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂമിന്റെ സ്മരണയ്ക്ക്' എന്ന് ആലേഖനം ചെയ്ത, ഈ ഖുറാനുകൾ കേരളത്തിലെ വിപണിയിൽ വാങ്ങാൻ കിട്ടില്ല എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. ചർച്ചയിൽ മുസ്ലിം ലീഗ് പ്രതിനിധി പറഞ്ഞതു പോലെ തൂക്കം ഒപ്പിക്കാൻ അടുത്ത കടയിൽ നിന്നു വാങ്ങി വയ്ക്കാവുന്നതല്ല യുഎഇയിൽ നിന്ന് അയച്ചിട്ടുള്ള ഈ വി. ഖുറാനുകൾ.

NB: ഇതു സംബന്ധിയായ വന്ന ട്രോളുകളും ശ്രദ്ധയിൽ പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താൻ പോലും എനിക്ക് സാധിക്കാഞ്ഞതിൽ ക്ഷമിക്കുക.

ഇസ്ലാമിക പണ്ഡിതനായ ഹുസൈൻ മടവൂർ ഈ വിഷയത്തിൽ പറഞ്ഞത്:

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ കേട്ടത് കേരളത്തിലെ ഖുർആൻ അറബി മലയാളത്തിലാണ് എന്നാണ്. അത് തെറ്റാണ് അറബി മലയാളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നില്ല. അറബി മലയാളമെന്നത് നമ്മൾ മംഗ്ലീഷ് എന്നൊക്കെ പറയും പോലെ അറബിയിൽ എഴുതുന്ന മലയാളമാണ്. കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആനുകൾ മലബാരി ലിബിയിലായിരുന്നു. അതിനെ ഖത്ത്മലബാരി എന്നും വിളിക്കും. അതും അറബി ഭാഷ തന്നെയാണ്. അതിന്റെ എഴുത്തിന്റെ രൂപത്തിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അതിനർത്ഥം അത് മറ്റേതെങ്കിലും ഭാഷയാണെന്നല്ല. നമ്മുടെ തിരൂരങ്ങാടിയിലും പൊന്നാനിയിലും എല്ലാം ആ ലിപിയിലായിരുന്നു ഖുർആൻ പ്രിന്റ് ചെയ്തിരുന്നത്. അറബ് രാജ്യങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഖുർആൻ റസ്മുൽ ഉസ്മാനി എന്ന ലിപിയിലാണ് അച്ചടിക്കുന്നത്. അത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടൊരു ലിപിയാണ്.

കേരളത്തിലും ആ ലിപിയിൽ അച്ചടിക്കുന്നുണ്ട്. എല്ലാം അറബി തന്നെയാണ്. അക്ഷരങ്ങളുടെ രൂപത്തിൽ ചില വൈവിദ്ധ്യങ്ങളുണ്ടെന്ന് മാത്രം. ഓരോ പ്രദേശത്തും പ്രിന്റ് ചെയ്യുന്ന ഖുർആനുകളിൽ ചില വൈവിധ്യങ്ങൾ അതിന്റെ രൂപത്തിലുണ്ടാകാറുണ്ട്. ഉദാഹരണത്തിന് ഉറുദു സംസാരിക്കുന്ന നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഖുർആനിന്റെ രൂപത്തിലും തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്ന ഖുർആനിന്റെ രൂപത്തിലും വ്യത്യാസങ്ങളുണ്ട്. അക്ഷരങ്ങളുടെ വലിപ്പത്തിലും വണ്ണത്തിലും ചെരുവിലുമെല്ലാമാണ് ആ വ്യത്യാസങ്ങളുള്ളത്. ലോകത്തുള്ള എല്ലാ പ്രദേശങ്ങളിലേക്കും ഖുർആൻ പ്രിന്റ് ചെയ്ത് അയക്കുന്ന സ്ഥാപനമാണ് കിങ്ഫഹദ് ഖുർആൻ പ്രിന്റിങ് കോപ്ലക്സ്. അവർ വിവിധ ഭാഷകളിൽ ഖുർആനിന്റെ പരിഭാഷകളും പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാള പരിഭാഷയും ലഭ്യമാണ്. സൗദി എംബസി മുഖേന ഈ മലയാള പരിഭാഷ മലയാളികൾക്ക് ലഭ്യമാകും. തുർക്കി, ഉർദു,ഇംഗ്ലീഷ് എല്ലാ ഭാഷകളിലും മദീനയിൽ പ്രിന്റ് ചെയ്ത ഖുർആൻ ലഭ്യമാണ്. ഖത്തറിലും, സിറിയയിലും, ഖുവൈത്തിലുമെല്ലാം ഇത്തരത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. അവരെല്ലാം ഉപയോഗിക്കുന്നത് റസ്മുൽ ഉസ്മാനി ലിപിയാണ്. ഓരോ രാജ്യങ്ങളിലും പ്രിന്റ് ചെയ്യുന്ന ഖുർആനുകളിൽ അവരുടെ സർട്ടിഫിക്കറ്റുകളും ഉണ്ടാകും. കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആനുകളുടെ കടലാസ് ക്വാളിറ്റി അറബ് രാജ്യങ്ങളുടേത് അപേക്ഷിച്ച് മോശമായിരിക്കും. പെട്ടെന്ന് മുഷിഞ്ഞു പോകുന്നതായിരിക്കും. എന്ന് കരുതി ഖുർആനിന്റെ മൂല്യത്തെ അത് ബാധിക്കുന്നില്ല. റസ്മുൽ ഉസ്മാനി ലിബിയിലും കേരളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP