Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിനോയ് കോടിയേരിക്കെതിരെ മത്സരിച്ചപ്പോൾ അപ്പ പറഞ്ഞത് തന്റെ സഹായമുണ്ടാകില്ലെന്ന്; അദ്ദേഹം ആത്മീയവാദിയാണ്, പക്ഷേ മതവാദിയല്ലെന്നും അച്ചു ഉമ്മൻ; രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കിൽ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട്; ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള മകൾ അച്ചു ഉമ്മന്റെ വാക്കുകൾ ചർച്ചയാകുന്നു

ബിനോയ് കോടിയേരിക്കെതിരെ മത്സരിച്ചപ്പോൾ അപ്പ പറഞ്ഞത് തന്റെ സഹായമുണ്ടാകില്ലെന്ന്; അദ്ദേഹം ആത്മീയവാദിയാണ്, പക്ഷേ മതവാദിയല്ലെന്നും അച്ചു ഉമ്മൻ; രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കിൽ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട്; ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള മകൾ അച്ചു ഉമ്മന്റെ വാക്കുകൾ ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ഒരു സമൂഹം ഇത്രയേറെ സ്നേഹിച്ച മറ്റൊരു നേതാവുണ്ടാകില്ല കേരളത്തിൽ. തുടർച്ചയായ 50 വർഷമാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തെ ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ചത്. രാജ്യത്തെ കോൺ​ഗ്രസ് പാർട്ടിയിൽ മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണത്. കേരളത്തിൽ കേരള കോൺ​ഗ്രസ് നേതാവായിരുന്ന കെ എം മാണി മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയത്. ഒരുപക്ഷേ, കേരള രാഷ്ട്രീയത്തിൽ ആരോപണ ശരങ്ങളേറ്റ് ഇത്രയേറെ അപമാനിതനായ മറ്റൊരു നേതാവും കേരളത്തിൽ ഉണ്ടാകില്ല. ഇപ്പോഴിതാ, നിയമസഭാം​ഗമായി അമ്പത് വർഷം തികയുന്ന വേളയിൽ ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനെ കുറിച്ച് മകൾ അച്ചു ഉമ്മൻ പറയുന്ന വാക്കുകൾ സമൂഹ മാധ്യമങ്ങളിലും ചർച്ചയാകുന്നു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് പിതാവിന്റെ സ്വഭാവ സവിശേഷതകൾ അച്ചു ഉമ്മൻ തുറന്ന് പറയുന്നത്.

അപ്പയുടെ വക്കീൽ എന്നാണ് തന്നെ ചെറുപ്പത്തിലേ വിളിച്ചിരുന്നതെന്ന് അച്ചു ഓർക്കുന്നു. രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കിൽ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട് എന്നും അവർ പറയുന്നു. അദ്ദേഹം ആത്മീയവാദിയാണ്, പക്ഷേ മതവാദിയല്ല. സോളർ വിഷയത്തിൽ ആരോപണങ്ങൾ നേരിട്ടപ്പോഴും അപ്പ എതിരാളികളോടു മാന്യത കാണിച്ചു. അവരുടെ കുടുംബ വിഷയങ്ങൾ ഒന്നു പോലും പരാമർശിക്കില്ലെന്ന നിലപാടായിരുന്നു അപ്പയുടേത്. ഞങ്ങളെല്ലാം സങ്കടപ്പെട്ടപ്പോഴും അപ്പ ആശ്വസിപ്പിച്ചു. ഇത്രയും കാലം സംശുദ്ധമായ പൊതുജീവിതം നയിച്ചയാളെ ചിലരുടെ വാക്കുകളുടെ പേരിൽ ഇത്ര വേട്ടയാടിയതിൽ വല്ലാത്ത വിഷമമുണ്ട് എന്ന് അച്ചു തുറന്ന് പറയുന്നുണ്ട്.

ജനസമ്പർക്ക പരിപാടിയിൽ 20 മണിക്കൂർ വരെ ഇടവേള പോലുമെടുക്കാതെ ഒറ്റയ്ക്കു നിന്നു പതിനായിരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചതു കണ്ടപ്പോൾ, അതിന് യുഎന്നിന്റെ അംഗീകാരം കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷത്തിനു കണക്കില്ല. അതിനെ ആക്ഷേപിച്ചവരുമുണ്ട്. എന്നാൽ വർഷങ്ങളായി രാജ്യത്തു നിൽക്കുന്ന രീതി ഒറ്റ ദിവസം കൊണ്ടു മാറ്റാൻ ആർക്കുമാകില്ല. കൊച്ചിയിൽ മെട്രോ ട്രെയിനിന്റെ വരവ് എല്ലാവരും ആഘോഷമാക്കി. എന്നാൽ അതിനു കാരണമായ അപ്പയുടെ ഇച്ഛാശക്തി എങ്ങും പരാമർശിച്ചു കേട്ടില്ല. ഉദ്ഘാടനത്തിനു ക്ഷണിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. എങ്കിലും ഒരു പരിഭവവും പറയാതെ അദ്ദേഹം അടുത്ത ദിവസം അതിൽ സാധാരണക്കാർക്കൊപ്പം നടത്തിയ യാത്രയുണ്ടല്ലോ, അതു കണ്ടപ്പോഴും മനസ്സിൽ സ്നേഹം പെരുകിയിട്ടേയുള്ളൂ.

ഇപ്പോഴും വേദനയുള്ള ഒരു ഓർമ്മയെകുറിച്ചും അച്ചു പറയുന്നുണ്ട്. ആ ഓർമ സ്വിറ്റ്സർലൻഡിലെ ദാവോസിലേതാണ്. സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലാണു ഞാനന്ന്. അപ്പ ദാവോസിൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ബാങ്കുമായി ബന്ധപ്പെട്ട ചടങ്ങിനു ഞാനും അവിടെയുണ്ടായിരുന്നു. അപ്പയ്ക്ക് ഉണ്ടായിരുന്നത് മഞ്ഞിൽ ഉപയോഗിക്കാൻ കൊള്ളാത്ത പഴയ ഷൂസായിരുന്നു. ഉച്ചകോടിയുടെ സംഘാടകർ നൽകിയ കിറ്റിൽ മഞ്ഞിലിടാനുള്ള ഷൂസ് ഉണ്ടായിരുന്നു. ഞാനും സെക്രട്ടറിമാരും അതു നോക്കിയില്ല. അപ്പ തെന്നി താഴെ വീണു തുടയെല്ലു പൊട്ടി. ശസ്ത്രക്രിയയിൽ എല്ലിന്റെ കുറച്ചു ഭാഗം നീക്കം ചെയ്തു. അതോടെ ആ കാലിന് അൽപം നീളം കുറഞ്ഞു, ഇപ്പോൾ മുടന്തിയേ നടക്കാനാകൂ- അച്ചു വ്യക്തമാക്കുന്നു.

ഷൂസിന്റെ കാര്യം എന്താണു ശ്രദ്ധിക്കാതിരുന്നതെന്ന് ഇത്രയും കാലമായിട്ടും ഒരിക്കൽ പോലും എന്നോടോ മറ്റുള്ളവരോടോ അപ്പ ചോദിച്ചിട്ടില്ല. കഴിഞ്ഞ വർഷം അപ്പയോടൊത്തു ന്യൂയോർക്കിൽ പോകേണ്ടി വന്നു. അവിടത്തെ മുറിയിലെ പാത്രങ്ങളും ഷെൽഫുമൊന്നും അപ്പയ്ക്കു പ്രവർത്തിപ്പിച്ചു പരിചയമുണ്ടായിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കണമെന്നു പ്രത്യേകം പറഞ്ഞിരുന്നു. ക്ഷീണം കാരണം ഞാൻ ഉണർന്നതു രാവിലെ ഏഴിന്. കുളിച്ചു വേഷം മാറിയിരിക്കുന്ന അപ്പയെയാണ് അപ്പോൾ കണ്ടത്. അദ്ദേഹം രാത്രി രണ്ടിനു തന്നെ ഉണർന്നിരുന്നു. ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടും എന്നെ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി പുലരും വരെ കാത്തിരുന്നു.

പണ്ട് മാർ ഇവാനിയോസിൽ കോളജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ അപ്പ തന്ന ഉപദേശവും മറക്കില്ല. അന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ആയിരുന്നു എതിർ സ്ഥാനാർത്ഥി. തന്റെ പക്കൽ നിന്നു സഹായം പ്രതീക്ഷിക്കരുതെന്നും തന്റെ മകളാണെന്നു കരുതി ഒരു കാര്യവും വേണമെന്ന് ആഗ്രഹിക്കരുതെന്നും അപ്പ പറഞ്ഞു. അപ്പയ്ക്ക്, ഞങ്ങളും അപ്പയുടെ സഹോദരങ്ങളുടെ മക്കളും തമ്മിൽ ഒരു ഭേദവുമില്ലായിരുന്നു. അപ്പയുടെ ഗുണങ്ങൾ ഏതാണ്ടെല്ലാം അതേ പോലെ കിട്ടിയിട്ടുള്ളതു സഹോദരിയുടെ മകൾ സുമചേച്ചിക്കാണ്. അപ്പ ഏറ്റവുമധികം വേദനിച്ചതു സഹോദരി വൽസമ്മാമ്മയുടെ മകൻ സുമോദിന്റെ മരണത്തിലാണ് എന്നും അച്ചു ഉമ്മൻ പറയുന്നു.

നർമമുള്ള കാര്യങ്ങളൊക്കെ ഓർമിച്ചു വയ്ക്കും. ഒരിക്കൽ അപ്പയെ പഠിച്ച സ്കൂളിൽ വാർഷികത്തിനു മുഖ്യാതിഥിയായി ക്ഷണിച്ചു. കോട്ടയത്തെ കോൺഗ്രസ് നേതാവായ ജെ.ജി.പാലയ്ക്കലോടി അടക്കമുള്ളവർ എത്തിയിട്ടുണ്ട്. പരിപാടിക്കു തൊട്ടുമുൻപ് പാലയ്ക്കലോടി അപ്പയോടു സ്കൂളിന്റെ മുൻ പ്രധാനാധ്യാപകൻ മരിച്ചു പോയ വിവരം പറഞ്ഞു. അതോടെ യോഗം മാറ്റി വച്ചതായി അപ്പ പ്രഖ്യാപിച്ചു. എന്നിട്ടു കാറിൽ കയറാൻ എത്തിയപ്പോൾ പാലയ്ക്കലോടിയെത്തിയിട്ടു പറ‍ഞ്ഞു: പിശകുപറ്റിയതാണ്, ആ പ്രധാനാധ്യാപകൻ മരിച്ചിട്ടില്ല. അപ്പയ്ക്കു വിഷമമായി. മരിക്കാത്ത ആളെക്കുറിച്ചു പറഞ്ഞുപോയല്ലോ. ആളുകളെല്ലാം പോവുകയും ചെയ്തു. പപ്പ തിരികെ കാറിൽ പോകുമ്പോൾ പാലയ്ക്കലോടി വീണ്ടുമെത്തിയിട്ടു പറഞ്ഞു. നമ്മൾ രക്ഷപ്പെട്ടു, സാറ് മരിച്ചു. അപ്പ ഇടയ്ക്കിടെ ഇത്തരം കഥകൾ തങ്ങളോടു പറയാറുണ്ടെന്നുമാണ് അച്ചു ഉമ്മൻ തന്റെ പിതാവിനെ കുറിച്ചുള്ള സ്മരണകൾ പറഞ്ഞവസാനിപ്പിക്കുന്നത്.

1970 സെപ്റ്റംബർ 17-നായിരുന്നു പുതുപ്പള്ളിയിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ആദ്യവിജയം. അന്നാരും കരുതിയിരുന്നില്ല, ഇത് ഇവിടംകൊണ്ടൊന്നും തീരുന്ന ഏർപ്പാടല്ലെന്ന്. ഇപ്പോൾ 11 മത്സരങ്ങളും അത്രതന്നെ വിജയങ്ങളും. അതിനിടെ 3 തവണ മന്ത്രി, രണ്ട് തവണ മുഖ്യമന്ത്രി, ഒരിക്കൽ പ്രതിപക്ഷ നേതാവ്. അതിനിടെ രണ്ടോ മൂന്നോ തവണ പാർട്ടിയിലെ സഹപ്രവർത്തകർക്കുവേണ്ടി മന്ത്രിസ്ഥാനം ത്യാഗം ചെയ്തു. 1977-ൽ തൊഴിൽ മന്ത്രിയും 81-ൽ ആഭ്യന്തരമന്ത്രിയുമായിരുന്നു. രണ്ട് ചെറിയ കാലയളവുകൾ. 94-ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. 2005-ലും 2011-ലും മുഖ്യമന്ത്രിയായി.

അര നൂറ്റാണ്ടുകാലും ഒരു മണ്ഡലത്തെ തന്നെ പ്രതിനിധീകരിച്ച എംഎൽഎമാർ കേരള ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമാണ്. പാലാ മണ്ഡലത്തിൽ കെഎം മാണി അരനൂറ്റാണ്ട് തികച്ച ആളാണ്. അതുപോലെ 2020 ഓടെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അര നൂറ്റാണ്ട് തികയ്ക്കുകയാണ്. 1970 മുതൽ 2020 വരെയുള്ള അമ്പത് വർഷങ്ങൾ. 1970 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ അതേ വർഷം തന്നെയാണ് ഉമ്മൻ ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പിലെ തന്റെ കന്നിയങ്കത്തിന് ഇറങ്ങുന്നത്. അന്ന് പ്രായം വെറും 27 വയസ്സ് മാത്രം. പുതുപ്പള്ളിയിലെ സിറ്റിങ് എംഎൽഎ ഇഎം ജോർജ്ജ് ആയിരുന്നു എതിർ സ്ഥാനാർത്ഥി. 1967 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്ന് സിപിഎം പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു പുതുപ്പള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP