Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്നയുടെ നെഞ്ച് വേദനയും റമീസിന്റെ വയറുവേദനയും കേസിനെ തുടർന്നുണ്ടായത്; ഇരുവർക്കും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്; റിപ്പോർട്ടിന് പിന്നാലെ രണ്ടുപേരെയും ഡിസ്ചാർജ്ജ് ചെയ്ത് വിയ്യൂർ ജയിലിൽ തിരികെയെത്തിച്ചു; സ്വപ്നയെ കാണാനെത്തിയ ഭർത്താവിനും മക്കൾക്കും അനുവാദം ലഭിച്ചില്ല; ഡിജിറ്റൽ തെളിവുകളും വീണ്ടെടുത്തതോടെ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് എൻഐഎയുടെ ചോദ്യങ്ങൾക്ക് പറയേണ്ടിവരിക ഒന്നും മറച്ചുവെക്കാതെയുള്ള ഉത്തരങ്ങൾ

സ്വപ്നയുടെ നെഞ്ച് വേദനയും റമീസിന്റെ വയറുവേദനയും കേസിനെ തുടർന്നുണ്ടായത്; ഇരുവർക്കും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്; റിപ്പോർട്ടിന് പിന്നാലെ രണ്ടുപേരെയും ഡിസ്ചാർജ്ജ് ചെയ്ത് വിയ്യൂർ ജയിലിൽ തിരികെയെത്തിച്ചു; സ്വപ്നയെ കാണാനെത്തിയ ഭർത്താവിനും മക്കൾക്കും അനുവാദം ലഭിച്ചില്ല; ഡിജിറ്റൽ തെളിവുകളും വീണ്ടെടുത്തതോടെ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് എൻഐഎയുടെ ചോദ്യങ്ങൾക്ക് പറയേണ്ടിവരിക ഒന്നും മറച്ചുവെക്കാതെയുള്ള ഉത്തരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‍നയെയും റമീസിനെയും ഡിസ്‍ചാർജ് ചെയ്‍തു. രണ്ടുപേർക്കും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ അറിയിപ്പ്. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇരുവരെയും വിയ്യൂർ ജയിലിൽ തിരികെയെത്തിച്ചു. സ്വപ്‍നയുടെ ഭർത്താവും മക്കളും വന്നിരുന്നെങ്കിലും കാണാൻ അനുവദിച്ചില്ല. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികിൽസ തേടിയത്. വയറുവേദനയെ തുടർന്നാണ് റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയിൽ തുടരാൻ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വീണ്ടും നെഞ്ചുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോൺ, ലാപ്‌ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിൽ സന്ദീപ് നായർ അടക്കമുള്ളവരെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ ഫോൺ സംഭവങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്. സി ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ് മായ്ച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്തത്.

ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എൻ.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്. സ്വപ്‌നാ സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്കുള്ള സ്ഥിരീകരണമാണ് ഈ തെളിവ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്‌നാ സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം സ്വപ്‌നയുമായി ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും.

സ്വപ്‌നയുടെ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് പുറത്തു വന്നാൽ സ്വർണ്ണ കടത്ത് കേസിന്റെ അവസ്ഥയും സോളാറിന് സമാനമാകും. സോളാർ കേസിലെ പ്രതി സരിതാ നായരുടെ ഫോൺ കോളുകൾ പുറത്തുവന്നത് ഉമ്മൻ ചാണ്ടി സർക്കാരിലെ പല പ്രമുഖരേയും നാണം കെടുത്തിയിരുന്നു. ഇതിന് സമാനമായ വിശദാംശങ്ങൾ സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റിലും ഉണ്ടെന്നാണ് സൂചന. ഇതൊന്നും പുറത്തു പോകരുതെന്ന നിർദ്ദേശം എൻഐഎയ്ക്ക് മുകൾ തട്ടിൽ നിന്ന് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് അന്വേഷകർ നീങ്ങുന്നത്. സ്വപ്നയെ ചോദ്യം ചെയ്ത് വാട്‌സാപ്പ് ചാറ്റുകളുടെ നിജസ്ഥിതി മനസ്സിലാക്കാനാണ് നീക്കം.

സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എൻ.ഐ.എ. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായിരിക്കാമെന്നാണ് നിഗമനം. ഇക്കാര്യങ്ങൾ എൻ.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് സൂചന. കേസ് ഡയറിയിൽ ഈ വിവരങ്ങൾ ഉണ്ടെങ്കിൽ ചാറ്റ് ചെയ്തവരും കേസിൽ ബന്ധപ്പെട്ടുവെന്നതിന് കൂടി തെളിവാകും. സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകൻ സ്വപ്നയുടെ ബിസിനസിൽ പങ്കാളിയാണെന്നുമാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. അതിനിടെ മന്ത്രിയുടെ മകനും സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ കൂടുതൽ വിവരങ്ങളും ഇവർ തമ്മിലുള്ള ബന്ധവും പരിശോധിക്കാനാണ് അന്വേഷണ ഏജൻസി ഒരുങ്ങുന്നത്.

സംഭവത്തിൽ മന്ത്രി പുത്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് മന്ത്രിയുടെ മകന് ഇതുവരെ നൽകിയിട്ടില്ല. മന്ത്പി ഇപി ജയരാജന്റെ മകനാണ് സംശയ നിഴലിലുള്ളത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നൽകിയ നാല് കോടിയിലധികം രൂപ കമ്മീഷനിൽ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകൾ ലഭിച്ചിരുന്നു. ഇത് അന്വേഷണ ഏജൻസി പരിശോധിക്കും. ഇതുകൂടാതെ സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയ കമ്പനികളുടെ പ്രതിനിധികളേയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

പ്രളയത്തിന്റെ പേരിൽ യു.എ.ഇയിൽ നിന്ന് 140 കോടി സമാഹരിച്ചെന്നും അത് നിയമവിരുദ്ധ വഴികളിലൂടെ കേരളത്തിലെത്തിച്ചെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു. മതഗ്രന്ഥങ്ങളുടെ മറവിൽ വിദേശ കറൻസി കടത്തിയെന്ന ആരോപണം ഉയരുകയും മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്ത വേളയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.2018ലെ പ്രളയത്തിന്റെ ചിത്രങ്ങളും സർക്കാരിന്റെ അഭ്യർത്ഥനയും ഉപയോഗിച്ച് കോൺസുലേറ്റിന്റെ പേരിലായിരുന്നു പണപ്പിരിവ്. യു.എ.ഇ സർക്കാരിന്റെ അനുമതി ഇല്ലാതെയായിരുന്നു ഇടപാടുകൾ. ഇതേക്കുറിച്ച് ഇ.ഡിയും എൻ.ഐ.എയും വിശദമായ അന്വേഷണം നടത്തുകയാണ്.തുകയുടെ ഒരു പങ്ക് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ കോൺസുലേറ്റിന്റെ ചാരിറ്റി (ജീവകാരുണ്യ) അക്കൗണ്ടിലൂടെ എത്തിച്ചു.

വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കുള്ള 20 കോടിയും ഇതിൽപ്പെടും. ശേഷിച്ച തുകയിൽ നല്ലൊരു പങ്ക് മതഗ്രന്ഥങ്ങളുടെ മറവിലും കടത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ട് യു.എ.ഇയുടെ അനുമതിയില്ലാതെ പരിശോധിക്കാൻ കഴിയില്ലെന്ന പഴുതാണ് സ്വപ്നയും സംഘവും മുതലെടുത്തത്.ഈജിപ്തുകാരനും കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറുമായിരുന്ന ഖാലിദും സ്വപ്നയും ചേർന്നായിരുന്നു ചാരിറ്റി അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.ലൈഫ് പദ്ധതിയുടെ ആദ്യഗഡുവായ 3.2കോടി അതേപടി കമ്മിഷനായി ഖാലിദിന് നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. രണ്ടാംഗഡുവിൽ നിന്ന് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75ലക്ഷം മാറ്റിയെന്നും കണ്ടെത്തി.

യു.എ.ഇ. കോൺസുലേറ്റിലേക്ക് ഈന്തപ്പഴമെന്ന പേരിൽ 17,000 കിലോ ബാഗേജ് എത്തിയത് അന്വേഷിക്കാൻ കസ്റ്റംസിന്റെ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ചുമതല. ഇത്രയധികം ഈന്തപ്പഴം എത്തിക്കാനും വിതരണംചെയ്യാനും യു.എ.ഇ. കോൺസുലേറ്റ് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങിയതിന് രേഖകളൊന്നും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്. ഈന്തപ്പഴം പുറമെയ്‌ക്കു വിതരണം ചെയ്തിട്ടുണ്ടോ, ആർക്കൊക്കെ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് പ്രാഥമികമായി അന്വേഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP