Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിന് ക്ലീൻ ചീറ്റില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ്; മാധ്യമവാർത്ത തള്ളി ഇ.ഡി ഡയറക്ടറുടെ പ്രതികരണം; മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും; കേസിൽ കെ.ടി ജലീലിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലെന്നും അന്വേഷണ പരിധിയിലാണ് മന്ത്രിയെന്നും എൻഫോഴ്‌സ്‌മെന്റ് മേധാവി; മൊഴി വിലയിരുത്തിയ ശേഷം മാത്രം രണ്ടാംഘട്ട ചോദ്യം ചെയ്യൽ; ഇ.പി ജയരാജന്റെ മകനും അന്വേഷണ പരിധിയിൽ; സ്വർണക്കടത്ത് കേസിൽ ഇടത് മന്ത്രി വീണ്ടും കുരുക്കിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിന് ക്ലീൻ ചീറ്റില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി മേധാവി വ്യക്തമാക്കി. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന മട്ടിൽ വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ടാണ് ഇഡി മേധാവി ഇക്കാര്യം അറിയിച്ചത്. മന്ത്രിക്കെതിരായ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവിൽ മന്ത്രിയിൽനിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

മന്ത്രി ഇ.പി. ജയരാജന്റെ മകനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ അന്വേഷണ സംഘങ്ങൾ ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഇഡി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച മന്ത്രിയെ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെയും ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി ഈ ദിവസങ്ങളിൽ നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും പല ചോദ്യങ്ങൾക്കും ഇത്തരം കൃത്യമായിരുന്നില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.

മൊഴി ഇതിനകം ഇഡി കേന്ദ്ര മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് വ്യക്തമായി പരിശോധിച്ച ശേഷം വ്യക്തത വരാനുള്ള കാര്യങ്ങൾ മന്ത്രിയിൽ നിന്ന് ചോദിച്ചറിയും എന്നാണ് വിവരം. ജലീലിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാനാണ് മന്ത്രിയെ ഇഡി വിളിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തിയോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളാണ് മന്ത്രിയിൽ നിന്ന് ഇഡി ചോദിച്ച് അറിയുന്നത് എന്നാണ് വ്യക്തമാകുന്നത്. അതേസമയം കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) മന്ത്രിയെ രണ്ടു ദിവസം ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എൻഫോഴ്സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയയാരുന്നു.

തുടർന്നാണ് രാത്രിയിൽ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് മന്ത്രി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു. ഇഡിയോട് മൊഴിയെടുക്കൽ രഹസ്യമാക്കണമെന്ന് മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മന്ത്രിയിൽ നിന്നു ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘം ഇഡി മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മന്ത്രിയോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മന്ത്രിയിൽ നിന്ന് സ്വത്ത് സംബന്ധിച്ച വിവരങ്ങളല്ല ഇഡി ആരാഞ്ഞത് എന്നു തന്നെയാണ് വ്യക്തമാകുന്നത്. പകരം യുഎഇ കോൺസുലേറ്റ് വഴി 4472 കിലോ വരുന്ന മത ഗ്രന്ഥങ്ങൾ എത്തിയതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായിരുന്നു ചോദ്യം ചെയ്യൽ.

കഴിഞ്ഞയാഴ്ച ഇഡി മുമ്പാകെ ചോദ്യം ചെയ്യലിന് മന്ത്രി ഹാജരായ വിവരം ഇഡി മേധാവി തന്നെ സ്ഥിരീകരിച്ചിരുന്നു. ആദ്യം ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി നുണ പറഞ്ഞതായി ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ തനിക്ക് മാധ്യമങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ മന്ത്രി കെ.ടി. ജലീൽ സംശയ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കിയിരിക്കുകയാണ്.

അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാർ അവിടെയിട്ട് സ്വകാര്യ കാറിൽ ഇഡി ഓഫിസിലെത്തിയ നടപടിയും വിവാദത്തിലായിരുന്നു. മൊഴിയെടുപ്പ് 2 മണിക്കൂർ കൊണ്ട് പൂർത്തിയായി. എന്നാൽ വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു.

എന്നാൽ, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡൽഹിയിൽ സ്ഥിരീകരിച്ചു. രാവിലെ 9.30 മുതൽ കൊച്ചി ഓഫിസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തെന്നും സ്വർണക്കടത്തു കേസിൽ മറ്റു വിഷയങ്ങളും ഉൾപ്പെടുമെന്നും ഇഡി ഉന്നതർ 'മനോരമ'യോട് പറഞ്ഞു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നൽകാതെ ജലീൽ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യൽ തൃപ്തികരമായിരുന്നില്ല;

2020 മാർച്ച് 4നു തിരുവനന്തപുരം യുഎഇ കോൺസൽ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നൽകിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്സലുകളിൽ സ്വർണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.കള്ളപ്പണം കറൻസി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വർണക്കടത്തു പ്രതികൾ യുഎഇ കോൺസുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവിൽ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP