Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പരക്കവേ മാർച്ചിൽ ലഭിച്ചത് മുഴുവൻ ശമ്പളം; ഏപ്രിലിൽ ചില ജീവനക്കാർക്ക് മാത്രം പകുതി ശമ്പളം; മെയ്‌ മുതൽ ആവശ്യപ്പെട്ടത് ലീവിൽ പോകാൻ; ആറു മാസം കഴിയുന്ന വേളയിൽ പറയുന്നത് വരുന്ന ഏപ്രിൽ വരെ ലീവിനും അല്ലെങ്കിൽ രാജി വയ്ക്കാനും; ശമ്പളവും ബത്തയും ലഭിക്കാതെ ആത്മഹത്യാ മുനമ്പിൽ തുടരുന്നത് ബാലൻസ് ഷീറ്റിൽ എക്കാലവും ലാഭം മാത്രം രേഖപ്പെടുത്തിയ റിയാ ടൂർസ് ആൻഡ് ട്രാവൽസിലെ ജീവനക്കാർ; പ്രതിസന്ധി വ്യക്തമാക്കുന്നത് ടൂറിസം മേഖലയിലെ അനിശ്ചിതത്വം

കോവിഡ് പരക്കവേ മാർച്ചിൽ ലഭിച്ചത് മുഴുവൻ ശമ്പളം; ഏപ്രിലിൽ ചില ജീവനക്കാർക്ക് മാത്രം പകുതി ശമ്പളം; മെയ്‌ മുതൽ ആവശ്യപ്പെട്ടത് ലീവിൽ പോകാൻ; ആറു മാസം കഴിയുന്ന വേളയിൽ പറയുന്നത് വരുന്ന ഏപ്രിൽ വരെ ലീവിനും അല്ലെങ്കിൽ രാജി വയ്ക്കാനും; ശമ്പളവും ബത്തയും ലഭിക്കാതെ ആത്മഹത്യാ മുനമ്പിൽ തുടരുന്നത് ബാലൻസ് ഷീറ്റിൽ എക്കാലവും ലാഭം മാത്രം രേഖപ്പെടുത്തിയ റിയാ ടൂർസ് ആൻഡ് ട്രാവൽസിലെ ജീവനക്കാർ; പ്രതിസന്ധി വ്യക്തമാക്കുന്നത് ടൂറിസം മേഖലയിലെ അനിശ്ചിതത്വം

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് തീർത്ത പ്രതിസന്ധിയുടെ ആഴത്തിൽ നിന്ന് മുക്തമാകാതെ ട്രാവൽ ആൻഡ് ടൂറിസം മേഖല തുടരുമ്പോൾ ജീവനക്കാർ പലരും ആത്മഹത്യയുടെ വക്കിൽ. കഴിഞ്ഞ മാർച്ചിനു ശേഷം ഈ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇന്ത്യയൊട്ടാകെ ദശലക്ഷക്കണക്കിന് പേരാണ് കോവിഡ് കാരണമുള്ള പ്രതിസന്ധിയിൽ നിന്നും തലയൂരാനാകാതെ വിഷമവൃത്തത്തിൽ കഴിയുന്നത്. പ്രതിസന്ധി ഏറെ പ്രതികൂലമായി ബാധിച്ചത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ്.

ടൂറിസം മേഖലയിൽ നേരിട്ടും അല്ലാതെയുമായി അഞ്ചു കോടി തൊഴിലവസരങ്ങൾ ഇല്ലാതായത്. ജീവനക്കാർക്ക് കഴിഞ്ഞ മാർച്ചിനു ശേഷം ശമ്പളവും ലഭ്യമായില്ല. രാജ്യമാകെ അഞ്ച് ലക്ഷം കോടിയലധികം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഏകദേശ കണക്ക്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ജീവനക്കാർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് റിയാ ടൂർസ് ആൻഡ് ജീവനക്കാർ കോഴിക്കോട് ലേബർ ഓഫീസർക്ക് നല്കിയ പരാതി.

ഇന്ത്യയ്ക്ക് അകത്തും പുറത്തും എഴുപതിൽപരം ബ്രാഞ്ചുകൾ ഉള്ള 2500 ഓളം ജീവനക്കാരുള്ള ടൂറിസം മേഖലയിലെ വമ്പൻ സ്രാവുകളിൽ ഒന്നായ റിയാ ടൂർസ് ആൻഡ് ട്രാവൽസിന്റെ കോഴിക്കോട് റീജനൽ ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ലേബർ ഓഫീസർക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറു മാസമായി തങ്ങൾക്ക് സ്ഥാപനത്തിൽ നിന്നും ശമ്പളം പോയിട്ട് ബത്തപോലും ലഭിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജൂലായിൽ തന്നെ പരാതി നൽകിയെങ്കിലും പരാതിയിൽ നടപടികൾ വന്നിട്ടില്ല എന്നാണ് അറിയുന്നത്. മൂന്നു പതിറ്റാണ്ടായി ബാലൻസ് ഷീറ്റിൽ ലാഭം മാത്രം രേഖപ്പെടുത്തിയ കമ്പനിയിലെ ജീവനക്കാരാണ് നിത്യവൃത്തിക്ക് പോലും വഴി കാണാനാവാതെ വിഷമിക്കുന്നത്.

ഇരുപത് വർഷത്തോളമായി റിയയിൽ ജോലിയിൽ തുടരുന്നവരാണ് ഞങ്ങളിൽ പലരും.കോവിഡ് പ്രതിസന്ധി തുടരുമ്പോൾ നിരുത്തരവാദപരമായാണ് സ്ഥിരം ജീവനക്കാരായ ഞങ്ങളോട് പെരുമാറുന്നത്. മാർച്ചിൽ മാത്രമാണ് ശമ്പളം ലഭിച്ചത്. ഏപ്രിൽ മാസം ചില ജീവനക്കാർക്ക് പകുതി ശമ്പളം ലഭിച്ചു. കുറച്ച് ജീവനക്കാരോട് മെയ്‌ മാസം മുതൽ കമ്പനി ലീവിൽ പോകാൻ നിർദ്ദേശിച്ചു. ലീവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ആർക്കും കമ്പനി ബത്തപോലും നൽകിയില്ല. വർഷങ്ങളായി ഇവിടെ
ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേറെ ഒരു മാർഗവും നിലവിലില്ല. ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കമ്പനി രേഖാമൂലം ഒരു നിർദ്ദേശവും ഞങ്ങൾക്ക് തന്നിട്ടില്ല. കമ്പനി അധികൃതരുമായി സംസാരിച്ചപ്പോൾ നിരുത്തരവാദപരമായ സമീപനമാണ് തുടരുന്നത്. കമ്പനി അധികൃതരുമായി സംസാരിച്ച് ഒരു പരിഹാരം സൃഷ്ടിക്കണം എന്നാണ് പരാതിയിൽ പറയുന്നത്.

ഇപ്പോൾ അവധിയിൽ തുടരുന്ന ജീവനക്കാരോട് വരുന്ന ഏപ്രിൽ വരെ അവധിയിൽ തന്നെ തുടരാനാണ് കമ്പനി അധികൃതർ ആവശ്യപ്പെടുന്നത്. ഏപ്രിൽ മുതൽ അവധിയിൽ തുടരാൻ പ്രയാസമുണ്ടെങ്കിൽ രാജിവെച്ച് പോകാനാണ് കമ്പനി അധികൃതർ ആവശ്യപ്പെടുന്നത്. പ്രതിസന്ധിയിൽ നിന്നും അടുത്തെങ്ങും കരകയറാൻ റിയക്ക് കഴിയില്ലെന്ന സൂചനകളാണ് ഈ വാക്കുകളിൽ നിന്നും ജീവനക്കാർ വായിച്ചെടുക്കുന്നത്. ഇത്രയും കാലം ഇന്ത്യയിലെ ടൂറിസം മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ ലാഭം കൊയ്ത കമ്പനിയാണ് നിഷേധാത്മകമായ സമീപനം ജീവനക്കാരോട് തുടരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കമ്പനിക്ക് ഒപ്പം നിന്ന് പ്രതിസന്ധികളെ അതിജീവിക്കാനും ലാഭം കൊയ്യാനും കമ്പനിക്ക് പ്രേരകമായത് ജീവനക്കാരുടെ അടിയുറച്ച പിന്തുണ കാരണമാണ്. ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ കമ്പനി തങ്ങളെ തള്ളിക്കളയുകയാണ് എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്.

'ഇന്ത്യയിലെ ഏറ്റവും ലീഡിങ് ട്രാവൽ ഏജൻസിയെ വിജയവഴിയിൽ നയിച്ചതിന് ജീവനക്കാർക്കും പങ്കുണ്ട്. പ്രോഫിറ്റബിൾ ബ്രാഞ്ചസാണ് കമ്പനിക്കുള്ളത്. ഇതിനൊക്കെ അടിസ്ഥാനം ജീവനക്കാരുടെ അത്യധ്വാനം തന്നെയാണ്. ഇപ്പോൾ പ്രതിസന്ധിയിലാണ് എന്നാണ് മാനെജ്‌മെന്റ് ഞങ്ങളോട് പറയുന്നത്. എന്നാൽ മാന്യമായി ഞങ്ങളെ പിരിച്ചുവിടാൻ അവർ തയ്യാറാകണം. ഞങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കം നൽകി വേണം പുറത്താക്കാൻ. അതൊന്നും ചെയ്യാതെ രഹസ്യമായി രാജി വെച്ച് പോകാൻ പറയുന്നത് ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറയുന്നതിന് തുല്യമാണ്-ഒരു ജീവനക്കാരൻ മറുനാടനോട് പറഞ്ഞു.

ജീവനക്കാരിൽ പലർക്കും ഉയർന്ന ശമ്പളം ലഭിച്ചതിനാൽ റേഷൻ കാർഡ് വരെ മുൻഗണനാ ഇതര വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ ശമ്പളമില്ലാതെ മാസങ്ങൾ താണ്ടുമ്പോഴും ആർക്കും സൗജന്യ റേഷന് പോലും അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജോലിയില്ലാത്ത വിഭാഗക്കാർക്ക് സർക്കാർ ആശ്വാസ ധനം പ്രഖ്യാപിച്ചപ്പോൾ ഈ വിഭാഗങ്ങൾക്ക് കീഴിൽ ഇവർ ആരും വന്നതുമില്ല. ഇതും ഇവർക്കിടയിലെ പ്രതിസന്ധി രൂക്ഷമാക്കി. ജീവനക്കാരിൽ പലർക്കും ഹൗസിങ് ലോൺ ഉൾപ്പെടെയുണ്ട്. ഇതൊക്കെകൊണ്ട് തന്നെ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ കൈകാലിട്ടടിക്കുന്ന അവസ്ഥയാണ് ജീവനക്കാർക്ക് വരുത്തിയിരിക്കുന്നത്.

എന്നാൽ ജീവനക്കാരെ ആരെയും ഒഴിവാക്കാൻ പദ്ധതിയില്ലാ എന്നാണ് റിയാ മാനെജ്‌മെന്റ് മറുനാടനോട് വ്യക്തമാക്കിയത്. ആരെയും പിരിച്ചുവിട്ടിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ട്രാവൽ ആൻഡ് ടൂറിസം മേഖല പൂർണ പ്രതിസന്ധിയിലാണ്. എല്ലാവരോടും ലീവ് എടുക്കാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ചിലെ ശമ്പളം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ചില ജീവനക്കാർക്ക് പകുതി ശമ്പളം അടുത്ത മാസം നൽകിയിട്ടുണ്ട്. ഓഫീസുകൾ പ്രവർത്തിക്കുന്നില്ല. അടഞ്ഞു കിടക്കുകയാണ്. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. അത് ആരംഭിക്കേണ്ടതുണ്ട്. ഇപ്പോൾ ഉള്ളത് ഡൊമസ്റ്റിക്ക് ഫ്‌ളൈറ്റുകൾ മാത്രമാണ്. ഇപ്പോൾ ബിസിനസില്ല. അതുകൊണ്ടാണ് ഇത്തരം ഒരു നടപടി കമ്പനി സ്വീകരിച്ചത്-റിയയുടെ കോഴിക്കോട് ഏരിയാ മാനേജർ രാജീവൻ മറുനാടനോട് പറഞ്ഞു.

ബിസിനസ് വരുന്നതിനു അനുസൃതമായി ജീവനക്കാരെ തിരിച്ചെടുക്കാം എന്നാണ് കമ്പനി കൈക്കൊണ്ടിരിക്കുന്ന തീരുമാനം. നിലവിൽ ട്രാവൽ ആൻഡ് ടൂറിസം മേഖല നിശ്ചലമാണ്. ഈ ഘട്ടത്തിൽ പോസിബിൾ ആയ തീരുമാനമാണിത്. വരുമാനം ഒന്നുമില്ല. ഘട്ടത്തിൽ ബത്ത നൽകാനും കഴിയാത്ത അവസ്ഥയാണ്. മാനേജ്‌മെന്റ് കയ്യിൽ നിന്നും എടുത്താണ് ഉള്ള ജീവനക്കാർക്ക് ശമ്പളം നൽകുന്നത്-രാജീവൻ പറയുന്നു.

നിപ്പാ വ്യാപനവും തുടർച്ചയായ രണ്ടുവർഷത്തെ പ്രളയവും കാരണം തകർന്നുകിടന്ന ടൂറിസം പച്ച പിടിച്ചു വരുന്നതിനിടയിലാണ് കോവിഡ് പടർന്നത്. അചിന്ത്യമായ നാശനഷ്ടമാണ് ഈ മേഖലയിൽ കോവിഡ് വിതയ്ക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിലെ പ്രതിസന്ധിയുടെ ആഴങ്ങൾ വിരൽചൂണ്ടുന്നത്. എന്നും ബാലൻസ് ഷീറ്റിൽ ലാഭം മാത്രം നിലനിർത്തിയിരുന്ന റിയാ ജീവനക്കാരുടെ പരാതിയും ഈ അനിശ്ചിതത്വത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP