Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈം​ഗിക ബന്ധത്തിന് ഉപയോ​ഗിച്ചത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നിരവധി യുവതികളെ; എല്ലാം യുവതികളുടെ ഇം​ഗിതം അനുസരിച്ചെന്നും വിശദീകരണം; 18കാരിയുമായി ഒളിച്ചോടിയത് പോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങിയ തക്കത്തിന്; സിബിഐയും ഇന്റർപോളും തപ്പി നടന്നത് രണ്ടു വർഷത്തോളം; ലവ് ​ഗുരു എന്നറിയപ്പെട്ട 50കാരൻ പിടിയിലായത് തന്റെ പെൺ അനുഭവങ്ങളെ കുറിച്ച് പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിനിടെ

ലൈം​ഗിക ബന്ധത്തിന് ഉപയോ​ഗിച്ചത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നിരവധി യുവതികളെ; എല്ലാം യുവതികളുടെ ഇം​ഗിതം അനുസരിച്ചെന്നും വിശദീകരണം; 18കാരിയുമായി ഒളിച്ചോടിയത് പോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങിയ തക്കത്തിന്; സിബിഐയും ഇന്റർപോളും തപ്പി നടന്നത് രണ്ടു വർഷത്തോളം; ലവ് ​ഗുരു എന്നറിയപ്പെട്ട 50കാരൻ പിടിയിലായത് തന്റെ പെൺ അനുഭവങ്ങളെ കുറിച്ച് പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിനിടെ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം നിരവധി സ്ത്രീകളെ ലൈം​ഗിക ചൂഷണത്തിന് വിധേയനാക്കിയ അദ്ധ്യാപകൻ ഒടുവിൽ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ ധവാൽ ത്രിവേദിയാണ് അറസ്റ്റിലായത്. ലവ് ​ഗുരു എന്നായിരുന്നു 50കാരനായ ഇയാൾ അറിയപ്പെട്ടിരുന്നത്. ഹിമാചൽ പ്രദേശിലെ സോളാൻ ജില്ലയിലെ ബദ്ദിയിൽ നിന്നാണ് ഡൽഹി ക്രൈംബ്രാഞ്ച് ഇയാളെ പൊലീസ് പിടികൂടിയത്. നിരവധി വിവാഹ തട്ടിപ്പുകളും പീഡന കേസുകളുമാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.

രാജ്കോട്ട് ജില്ലയിലെ ചോട്ടിലയിൽ നിന്നുള്ള തന്റെ 18 വയസുള്ള കാമുകിക്കൊപ്പമായിരുന്നു ത്രിവേദി ഒളിച്ചോടിയത്. ഒളിച്ചോടിയ ശേഷം ത്രിവേദിയും പെൺകുട്ടിയും വിവിധ നഗരങ്ങളിലെ ഗുരുദ്വാരകളിൽ താമസിക്കാൻ തുടങ്ങി. ജമ്മു, ഡൽഹി, ഗോരഖ്പൂർ, പട്ന, ഹരിദ്വാർ, നേപ്പാളിലെ കാഠ്മണ്ഡു തുടങ്ങി 25 സ്ഥലങ്ങളിൽ അവർ താമസിച്ചു. നിരവധി ഗുരുദ്വാരകളിൽ വ്യാജ പേരുകളിൽ ത്രിവേദി താമസിച്ചിരുന്നതായും പലയിടത്തും അദ്ധ്യാപന ജോലികൾ ഏറ്റെടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സാങ്കേതിക നിരീക്ഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് ത്രിവേദിയെ ഡൽഹി പൊലീസ് സംഘം അറസ്റ്റ് ചെയ്തതായി സിബിഐ അധികൃതർ അറിയിച്ചു. താടിയും മീശയും ധരിച്ച "സത്‌നം സിങ് അഥവാ മുഖ്തിയാർ സിങ്" എന്നയാളായിട്ടാണ് ഇയാൾ കഴിഞ്ഞിരുന്നത്.

സിഖുകാരനായി വേഷമിട്ട് സിഖ് ഗുരുദ്വാരകളിലാണ് ഒളിവിൽ താമസിച്ചിരുന്നതെന്ന് ത്രിവേദി പൊലീസിനോട് വെളിപ്പെടുത്തി. യാത്രയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ റെയിൽവേ വെയ്റ്റിങ് ഹാളുകളിൽ തങ്ങിയിരുന്നുവെന്നും ത്രിവേദി പറഞ്ഞു. പട്‌നയിലെ അറോറ ഇന്റർനാഷണൽ സ്‌കൂൾ, ചമ്പാരനിലെ നർക്കതിയഗഞ്ചിലെ മൗലാന ആസാദ് പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിച്ചു.

ജംഷദ്‌പൂരിലേക്ക് പോയ അവർ അഭയാർത്ഥി കോളനി ഗുരുദ്വാരയിൽ അച്ഛനും മകളുമായാണ് കഴിഞ്ഞത്. എന്നാൽ, ആളുകൾക്ക് ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ അവർ അവിടെ നിന്ന് പോയി. ആദ്യം ഒഡീഷയിലേക്കും പിന്നീട് ഹരിയാനയിലേക്കും പോയി. അവിടെ നിന്ന് സിഖ് മതത്തിന്റെ പ്രസംഗകനായി കാനഡയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും രേഖകളുടെ അഭാവം മൂലം പരാജയപ്പെട്ടു. പിന്നീട് അയാൾ പെൺകുട്ടിയെ ഹരിദ്വാറിലേക്ക് കൊണ്ടുപോയി. ഏകദേശം രണ്ടാഴ്ച മുമ്പ് ലുധിയാനയിലേക്ക് പോയ ഇദ്ദേഹത്തെ ഹിമാചൽ പ്രദേശിലെ സോളനിൽ വെച്ച് പിടികൂടി. അതേസമയം, പെൺകുട്ടി 11 മാസം പ്രായമുള്ള കുട്ടിയുമായി ജൂണിൽ വീട്ടിലേക്ക് മടങ്ങിയിരുന്നു.

2018 ൽ പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒരു വർഷത്തിനുശേഷവും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. പെൺകുട്ടിയെയും അദ്ധ്യാപകനെയും കണ്ടെത്താൻ സിബിഐയോട് ആവശ്യപ്പെട്ട് വിഷയം ഹൈക്കോടതിയിൽ എത്തി. എല്ലാ സംസ്ഥാനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പുകൾക്കും സിബിഐ സന്ദേശം അയച്ചിരുന്നു. കൂടാതെ ഇന്റർപോൾ വഴി വിവരങ്ങൾക്കായി നേപ്പാൾ, ഭൂട്ടാൻ പൊലീസിനെയും സമീപിച്ചിരുന്നു.

സ്വകാര്യ അദ്ധ്യാപകനായി ജോലി ചെയ്ത ത്രിവേദി നിരവധി പേരെയാണ് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. നിരവധി സ്ത്രീകളും പ്രായപൂർത്തിയാകാത്ത കുട്ടികളും വരെ ഇയാൾക്ക് ഇരകളായി. കൗമാരക്കാരികൾ ഉൾപ്പെടെ ഒമ്പതു സ്ത്രീകളെ വിവാഹം കഴിച്ചും ഇയാൾ വഞ്ചിച്ചു. 2018 ഓഗസ്റ്റ് മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ സിബിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയിലെ താനെയിൽ ഫിലോസഫി പ്രൊഫസറുടെ മകനായി ജനിച്ച ധവാൽ ത്രിവേദി, എംഎ ഇംഗ്ലീഷ് ബിരുദധാരിയാണ്. വിവിധ സ്വകാര്യ സ്‌കൂളുകളിൽ അദ്ധ്യാപകനായിരിക്കെയായിരുന്നു ലൈംഗിക ചൂഷണം നടത്തിയിരുന്നത്. ത്രിവേദി അവസാനം വിവാഹം കഴിച്ച യുവതി കഴിഞ്ഞയിടെ സ്വന്തം അച്ഛനെ വിളിച്ചിരുന്നു. ഇതറിഞ്ഞ പൊലീസും സിബിഐയും നടത്തിയ അന്വേഷണത്തിൽ കോൾ പോയത് യുപിയിൽ നിന്നാണെന്ന് കണ്ടെത്തി. അന്വേഷണസംഘം ഉടൻ യുപിയിലെത്തിയെങ്കിലും ത്രിവേദി ഇതിനകം ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. തുടർന്ന് ഉത്തരേന്ത്യയിലെ വിദ്യാലയങ്ങളിലടക്കം ധവാൽ ത്രിവേദിയുടെ ഫോട്ടോ അടക്കം നൽകി നടത്തിയ തിരിച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. തന്റെ ജീവിതത്തിലെ പത്തുവനിതകൾ എന്നപേരിൽ പുസ്തകം രചിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ധവാൽ ത്രിവേദി പൊലീസിനോട് പറഞ്ഞു. എല്ലാ പെണ്ണുങ്ങളും സ്വമേധയാ തനിക്ക് വഴങ്ങുകയായിരുന്നു എന്നാണ് ഇയാളുടെ നിലപാട്.

നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രാജ്‌കോട്ട് കോടതി ത്രിവേദിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസിൽ ശിക്ഷ അനുഭവിക്കവെ പരാളിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്നാണ് കേസ് ഗുജറാത്ത് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. ഗുജറാത്തിലെ രാജ്കോട്ടിലെ പധാരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ത്രിവേദിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോളിൽ പുറത്തിറങ്ങിയ ത്രിവേദി ഗുജറാത്തിലെ ചോറ്റിലയിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിനുയുമായി ഒളിച്ചോടി. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.

സിബിഐ ത്രിവേദിയെ കണ്ടെത്തുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ത്രിവേദിയുടെ ആദ്യ വിവാഹം 1996 ലാണ് നടന്നതെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം ഭാര്യ മരിച്ചു. 1998 ൽ ഇയാൾ വീണ്ടും വിവാഹം കഴിച്ചു. അതിൽ ഒരു മകളുണ്ട്. പക്ഷേ 2002 ൽ ആ ബന്ധവും അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP