Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്ത് സ്‌കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തുറക്കാനാവില്ല; ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചു; പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറും; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് സ്‌കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തുറക്കാനാവില്ല; ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചു; പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറും; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി. അങ്ങനെ വേണമെന്ന് കേന്ദ്രസർക്കാരും പറഞ്ഞിട്ടില്ല. ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തീരുമാനിച്ചുവെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ

സിഎസ്‌ഐആറിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കൻ ജില്ലകളിലെ രോഗികളിൽ നടത്തിയ ജനിതക പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യമാണ്. അതിൽ കണ്ടെത്തിയതെന്ന് വിദഗ്ദ്ധർ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാൽ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വന്നാൽ മരണ നിരക്ക് കൂടാൻ സാധ്യതയുണ്ട്. ഈ പഠനത്തിന്റെ വെളിച്ചത്തിൽ ബ്രേക്ക് ചെയിൻ കൂടുതൽ കർശനവും കാര്യക്ഷമമാക്കണം. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടത്തും.

രോഗികൾ കൂടുന്ന അവസ്ഥയിൽ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളെ മാറ്റുന്നത്. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് സ്റ്റാഫിനെയും ഉൾപ്പെടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്ററിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 194 സിഎഫ്എൽടിസികളാണ് പ്രവർത്തിക്കുന്നത്.

അതിൽ 26,425 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ പകുതിയോളം കിടക്ക ഇപ്പോൾ ഒഴിവുണ്ട്. ഒന്നാം ഘട്ടത്തിൽ 133 സിഎഫ്എൽടിസികളും 16,936 കിടക്കകളുമാണ് തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തിൽ 400 സിഎഫ്എൽടിസികളും 31,359 കിടക്കകളും മൂന്നാംഘട്ടത്തിൽ 664 സിഎഫ്എൽടിസികളിലായി 46,155 കിടക്കകളുമാണ് ഉണ്ടാവുക. ആകെ 1391 സിഎഫ്എൽടിസികളിലായി 1,21,055 കിടക്കകൾ സജ്ജമാവും.

കോവിഡ് പോസിറ്റിവായ എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരെയുമാണ് ഫസ്റ്റ്‌ലൈൻ സെന്ററിൽ ചികിത്സിക്കുന്നത്. ഭക്ഷണവും താമസവും ചികിത്സയുമെല്ലാം ഇവിടെ സൗജന്യമാണ്. സിഎഫ്എൽടിസി രോഗികൾക്ക് ആവശ്യമായ കിടത്തി ചികിത്സ ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൊടുക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗകര്യം ടെലിമെഡിസിൻ മുഖാന്തരം ലഭ്യമാകുകയും ചെയ്യുന്നുണ്ട്.

സിഎഫ്എൽടിസികളിൽ ഉള്ള രോഗികൾ ഡോക്ടർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഓരോ സിഎഫ്എൽടിസിയെയും ഒരു കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗിയുടെ അസുഖം മൂർച്ഛിക്കുന്ന സാഹചര്യമുണ്ടായാൽ സിഎഫ്എൽടിസിയിലെ ഡോക്ടർ പരിശോധിക്കുകയും കൂടുതൽ ചികിത്സ ആവശ്യമാണെന്നു തോന്നിയാൽ കോവിഡ് ആശുപത്രിയിലേക്ക് ഉടൻ റഫർ ചെയ്യുകയും ചെയ്യും. രോഗികൾക്ക് ആവശ്യമായ കൗൺസലിങ് കൊടുക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെയും ഏർപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നൽകിയത്. വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്.

ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുന്നത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ആവശ്യമായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങൾ. കോവിഡ് 19 ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡിൽ അംഗങ്ങളായിരിക്കുന്നത്.

കോവിഡ് ബ്രിഗേഡിൽ ചേരാൻ കൂടുതൽ ആളുകൾ രംഗത്തുവരണം. ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ഇതുവരെ 13,577 പേരാണ് രജിസ്റ്റർ ചെയ്തത്. അതിൽ 2562 ഡോക്ടർമാരും 833 ബിഎഎംഎസ്‌കാരും, 1080 ബിഡിഎസ്‌കാരും, 293 എംബിബിഎസ്‌കാരും, 2811 നഴ്‌സുമാരും, 747 ലാബ് ടെക്‌നീഷ്യന്മാരും, 565 ഫാർമസിസ്റ്റും, 3827 നോൺ ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്നു.

ആരോഗ്യ പ്രവർത്തകർ കുറവുള്ള ജില്ലകളിലാണ് കോവിഡ് ബ്രിഗേഡംഗങ്ങളെ നിയോഗിക്കുക. കാസർകോട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡ് ബ്രിഗേഡ് ഏറ്റെടുത്ത ആദ്യ ദൗത്യം. 6 ഡോക്ടർമാരുൾപ്പെടെയുള്ള 26 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതുകൂടാതെ മറ്റ് ജില്ലകളിലും ആവശ്യാനുസരണം കോവിഡ് ബ്രിഗേഡിനെ നിയോഗിക്കുന്നുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികൾ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. അതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. വീടുകളിൽ കഴിഞ്ഞുകൊണ്ടുള്ള നിരീക്ഷണം വിജയകരമായാണ് സംസ്ഥാനത്ത് നടപ്പാകുന്നത്.

വ്യാജവാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവർത്തിക്കുക.

മാസ്‌ക് ധരിക്കാത്ത 5068 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ച രണ്ടുപേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP