Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പ്രസവത്തിൽ ഞാൻ മരിക്കുകയും നമ്മുടെ കുഞ്ഞു ജീവിക്കയും ചെയ്താൽ പുനർവിവാഹം കഴിക്കുമോ? അങ്ങനെ ചെയ്യില്ലെന്നും മകനെ വളർത്തുമെന്നും അവളുടെ കൈപിടിച്ച് വാക്കുകൊടുത്തു; ഇതുപറഞ്ഞു രാജേഷ് പൊട്ടിക്കരഞ്ഞപ്പോൾ എനിക്കും നിയന്ത്രിക്കാനായില്ല'; അന്തരിച്ച മാധ്യമ പ്രവർത്തകൻ എൻ രാജേഷിനെ അനുസ്മരിച്ച് സുഹൃത്തിന്റെ കുറിപ്പ്

'പ്രസവത്തിൽ ഞാൻ മരിക്കുകയും നമ്മുടെ കുഞ്ഞു ജീവിക്കയും ചെയ്താൽ പുനർവിവാഹം കഴിക്കുമോ? അങ്ങനെ ചെയ്യില്ലെന്നും മകനെ വളർത്തുമെന്നും അവളുടെ കൈപിടിച്ച് വാക്കുകൊടുത്തു; ഇതുപറഞ്ഞു രാജേഷ് പൊട്ടിക്കരഞ്ഞപ്പോൾ എനിക്കും നിയന്ത്രിക്കാനായില്ല'; അന്തരിച്ച മാധ്യമ പ്രവർത്തകൻ എൻ രാജേഷിനെ അനുസ്മരിച്ച് സുഹൃത്തിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 കോഴിക്കോട്: മാധ്യമം ദിനപ്പത്രത്തിലെ ന്യുസ് എഡിറ്ററും നിരവധി പുരസക്കാരങ്ങൾ നേടിയ സ്പോർസ് ലേഖകനും പ്രഗൽഭനായ റിപ്പോർട്ടറുമായിരുന്നു ഇന്നലെ അന്തരിച്ച എൻ.രാജേഷ്,
(56). രാജേഷിനെക്കുറിച്ച് അടുത്ത സുഹൃത്തും മാധ്യമം ഡെപ്യൂട്ടി എഡിറ്റുമായിരുന്ന കെ ബാബുരാജ് എഴുതിയ ഹൃദയഭേദകമായ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

കെ ബാബുരാജിന്റെ കുറിപ്പ് ഇങ്ങനെയാണ്:

ബാബുജീ എന്നു വിളിക്കാൻ ഇനി രാജേഷ് ഇല്ല . വലിയ കടുംകൈയാണ് അയാൾ ചെയ്തത്. യാത്ര ചോദിക്കാതെ പൊയ്ക്കളഞ്ഞു. മൂന്നു പതിറ്റാണ്ടു നീണ്ട സ്നേഹ ബന്ധം. അതിനിടയിൽ ചില്ലറ പിണക്കങ്ങളും. പ്രസ്‌ക്ലബ്ബിൽ ചലനമറ്റു കിടക്കുന്ന ശരീരത്തിൽ ഒന്നേ നോക്കിയുള്ളൂ. സുഹൃത്തേ , ഇത്ര നേരത്തേ നീ പോകേണ്ടിയിരുന്നില്ല.

മാധ്യമത്തിന്റെ കോഴിക്കോട് ബ്യുറോയിൽ തൊണ്ണൂറുകളുടെ ആദ്യം ഒരുമിച്ചു ജോലി ചെയ്യുന്ന കാലത്താണ് ഞങ്ങളുടെ സൗഹൃദം പൂത്തുലഞ്ഞത്. രാത്രി ജോലി കഴിഞ്ഞു മാവൂർറോഡിലെ കെ എസ് ആർ ടി സി സ്റ്റാൻഡിനു എതിർവശത്തെ ഹോട്ടലിൽ കട്ടൻചായയും കഴിച്ചു ഫസ്റ്റ് എഡിഷൻ പത്രങ്ങൾ വായിച്ചിരുന്ന നാളുകൾ. അന്നത്തെ ഡി വൈ എഫ് ഐ നേതാക്കളായ എ പ്രദീപ് കുമാർ എം എൽ എ യും മറ്റും രാത്രി അവിടെ എത്തുമായിരുന്നു. അർധരാത്രിയോടെ മൂഴിക്കലിലെ വീട്ടിൽ എന്നെ ബൈക്കിൽ കൊണ്ടുവന്നു വിട്ട ശേഷമാണു രാജേഷ് വീട്ടിൽ പോയിരുന്നത്.

ഒരുമിച്ചു ഞങ്ങൾ നടത്തിയ യാത്രകൾക്ക് കയ്യും കണക്കുമില്ല. ചെന്നൈ, ബാംഗളൂർ, ഡൽഹി , ഹരിദ്വാർ, ഊട്ടി , പഴനി, മൂന്നാർ,കൊടൈക്കനാൽ എന്നിങ്ങനെ എണ്ണമില്ലാത്ത യാത്രകൾ. രാജേഷിന്റെ വിവാഹശേഷം കുടുംബസമേതം നടത്തിയ ഊട്ടി യാത്ര. വിലകൂടിയ വസ്ത്രം, പൗഡർ ,ഇതെല്ലാം ദൗർബല്യങ്ങളായിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ സുഹൃത്തുക്കൾ പരിഹസിച്ചതിനു കയ്യും കണക്കുമില്ല. എത്ര പരിഹസിച്ചാലും ഒരു പരിഭവവും കാട്ടിയിരുന്നില്ല.

രാജേഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഭാര്യ ശ്രീകലയുടെ മരണം. കലയെ ആദ്യമായി കാണാൻ ഞങ്ങളൊരുമിച്ചാണ് പോയത്. വീട്ടിൽ പോയി പെണ്ണുകാണൽ എന്ന ചടങ്ങു നടത്തുന്നതിനു രാജേഷ് എതിരായിരുന്നു. കല അറിയാതെ അവളെ കാണണം എന്ന് വാശി പിടിച്ചു. എം ഇ എസ് കോളജിൽ അദ്ധ്യാപികയായിരുന്നു അന്ന് കല. പണിക്കർ റോഡിൽ ആറാം റെയിൽവേ ഗേറ്റിനു സമീപം എന്റെ ക്ലാസ്‌മേറ്റിന്റെ പലചരക്കു കടയുടെ മൂലയിൽ ഇരുന്നാണ് കലയെ കണ്ടത്.

വളരെ കുറച്ചു കാലമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. ആദ്യപ്രസവത്തിൽ അവളുടെ ജീവൻ വിധി കവർന്നെടുത്തു. കല മരിച്ച ആ രാത്രി എനിക്ക് ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്തതാണ്. ഭാര്യക്ക് പ്രഷർ കൂടുതലാണെന്നും എരഞ്ഞിപ്പാലത്തു പി എ ലളിതയുടെ മലബാർ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുകയാണെന്നും രാജേഷ് അറിയിച്ചിരുന്നു. മെഡിക്കൽ കോളജിലെ സർജനാണ് അവിടെച്ചെന്നു സിസ്സേറിയൻ നടത്തിയത്. രാജേഷിനു മകൻ പിറന്ന വിവരം അറിഞ്ഞു ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കല ഗുരുതരാവസ്ഥയിലാണെന്ന വിവരമാണ് ലഭിച്ചത്. ഉടനെ മലബാർ ഹോസ്പിറ്റലിൽ എത്തിയപ്പോൾ രാജേഷിന്റെ സുഹൃത്തുക്കളെക്കൊണ്ട് ആശുപത്രി നിറഞ്ഞിരുന്നു. രക്തദാനത്തിന് തയ്യാറായി നിരവധി പേർ . പാതിരാത്രിയോടെ ഒരു സിസ്റ്റർ പുറത്തു വന്നു ഡോ .ലളിത എന്നെ വിളിക്കുന്നതായി അറിയിച്ചു. ഐ സി യുവിലേക്കു ഞാൻ കയറിചെന്നപ്പോൾ 'കല പോയി ബാബുരാജേ' എന്നു നിലവിളിക്കുന്ന ലളിതയെയാണ് കണ്ടത്. തൊട്ടടുത്ത് ഡോ . മണിയും സർജറി നടത്തിയ ആളുമുണ്ടായിരുന്നു. കലയുടെ നിശ്ചല ശരീരം വെന്റിലേറ്ററിൽ കിടക്കുന്നുണ്ടായിരുന്നു. അതു നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

രാജേഷിനോട് ബാബുരാജ് വിവരം പറയണം.. ഡോ .ലളിത ആവശ്യപ്പെട്ടു. പുറത്തുവന്ന ഞാൻ നേരം വെളുക്കുന്നതുവരെ മരണവിവരം രാജേഷിനോട് പറഞ്ഞില്ല. അന്ന് ഞാൻ അനുഭവിച്ച മാനസിക സംഘർഷത്തെ കുറിച്ചോർക്കുമ്പോൾ ഇന്നും വീർപ്പു മുട്ടുന്നു. ആറുമണിയായപ്പോൾ രാജേഷിനെ കെട്ടിപ്പിടിച്ചുകൊണ്ടു ഞാൻ അക്കാര്യം പറഞ്ഞു. നിയന്ത്രിക്കാൻ കഴിയാതെ അയാൾ പൊട്ടിക്കരഞ്ഞു. ആന്തരിക രക്തസ്രാവമാണ് കലയുടെ മരണകാരണമെന്ന് അതിനിടെ ഞാൻ മനസിലാക്കിയിരുന്നു. ആശുപത്രിയിലെ അനാസ്ഥ അതിനു പിന്നിലുണ്ടായിരുന്നു. രക്തസ്രാവം പരിധിവിട്ട് ബിപി വല്ലാതെ താഴ്ന്നപ്പോഴാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സിന്റെ ശ്രദ്ധയിൽപെട്ടത്. അവരുടെ ഭാഗത്തെ വലിയ വീഴ്ചയാണ് ഒരു ജീവൻ നഷ്ടപ്പെടാൻ ഇടവരുത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ രാജേഷ് തയ്യാറായില്ല. ഈ സംഭവത്തിന്റെ പേരിൽ ഡോ . ലളിതയുമായി പിന്നീട് ഞാൻ വഴക്കിട്ടു. എന്തു നഷ്ടപരിഹാരത്തിനും അവർ തയ്യാറായിരുന്നെങ്കിലും ആവശ്യമില്ലെന്നു രാജേഷ് പറഞ്ഞു. മരിക്കുന്നതുവരെ ഈ സംഭവം ഡോ ലളിതയെ അലട്ടിയിരുന്നു. കലയുടെ മരണശേഷം രണ്ടാമതൊരു വിവാഹം കഴിക്കാൻ രാജേഷിനെ പലരും നിർബന്ധിച്ചെങ്കിലും അയാൾ വഴിപ്പെട്ടില്ല. ഓഫിസിലും പുറത്തുമുള്ള നിരവധി സുഹൃത്തുക്കൾ ഇതിന് സമ്മർദ്ദം ചെലുത്തി. ഒടുവിൽ പുനർവിവാഹത്തിന് രാജേഷ് തയ്യാറായി.

ഞാൻ തിരുവനന്തപുരത്തു ജോലി ചെയ്യുമ്പോഴായിരുന്നു അത്. അവിടെയുള്ള ഉയർന്ന കുടുംബത്തിലെ വിവാഹമോചിതയായ യുവതിയുടെ പരസ്യം കണ്ടു ബന്ധപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കളുമായി ഞാനാണ് സംസാരിച്ചത്. അവർ വിശദമായ അന്വേഷണം നടത്തി വിവാഹത്തിന് സമ്മതം അറിയിച്ചു. സുഹൃത്തുക്കളായ ശ്രീമനോജിനും സത്യനുമൊപ്പം തിരുവനന്തപുരത്തെത്തി രാജേഷ് പെണ്ണുകണ്ടു മടങ്ങി. എന്നാൽ, കോഴിക്കോട്ടു തിരിച്ചെത്തിയ ശേഷം മുന്നോട്ടു പോകേണ്ട എന്നാണ് എന്നെ വിളിച്ചറിയിച്ചത്. അതു എനിക്കൊരു ആഘാതമായിരുന്നു. പെൺവീട്ടുകാർ വിവാഹം ഉറപ്പിച്ച മട്ടിലായിരുന്നു. അവരോടു എന്തുപറയുമെന്ന വിഷമത്തിലായി ഞാൻ. തൊട്ടടുത്ത ദിവസം കോഴിക്കോട്ടു മീറ്റിങ്ങിനു വന്ന ഞാൻ രാജേഷിനോട് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു.. വൈകുന്നേരം ബീച്ചിൽ കണ്ടപ്പോൾ കണക്കറ്റു ഞാൻ ശകാരിച്ചു. എല്ലാം കേട്ടിരുന്ന ശേഷം രാജേഷ് പറഞ്ഞ മറുപടി എന്നെ സ്തബ്ധനാക്കി. ആശുപത്രിയിൽ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് കല അയാളോട് ഒരു ചോദ്യം ചോദിച്ചു. 'പ്രസവത്തിൽ ഞാൻ മരിക്കുകയും നമ്മുടെ കുഞ്ഞു ജീവിച്ചിരിക്കുകയും ചെയ്താൽ പുനർവിവാഹം കഴിക്കുമോ ? 'അങ്ങിനെ ചെയ്യില്ലെന്നും മകനെ വളർത്തുമെന്നും അവളുടെ കൈപിടിച്ച് രാജേഷ് വാക്കുകൊടുത്തു. ഇതുപറഞ്ഞു രാജേഷ് പൊട്ടിക്കരഞ്ഞപ്പോൾ എനിക്കും നിയന്ത്രിക്കാനായില്ല. പിന്നീടൊരിക്കലും വിവാഹത്തെക്കുറിച്ചു രാജേഷിനോട് സംസാരിച്ചിട്ടില്ല.

ഔദ്യോഗികമായും അല്ലാതെയും അത്യപൂർവമായി രാജേഷും ഞാനും അകന്നിട്ടുണ്ട്. അതിനേക്കാൾ വേഗത്തിൽ അടുക്കുകയും ചെയ്തു. ഞാൻ എത്ര വഴക്കു പറഞ്ഞാലും മറുത്തൊരു വാക്കു അയാൾ പറയുമായിരുന്നില്ല. പ്രായത്തിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ജ്യേഷ്ഠ സഹോദരനോടെന്ന പോലെയാണ് എന്നോട് പെരുമാറിയിരുന്നത്. എന്റെ കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട ആളായിരുന്നു രാജേഷ്.

ഭക്ഷണ പ്രിയനായിരുന്ന രാജേഷ് പ്രമേഹം പരിധി വിട്ടിട്ടും യാതൊരു നിയന്ത്രണങ്ങളും സ്വീകരിച്ചിരുന്നില്ല.മരുന്നുകൾ കൃത്യമായി കഴിക്കാറുണ്ടായിരുന്നില്ല.. മത്തിപൊരിച്ചതും പഴംപൊരിയും ഒരുമിച്ചു കഴിക്കുന്ന ഒരാളെയേ ഞാൻ കണ്ടിട്ടുള്ളൂ. കരൾ രോഗം രാജേഷിനെ ബാധിക്കുന്നുവെന്ന് രണ്ടുകൊല്ലം മുൻപേ ഞാൻ മുന്നറിയിപ്പ് കൊടുത്തിരുന്നു. മുഖത്തു അസാധാരണമാംവിധം കറുപ്പ് വരികയും കാലിൽ നീര് പടരുകയും വയർ വല്ലാതെ വീർത്തുവരികയും ചെയ്തപ്പോൾ ഗ്യാസ്‌ട്രോ എന്ററോളജിസ്റിനെ കാണണമെന്ന് നിർബന്ധിച്ചിട്ടും അയാൾ കൂട്ടാക്കിയില്ല. രോഗത്തെക്കുറിച്ചു പറയുന്നത് ഇഷ്ടം ആയിരുന്നില്ല.. ഒടുവിൽ പരിധി വിട്ടപ്പോഴാണ് ചികിത്സക്ക് തയ്യാറായത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. കരൾ മാറ്റിവെച്ചു അയാളെ രക്ഷിച്ചെടുക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും തീവ്രശ്രമം നടത്തുന്നതിനിടയിലാണ് രാജേഷ് വിടപറഞ്ഞത്. മകൻ ഹരികൃഷ്ണൻ പ്ലസ് ടു കഴിഞ്ഞിട്ടേയുള്ള. അമ്മയെ കാണാൻ കഴിയാതിരുന്ന കുട്ടി. ഇപ്പോൾ അച്ഛനെയും അവനു നഷ്ടപ്പെട്ടിരിക്കുന്നു. ദൈവം അവനു തുണയാകട്ടെ. രാജേഷിന്റെ ബന്ധുക്കളും അവനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന സുഹൃത്തുക്കളും ഹരികൃഷ്ണന് എന്നും തുണയായി ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP