Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായികതാരങ്ങളുടേയും പാവങ്ങളുടെയും ഡോക്ടർ വിടവാങ്ങി

കായികതാരങ്ങളുടേയും പാവങ്ങളുടെയും ഡോക്ടർ വിടവാങ്ങി

സ്വന്തം ലേഖകൻ

പാലാ: ജന്മം കൊണ്ടു പാലാക്കാരനും കർമ്മം കൊണ്ടു വരാപ്പുഴക്കാരനുമായ ജനകീയ ഡോക്ടറുടെ വിയോഗം തീരാനഷ്ടമായി. 'കോമ്പിനേഷൻ തെറാപ്പി' എന്ന ചികിത്സാമാതൃകയിലൂടെ കായികതാരങ്ങളുടെ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്നയാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച പന്തത്തല മണ്ണനാക്കുന്നേൽ ഡോ ജോസ് സക്കറിയാസ്. കായികതാരമായി തുടങ്ങി ആതുരശുശ്രൂഷാ രംഗത്ത് സജീവ സാന്നിധ്യമായി മാറിയ ഡോ ജോസ് പാവപ്പെട്ടവരുടെ ഡോക്ടർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

എഴുപതുകളിൽ കേരളത്തിലെ കായിക വേദികളിൽ നിറഞ്ഞു നിന്നിരുന്ന ഡോ ജോസ് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ അത് ലറ്റിക് ക്യാപ്റ്റൻ ആയിരുന്നു. കേരള അത് ലറ്റിക് ടീം ക്യാപ്റ്റൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹി, ജില്ല അമേച്വർ അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ അത് ലറ്റിക്‌സ് അസോസിയേഷൻ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ കേരളത്തിലെ കായികരംഗത്ത് അറിയപ്പെടുന്ന ഡോക്ടർ കൂടിയാണ്.

കായിക ചികിത്സാരംഗത്ത് ഏറെ മുതൽക്കൂട്ടായി മാറിയ കോമ്പിനേഷൻ തെറാപ്പി എന്ന ചികിത്സാരീതി ഡോ ജോസ് നടത്തിയ വർഷങ്ങളായുള്ള നിരീക്ഷണങ്ങളുടെയും നിരന്തരമായ പരീക്ഷണങ്ങളുടെയും ഫലമായി വികസിപ്പിച്ചെടുത്തതായിരുന്നു.

ഫുട്‌ബോൾ താരങ്ങളായ ഐ എം വിജയൻ, വി പി സത്യൻ, സി വി പാപ്പച്ചൻ, ഷറഫലി, അത് ലറ്റുകളായ ബോബി അലോഷ്യസ്, കെ എം ബിനു, ചിത്ര കെ സോമൻ, ലേഖ തോമസ്, ബെറ്റി ജോസ്, മനോജ് ലാൽ തുടങ്ങിയ നിരവധി താരങ്ങൾ ഡോ ജോസിന്റെ കോമ്പിനേഷൻ തെറാപ്പിക്കു വിധേയരായിട്ടുണ്ട്.

1987 ൽ ആണ് ഈ ചികിത്സാ സമ്പ്രദായം ഡോ ജോസ് വികസിപ്പിച്ചെടുത്തത്. ആധുനിക മെഡിസിനും ഫിസിയോ തെറാപ്പിയും മാഗ് നെറ്റോ തെറാപ്പിയും ആയുർവേദത്തിലേയും പ്രകൃതിചികിസയിലേയും ചില പ്രത്യേക അംശങ്ങൾ ശാസ്ത്രീയമായി സങ്കലനം ചെയ്തിട്ടുള്ളതാണ് കോമ്പിനേഷൻ തെറാപ്പി. കായികതാരത്തിന്റെ ഫോം നഷ്ടപ്പെടാതെ തന്നെ വളരെക്കുറച്ചു ദിവസങ്ങൾക്കകം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നതാണ് ഈ ചികിത്സാ സമ്പ്രദായത്തിന്റെ പ്രത്യേകത. ചെലവു കുറഞ്ഞ ഈ ചികിത്സാസമ്പ്രദായം ഇപ്പോൾ വ്യാപകമായി സ്വീകരിച്ചു വരുന്നുണ്ട്.

കായികതാരങ്ങൾ പരിക്കേറ്റു വീഴുന്നതോടെ അവരുടെ ജീവിതസ്വപ്നം തളർന്നു പോകുന്ന കാഴ്ചയാണ് ഈ രംഗത്തേയ്ക്ക് ഡോ ജോസിനെ അടുപ്പിച്ചത്. 1976 ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എം ബി ബി എസ് നേടിയ ഡോ ജോസ് സ്‌കൂൾ മീറ്റുകൾ മുതൽ സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നടക്കുന്നയിടങ്ങളിൽ മിക്കവാറും ഡോക്ടർ ഉണ്ടാകുമായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വരാപ്പുഴ മെഡിക്കൽ സെന്റർ എന്ന അദ്ദേഹത്തിന്റെ സ്ഥാപനം വരാപ്പുഴയിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാരന്റെ ആശ്രയകേന്ദ്രം കൂടിയായിരുന്നു. സൗജന്യ ക്യാൻസർ പരിശോധന, സൗജന്യ രക്ത നിർണ്ണയ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കായി അവധിക്കാല കോച്ചിങ് ക്യാമ്പുകൾ, പാവപ്പെട്ട രോഗികൾക്കു വിദഗ്ദ്ധ ചികിത്സാ സഹായം തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ മരുന്ന് വാങ്ങാൻ പണമില്ലെന്നു പറഞ്ഞാൽ മരുന്നും വണ്ടിക്കൂലിയുംവരെ നൽകുമായിരുന്നുവെന്ന് വരാപ്പുഴയിലെ നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൂനമ്മാവ് കാവിൽനടയിലായിരുന്നു താമസം. മുൻ എം പി യും എം എൽ എ യുമായിരുന്ന ചെറിയാൻ ജെ കാപ്പന്റെ പുത്രിയും മാണി സി കാപ്പൻ എം എൽ എ യുടെ സഹോദരിയും സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരുമായിരുന്ന മറിയാമ്മയാണ് ഭാര്യ. ഓസ്‌ട്രേലിയയിൽ എഞ്ചിനീയർന്മാരായ അജിത്, ചെറി എന്നിവരാണ് മക്കൾ.

ഡോ ജോസിന്റെ നിര്യാണത്തിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി എം പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ആന്റോ ആന്റണി എം എൽ എമാരായ പി ജെ ജോസഫ്, പി സി ജോർജ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, മുൻ എം പിമാരായ വക്കച്ചൻ മറ്റത്തിൽ, കെ ഫ്രാൻസീസ് ജോർജ്, ജോയി എബ്രാഹം, മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ടോമി കല്ലാനി, അഡ്വ നാരായണൻ നമ്പൂതിരി, അഡ്വ തോമസ് വി ടി, ബിനു പുളിക്കക്കണ്ടം, എബി ജെ ജോസ്, ജോർജ് പുളിങ്കാട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ഡോ ജോസിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ( 14/09/2020) 2.30 ന് പന്തത്തലയിലുള്ള വീട്ടിൽ നിന്നാരംഭിക്കും. തുടർന്ന് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP