Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളിയായ യുവതാരം പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാർ ദീർഘിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

മലയാളിയായ യുവതാരം പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാർ ദീർഘിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

സ്വന്തം ലേഖകൻ

കൊച്ചി: വിങ്ങർ താരമായ പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാർ ഒരു വർഷത്തേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. കോഴിക്കോട് നിന്നുള്ള 23കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ വരുന്ന സീസണിൽ ടീമിന്റെ ഭാഗമായിരിക്കും. വലത് കാലു കൊണ്ട് ചടുലമായ നീക്കങ്ങൾ നടത്തുന്ന മിഡ്ഫീൽഡർ ആയ താരം യഥാർത്ഥത്തിൽ അത്‌ലറ്റിക്‌സ് റണ്ണറായിരുന്നു, 2008 ൽ ഫുട്‌ബോൾ കളിക്കാൻ തുടങ്ങി. എഐഎഫ്എഫ് റീജിയണൽ അക്കാദമി തിരഞ്ഞെടുക്കുന്നതിന് മുമ്പ് കേരള അണ്ടർ 14 ടീമിനെ പ്രതിനിധീകരിച്ചു. എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലേക്ക് പോകുന്നതിനുമുമ്പ് ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയുടെ ഭാഗമായിരുന്നു പ്രശാന്ത്.

പരിശീലനം ലഭിക്കുന്നതിന് വേണ്ടി ഐ ലീഗ് ചെന്നൈ സിറ്റി എഫ്‌സിക്ക് കൈമാറുന്നതിന് മുൻപായി 2016 ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രശാന്തുമായി കരാറിൽ ഏർപ്പെടുന്നത്. ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണിൽ ആണ് പ്രശാന്ത് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. 12 മാച്ചുകളിൽ വിങ്ങിൽ കളിച്ച താരം എഫ് സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ വേഗവും വിങ്ങിലെ മിന്നും പ്രകടനവും വരുന്ന സീസണിൽ ക്ലബ്ബിന് ഒരു മുതൽക്കൂട്ടായിരിക്കും. പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്‌ബോളിന്റെ ഒരു കോട്ട ആക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഉള്ള തീരുമാനം.

എന്റെ ഫുട്‌ബോൾ യാത്രയിൽ ഒരു നിർണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ ഒരേസമയം ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്റെ കഴിവിൽ കോച്ചുമാരും മാനേജ്‌മെന്റും അർപ്പിച്ച വിശ്വാസം എനിക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. വരാനിരിക്കുന്ന സീസണിൽ ടീമിനായി എന്റെ 100% സമർപ്പിച്ചുകൊണ്ട് മൈതാനത്തിലുള്ള അവരുടെ വിശ്വാസത്തിന് പ്രതിഫലം അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം, തുടർന്നും എന്റെ നാടായ കേരളത്തിന്റെ ഫുട്‌ബോൾ കളിയോടുള്ള പാരമ്പര്യത്തിന്റെ ഭാഗമാകാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ' ക്ലബുമായുള്ള കരാർ വിപുലീകരണത്തെക്കുറിച്ച് പ്രശാന്ത് പറഞ്ഞു.

''ടീമിലെ ഏറ്റവും മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരിൽ ഒരാളാണ് പ്രശാന്ത്. അദ്ദേഹത്തിന്റെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, തന്റെ പോരായ്മകൾ പരിഹരിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു . എല്ലാ പരിശീലന സെഷനുകളിലും പങ്കെടുക്കുന്ന അദ്ദേഹം പരിശീലന സമയത്ത് എല്ലായ്‌പ്പോഴും 100% പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാർ ദീർഘിപ്പിച്ചത് കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും കൂടിയുള്ളതാണ്. അദ്ദേഹം ഒരു മികച്ച ഫുട്‌ബോൾ കളിക്കാരനാണ്, വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ' കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP