Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബാധിപത്യം തന്നെയെങ്കിൽ പാർട്ടി ഭരണഘടന എന്തിനെന്ന ചോദ്യവുമായി കപിൽ സിബൽ; പാർട്ടി നേതൃത്വത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണം എന്ന ആവശ്യം കോൺ​ഗ്രസിൽ കൂടുതൽ ശക്തമാകുന്നു; നഷ്ടമായ ജനാധിപത്യം തിരിച്ച് പിടിക്കുക, ജനകീയരായ നേതാക്കളെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക, പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക തുടങ്ങിയ ആശയങ്ങളിലേക്ക് കൂടുതൽ നേതാക്കളെ ആകർഷിച്ച് തിരുത്തൽവാദികൾ; മെഡിക്കൽ പരിശോധന കഴിഞ്ഞ് മടങ്ങിയെത്തുന്ന സോണിയയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

കുടുംബാധിപത്യം തന്നെയെങ്കിൽ പാർട്ടി ഭരണഘടന എന്തിനെന്ന ചോദ്യവുമായി കപിൽ സിബൽ; പാർട്ടി നേതൃത്വത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണം എന്ന ആവശ്യം കോൺ​ഗ്രസിൽ കൂടുതൽ ശക്തമാകുന്നു; നഷ്ടമായ ജനാധിപത്യം തിരിച്ച് പിടിക്കുക, ജനകീയരായ നേതാക്കളെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക, പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക തുടങ്ങിയ ആശയങ്ങളിലേക്ക് കൂടുതൽ നേതാക്കളെ ആകർഷിച്ച് തിരുത്തൽവാദികൾ; മെഡിക്കൽ പരിശോധന കഴിഞ്ഞ് മടങ്ങിയെത്തുന്ന സോണിയയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺ​ഗ്രസ് പുനഃസംഘടനയുടെ പേരിൽ കോൺ​ഗ്രസിൽ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നു. കോൺ​ഗ്രസിൽ ജനാധിപത്യം നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് മുതിർന്ന നേതാവ് കബിൽ സി​ബൽ രം​ഗത്തെത്തിയത്. നോമിനേഷൻ രീതിയാണ് നേതൃത്വത്തിന് ഇഷ്ടമെങ്കിൽ പാർട്ടി ഭരണഘടന തിരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ. എഐസിസി പുനഃസംഘടനയിൽ യാതൊരു പരി​ഗണനയും ലഭിക്കാതെ പോയ നേതാവാണ് സിബൽ.

ഭരണഘടനയിൽ പറയുന്നതുപോലെ ബ്ലോക്ക്തലം മുതൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കോൺഗ്രസ് ഭരണഘടന പിന്തുടരണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പാർട്ടിയുടെ ഭരണഘടന പ്രകാരമല്ല എ.ഐ.സി.സി തിരഞ്ഞെടുപ്പ് നടന്നത്.' കപിൽ സിബൽ പറഞ്ഞു. 'അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ 52 സീറ്റുകൾക്ക് പകരം 272ൽ എത്തുമെന്ന് ഉറപ്പാക്കാൻ കോൺഗ്രസിന് സാധിക്കണം. അങ്ങനെ സംഭവിച്ചാൽ ഞാനൊരുപാട് സന്തോഷിക്കും. പാർട്ടി ഭരണഘടന പറയുന്നതിൽ കവിഞ്ഞൊന്നും ഞങ്ങൾ കത്തിൽ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച നേതാക്കൾ വീണ്ടും യോഗം ചേർന്നു. പാർട്ടിയുടെ പിനരുജ്ജീവനത്തിന് ഗുണം ചെയ്യുന്നതല്ല ഇപ്പോഴത്തെ പുനഃസംഘടനയെന്നാണ് തിരുത്തൽവാദികളുടെ അഭിപ്രായം. യോഗത്തിൽ കത്തയച്ച 23 നേതാക്കൾക്ക് പുറമേ മറ്റുചില പുതിയ നേതാക്കളും പങ്കെടുത്തതതായാണ്‌ സൂചന.

കോൺ​ഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലാണ് മുതിർന്ന നേതാക്കളെ തഴഞ്ഞത്. ​ഗുലാം നബി ആസാദ് അടക്കമുള്ള മുതി‍ർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ടാണ് കോൺ​ഗ്രസ് പ്രവ‍ർത്തക സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ പിന്തുണയ്ക്കുന്ന കൂടുതൽ നേതാക്കളെ പ്രവ‍ർത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.​ ഗുലാംനബി ആസാദിന് പുറമെ അംബിക സോണി, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവരെയും എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്. കപിൽ സിബൽ, ശശി തരൂ‍ർ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവർത്തക സമിതിയിലേക്ക് പരി​ഗണിച്ചില്ല.

ഹരിയാനയുടെ ചുമതല വഹിച്ചിരുന്ന ഗുലാം നബി ആസാദിന് പകരമായി വിവേക് ​​ബൻസലിനെ നിയമിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ ഉപദേശിക്കുന്ന ആറ് അംഗ ഹൈ-പവർ പാനലിൽ ഉൾപ്പെടുത്തിയ രാഹുൽ ഗാന്ധി വിശ്വസ്തനായ രൺദീപ് സുർജേവാലയാണ് പുന സംഘടനയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഒപ്പിട്ടയാളാണെങ്കിലും ജിതിൻ പ്രസാദിന് സ്ഥാനക്കയറ്റം ലഭിച്ചു. പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലക്കാരനായാണ് പ്രസാദിനെ നിയമിച്ചത്. സംഘടനാ കാര്യങ്ങളിൽ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയിൽ അംബിക സോണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പുതിയ അംഗങ്ങൾ - ദിഗ്‌വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച് കെ പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര.

കേരളത്തിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി. മുകുൾ വാസ്നികിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണു​ഗോപാൽ എന്നിവ‍ർ പ്രവ‍ർത്തക സമിതിയിൽ തുടരും. കെസി വേണു​ഗോപാൽ സം​ഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി.വേണു​ഗോപാൽ തുടരും. ആന്ധ്രാപ്രദേശിന്റെ ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും. അതേസമയം ​ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.

പ്രിയങ്ക ഗാന്ധി വാദ്ര ഉത്തർപ്രദേശിന്റെ ചുമതലയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ മാണികം ടാഗോർ തെലങ്കാനയുടെ ചുമതലയുള്ള പുതിയ സെക്രട്ടറിയായി ചുമതല വഹിക്കും. പവൻ കുമാർ ബൻസൽ അഡ്‌മിനിസ്ട്രേഷൻ ചുമതലയുള്ള സെക്രട്ടറിയായിരിക്കും, പഞ്ചാബ് ജനറൽ സെക്രട്ടറിയായി ഹരീഷ് റാവത്ത്, അസമിൽ ജിതേന്ദ്ര സിങ്എന്നിവർ ചുമതലയേൽക്കും. കഴിഞ്ഞ പ്രവ‍ർത്തക സമിതി യോ​ഗത്തിലെ തീരുമാന പ്രകാരം കോൺ​ഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറം​ഗസമിതിയും രൂപീകരിച്ചു. ആന്റണി, വേണു​ഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സു‍ർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയക്കുകയും തുടർന്ന് ഈ കത്തിന്റെ പേരിൽ പാർട്ടിക്കകത്ത് തർക്കങ്ങൾ ഉർന്നുവരികയും ചെയ്തിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിൽ പാർട്ടിക്കകത്തു തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയക്കുന്നത്.

ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള 23 നേതാക്കളാണ് കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്യ ഇതിന് പിന്നാലെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടത്. കത്തയച്ച സമയത്തെ ചോദ്യം ചെയ്ത രാഹുൽ, കത്ത് ബിജെപിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന ഗുരുതര വിമർശനവും ഉന്നയിച്ചിരുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ വിമത നീക്കങ്ങളിൽ പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോഴും സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ എന്തിനാണ് കത്ത് അയച്ചത്? ബിജെപിയുമായുള്ള രഹസ്യധാരണയിലൂടെയാണ് കത്ത് തയ്യാറാക്കിയത് എന്നായിരുന്നു കത്തിനെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ രൂക്ഷമായ തർക്കങ്ങളാണ് ഉയർന്നത്.

സോണിയയെ കാത്തിരിക്കുന്നത് പാളയത്തിൽ പടയോ?

കഴിഞ്ഞ ദിവസമാണ് സോണിയാ ​ഗാന്ധിയും മകൻ രാഹുൽ ​ഗാന്ധിയും അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ഭാഗത്തിൽ കോൺഗ്രസ് മേധാവി പങ്കെടുക്കില്ല.73 കാരിയായ സോണിയ ഗാന്ധി രണ്ടാഴ്ചയോളം പാർലമെന്റിന്റെ മൺസൂൺ സെഷന്റെ പകുതിയിലധികം സമയം പാർലമെന്റിൽ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് പ്രിയങ്കാ ​ഗാന്ധിയും വിദേശത്തേക്ക് തിരിക്കും. ഇതോടെ രാഹുൽ മടങ്ങിയെത്തും എന്നുമാണ് റിപ്പോർട്ടുകൾ.

യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഏകോപനത്തെ സംബന്ധിച്ചും സോണിയ നിർദ്ദേശങ്ങൾ നൽകിയെന്ന് പാർട്ടിയുടെ അടുത്തവൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ സഭകളിൽ ഉന്നയിക്കാനും നിർദ്ദേശം നൽകിയതായാണ് സൂചന. സാമ്പത്തിക തകർച്ച, കോവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ വീഴ്ചകൾ തുടങ്ങിയവ കോൺഗ്രസ് ഉന്നയിക്കുമെന്നാണ് സൂചന. എന്നാൽ, കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കൾ ഈ സമയം പരമാവധി ഉപയോ​ഗിക്കും എന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺ​ഗ്രസിന് നഷ്ടമായ ജനാധിപത്യം തിരിച്ച് പിടിക്കുക, ജനകീയരായ നേതാക്കളെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക, പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക തുടങ്ങിയ ആശയങ്ങളാണ് ഈ നേതാക്കൾ മുന്നോട്ട് വെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP