Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടഭക്ഷണം ആസ്വദിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഒന്നും പാപപ്രവൃത്തികളല്ല...അത് ദൈവീകമായ ആനന്ദമാണ്; ആനന്ദം വന്നുചേരുന്നത് നേരിട്ട് ദൈവത്തിൽ നിന്നാണ്..അതിന് കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ ഭേദമില്ല; അതിരുകവിഞ്ഞ സദാചാര ബോധത്തിന് ഇപ്പോൾ സഭയിൽ സ്ഥാനമില്ല; കത്തോലിക്ക സഭയുടെ മുൻകാല നിലപാടുകൾ വളരെയധികം ദോഷം ചെയ്തിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പിന്റെ നിരീക്ഷണങ്ങൾ ചർച്ചയാവുന്നു

ഇഷ്ടഭക്ഷണം ആസ്വദിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഒന്നും പാപപ്രവൃത്തികളല്ല...അത് ദൈവീകമായ ആനന്ദമാണ്; ആനന്ദം വന്നുചേരുന്നത് നേരിട്ട് ദൈവത്തിൽ നിന്നാണ്..അതിന് കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ ഭേദമില്ല; അതിരുകവിഞ്ഞ സദാചാര ബോധത്തിന് ഇപ്പോൾ സഭയിൽ സ്ഥാനമില്ല; കത്തോലിക്ക സഭയുടെ മുൻകാല നിലപാടുകൾ വളരെയധികം ദോഷം ചെയ്തിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പിന്റെ നിരീക്ഷണങ്ങൾ ചർച്ചയാവുന്നു

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ: ഇഷ്ട ഭക്ഷണം നന്നായി കഴിക്കുന്നതും, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സന്തോഷിക്കുന്നതും ഒക്കെ ഒരുതെറ്റാണോ? പഴയ വിക്ടോറിയൻ സദാചാരബോധം വച്ചുപുലർത്തുന്നവരുണ്ടാകാം. എന്നാൽ, ആഗോള കത്തോലിക്കാ സഭാ തലവനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരുപുസ്തകത്തിൽ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം അദ്ദേഹം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. 'ഇഷ്ടഭക്ഷണം ആസ്വദിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഒന്നും പാപപ്രവൃത്തികളല്ല...അത് ദൈവീകമായ ആനന്ദമാണ്'- പോപ്പ് ഫ്രാൻസിസ് പറഞ്ഞു. പുസ്തകത്തിന്റെ പേര് ടെറാഫ്യൂച്ചുറ, കോൺവർസേഷൻസ് വിത്ത് പോപ്പ് ഫ്രാൻസിസ് ഓൺ ഇന്റഗ്രൽ എക്കോളജി. ഇറ്റാലിയൻ എഴുത്തുകാരനും, ഭക്ഷണ വിദ്ഗധനുമായ കാർലോ പെട്രിനി ആണ് പോപ്പുമായുള്ള അഭിമുഖങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'ആനന്ദം വന്നുചേരുന്നത് നേരിട്ട് ദൈവത്തിൽ നിന്നാണ്..അതിന് കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ മറ്റെന്തെങ്കിലുമെന്നോ ഭേദമില്ല. അത് ദൈവീകമായ ആനന്ദമാണ്. എന്നാൽ, മനുഷ്യത്വരഹിതവും ക്രൂരവും, അശ്ലീലവുമായ ആനന്ദമാർഗ്ഗങ്ങളെ സഭ അപലപിച്ചിട്ടുണ്ട്. അതേസമയം, മാനുഷികവും, ലളിതവും, ധാർമികവുമായ ആനന്ദത്തെ എല്ലായ്‌പോഴും അംഗീകരിച്ചിട്ടുമുണ്ട്'-പോപ്പിന്റെ വാക്കുകൾ ഇങ്ങനെ

1987 ലെ ഡാനിഷ് സിനിമ ബാബെറ്റ്‌സ് ഫീസ്റ്റ് എന്ന ചിത്രവും മാർപ്പാപ്പ ഉദാഹരണമായി ചൂണ്ടികാട്ടി. ഉദാത്തമായ ക്രൈസ്തവ സ്‌നേഹത്തിനുള്ള സ്തുതിഗീതമാണ് ആ ചിത്രം, മാർപ്പാപ്പ പറഞ്ഞു. സഭയ്ക്കുള്ളിൽ ഇത്തരം ആശയങ്ങളെല്ലാം പണ്ടുകാലം മുതലേ ഉണ്ടെങ്കിലും ക്രൈസ്തവ സന്ദേശത്തിന്റെ ദുർവ്യാഖ്യാനമുണ്ടായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ശാരീരികക്ഷമത നിലനിർത്താൻ ഭക്ഷണം കഴിക്കലും ലൈംഗിക ബന്ധവും സുപ്രധാനമാണ്.

'നിങ്ങളെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമാക്കാൻ സഹായിക്കുന്നത് ഭക്ഷണം കഴിക്കുന്നതിലെ ആനന്ദമാണ്. അതുപോലെ തന്നെയാണ് പ്രണയത്തെ കൂടുതൽ സുന്ദരമാക്കാൻ ലൈംഗിക ബന്ധവും. ജീവിവർഗങ്ങളുടെ നിലനിൽപ്പിനു ഉറപ്പ് നൽകുന്നതും ലൈംഗികതയാണ്. സഭയിൽ അതിരുകവിഞ്ഞ സദാചാര ബോധത്തിന് ഇപ്പോൾ സ്ഥാനമില്ല. ലൈംഗിക ആനന്ദത്തെ മോശമായി കാണുന്ന മുൻകാല കാഴ്ചപ്പാടുകൾ സഭാചരിത്രത്തിൽ വളരെയധികം ദോഷം ചെയ്തിട്ടുണ്ട്. അതിന്റെ അനുരണനങ്ങൾ ഇപ്പോഴും കാണാം-മാർപാപ്പ പറഞ്ഞു.

പോപ്പ് ഫ്രാൻസിസിന്റെ ആശയങ്ങളോട് വിയോജിപ്പുള്ള വലിയൊരു വിഭാഗം ക്രൈസ്തവർക്കിടയിലുണ്ട്. അതിന് രണ്ടുതലമുണ്ട്. ദൈവശാസ്ത്രപരമായും, സാമൂഹിക രാഷ്ട്രീയപരമായും. അതേസമയം, വേറിട്ട ചിന്തകളിലൂടെ കത്തോലിക്കാ സഭയെ പുതിയ കാലത്തിനൊത്ത് നയിക്കുകയാണ് മാർപ്പാപ്പ എന്ന അഭിപ്രായമുള്ളവരും ഉണ്ട്.

വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉന്നത പദവികളിൽ സ്ത്രീകളെ നിയമിച്ചത് കഴിഞ്ഞ മാസാദ്യമാണ്. കത്തോലിക്ക സഭയിൽ ആദ്യമായാണ് സ്ത്രീകൾക്ക് ഇത്തരമൊരു ഉന്നത പദവി നൽകുന്നത്. സ്ത്രീകളെ ഉന്നത പദവിയിലെത്തിക്കുമെന്ന മാർപ്പാപ്പയുടെ വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പിലായത്. അതുവരെ സാമ്പത്തിക വിഭാഗത്തിലെ 15 അംഗങ്ങളും പുരുഷന്മാരായിരുന്നു. ഇതിലെ എട്ട് പേർ ബിഷപ്പുമാരും ബാക്കി ഉള്ള ഏഴ് പേർ സാധാരണക്കാരുമാണ്. നിയമിക്കപ്പെട്ട ആറ് സ്ത്രീകളും യൂറോപ്പിൽനിന്നുള്ളവരാണ്

സ്വവർഗ്ഗാനുരാഗികളായ പുരോഹിതർ സഭാ വസ്ത്രം ഉപേക്ഷിക്കണം

സ്വവർഗ്ഗാനുരാഗികളായ പുരോഹിതർ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ തുറന്നടിച്ചത് 2018 ഡിസംബറിലാണ്. സ്വവർഗ്ഗ ലൈംഗിക താൽപ്പര്യങ്ങളുള്ള പുരോഹിതർ ക്രൈസ്തവ ഗണത്തിൽ ചേരുന്നവരല്ല, ഇത്തരത്തിൽ ജീവിതം നയിക്കുന്നവർ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കാനാണ് പുസ്തകത്തിലൂടെ മാർപ്പാപ്പ വ്യക്തമാക്കിയത്. മാർപ്പാപ്പയുമായി സ്പാനിഷ് പുരോഹിതൻ ഫെർണാണ്ടോ പ്രാഡോ നടത്തിയ ദീർഘ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ സ്ട്രങ്ത് ഓഫ് വോക്കേഷൻ' എന്ന പുസ്തകത്തിലാണ് മാർപ്പാപ്പ നിലപാട് വ്യക്തമാക്കിയത്.

മതപരമായ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് കൂടുതൽ കടുപ്പമേറിയതാക്കണമെന്നും, തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയാത്തവർ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പാപ്പ നേരത്തെ പറഞ്ഞിരുന്നു. സഭയ്ക്കുള്ളിലെ 'സ്വവർഗ്ഗ ലൈംഗികത' തന്നെ ആകുലപ്പെടുത്തുന്ന ഒന്നാണെന്ന് പുസ്തകത്തിൽ മാർപ്പാപ്പ പറയുന്നു.

ലൈംഗികാരോപണം നേരിട്ട വാഷിങ്ടൺ മുൻ കർദിനാൾ തിയോഡർ മക്കാരിക്കിനെ മാർപാപ്പ സംരക്ഷിച്ചെന്ന് ആരോപിച്ച് മാർപ്പാപ്പയുടെ ആശയങ്ങളെ എതിർക്കുന്നവർ രംഗത്തെത്തിയതും രണ്ടുവർഷം മുമ്പാണ്. എന്നാൽ, 2016 ൽ ക്രൈസ്തവരും കത്തോലിക്കാ സഭയും സ്വവർഗ്ഗാനുരാഗികളോട് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. ഇത്രയും കാലം സ്വീകരിച്ച തെറ്റായ നിലപാടിന്റെ പേരിൽ അവരോട് മാപ്പു ചോദി്ക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ പ്രഖ്യാപിത നിലപാടിൽ നിന്നുള്ള വ്യതിയാനമായാണ് മാർപ്പപാപ്പയുടെ ആഹ്വാനം വിലയിരുത്തപ്പെട്ടത്. സ്വവർഗ്ഗാനുരാഗികൾ മാർപ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയപ്പോൾ സഭയിലെ യാഥാസ്തിക മനോഭാവക്കാർ പോപ്പിന്റെ നിലപാടിനെ തള്ളി. സംഭവം വിദാമായതോടെ വിശദീകരണവുമായി വത്തിക്കാനും എത്തി. സ്വവർഗ്ഗാനുരാഗികളുടെ ജീവിതരീതിയെയല്ല, ആരോഗ്യാവസ്ഥയെയാണ് പോപ്പ് പരാമർശിച്ചതെന്നാണ് വത്തിക്കാൻ നൽകിയ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP