Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയുടെ കേരളത്തിലെ നേതാക്കളുമായി ശോഭാ സുരേന്ദ്രൻ മാനസികമായി അകന്നതിന്റെ തെളിവാണ് ആറു മാസമായി തുടരുന്ന മൗനം! തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ അന്വേഷിച്ച് വലഞ്ഞ് പാർട്ടി പ്രവർത്തകർ നടക്കുകയാണെന്നാണ് ജനയുഗം; കൊറോണ കാലമായതിനാൽ വീട്ടിൽ സ്വസ്ഥമാണെന്നാണ് ശോഭാ സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നതെന്നും സിപിഐ മുഖപത്രം; ബിജെപിയിലെ ഗ്രൂപ്പിസം ചർച്ചയാകുമ്പോൾ

ബിജെപിയുടെ കേരളത്തിലെ നേതാക്കളുമായി ശോഭാ സുരേന്ദ്രൻ മാനസികമായി അകന്നതിന്റെ തെളിവാണ് ആറു മാസമായി തുടരുന്ന മൗനം!  തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ അന്വേഷിച്ച് വലഞ്ഞ് പാർട്ടി പ്രവർത്തകർ നടക്കുകയാണെന്നാണ് ജനയുഗം; കൊറോണ കാലമായതിനാൽ വീട്ടിൽ സ്വസ്ഥമാണെന്നാണ് ശോഭാ സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നതെന്നും സിപിഐ മുഖപത്രം; ബിജെപിയിലെ ഗ്രൂപ്പിസം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി നേതൃനിരയിലെ പ്രമുഖയായ ശോഭാ സുരേന്ദ്രനെ പുറത്ത് കാണാനില്ലെന്ന വിവാദം വാർത്തയാക്കി സിപിഐ മുഖപത്രം ജനയുഗം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ ശക്തമായ വടംവലിയിൽ പാരജയപ്പെട്ടതിനെ തുടർന്ന് പാർട്ടിയിൽ ഒതുക്കപ്പെട്ട ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ അന്വേഷിച്ച് വലഞ്ഞ് പാർട്ടി പ്രവർത്തകർ നടക്കുകയാണെന്നാണ് ജനയുഗം വാർത്ത. അതിനിടെ ബിജെപി സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാറിനേയും പുറത്ത് കാണാനില്ലെന്ന വാദവും സജീവമാണ്.

കൊറോണക്കാലത്തും സംസ്ഥാന സർക്കാരിനെതിരെ അനാവശ്യസമരങ്ങളും പ്രസ്താവനകളും നടത്തുന്ന നേതാക്കളുടെ പട്ടികയിലൊരിടത്തും ശോഭയെ കാണാനില്ല. നേരത്തെ വേണ്ടതിനും വേണ്ടാത്തതിനും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞിടിച്ചിരുന്ന ഈ വനിതാ നേതാവിന്റെ ഇപ്പോഴത്തെ ദീർഘമായ മൗനം ഒരു വിഭാഗം അണികളിലെങ്കിലും ചില സംശയങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നാണ് ജനയുഗം വാർത്ത. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലും മറ്റും സജീവമായിരുന്നു സംസ്ഥാന ട്രഷററായ ജെ ആർ പത്മകുമാർ. പൊടുന്നനെ ചർച്ചകളിൽ നിന്ന് പത്മകുമാറും അപ്രത്യക്ഷനായി. പൊതു പരിപാടികളിലും കാണാനില്ല. ഇതും അണികൾക്കിടയിൽ ചർച്ചയാണ്.

കൊറോണക്കാലമായതിനാൽ വീട്ടിൽ സ്വസ്ഥമാണെന്നാണ് ശോഭാ സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നതെന്നാണ് ജനയുഗം വാർത്ത. എന്നാൽ ശോഭക്കെതിരെ ശക്തമായ കരുനീക്കം നടത്തി പാർട്ടിയിലെ രണ്ടു ഗ്രൂപ്പുകളും ചേർന്ന് അവരെ നിശ്ശബ്ദമാക്കുകയാണുണ്ടായതെന്നാണ് വിവരം. ഇപ്പോൾ ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗമായതിനാൽ ദേശീയകാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്ന് വിശദീകരിക്കാമെങ്കിലും ദേശീയനേതാക്കളായ കേന്ദ്രമന്ത്രി വി മുരളീധരനും പി കെ കൃഷണദാസും എ എൻ രാധാകൃഷ്ണനും കുമ്മനവുമൊക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിലകൊള്ളുമ്പോൾ തീപ്പൊരി വിദ്വേഷ പ്രസംഗങ്ങളിലൂടെ അണികളുടെ കൈയടി നേടിയിരുന്ന ശോഭാസുരേന്ദ്രനെ ഒരിടത്തും കാണാനാകുന്നില്ലെന്നും ജനയുഗം വിശദീകരിക്കുന്നു.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് കണ്ണ് വച്ച് നടത്തിയ നീക്കങ്ങൾ സംസ്ഥാന ബിജെപി ഘടകത്തിലെ ഇരു ഗ്രൂപ്പുകളും ചേർന്ന് നുള്ളിയെറിഞ്ഞെന്ന് മാത്രമല്ല ഇപ്പോൾ ഒരുപരിപാടിയിലേക്കും വിളിക്കുന്നുമില്ല. ആർഎസ്എസ് നേതൃത്വത്തിന് നേരത്തെ ഇവരുമായി നല്ലബന്ധം ഉണ്ടായിരുന്നെങ്കിലും പുതിയ സമവാക്യം രൂപപ്പെട്ടതോടെ സംഘ് പരിവാരങ്ങൾക്ക് ശോഭ പൊതുവെ അനഭിമതയായിരിക്കയാണെന്നാണ് സിപിഐ മുഖപത്രം വിശദീകരിക്കുന്നത്. ഇതിനൊപ്പമാണ് ജെ ആർ പത്മകുമാറിന്റെ അസാന്നിധ്യവും പാർട്ടി അണികൾക്കിടയിൽ ചർച്ചയാകുന്നത്. വിവാദങ്ങളോട് ഇരുവരും പ്രതികരിക്കാനും ഇതുവരെ തയ്യാറായിട്ടില്ല. ആറന്മുളയിലെ ആംബുലൻസ് പീഡനത്തിൽ പോലും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചില്ലെന്നതാണ് വസ്തുത.

ഫലത്തിൽ ദേശീയനേതാവിന് പാലക്കാട്ടെ പുതിയ വീട്ടിൽ വിശ്രമം അനുവദിച്ചിരിക്കയാണ് ബിജെപി സംസ്ഥാനനേതൃത്വമെന്നാണ് ജനയുഗം വാർത്ത. 2019 ൽ ബിജെപി നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ദേശീയ ചുമതല വഹിച്ച ശോഭക്ക് പാർട്ടിയുടെ മുതിർന്ന നേക്കൾക്കിടിയിലും ഹിന്ദി ലോബിയിലും തരക്കേടില്ലാത്ത സ്വാധീനമുണ്ടായിട്ടും കേരളത്തിലെ മുരളീധര- കൃഷ്ണദാസ് വിഭാഗങ്ങൾ ഒരുതരത്തിലും അടുപ്പിക്കാത്ത സ്ഥിതിയാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി നേരത്തെ തന്നെ ശോഭ വിയോജിപ്പിലായിരുന്നു. മുതിർന്ന നേതാവ് ഒ രാജഗോപാലുമായി മാത്രമാണ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിലൊരാളായ ശോഭ സുരേന്ദ്രന് അടുപ്പമുള്ളതെന്നും ജനയുഗം പറയുന്നു. എന്നാൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയല്ല ശോഭാ സുരേന്ദ്രൻ എന്നതാണ് വസ്തുത. ശോഭാ സുരേന്ദ്രന് വൈസ് പ്രസിഡന്റ് പദമാണ് നിലവിലുള്ളത്.

പാർട്ടി സംസ്ഥാന നേതൃത്വവുമായി ഇവർക്കുള്ള അകൽച്ചയുടെ പ്രതിഫലനമാണ് ശോഭ സുരേന്ദ്രന്റെ ഫേസ് ബുക്ക് പേജ് എന്നും സിപിഐ പത്രം പറയുന്നു. സംസ്ഥാന ഘടകത്തിന്റെ സമരങ്ങളോ, പരിപാടികളോ അതിലെവിടെയും പോസ്റ്റായി വന്നിട്ടില്ലെന്നു മാത്രമല്ല, സംസ്ഥാന പ്രസിഡന്റടക്കമുള്ള ഒരു നേതാക്കളുടെയും ഫോട്ടോയൊ കാമ്പയിനുകളുടെ പോസ്റ്ററുകളോ വീഡിയോകളോ ഒന്നും തന്നെ പോസ്റ്റ് ചെയ്തിട്ടില്ല. നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ പ്രസ്താവനകളും കേന്ദ്രസർക്കാരിനനുകൂലമായി ചില പോസ്റ്റുകൾക്കും പുറമേ വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സ്വന്തം നിലക്കുള്ള പ്രസ്താവനകളും മാത്രമാണ് ടൈംലൈനിലുള്ളത്. ഒരിടത്തുപോലും ബിജെപി സംസ്ഥാനഘടകത്തെ കുറിച്ച് പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും ജനയുഗം പറയുന്നു.

ബിജെപിയുടേ കേരളത്തിലെ നേതാക്കളുമായി ശോഭാസുരേന്ദ്രൻ മാനസികമായി വളരെ അകന്നു കഴിഞ്ഞെന്നതിന്റെ തെളിവാണ് ആറുമാസക്കാലത്തിലേറെയായി തുടരുന്ന മൗനം. ഇവരുടെ ഭർത്താവ് കെ കെ സുരേന്ദ്രൻ പാർട്ടിയുടെ പാലക്കാട് മേഖലാ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നുണ്ട്. അതേസമയം ശോഭക്കെതിരെ വലിയതോതിലുള്ള സ്വത്ത് സമ്പാദനം, സാമ്പത്തികമായ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളും പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നുണ്ടെന്നും ജനയുഗം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP