Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുര്യൻ ജോർജ് കേരളത്തിന് മുന്നിൽ അവതരിപ്പിച്ച ജലതീവണ്ടി അമേരിക്കയിൽ പുസ്തകമായി; 33 വർഷം മുമ്പ് ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത സമ്പ്രദായമായി അവതരിപ്പിച്ച ആശയം പുസ്തകമാക്കിയത് അമേരിക്കയിലെ പ്രശസ്ത പ്രസാധകരായ മോർഗൻ ക്‌ളേപൂൾ

കുര്യൻ ജോർജ് കേരളത്തിന് മുന്നിൽ അവതരിപ്പിച്ച ജലതീവണ്ടി അമേരിക്കയിൽ പുസ്തകമായി; 33 വർഷം മുമ്പ് ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത സമ്പ്രദായമായി അവതരിപ്പിച്ച ആശയം പുസ്തകമാക്കിയത് അമേരിക്കയിലെ പ്രശസ്ത പ്രസാധകരായ മോർഗൻ ക്‌ളേപൂൾ

സ്വന്തം ലേഖകൻ

കൊട്ടാരക്കര: 33 വർഷംമുമ്പ് കേരളത്തിനു മുന്നിൽ ജോർജ് കുര്യൻ അവതരിപ്പിച്ച പദ്ധതി അമേരിക്കയിലെ പ്രശസ്ത പ്രസാധകരായ മോർഗൻ ക്‌ളേപൂൾ പുസ്തകമാക്കി. കേരളത്തിന് മുന്നിൽ അവതരിപ്പിച്ച ജല തീവണ്ടി എന്ന ആശയമാണ് 'വാട്ടർ ട്രെയിൻ' എന്ന പേരിൽ അമേരിക്കയിൽ പുസ്തകമായത്. ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത സമ്പ്രദായമെന്നു വിശേഷിപ്പിക്കാവുന്ന വാട്ടർ ട്രെയിൻ എന്ന ആശയമാണ് ലോകം ഏറ്റെടുക്കുന്നത്. ഹാവാർഡ്, പ്രിൻസ്റ്റൺ, യേൽ, കോർണൽ, ഡ്യൂക് തുടങ്ങി ലോകത്തിലെ മികച്ച സർവകലാശാലകൾ അവരുടെ ലൈബ്രറിയിൽ ഈ പുസ്തകം ഉൾപ്പെടുത്തി.

പ്രവർത്തന മോഡൽ തയ്യാറാക്കിയും ഊർജ പരീക്ഷണത്തിൽ വിജയിച്ചും കൊച്ചിയിൽ യാഥാർഥ്യത്തിന്റെ പടിവാതിലിലെത്തിയ പദ്ധതി പിന്നീട് ആരൊക്കെയോ തമസ്‌കരിക്കുകയായിരുന്നു. ഈയിടെയാണ് വിദേശ സർവകലാശാലയ്ക്കുമുന്നിൽ കുര്യൻ ജോർജ് പദ്ധതി അവതരിപ്പിച്ചത്. ഇതോടെ കേരളം അവഗണിച്ച ഈ പദ്ധതി ലോകം ഏറ്റെടുത്തു.
1980-കളിലാണ് വൈദ്യുതിബോർഡ് ഡെപ്യൂട്ടി എൻജിനിയറായിരുന്ന കുര്യൻ ജോർജ് ഈ ആശയം അവതരിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാർഗമാകും വെള്ളത്തിലെ ട്രെയിൻ. ഒരു എൻജിനിൽ കെട്ടിവലിച്ച് നീങ്ങുന്ന ഒട്ടേറെ ബോട്ടുകൾപോലെ വാട്ടർ ട്രെയിൻ ഓടിനടക്കും.

1985-ൽ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വാട്ടർ ട്രെയിനിന്റെ മാതൃക നിർമ്മിച്ചു. മ്യൂസിയത്തിലെ കനാലിൽ എട്ട് ബോഗികളോടുകൂടിയ വാട്ടർ ട്രെയിൻ ഓടി. കരയിൽ ഉറപ്പിച്ച കോൺക്രീറ്റ് തൂണുകളിൽ ഘടിപ്പിച്ച ഒറ്റ റെയിലൂടെ നീങ്ങുന്ന ചക്രങ്ങളിലാണ് ട്രെയിൻ യാത്ര. ബോഗികൾ വെള്ളത്തിലൂടെ ഒഴുകിനീങ്ങും. പരീക്ഷണം വിജയിച്ചതോടെ 1988-ൽ പീച്ചിയിലെ കെ.ഇ.ആർ.ഐ.യിൽ ഊർജക്ഷമതാ പരീക്ഷണം. ജർമൻ പ്രൊഫസർ ഡോ. സ്റ്റോവ്ഹേസിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണവും വിജയം.

വാർത്തയറിഞ്ഞ് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ ഇടപെടലിൽ കേന്ദ്രസർക്കാർ സഹായത്തോടെ ഖരഗ്പുർ ഐ.ഐ.ടി.യിൽ കൃത്രിമ തടാകത്തിൽ കൃത്രിമ തിരമാലകളുണ്ടാക്കി നടത്തിയ പരീക്ഷണത്തിലും വിജയം കണ്ടു. കൊച്ചിയിലും തിരുവനന്തപുരത്തും വാട്ടർ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി 2018-ൽ സംസ്ഥാന ആസൂത്രണ ബോർഡ് പരിഗണിച്ചു. ചർച്ചകളും പദ്ധതി തയ്യാറാക്കലും നടന്നെങ്കിലും പിന്നീട് അനക്കമുണ്ടായില്ല. പദ്ധതിക്ക് പേറ്റന്റ് നേടിയെങ്കിലും നടപ്പാക്കാൻ വഴിയില്ലാതെ കാത്തിരിക്കുമ്പോഴാണ് അമേരിക്കയിലെ ന്യൂ ഓർലിയൻസ് സർവകലാശാലയിൽനിന്ന് കുര്യൻ ജോർജിന് ക്ഷണമെത്തിയത്.

വാട്ടർ ട്രെയിനിനെക്കുറിച്ച് കൂടുതലറിയാൻ നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. നിക്കോളാസ് സിറോസാണ് ക്ഷണമയച്ചത്. ഭൂമധ്യരേഖാ പ്രദേശങ്ങളിലെ കനാലുകളിൽ വാട്ടർ ട്രെയിൻ ഫലപ്രദമാണെന്ന് അവർ വിലയിരുത്തി. തുടർന്നാണ് കണ്ടെത്തലിൽ ലോകത്തിനു മുന്നിലെത്തിക്കാൻ പുസ്തകമൊരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP