Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്കിൽ നിന്ന് വേരിഫിക്കേഷൻ കോൾ വന്നപ്പോൾ ചമ്പത്ത് റായി ഞെട്ടി; 9.86 ലക്ഷം ദാ പോകുന്നു; ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജ ചെക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ് അറിഞ്ഞത് ആറ് ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ശേഷം; വ്യാജന്മാർ ബാങ്കിൽ കൊടുത്തത് ട്രസ്റ്റിന്റെ കൈവശമുള്ള അതേ സീരിയൽ നമ്പറുകളിലെ ചെക്കുകൾ; ട്രസ്റ്റിന്റെ ഫണ്ട് തട്ടിയെടുക്കാൻ തക്കം പാർത്ത് സൈബർ ക്രിമിനലുകളും

ബാങ്കിൽ നിന്ന് വേരിഫിക്കേഷൻ കോൾ വന്നപ്പോൾ ചമ്പത്ത് റായി ഞെട്ടി; 9.86 ലക്ഷം ദാ പോകുന്നു; ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജ ചെക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ് അറിഞ്ഞത് ആറ് ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ശേഷം; വ്യാജന്മാർ ബാങ്കിൽ കൊടുത്തത് ട്രസ്റ്റിന്റെ കൈവശമുള്ള അതേ സീരിയൽ നമ്പറുകളിലെ ചെക്കുകൾ; ട്രസ്റ്റിന്റെ ഫണ്ട് തട്ടിയെടുക്കാൻ തക്കം പാർത്ത് സൈബർ ക്രിമിനലുകളും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ രൂപീകരിച്ച ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. വ്യാജ ചെക്ക് ഉപയോഗിച്ചാണ് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. അയോധ്യ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ലക്‌നൗവിലെ രണ്ടുബാങ്കുകളിൽ നിന്നാണ് പണം പിൻവലിച്ചത്. തട്ടിപ്പുകാരൻ മൂന്നാം വട്ടം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് ബാങ്കിൽ നിന്നും കോൾ വരുന്നത്.

2.5 ലക്ഷത്തിന്റെയും 3.5 ലക്ഷത്തിന്റെയും കള്ളച്ചെക്കുകൾ ഉപയോഗിച്ചാണ് തുക പിൻവലിച്ചത്. ചമ്പത്ത് റായിയുടെ പരാതിപ്രകാരം കേസെടുത്തതായി അയോധ്യ ഡപ്യൂട്ടി ഇൻസ്പക്ടർ ദീപക് കുമാർ പറഞ്ഞു. ട്രസ്റ്റിന്റെ പക്കലുള്ള അതേ സീരിയൽ നമ്പറുകളിലുള്ള ചെക്കുകൾ തട്ടിപ്പുകാരന് എങ്ങനെ കിട്ടി എന്നതാണ് ദുരൂഹതയുണർത്തുന്നത്. 9.86 ലക്ഷത്തിന്റെ മൂന്നാമത്തെ കള്ളച്ചെക്ക് ക്ലിയറൻസിനായി ബാങ്കിലെത്തിയപ്പോഴാണ് ചമ്പത്ത്‌റായിക്ക് വേരിഫിക്കേഷൻ കോൾ വന്നത്. സെപ്റ്റംബർ ഒന്നിനും മൂന്നിനുമായാണ് വ്യാജചെക്കുകൾ ഉപയോഗിച്ച് ആറ് ലക്ഷം പിൻവലിച്ചത്.

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 419( ആൾമാറാട്ടം) 420( വഞ്ചന) (467 ( വ്യാജരേഖ ഉണ്ടാക്കൽ) 471( ഒറിജിനൽ ചെക്കിന് പകരം വ്യാജനെ സൃഷ്ടിക്കൽ) വകുപ്പുകൾ പ്രകാരമാണ് കേസ്. ബാങ്ക് അധികൃതരുടെ പിടിപ്പുകേടാണ് തട്ടിപ്പിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെക്കുകളുടെ സീരിയൽ നമ്പരുകൾ തട്ടിപ്പുകാർക്ക് കിട്ടിയതിന് പിന്നിൽ ബാങ്ക് ജീവനക്കാരുടെ ഒത്താശയുണ്ടെന്നു സംശയിക്കുന്നു. റായിയുടെയും മറ്റൊരു ട്രസ്റ്റ് അംഗത്തിന്റെയും ഒപ്പുകളാണ് വ്യാജമായി ഉണ്ടാക്കിയത്.

തട്ടിപ്പുകാർ പിൻവലിച്ച തുക പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു അക്കൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. വ്യാജചെക്ക് റാക്കറ്റിനെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജചെക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ് ഗൗരവമേറിയ കാര്യമാണെന്ന് വിഎച്ച്പിയുടെ പ്രാദേശിക വക്താവ് ശരദ് ശർമ പറഞ്ഞു. ട്രസ്റ്റും ഇക്കാര്യം വളരെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്.

സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ടത്. 175 പേർക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമ വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലെത്തി മോദി പൂജ നടത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനാണ് തുടക്കമായത്.

സൈബർ ക്രമിനിലുകൾ വെറുതെയിരിക്കുന്നില്ല

ഏപ്രിലിൽ രാമജന്മഭൂമി ട്രസ്റ്റിന്റെ ഫണ്ടുകൾ തട്ടിയെടുക്കാൻ സമാനമായ ശ്രമംനടന്നിരുന്നു. അയോധ്യയിലെ രാംമന്ദിറിന്റെ പേരിൽ ട്രസ്റ്റിന്റെ വ്യാജ ട്വിറ്റർ ഹാൻഡിലും വെബ്‌സൈറ്റും രൂപീകരിച്ചായിരുന്നു തട്ടിപ്പിനുള്ള ശ്രമം. വെബ്‌പേജിൽ എസ്‌ബിഐയുടെ അക്കൗണ്ട് സഹിതമായിരുന്നു സൈബർ ക്രിമിനലുകൾ പണം തട്ടാൻ ശ്രമിച്ചത്. രാംമന്ദിർഅയോധ്യ.ഇൻ എന്ന വെബ്‌സൈറ്റ് ഡൊമെയിനിൽ അവിനാശ് ബഹുഖണ്ട് എന്നയാളുടെ പേരിൽ ഡൽഹി ഉത്തം നഗറിൽ രജിസ്റ്റർ ചെയ്തതായിരുന്നു വ്യാജ വെബ്‌സൈറ്റ്. അന്നും ചമ്പത്ത് റായി അയോധ്യ പൊലീസിൽ പരാതി നൽകി

വ്യാജരസീത് അടിച്ചും തട്ടിപ്പ്

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ആൾ കഴിഞ്ഞ ദിവസം അറസ്റ്റിലിയിരുന്നു, രാമജന്മഭൂമി തീർത്ഥി ക്ഷേത്രം ട്രസ്റ്റിന്റെ പേരിൽ വ്യാജ രസീത് അച്ചടിച്ച് രാമക്ഷേത്ര നിർമ്മാണത്തിന് എന്ന് കാണിച്ചാണ് ഇയാൾ പണപ്പിരിവ് നടത്തിയത്. നരേന്ദ്ര റാണ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മീററ്റിലെ ജാഗ്രിതി വിഹാർ മേഖലയിൽ ഓഫീസ് തുറന്നായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP