Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജോസ് പോയതിനാൽ 15ൽ പത്ത് സീറ്റുകൾ എങ്കിലും വേണമെന്ന് ജോസഫ്; ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; യുഡിഎഫിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന 15 സീറ്റുകളും ഇടതു മുന്നണിയോട് ചോദിച്ച് ജോസ് കെ മാണി; പത്തിൽ കൂടുൽ പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം; ഇരു മുന്നണികളിലും സീറ്റ് തർക്കം തുടങ്ങി

ജോസ് പോയതിനാൽ 15ൽ പത്ത് സീറ്റുകൾ എങ്കിലും വേണമെന്ന് ജോസഫ്; ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; യുഡിഎഫിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന 15 സീറ്റുകളും ഇടതു മുന്നണിയോട് ചോദിച്ച് ജോസ് കെ മാണി; പത്തിൽ കൂടുൽ പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം; ഇരു മുന്നണികളിലും സീറ്റ് തർക്കം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസിലും പിളർപ്പും ചേരിതിരിവും ഇരുമുന്നണികളുടേയും സീറ്റ് വിഭജനത്തെ സ്വാധീനിക്കും. കേരളാ കോൺഗ്രസിന് നൽകേണ്ട സീറ്റുകളെ കുറിച്ച് ഇരു മുന്നണിയിലും ആശയക്കുഴപ്പമുണ്ട്. ചോദിക്കുന്നതെല്ലാം ആരും ആർക്കും കൊടുക്കില്ല. കെ എം മാണിയുടെ മരണവും കേരളാ കോൺഗ്രസിലെ ഭിന്നതയുമാണ് ഇതിന് കാരണം. രണ്ടില ചിഹ്നത്തിന്റെ അവകാശം നേടിയ ജോസ് കെ മാണി കേരളാ കോൺഗ്രസ് എമ്മിന്റെ യഥാർത്ഥ അവകാശവുമായി ഇടതുപക്ഷത്ത് എത്തുമെന്നാണ് സൂചന. പിജെ ജോസഫ് സ്വതന്ത്ര പാർട്ടിയായി യുഡിഎഫിൽ തുടരുകയുമാണ്. ഈ സാഹചര്യത്തിലാണ് രണ്ട് മുന്നണിയിലും സീറ്റ് വിഭജനം പ്രശ്‌നങ്ങൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുന്നത്.

യുഡിഎഫിൽ കേരളാ കോൺഗ്രസിന് 15 സീറ്റുകളിൽ മത്സരിക്കാൻ അവകാശമുണ്ടായിരുന്നു. ഇത്രയും സീറ്റും വേണമെന്നാണ് ഇടതുപക്ഷത്തിന് മുമ്പിൽ ജോസ് കെ മാണി വയ്ക്കുന്ന ആവശ്യം. എന്നാൽ ഇതിൽ പലതും സിപിഎമ്മിന്റേയും സിപിഐയുടേയും മറ്റ് ഘടകകക്ഷികളുടേയും സിറ്റിങ് സീറ്റുകളാണ്. ഇതൊന്നും കേരളാ കോൺഗ്രസിന് നൽകില്ല. പാലായുടെ കാര്യത്തിൽ മാത്രമേ വിട്ടുവീഴ്ചയുണ്ടാകൂ. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും തിരുവല്ലയും ജോസ് കെ മാണിക്ക് പ്രധാനപ്പെട്ടതാണ്. ഇതെല്ലാം വിട്ടുകൊടുക്കുമോ എന്നതാണ് അതിനിർണ്ണായകം. കുട്ടനാട്ടിലും യുഡിഎഫിൽ മത്സരിച്ചിരുന്നത് കേരളാ കോൺഗ്രസാണ്. ഈ അവകാശവാദം വിട്ടുകൊടുക്കാൻ ജോസ് കെ മാണി തയ്യാറാണ്. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം രണ്ടില ചിഹ്നത്തിന് എംഎൽഎമാരെ വേണമെന്നതാണ് ലക്ഷ്യം.

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ള സീറ്റുകൾ ജോസ് കെ മാണി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസിന് നൽകിയ സീറ്റുകളെല്ലാം അധികമായി നൽകാൻ ഇടതുപക്ഷം തയ്യാറായേക്കും. ഇതിനൊപ്പം ഇടുക്കിയും കാഞ്ഞിരപ്പള്ളിയും പാലായും അടക്കമുള്ള സീറ്റുകളും. പത്ത് സീറ്റ് പരമാവധി ജോസ് വിഭാഗത്തിന് നൽകാമെന്നതാണ് സിപിഎം നിർദ്ദേശം. ഇതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പിജെ ജോസഫും വിലപേശലിലാണ്. പത്ത് സീറ്റ് വേണമെന്നാണ് കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്. ജനാധിപത്യ കേരളാ കോൺഗ്രസുമായി എത്തിയ ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർക്ക് മത്സരിക്കാൻ അവസരമൊരുക്കാനാണ് ഇത്. ജോസഫിന്റെ പിടിവാശി യുഡിഎഫിനും പ്രതിസന്ധിയായി മാറും. ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകൾ മാത്രമേ നൽകൂവെന്നാണ് കോൺഗ്രസിന്റെ നിലപാട്.

ജോസഫ് ജോസ് വിഭാഗങ്ങൾ ഒറ്റപ്പാർട്ടിയായി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ 15 സീറ്റാണു യുഡിഎഫ് നൽകിയത്. പിളർന്ന ഈ കക്ഷികൾ അതേ എണ്ണം യുഡിഎഫിനും എൽഡിഎഫിനും മുന്നിൽ വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതിനെ വിലപേശലായി മാത്രമേ യുഡിഎഫും എൽഡിഎഫും കാണൂ. കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നുമായിട്ടില്ലെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് അതുണ്ടാകുമെന്നാണു സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. 18ന് എൽഡിഎഫ് യോഗം ഇക്കാര്യം പ്രാഥമികമായി ചർച്ച ചെയ്യും. ഇടഞ്ഞുനിൽക്കുന്ന സിപിഐ 23,24 തീയതികളിലെ നേതൃയോഗത്തിൽ മാത്രമേ ഇക്കാര്യത്തിൽ നിലപാടെടുക്കൂ. അതിനാൽ എൽഡിഎഫിന്റെ ഔദ്യോഗിക തീരുമാനം നീളാം.

തങ്ങൾ നൽകിയ രാജ്യസഭാസീറ്റ് രാജി വച്ചൊഴിയുമോ എന്ന ചോദ്യം യുഡിഎഫ് ഔദ്യോഗികമായി ജോസ് പക്ഷത്തോട് ഉന്നയിച്ചു കഴിഞ്ഞു. അതിന്റെ ആവശ്യമില്ലെന്നാണു പ്രതികരിച്ചതെങ്കിലും അക്കാര്യം ചർച്ചയിലാണെന്നാണു വിവരം. സിപിഎം നേതൃത്വത്തിന്റെ കൂടി നിർദ്ദേശം കണക്കിലെടുത്താകും അന്തിമ തീരുമാനം. പാലാ സീറ്റിൽ എംഎൽഎ മാണി സി കാപ്പനാണ്. ഈ രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നൽകി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് യുഡി എഫിൽ കിട്ടിയ 15 സീറ്റുകളിൽ 4 എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട്. ബാക്കി സീറ്റിൽ മാണി വിഭാഗം മത്സരിച്ചു. പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ. അന്നു മാണി വിഭാഗം നേതാവായിരുന്ന സി.എഫ്. തോമസ് എംഎൽഎ പിന്നീട് പാർട്ടി പിളർന്നപ്പോൾ ജോസഫ് പക്ഷത്തായി.

ഇരിങ്ങാലക്കുടയിൽ മത്സരിച്ച തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പം ചേർന്നു. സ്വാഭാവികമായും ആറു സീറ്റുകൾ അവകാശപ്പെടാൻ ജോസഫിന് അർഹതയുണ്ട്. എന്നാൽ അതുകൊണ്ടു ജോസഫ് വഴങ്ങില്ലെന്നു വ്യക്തം. മാണി വിഭാഗത്തിലെ പലരെയും ഇവിടേക്കു തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും സീറ്റ് അവകാശവാദം കൂടി ലക്ഷ്യമിട്ടാണ്. ഇതിനൊപ്പം ഫ്രാൻസിസ് ജോർജിനും ജോണി നെല്ലൂരിനും പോലും സീറ്റ് കൊടുക്കേണ്ടതുമുണ്ട്. ഇതാണ് ജോസഫിന്റെ കടുംപിടിത്തത്തിന് കാരണം.

കഴിഞ്ഞതവണ 11 സീറ്റ് കിട്ടിയ മാണി വിഭാഗം അതിൽ കൂടുതൽ എൽഡിഎഫിനോടു ചോദിക്കും. 15 സീറ്റുകളാകും ആവശ്യപ്പെടുക. 2016ൽ വന്ന ജനാധിപത്യ കേരള കോൺഗ്രസിനു 4 സീറ്റ് എൽഡിഎഫ് നൽകിയ സാഹചര്യത്തിൽ തങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതിനിടെ കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിടുന്നത് കോൺഗ്രസിന് കൂടുതൽ അവസരം സൃഷ്ടിക്കുമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. സ്ഥാപിത താൽപര്യത്തോടെയാണ് കേരളാ കോൺഗ്രസ് നേതാക്കൾ യു.ഡി.എഫ് വിടുന്നത്. കെ.എം മാണിയെ സ്‌നേഹിക്കുന്നവർ യു.ഡി.എഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു.

കേരളാ കോൺഗ്രസ് എം. മുന്നണിവിടുന്നതോടെ കാലങ്ങളായി അവസരങ്ങൾ നിഷേധിക്കപ്പെട്ട് യുഡിഎഫിന് വേണ്ടി പണിയെടുത്ത കോൺഗ്രസ് പ്രവർത്തകർക്ക് ഗുണമുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്വാർഥ താൽപര്യത്തിൽ ചില നേതാക്കൾ നടത്തിയ നീക്കങ്ങളാണ് കേരളാ കോൺഗ്രസ് എം യു.ഡി.എഫിൽനിന്ന് അകന്നുപോകാൻ കാരണം. കെ എം മാണിക്കൊപ്പം എല്ലാക്കാലവും ഉറച്ചുനിന്ന യു.ഡി.എഫ് പ്രവർത്തകരെ ജോസ് വിഭാഗം വഞ്ചിക്കുകയായിരുന്നു. കേരളാ കോൺഗ്രസ് എം കാലങ്ങളായി മൽസരിച്ചിരുന്ന കോട്ടയം ജില്ലയിലെ അടക്കമുള്ള മണ്ഡലങ്ങളിൽ മൽസരത്തിന് കോപ്പുകൂട്ടുകയാണ് കോൺഗ്രസ്. ഇതും പിജെ ജോസഫിന് തിരിച്ചടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP