Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉൾക്കടലിന്റെ അഭിനയ ആഴങ്ങളിലൂടെ വന്ന് മലയാളി ഹൃദയങ്ങൾ കൈയടക്കി; ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങളിലൂടെ തന്റെ സംവിധാന പ്രതിഭ തെളിയിച്ചു; വേണു നാ​ഗവള്ളിയുടെ ഓർമ്മകൾക്ക് പത്ത് വർഷം; ദീപ്ത സ്മരണയിൽ ചലച്ചിത്ര ലോകം

ഉൾക്കടലിന്റെ അഭിനയ ആഴങ്ങളിലൂടെ വന്ന് മലയാളി ഹൃദയങ്ങൾ കൈയടക്കി; ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങളിലൂടെ തന്റെ സംവിധാന പ്രതിഭ തെളിയിച്ചു; വേണു നാ​ഗവള്ളിയുടെ ഓർമ്മകൾക്ക് പത്ത് വർഷം; ദീപ്ത സ്മരണയിൽ ചലച്ചിത്ര ലോകം

മറുനാടൻ ഡെസ്‌ക്‌

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച കലാകാരനായിരുന്നു വേണു നാഗവള്ളി. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്ത് വർഷങ്ങൾ തികയുന്നു. വെള്ളിത്തിരക്ക് മുന്നിലും പിന്നിലും കഴിവ് തെളിയിച്ച ആ വലിയ കലാകാരന്റെ ഓർമ്മകൾക്ക് മുൻപിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം.

നാടകകൃത്തും എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന നാഗവള്ളി ആർ.എസ്‌. കുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്‌. ആകാശവാണിയിൽ അനൗൺസർ ആയാണ്‌ വേണു നാഗവള്ളിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1978 ൽ ഉൾക്കടൽ എന്ന ജോർജ്‌ ഓണക്കൂറിന്റെ നോവൽ കെ.ജി. ജോർജ് ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌.

നായക സങ്കൽപ്പങ്ങൾക്ക് നിയതമായൊരു ഘടന നിലനിന്ന കാലത്തായിരുന്നു വേണു നാഗവള്ളിയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. ആ സങ്കൽപ്പങ്ങളെയൊക്കെ പതിയെ പൊളിച്ചെഴുതുകയായിരുന്നു പിന്നീട് വേണു നാഗവള്ളി. ഉൾക്കടലിന്റെ അഭിനയ ആഴങ്ങളിലൂടെ വന്ന് മലയാളി ഹൃദയങ്ങൾ വേണു കൈയടക്കി. ഹിമശൈലസൈകത ഭൂമിയിൽ നിന്നും വന്നവൻ മലയാള സിനിമയുടെ പ്രകാശമായി മാറുകയായിരുന്നു. പുഴയിലേക്ക് ചാഞ്ഞ മരത്തിൽ ചാരിക്കിടന്ന് ഒരു വട്ടംകൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമെന്ന് ചൊല്ലിയ നായകൻ മലയാളത്തിലെ നഷ്ടബോധ കാമുകന്റെ പ്രതീകമായി മാറി. അന്ന് ഓരോ കാമുക ഹൃദയങ്ങളും വേണുവിലേക്ക് സ്വയം പരകായ പ്രവേശം ചെയ്ത് പ്രണയാർദ്രമായി തീരാൻ കൊതിച്ചു. അത്രമേൽ കാമുക ഹൃദയങ്ങളെ സ്വാധീനിക്കുന്നവയായിരുന്നു ആ വിഷാദം തുളുമ്പുന്ന കണ്ണുകളും സൗമ്യ പ്രകൃതവും എല്ലാം. ശാലിനി എന്റെ കൂട്ടുകാരി, ചില്ല്, അർച്ചന ടീച്ചർ, മീനമാസത്തിലെ സൂര്യൻ തുടങ്ങി ചിത്രങ്ങളിലെ വേണുവിന്റെ നായക കഥാപാത്രങ്ങൾ തങ്ങൾ തന്നെയെന്ന് സങ്കൽപ്പിച്ച് ഓരോ യൗവ്വനങ്ങളും സ്വപ്നസഞ്ചാരികളായി. നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധ പ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.

ശാലിനി എന്റെ കൂട്ടുകാരി, ഒരു സ്വകാര്യം, മീനമാസത്തിലെ സൂര്യൻ, പക്ഷേ, ചില്ല്‌ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേണു നാഗവള്ളി വേഷമിട്ടു. യവനിക, ഓമനത്തിങ്കൾ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാർത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വേണുവിന്റെ ചിത്രങ്ങളാണ്.

വിഷാദഭാവമുള്ള കാമുകവേഷങ്ങളാണ്‌ വേണു നാഗവള്ളിയെ ശ്രദ്ധേയനാക്കിയത്‌.എൻ. ശങ്കരൻ നായർ സംവിധാനം ചെയ്‌ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായി. തുടർന്ന്‌ ഗായത്രീദേവി എന്റെ അമ്മ, ഗുരുജി ഒരു വാക്ക്‌, ദൈവത്തെ ഓർത്ത്‌, അർഥം, അഹം, കിലുക്കം, വിഷ്‌ണു, എന്നീ ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥയൊരുക്കി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായ കിലുക്കത്തിന്റെ തിരക്കഥ വേണുവിന്റേതാണെന്ന് സിനിമാ പ്രേമികൾ അൽപം ആശ്ചര്യത്തോടെയാണ് ഇന്നും കേൾക്കുന്നത്. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന നർമബോധം അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയുടെ തെളിവാകുന്നു.

1986 ൽ സുഖമോ ദേവി എന്ന ചിത്രത്തിലൂടെ വേണു നാഗവള്ളി സംവിധായകന്റെ തൊപ്പിയണിഞ്ഞു. സർവകലാശാല, ലാൽ സലാം, ഏയ്‌ ഓട്ടോ, ആയിരപ്പറ, അയിത്തം, സ്വാഗതം, കിഴക്കുണരും പക്ഷി, അഗ്നിദേവൻ തുടങ്ങി ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങളിലൂടെ വേണു നാഗവള്ളി തന്റെ സംവിധാന പ്രതിഭ തെളിയിച്ചിട്ടുണ്ട്‌. 2009ൽ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത്‌ എന്ന സിനിമയാണ്‌ അവസാന സിനിമ സംരംഭം. ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത്‌ അദ്ദേഹമായിരുന്നു. 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവതയായിരുന്നു അവസാനമായി അഭിനയിച്ച ചിത്രം.

മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. 12 മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. സുഖമോ ദേവി മുതൽ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു. വളരെ ഹ്രസ്വമായ ജീവിതകാലയളവിൽ സിനിമയിൽ സർഗാത്മകതയുടെ നിത്യശോഭ പുതിയ തലമുറക്കായി കരുതിവെച്ച ഉജ്ജ്വല കലാകാരനായിരുന്നു വേണു നാഗവള്ളി. നഷ്ടപ്പെടലിന്റെ പത്താം വർഷത്തിൽ മലയാളികളുടെ ഇഷ്ട നടന്, സംവിധായകന്, എഴുത്തുകാരന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ഓർമ്മപ്പൂക്കൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP