Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയധാർമ്മികതയ്ക്കും തീർത്തും എതിരായിരുന്നു അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടി; ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയ്യാറാവണം; പന്തീരങ്കാവ് കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ ആദ്യമായി വിമർശിച്ച് മാർക്‌സിറ്റ് സൈദ്ധാന്തികൻ സുനിൽ പി ഇളയിടം

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയധാർമ്മികതയ്ക്കും തീർത്തും എതിരായിരുന്നു അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടി; ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയ്യാറാവണം; പന്തീരങ്കാവ് കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ ആദ്യമായി വിമർശിച്ച് മാർക്‌സിറ്റ് സൈദ്ധാന്തികൻ സുനിൽ പി ഇളയിടം

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാനത്തെ ഇടത് സർക്കാരിനെ ആദ്യമായി വിമർശിച്ച് വിമർശിച്ച് മാർക്‌സിറ്റ് സൈദ്ധാന്തികൻ സുനിൽ പി ഇളയിടം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട അലനും താഹക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സർക്കാരിനെ വിമർശിച്ച് സുനിൽ പി ഇളയിടം രം​ഗത്തെത്തിയത്. ഇരുവർക്കും ജാമ്യം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുനിൽ പി ഇളയിടം സർക്കാരിനെ വിമർശിക്കുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയധാർമ്മികതയ്ക്കും തീർത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും UAPA ചുമത്തി ജയിലിലടച്ച നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയ്യാറാവണം എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ആവശ്യപ്പെടുന്നു.

വിവാദമായ പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫൈസലിനും എൻഐഎ കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അലനും താഹക്കും ജാമ്യം അനുവദിച്ചത്. പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിക്കുന്നത്. വിയ്യൂർ ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. മാതാപിതാക്കളിൽ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടുമടക്കമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല എന്നും എല്ലാ മാസവും സ്‌റ്റേഷനിൽ ഒപ്പ് വെക്കണമെന്നും നിർശേദമുണ്ട്.

അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തയത് കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അലനും താഹയും സിപിഎം പ്രവർത്തകരല്ല, മാവോവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സിപിഎം പ്രവർത്തകരായ ഇവരെ പാർട്ടി കോഴിക്കോട് ജില്ലാ നേതൃത്വവും തള്ളിപ്പറഞ്ഞിരുന്നു. ജനുവരിയിൽ എറണാകുളം പ്രത്യേക എൻ.ഐ.ഐ കോടതിയിൽ ഹാജരാക്കിയപ്പോൾ 'ഞങ്ങൾ മാവോവാദികളെങ്കിൽ മുഖ്യമന്ത്രി തെളിവ് തരൂ'വെന്ന് അലനും താഹയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് പോലും സിപിഎമ്മിനുവേണ്ടി പ്രവർത്തിച്ചവരാണെന്നും ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും കോടതിയിൽനിന്ന് പുറത്തിറങ്ങവെ ഇരുവരും പറഞ്ഞിരുന്നു.

കേസിൽ കാര്യമായ തെളിവുകളൊന്നും ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞിരുന്നില്ല. താഹയുടെ വീട്ടിൽനിന്ന് പിടികൂടിയതെന്ന് പറയുന്ന കുറച്ച് പോസ്റ്ററുകളും ലഘുലേഖകളും മാത്രമാണ് ഇപ്പോഴും ഇവർക്കെതിരെ ആകെയുള്ള തെളിവായി ചൂണ്ടിക്കാട്ടിയത്. ഇത് കേസിൽ മതിയായ തെളിവുകൾ ആയിരുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കാൻ ശ്രമം നടക്കുന്നതായി കേസിലെ ഒന്നാം പ്രതി അലൻ ഷുഹൈബ് എൻഐഎ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തിയിരിരുന്നു. കൂട്ടുപ്രതിയായ താഹ ഫസലിനെതിരെ മൊഴി നൽകാനാണ് സമ്മർദ്ദമെന്നും എന്നാൽ താനതിന് തയ്യാറല്ലെന്നുമാണ് അലൻ മുമ്പ് വീഡിയോ കോൺഫറൻസിലൂടെ കോടതിയോട് പറഞ്ഞത്.

കേസിൽ കഴിയുന്ന ഉസ്മാൻ എന്നയാളാണ് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് എൻഐഎ വാദിച്ചിരുന്നത്. . ഇവർ മൂന്ന് പേരും ചേർന്ന് ഒരു ആക്ഷനിലും പങ്കെടുത്തിട്ടില്ല. എന്നിട്ടും ഉസ്മാനെ കേസിലെ ഒന്നാം പ്രതിയാക്കിയിട്ടില്ല. താഹയുടെ വീട്ടിൽ നിന്നും പോസ്റ്ററുകളും ബാനറുകളും മറ്റ് രേഖകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. അലന്റെ വീട്ടിൽ നിന്നോ കയ്യിൽ നിന്നോ യാതൊരു രേഖകളും പിടിച്ചെടുത്തിട്ടില്ല. പക്ഷെ അലനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നു. താഹ രണ്ടാം പ്രതിയുമായിരുന്നു.

അലനെയും താഹയെയും അറസ്റ്റു ചെയ്തത് സിപിഎമ്മനുള്ളിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി അംഗങ്ങളായ രണ്ടു ചെറുപ്പക്കാരെ യാതൊരു കാരണവും ഇല്ലാതെ എൻഐഎക്ക് എറിഞ്ഞുകൊടുത്തു എന്ന ഗുരുതരമായ ആരോപണം ശക്തമായിരുന്നു. എന്നാൽ, പിന്നീട് ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കി സർക്കാർ നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് സിപിഎം ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് മാർക്‌സിറ്റ് സൈദ്ധാന്തികൻ സുനിൽ പി ഇളയിടം സർക്കാരിനും ഇടത് പക്ഷത്തിനും എതിരെ വിമർശനമുയർത്തി രം​ഗത്തെത്തിയിരിക്കുന്നത്.

സുനിൽ പി ഇളയിടത്തിന്റെ പോസ്റ്റ് ഇങ്ങനെ...

താഹയ്ക്കും അലനും ജാമ്യം ലഭിച്ചതിൽ സന്തോഷം.
ആശ്വാസം .
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും
രാഷ്ട്രീയധാർമ്മികതയ്ക്കും
തീർത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും UAPA ചുമത്തി ജയിലിലടച്ച നടപടി.
ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയ്യാറാവണം.
ഭരണകൂടഭീകരതയുടെ ഇരകളായി,
അന്യായമായി UAPA ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷം മുന്നിട്ടിറങ്ങണം.

താഹയ്ക്കും അലനും ജാമ്യം ലഭിച്ചതിൽ സന്തോഷം. ആശ്വാസം . ഇടതുപക്ഷത്തിന്റെ...

Posted by Sunil Elayidom on Wednesday, September 9, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP