Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ.എം. മാണിയുടെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചു; അവിശ്വാസ പ്രമേയത്തിലെ നിലപാട് യുഡിഎഫ് ഒരിക്കൽ പോലും ചർച്ച ചെയ്തിട്ടില്ല; നാൽപതു വർഷം ഒപ്പം നിന്ന യുഡിഎഫിനെ ചതിച്ചിട്ടില്ല; പാലായിൽ പി.ജെ. ജോസഫും യുഡിഎഫും നടത്തിയതാണ് രാഷ്ട്രീയ വഞ്ചന; ഉറപ്പു നൽകിയ രണ്ടില ചിഹ്നം നൽകാൻ പോലും കോൺഗ്രസിന് ആയില്ല; ചതി കേരളാ കോൺഗ്രസിന്റെ സംസ്‌കാരമല്ല; മാണിയുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ജോസ്.കെ.മാണി

കെ.എം. മാണിയുടെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചു; അവിശ്വാസ പ്രമേയത്തിലെ നിലപാട് യുഡിഎഫ് ഒരിക്കൽ പോലും ചർച്ച ചെയ്തിട്ടില്ല; നാൽപതു വർഷം ഒപ്പം നിന്ന യുഡിഎഫിനെ ചതിച്ചിട്ടില്ല; പാലായിൽ പി.ജെ. ജോസഫും യുഡിഎഫും നടത്തിയതാണ് രാഷ്ട്രീയ വഞ്ചന; ഉറപ്പു നൽകിയ രണ്ടില ചിഹ്നം നൽകാൻ പോലും കോൺഗ്രസിന് ആയില്ല; ചതി കേരളാ കോൺഗ്രസിന്റെ സംസ്‌കാരമല്ല; മാണിയുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ജോസ്.കെ.മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് എം കോൺഗ്രസിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. ജോസ് വിഭാഗം കോൺഗ്രസിനെ വഞ്ചിച്ചെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു മറുപടി നൽകുകയായിരുന്നു ജോസ് കെ. മാണി. 'നാൽപതു വർഷം ഒപ്പംനിന്ന യുഡിഎഫിനെ ചതിച്ചിട്ടില്ല. പാലായിൽ പി.ജെ. ജോസഫും യുഡിഎഫും നടത്തിയതാണ് രാഷ്ട്രീയ വഞ്ചന. ഉറപ്പു നൽകിയ രണ്ടില ചിഹ്നം നൽകാൻ പോലും കോൺഗ്രസിന് ആയില്ല. ചതി കേരളാ കോൺഗ്രസിന്റെ സംസ്‌കാരമല്ല. യുഡിഎഫിലെ എല്ലാ ധാരണകളും ഇന്നോളം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ട്.

പാലാ തോൽവി സംബന്ധിച്ച് അന്വേഷണം നടത്താനുള്ള ആവശ്യം ചർച്ച ചെയ്തില്ല. പദവികൾ രാജി വയ്‌ക്കേണ്ട കാര്യമില്ല. കെ.എം. മാണിയുടെ മരണ ശേഷം കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ ഗൂഢാലോചന പുറത്തു വന്നു. കെ.എം. മാണിയുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് സർട്ടിഫിക്കറ്റ് ആവശ്യമില്ല. യുഡിഎഫ് തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത്.

കെ.എം. മാണിയുടെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചു. അവിശ്വാസ പ്രമേയത്തിലെ നിലപാട് യുഡിഎഫ് ഒരിക്കൽപോലും ചർച്ച ചെയ്തിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടാൻ കരാറില്ല. ഉചിതമായ സമയത്ത് തീരുമാനം എടുക്കും. കുട്ടനാട് നിലപാടും പന്നീട് പ്രഖ്യാപിക്കും.' ജോസ് കെ. മാണി പറഞ്ഞു.

അതേസമയം, ജോസ് കെ മാണി എംപി.സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി മാറുമ്പോൾ രാജ്യസഭാ സ്ഥാനം ഒഴിഞ്ഞു മാന്യത കാണിക്കണമെന്നും രമേശ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫലത്തിൽ ജോസ് കെ. മാണി പക്ഷത്തെ യു.ഡി.എഫ് തള്ളിയിരിക്കുകയാണ്. ജനദ്രോഹ സർക്കാരിനെതിരെ നിലപാട് എടുക്കാനുള്ള അവസരം ജോസ് പക്ഷം ഇല്ലാതാക്കിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയിൽനിന്ന് പുറത്താക്കിയെന്ന് പരസ്യമായി യു.ഡി.എഫ്. പറഞ്ഞിട്ടില്ല. സാങ്കേതികമായി അവർ പുറത്ത് എന്നതുതന്നെയാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിനെ വഞ്ചിച്ചവരാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിയമസഭയിൽനിന്ന് വിട്ടുനിന്ന ജോസ് മാണി വിഭാഗം മുന്നണിയെ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

കെ.എം. മാണി എക്കാലത്തും യു.ഡി.എഫിൽ തുടരാൻ ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അപക്വമായ നിലപാടെടുക്കാൻ ജോസ് കെ. മാണിക്ക് കഴിയുമായിരുന്നില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബാർ കോഴ സംഭവത്തിൽ രാഷ്ട്രീയ പിന്തുണ നൽകിയത് യു.ഡി.എഫാണ്. അന്ന് രാഷ്ട്രീയമായി കെ.എം. മാണിയെ ആക്രമിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച എൽ.ഡി.എഫുമായാണ് രാഷ്ട്രീയ ബാന്ധവത്തിന് ജോസ് കെ. മാണി ശ്രമിക്കുന്നതെന്നും അത് ശരിയാണോയെന്ന് അവർ തന്നെ മുന്നണിയോട് പറയണം. കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജോസ് കെ. മാണി വിഭാഗം ഇനി യു.ഡി.എഫിൽ തുടരുന്നത് ശരിയാണോ എന്ന് ജനങ്ങൾ ചിന്തിക്കും അതിനും ജോസ് വിഭാഗം മറുപടി നൽകണം. അതേസമയം യു.ഡി.എഫിൽ തുടരാൻ ആഗ്രഹിക്കുന്ന ജോസ് വിഭാഗം നേതാക്കളുണ്ടെങ്കിൽ അവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന വാഗ്ദാനവും യു.ഡി.എഫ്. മുന്നോട്ടുവച്ചു. ഉപതിരഞ്ഞെടുപ്പുകൾക്കുള്ള രണ്ടു സ്ഥാനാർത്ഥികളെയും യു.ഡി.എഫ്. പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോണും കുട്ടനാട്ടിൽ ജേക്കബ് എബ്രഹാമും മത്സരിക്കും. രണ്ടു പേരും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഈ സീറ്റുകളിൽ പരാജയപ്പെട്ടവരാണ്.

ജോസുമായി ഇനി ചർച്ചയില്ല

ജോസ് കെ മാണി വിഭാഗവുമായി കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് യോഗത്തിന്റെ പൊതുനയം. ജോസ് വിഭാഗത്തെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയോട് അടുത്ത് കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. യുഡിഎഫ് പുറത്താക്കിയത് അല്ല അവർ സ്വയം പുറത്തു പോയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും മുന്നണിയോഗത്തിൽ ധാരണയായിട്ടുണ്ട്. വോട്ട് വാങ്ങി എം പി യും എം എൽ എ യുമായ ജോസ് വിഭാഗം യു ഡി എഫിനൊപ്പം നിൽക്കണമായിരുന്നു. അതിന് പകരം മുന്നണിയെ വഞ്ചിക്കുകയാണ് ജോസ് കെ മാണി ചെയ്തതെന്നും വിലയിരുത്തലുണ്ടായി.

അയോഗ്യത: കേരള കോൺ വെള്ളിയാഴ്ച സ്പീക്കർക്ക് കത്ത് നൽകും

പാർട്ടി വിപ്പ് ലംഘിച്ച പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം വെള്ളിയാഴ്ച സ്പീക്കർക്ക് കത്ത് നൽകും. റോഷി അഗസ്റ്റിൻ എംഎൽഎയാകും കത്ത് നൽകുക. അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ച് ഇരുവരും വോട്ട് ചെയ്തതിനെതിരേയാണ് നടപടി ആവശ്യപ്പെടുന്നത്. അതേസമയം നിയമസഭയിൽ ഹാജരാകാതിരുന്ന സി.എഫ്.തോമസിനെതിരേ നടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

ജോസഫിനെയും മോൻസിനെയും അയോഗ്യരാക്കാൻ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.

രണ്ടില പോയതിനെതിരെ ജോസഫിന്റെ ഹർജി

കേരള കോൺഗ്രസ്-എം എന്ന പാർട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് നൽകിയതിനെതിരേ പി.ജെ.ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും പുനപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വസ്തുതകൾ പരിശോധിച്ചല്ല് കമ്മീഷൻ തീരുമാനമെടുത്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജോസ് കെ. മാണി പാർട്ടിയുടെ ചെയർമാൻ സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചും ജോസഫ് പക്ഷം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കമ്മീഷൻ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP