Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്; ജേക്കബ് എബ്രഹാം ഐക്യ മുന്നണി സ്ഥാനാർത്ഥിയാകും; ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്; ജോസ് കെ മാണി സ്വയം പുറത്തു പോയെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജോസ് വിഭാഗവുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി അടഞ്ഞു

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്; ജേക്കബ് എബ്രഹാം ഐക്യ മുന്നണി സ്ഥാനാർത്ഥിയാകും;  ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്; ജോസ് കെ മാണി സ്വയം പുറത്തു പോയെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജോസ് വിഭാഗവുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി അടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട് സീറ്റിൽ ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. യുഡിഎഫ് യോഗമാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ ധാരണയായത്. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. ജോസ് വിഭാഗത്തോട് ഇനിയൊരു ചർച്ചയോ സംവാദമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും ജേക്കബ് എബ്രഹാം വ്യക്തമാക്കി.

വെർച്വൽ യു.ഡി.എഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കന്റോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരേയും കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാമായിരുന്നു.അതേസമയം ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ പി.ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് പി.ജെ ജോസഫിന്റെ ഹർജിയിൽ പറയുന്നു.വസ്തുതകൾ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് പക്ഷത്തിന് ചിഹ്നം അനുവദിച്ചത്. 450 അംഗ സംസ്ഥാന സമിതിയിൽ 305 പേരുടെ നിലപാട് മാത്രം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. കേരള കോൺഗ്രസ് എം ചെയർമാൻ ആയി ചുമതല ഏൽക്കുന്നതിൽ നിന്ന് മജിസ്ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

അതേസമയം എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എൻ.സി.പി സ്ഥാനാർത്ഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തുടർനടപടികൾക്കു ചെയർമാൻ ജോസ് കെ.മാണിയെ കഴിഞ്ഞ ദിവസം പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സിപിഐയുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസിനെ (എം) എൽഡിഎഫ് തിരക്കിട്ട് ഘടകകക്ഷിയായി പരിഗണിക്കുമോയെന്ന് ഉറപ്പില്ല. അങ്ങനെയെങ്കിൽ പുറത്തു നിർത്തി സഹകരിപ്പിക്കാനാകും ആദ്യഘട്ട തീരുമാനം. ഐഎൻഎൽ, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങി ഈയിടെ എൽഡിഎഫിലെത്തിയ കക്ഷികൾ ആദ്യം ഈ ഗണത്തിലായിരുന്നു. സിപിഎമ്മും ജോസ് കെ.മാണിയും തമ്മിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിർത്തി ജില്ലകളിൽ അനൗപചാരിക സംഭാഷണങ്ങൾ തുടങ്ങി

വിട്ടുപോകുന്നുവെങ്കിൽ മുന്നണിയിൽനിന്നു ലഭിച്ച സ്ഥാനമാനങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം യുഡിഎഫിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് രാജിവയ്ക്കാൻ തയാറുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ വെല്ലുവിളി നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യമായി ഉയർത്തിയതാണ്. യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് അവിടം വിട്ട് എൽഡിഎഫിലെത്തിയപ്പോൾ എംപി. വീരേന്ദ്രകുമാർ രാജിവച്ച മാതൃകയാകും എടുത്തുകാട്ടുക. അതുകൊണ്ട് തന്നെ ജോസ് കെ മാണി രാജിവെക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ, പാലാ സീറ്റ് തനിക്ക് ലഭിച്ചാൽ മാത്രമേ ആ നീക്കത്തിന് മാണി തയ്യാറാകുകയുള്ളൂ. കേരളാ കോൺഗ്രസിന് ഏറെ വൈകാരികത ഈ സീറ്റുമായി ബന്ധപ്പെട്ടുണ്ടെന്ന കാര്യം ജോസ് കെ മാണി ഇടതു മുന്നണിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സീറ്റുകളുടെ കാര്യത്തിൽ വ്യക്തത വരുത്തി എൽഡിഎഫുമായി അടുക്കാനാണു കേരള കോൺഗ്രസിന് (എം) താൽപര്യം. കഴിഞ്ഞ തവണ ഒറ്റപ്പാർട്ടിയായി നിന്നപ്പോൾ യുഡിഎഫിൽ 15 സീറ്റാണു ലഭിച്ചത്. അതിൽ ജോസഫ് വിഭാഗത്തിന്റെ നാലെണ്ണമൊഴികെ പതിനൊന്നിൽ മാണി വിഭാഗം മത്സരിച്ചു. നിലവിൽ ജോസ് വിഭാഗത്തിനൊപ്പം നിൽക്കുന്ന എംഎൽഎമാരായ റോഷി അഗസ്റ്റിൻ (ഇടുക്കി), എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവർക്കു സ്വാഭാവികമായും എൽഡിഎഫ് സീറ്റ് നൽകേണ്ടി വരും. 2016 ലെ 15 സീറ്റ് തന്നെ പാർട്ടി എൽഡിഎഫിനോടും ആവശ്യപ്പെടാനാണു സാധ്യത. അതേസമയം ജയരാജിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫിൽ സിപിഐ മത്സരിക്കുന്നതാണ്. കഴിഞ്ഞ തവണ അവർ മത്സരിച്ച 7 സീറ്റുകളിൽ നിലവിൽ എൽഡിഎഫിന്റെ എംഎൽഎമാരുണ്ടു താനും.

മുമ്പ് വിജയിച്ചിരുന്നതും എന്നാൽ, ഇപ്പോൾ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളുമായ ഏറ്റുമാനൂർ അടക്കമുള്ള സീറ്റുകളാണ് ഇടതു മുന്നണിക്ക് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ പ്രായം. പാലയിൽ മാണി സി കാപ്പന് രാജ്യസഭാ സീറ്റു നൽകി കൊണ്ട് തങ്ങൾക്ക് വിട്ടു നൽകണം എന്നാകും ജോസ് കെ മാണിയുടെ ആവശ്യം. നിലവിൽ മൂന്ന് കേരള കോൺഗ്രസുകൾ ഇടതുമുന്നണിയിലുണ്ട്. ഇവർക്കെല്ലാംകൂടി ആറുസീറ്റാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയത്. ആർ.എസ്‌പി.യും എൽ.ജെ.ഡി.യും മുന്നണിവിട്ടതിന്റെ പശ്ചാത്തലത്തിൽ അന്ന് ഇവർക്ക് സീറ്റ് അനുവദിക്കുന്നതിൽ എൽ.ഡി.എഫിന് പ്രയാസമുണ്ടായിരുന്നില്ല. എൽ.ജെ.ഡി. തിരിച്ചെത്തി. ഇതിനുപുറമേയാണ് ജോസ് കെ. മാണി വിഭാഗത്തെയും മുന്നണിയുടെ ഭാഗമാക്കേണ്ടിവരുന്നത്. ഇതിന് എല്ലാ കക്ഷികളും വിട്ടുവീഴ്ചചെയ്യണമെന്നാണ് സിപിഎമ്മിന്റെ നിലപാട്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് കേരള കോൺഗ്രസും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്നത്. ഈ സീറ്റു വിട്ടുകൊടുക്കാൻ സിപിഐ ആദ്യം തയ്യാാകുമോ എന്നാണ് അറിയേണ്ടത്. ഇവിടെ ജോസ് കെ. മാണി വിഭാഗത്തിലെ ഡോ. എൻ. ജയരാജാണ് എംഎൽഎ. അതിനാൽ, ഈ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കേണ്ടിവരും. അതിന് ഇതുവരെ മനസ്സുകൊണ്ട് സിപിഐ. സന്നദ്ധമായിട്ടില്ല. എന്നാൽ, മുന്നണിയിലുണ്ടാകുന്ന പൊതുധാരണയനുസരിച്ച് ചിലപ്പോൾ വിട്ടുവീഴ്ചകളുണ്ടായേക്കാമെന്നാണ് സിപിഐ. നൽകുന്ന സൂചന. മലബാറിൽ പേരാമ്പ്ര സീറ്റിൽ കഴിഞ്ഞ തവണ ഇഖ്ബാൽ എന്ന കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ശക്തമായ മത്സരം കാഴ്‌ച്ചവെച്ചിരുന്നു. എന്നാൽ, ഈ സീറ്റ് സിപിഎം വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്. അതേസമയം തിരുവല്ല, ഇരിങ്ങാലക്കുട സീറ്റും കിട്ടാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ജോസഫ് എം പുതുശ്ശേരി അടക്കമുള്ളവരെ തൃപ്തിപ്പെടുത്തൽ ജോസ് കെ മാണിക്ക് വെല്ലുവിൽഉയർത്തുന്ന കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP