Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാഷൻ ജുവല്ലറി തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎയുടെയും പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ്; ജൂവലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തുവെന്ന് പൊലീസ്; 132 കോടിയുടെ ജൂവലറി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം മുറുകവേ എംഎൽഎയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവും; വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ലീഗ് നേതൃത്വം; എം സി കമറുദ്ദീനെ പാണക്കാട് തങ്ങൾ വിളിപ്പിച്ചു; മലപ്പുറത്തെത്തി വിശദീകരണം നൽകാൻ നിർദ്ദേശം

ഫാഷൻ ജുവല്ലറി തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎയുടെയും പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ്; ജൂവലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തുവെന്ന് പൊലീസ്; 132 കോടിയുടെ ജൂവലറി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം മുറുകവേ എംഎൽഎയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവും; വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ലീഗ് നേതൃത്വം; എം സി കമറുദ്ദീനെ പാണക്കാട് തങ്ങൾ വിളിപ്പിച്ചു; മലപ്പുറത്തെത്തി വിശദീകരണം നൽകാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: 132 കോടി രൂപയുടെ ഫാഷൻ ജുവല്ലറി തട്ടിപ്പു കേസിൽ മുസ്ലിംലീഗ് എംഎൽഎ എം സി കമറുദ്ദീന് മേൽ കുരുക്കു മുറുകുന്നു. ജൂവലറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. എംസി കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് റെയ്ഡ്. ചന്തേര സി ഐ യുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

റെയ്ഡ് നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ജൂവലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലിംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു. ജൂവലറി നിക്ഷേപകരുടെ പരാതിയിലാണ് മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുസ്ലിംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേർ നിക്ഷേപമായി നൽകിയ 73 ലക്ഷം തട്ടിയെന്നാണ് കേസ്. കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അടക്കം എംഎൽഎക്കെതിരെ 13 വഞ്ചന കേസുകൾ നിലവിലുണ്ട്.

വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലിംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

അതേസമയം കേസിലെ അന്വേഷണം മുന്നോട്ടു പോകവെ ലീഗ് നേതാവിനെ അറസ്റ്റു ചെയ്യുന്ന സാഹചര്യം ഉണ്ടായായതോടെ എംഎൽഎയ ലീഗ് നേതൃത്വം വിളിപ്പിച്ചു. പാണക്കാട് തങ്ങളെ കണ്ട് വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കില്ല. അല്ലാത്ത പക്ഷം കമറുദ്ദീനെതിരെ നടപടി കൈക്കൊള്ളാനാണ് പാർട്ടി ഒരുങ്ങുന്നത്. ലീഗിനെതിരായ ആയുധമായി വിഷയം സിപിഎം ഉപയോഗിക്കുന്നുണ്ട്. എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വം നിർദ്ദേശം നൽകിയതോടെ പാർട്ടിയും അദ്ദേഹത്തെ കൈവിടുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജൂവലറിയുടെ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കള്ളാർ സ്വദേശികളായ സുബീറും അഷ്‌റഫും നിക്ഷപമായി നൽകിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടർന്ന് ജൂവലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവർക്കുമായി അഞ്ച് ചെക്കുകൾ നൽകി. എന്നാൽ ചെക്ക് മാറാൻ ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല.

തുടർന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസിൽ എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ കോടതി സമൻസ് അയച്ചിട്ടുണ്ട്. കണ്ണൂർ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരിൽ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയിൽ ചന്തേര പൊലീസ് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. അഞ്ച് പേരിൽ നി്ന്നായി 75 ലക്ഷം തട്ടിയെന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ വന്ന സമാന പരാതികൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

2003 ൽ ചെറുവത്തൂരിൽ തുടങ്ങിയ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ജൂവലറിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പാണ് എം.സി.കമറുദ്ദീനെ വിവാദച്ചുഴിയിലാക്കിയത്. എം.സി ഖമറുദ്ദീൻ ചെയർമാനും ടി.കെ പൂക്കോയ തങ്ങൾ എംഡിയുമായാണ് ജൂവലറിക്ക് തുടക്കമിട്ടത്. കേസും കൂട്ടവുമായതോടെ എംഎൽഎ മുങ്ങിയെന്നാണ് ജനസംസാരം. ഓഗസ്റ്റിൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ എം.സി.കമറുദ്ദീൻ പറഞ്ഞത് ഇങ്ങനെ:'2019 -ൽ ബ്രാഞ്ചുകൾ പൂട്ടി. സ്വത്തുവകകൾ വിറ്റ് പ്രശ്നം പരിഹരിക്കാനിരുന്നതാണ്. ലോക് ഡൗൺ ചെറിയ തടസ്സമായി. പിന്നീട് ഷെയർ ഹോൾഡേഴ്സിനെ വിളിച്ച് കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. മൂന്ന് മാസം കൊണ്ട് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതാണ്. എന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിലവിലെ കേസ്. ഫാഷൻ ഗോൾഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. കൊടുത്ത് തീർക്കാനുള്ളവരുടെ പണം ഉടൻ കൊടുത്തുതീർക്കും- കമറുദ്ദീൻ അന്ന് പറഞ്ഞു. എന്നാൽ ഒന്നും തന്നെ നടന്നില്ല.

കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ടതോടെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പകരക്കാരെ തേടുകയാണ്. ലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ.അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്. മുൻ എംഎൽഎ പി ബി അബ്ദുൽ റസാഖ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് കമറുദ്ദീൻ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച കമറുദ്ദീൻ യുഡിഎഫ് ജില്ലാ ചെയർമാൻ ആയി തുടരുകയായിരുന്നു.

ഒന്നര വർഷം മുൻപ് സ്ഥാപനം പൂട്ടി പോയതോടെ തുക തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ 17 പേർ നിലവിൽ പൊലീസിൽ പരാതി നൽകി. ചന്തേര പൊലീസ് സ്റ്റേഷനിൽ 12 ഉം, കാസർഗോഡ് ടൗൺ സ്റ്റേഷനിൽ 5 ഉം കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊത്തം ഒരു കോടി 83 ലക്ഷം രൂപ തിരിച്ചു കിട്ടാനുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. 800 ഓളം നിക്ഷേപകരിൽ നിന്ന് 132 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിയമ വിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചതിന് സിവിൽ, ക്രിമിനൽ കേസുകൾ വേറെയുമുണ്ട്. അഞ്ച് ചെക്കുകേസുകളിൽ നേരിട്ട് ഹാജരാകാൻ ഹൊസ്ദുർഗ് മജിസ്‌ട്രേട്ട് കോടതി സമൻസ് അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP