Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി അസ്സലായി അനിയാ എന്നു പറഞ്ഞതാണ്; വെൽഡൺ ബ്രദർ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം; രണ്ടുദശാബ്ദങ്ങൾ മുമ്പ് 'അമ്മയുടെ' വാർത്താസമ്മേളനത്തിൽ മമ്മൂട്ടിയും പത്രക്കാരും തമ്മിൽ വാക്കുതർക്കം; അന്നത്തെ അലങ്കോലത്തിന് പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയോട് മാപ്പ് ചോദിക്കുന്നു: ബാബു രാജ് കൃഷ്ണൻ എഴുതുന്നു

എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി  അസ്സലായി അനിയാ എന്നു പറഞ്ഞതാണ്; വെൽഡൺ ബ്രദർ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം; രണ്ടുദശാബ്ദങ്ങൾ മുമ്പ് 'അമ്മയുടെ' വാർത്താസമ്മേളനത്തിൽ മമ്മൂട്ടിയും പത്രക്കാരും തമ്മിൽ വാക്കുതർക്കം; അന്നത്തെ അലങ്കോലത്തിന് പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയോട് മാപ്പ് ചോദിക്കുന്നു: ബാബു രാജ് കൃഷ്ണൻ എഴുതുന്നു

ബാബു രാജ് കൃഷ്ണൻ

 മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ് തികയുന്നു. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ ഒരു മാപ്പപേക്ഷയാണ് ഈ കുറിപ്പ്. മമ്മുട്ടിയുടെ സിനിമകൾ കാണുന്നയാൾ എന്നതിനപ്പുറം അടുപ്പമോ പരിചയമോ ഒന്നും അദ്ദേഹത്തോടില്ല. അദ്ദേഹത്തിന്റെ പ്രതിഭ ആസ്വദിക്കുന്ന ദശലക്ഷക്കണക്കിനു കലാസ്വാദകരിൽ ഒരാൾ മാത്രമാണ് ഞാനും.. അങ്ങിനെയുള്ള ഒരാൾ എന്തിനു മമ്മുട്ടിയോടു മാപ്പു ചോദിക്കുന്നു എന്ന സന്ദേഹം സ്വാഭാവികം.

രണ്ടു ദശാബ്ദങ്ങൾക്കു മുൻപാണ്. മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ രൂപീകരിച്ച സംഘടനയായ ''അമ്മ 'അവരുടെ ധനശേഖരണാർത്ഥം കേരളത്തിൽ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നു. അവശത അനുഭവിക്കുന്ന സിനിമക്കാരെ സഹായിക്കാനുള്ള ഫണ്ട് രൂപീകരണമായിരുന്നു ലക്ഷ്യം. കൊച്ചിയിൽ നടത്തിയ ആദ്യ ഷോ വമ്പിച്ച വിജയമായിരുന്നു. അതുകഴിഞ്ഞു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷോ നടത്താൻ തീരുമാനിച്ചു. മാധ്യമം കോഴിക്കോട് ബ്യുറോയിൽ ചീഫ് റിപ്പോർട്ടർ ആണ് ഞാനന്ന്.

പി എം ഉതുപ്പിന്റെ മലബാർ പാലസ് ഹോട്ടൽ ആയിരുന്നു റിഹേഴ്സൽ കേന്ദ്രവും താരങ്ങളുടെ താമസ സ്ഥലവും. പത്രങ്ങളിൽ ഷോയെ കുറിച്ച് ദിവസവും വാർത്തകൾ വന്നുകൊണ്ടിരുന്നു. മമ്മൂട്ടി ഷോയിൽ പങ്കെടുക്കുമെന്നും സംസ്ഥാനത്തിന് പുറത്തു ഷൂട്ടിങ്ങിൽ ആയതിനാൽ മോഹൻലാൽ ഉണ്ടാകില്ലെന്നുമുള്ള വാർത്തകൾ വന്നു. ഷോയുടെ രണ്ടു ദിവസം മുൻപ് മലബാർ പാലസിൽ സംഘാടകർ വാർത്താ സമ്മേളനം വിളിച്ചു. വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പത്രക്കാരുടെ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. പരിപാടി ബ്രീഫ് ചെയ്യുന്നത് മമ്മൂട്ടി ആണെന്നും അദ്ദേഹം ഉടനെ എത്തുമെന്നും നടൻ ജഗദീഷ് അറിയിച്ചു.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഹാളിൽ ഉണ്ടായിരുന്നു. മമ്മൂട്ടി എത്തിയതോടെ വാർത്താ സമ്മേളനം തുടങ്ങി. അമ്മയുടെ ആഭിമുഖ്യത്തിൽ ഒരു ഷോ നടത്തുന്നു എന്നതിനപ്പുറം വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല. അതിനാൽ പത്രക്കാരുടെ ഭാഗത്തു നിന്ന് സ്വാഭാവികമായും ചോദ്യങ്ങൾ ഉയർന്നു. അതിനോട് പരിഹാസ രൂപത്തിലാണ് മമ്മൂട്ടി പ്രതികരിച്ചത്. ഓർമയിൽ വരുന്ന രണ്ടോ മൂന്നോ ചോദ്യങ്ങളും ഉത്തരവും ഇങ്ങിനെ ...എത്ര പേരാണ് ഈ മെഗാഷോയിൽ പങ്കെടുക്കുന്നത് ? എണ്ണി നോക്കിയിട്ടില്ല ..., എന്തൊക്കെയാണ് പ്രധാന പരിപാടികൾ ? അതു അവതരിപ്പിക്കുമ്പോൾ അറിയാം ....., കൊച്ചിയിലെ ഷോ തന്നെ ആയിരിക്കുമോ ഇവിടെ ? അതിനു നിങ്ങൾ കൊച്ചിയിലെ ഷോ കണ്ടോ ... ഇങ്ങിനെ ചോദ്യങ്ങളോട് മോശമായ രീതിയിൽ മമ്മൂട്ടി പ്രതികരിച്ചത് പത്രക്കാരെ മാത്രമല്ല, സംഘാടകരെയും അസ്വസ്ഥരാക്കി.

മുൻനിരയിൽ ഇരുന്ന ഞാൻ ഒരു ചോദ്യവും ചോദിച്ചിരുന്നില്ല. അപമാനം സഹിക്കാനാവാതെ വന്നപ്പോൾ എഴുന്നേറ്റു .. മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ ക്ഷണിച്ചിട്ടാണ് ഞങ്ങൾ വന്നത്. മാന്യമായി പെരുമാറണം. നിങ്ങൾക്ക് വേണ്ടതു പാസല്ലേ എന്നായിരുന്നു പ്രതികരണം. അതോടെ പത്രക്കാരുടെ നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടി. ദീപിക ലേഖകൻ സി എം കൃഷ്ണപ്പണിക്കർ ക്ഷുഭിതനായി എഴുന്നേറ്റു 'നിങ്ങളുടെ അഹങ്കാരം ഞങ്ങളോട് വേണ്ട. പണിക്കരുടെ ശബ്ദം ഹാളിൽ മുഴങ്ങി. മറ്റു പത്രക്കാരും അതിൽ പങ്കു ചേർന്നതോടെ മമ്മൂട്ടി തകർന്നു പോയി. ഒരക്ഷരം മറുപടി പറയാതെ അദ്ദേഹം കസേരയിൽ ചാരിക്കിടന്നു.

മലയാള സിനിമയിലെ സീനിയറും ജൂനിയറും സബ് ജൂനിയറുമായ നടീനടന്മാരുടെ നടുവിൽ നിന്നു കേട്ട ശകാര വചനങ്ങൾ ഒരുപക്ഷേ മമ്മൂട്ടിയുടെ ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരിക്കാം. വാർത്താ സമ്മേളനം അലങ്കോലപ്പെട്ടതോടെ പി വി ഗംഗാധരൻ മൈക്ക് എടുത്തു മമ്മൂട്ടി അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയിൽ സംസാരിച്ചതാണെന്നു വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. അത്താഴവിരുന്നിനു നിൽക്കാതെ പത്രക്കാർ മടങ്ങി. അതിനു മുൻപേ മമ്മൂട്ടിയും പോയി. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി അസ്സലായി അനിയാ എന്നു പറഞ്ഞതാണ്. വെൽഡൺ ബ്രദർ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അന്നു രാത്രി കൈരളി ടി വിയിൽ ക്യാമറമാനായ സുഹൃത്ത് ഫോണിൽ വിളിച്ചു ക്ഷമാപണ രൂപത്തിൽ പറഞ്ഞു. മമ്മൂട്ടി അയാളെ വിളിച്ചു വരുത്തി പത്രസമ്മേളനത്തിന്റെ വിഷ്വൽ കാണിക്കാൻ ആവശ്യപ്പെട്ടെന്നും മുൻനിരയിൽ ഇരുന്ന ഞാൻ ആരാണെന്നു ചോദിച്ചെന്നും. പിറ്റേന്ന് മാധ്യമം കണ്ടപ്പോൾ ഞെട്ടിപ്പോയി. 'അമ്മ ഷോയുടെ വാർത്തക്കൊപ്പം മമ്മൂട്ടിയുമായി നടന്ന വാക്കുതർക്കം വിശദമായി നൽകിയിരിക്കുന്നു. അമ്മ ഷോയുടെ വാർത്ത കൊടുത്ത ശേഷം ഓഫീസിൽ നിന്ന് ഞാൻ പോയിരുന്നു. സിനിമാക്കാരെ കാണാനുള്ള താൽപര്യത്തിൽ എന്നോടൊപ്പം പത്രസമ്മേളനത്തിനു വന്ന സഹപ്രവർത്തകന്റേതായിരുന്നു ഈ സൃഷ്ടി. രാത്രി ഡ്യൂട്ടിക്കാരനായ അയാൾ മറ്റു ബ്യുറോകളിൽ വിളിച്ചപ്പോൾ അവരിൽ ചിലർ ഇതുകൂടി കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. അങ്ങനെയെങ്കിൽ മിസ് ആകേണ്ട എന്നുകരുതി സദുദ്ദേശ്യത്തിൽ കാച്ചിയതാണ്.

കാലത്തു ബ്യുറോയിൽ എത്തിയപ്പോൾ ചെയർമാൻ സിദ്ദിഖ് സാഹിബ് വിളിച്ചെന്ന വിവരമാണ് എതിരേറ്റത്. തിരിച്ചു വിളിച്ചപ്പോൾ ആദ്യത്തെ ചോദ്യം സുഖമാണോ എന്ന്. അതങ്ങിനെയാണ് . കയ്‌പ്പുള്ള എന്തും മധുരത്തിൽ പൊതിഞ്ഞേ തരൂ. മമ്മൂട്ടിയുടെ പത്രസമ്മേളനം അലമ്പാക്കി അല്ലേ ? വിശദമായ മറുപടി ഞാൻ നൽകി. കുറച്ചു കഴിഞ്ഞപ്പോൾ എഡിറ്റർ അബ്ദുറഹ്മാൻ സാഹിബിന്റെ കാൾ . മമ്മൂട്ടിയെ അധിക്ഷേപിക്കാൻ നിങ്ങൾ നേതൃത്വം കൊടുത്തെന്നാണ് പരാതി. അതു നിങ്ങൾ പത്രത്തിൽ കൊടുത്തതു ഒട്ടും ശരിയായില്ല. എനിക്കതിൽ പങ്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം. പക്ഷേ , ജൂനിയറായ ഒരു റിപ്പോർട്ടർക്ക് അത് ബ്ലാക്ക് മാർക്കാകും. ഉത്തരവാദിത്തം ഏറ്റെടുക്കുകയല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു. അധികദിവസം ഒന്നും വേണ്ടിവന്നില്ല. കോഴിക്കോട് ബ്യുറോയിൽ നിന്ന് ഡെസ്‌കിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് എത്തി.. മമ്മൂട്ടി ഇഫെക്ട് എന്നു ഞാൻ മനസ്സിൽ പറഞ്ഞു.

മമ്മൂട്ടിയോടു മോശമായി ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും മറ്റു നടീനടന്മാരുടെ ഇടയിൽ അദ്ദേഹം ആക്രമിക്കപ്പെടുന്നതിനു കാരണക്കാരനായി എന്ന കുറ്റബോധം അന്നും ഇന്നും ഉള്ളിലുണ്ട്. മലയാളത്തിന്റെ മഹാ സൗഭാഗ്യമാണ് ഈ മൂന്നക്ഷരം. അഭിനയത്തോട് അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധതയാണ് എഴുപതിലേക്കു കാലൂന്നുമ്പോഴും മലയാള സിനിമയിൽ അദ്ദേഹം നിറഞ്ഞു നിൽക്കാൻ കാരണം. നാലു പതിറ്റാണ്ടായി മമ്മൂട്ടി ഈ ജൈത്രയാത്ര തുടരുന്നു. അഹങ്കരിക്കാൻ അദ്ദേഹത്തിന് അർഹതയുണ്ട് എന്ന വസ്തുത അംഗീകരിച്ചു കൊണ്ട് ഈ മുഖപുസ്തക താളിലൂടെ മാപ്പ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP