Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിസിനസ് ഗെറ്റു ടു ഗദറിനു ശേഷം മുന്നറിയിപ്പില്ലാതെ ജൂവലറി പൂട്ടിയതോടെ എല്ലാവർക്കും അങ്കലാപ്പായി; മുസ്ലിം ലീഗിന്റെ മേൽവിലാസത്തിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനും കൂട്ടരും നിക്ഷേപം പിരിച്ചപ്പോൾ കൈയച്ച് സഹായിച്ചവർ പെട്ടതുകൊടുംചതിയിൽ; ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജൂവലറി 2017 ൽ നഷ്ടത്തിലായെങ്കിലും ലീഗുകാരുടെ പോക്കറ്റിൽ കൈയിട്ടുവാരുന്നത് തുടർന്നു; 132 കോടിയുടെ ജൂവലറി നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ലീഗും കുരുക്കിൽ

ബിസിനസ് ഗെറ്റു ടു ഗദറിനു ശേഷം മുന്നറിയിപ്പില്ലാതെ ജൂവലറി പൂട്ടിയതോടെ എല്ലാവർക്കും അങ്കലാപ്പായി; മുസ്ലിം ലീഗിന്റെ മേൽവിലാസത്തിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനും കൂട്ടരും നിക്ഷേപം പിരിച്ചപ്പോൾ കൈയച്ച് സഹായിച്ചവർ പെട്ടതുകൊടുംചതിയിൽ; ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജൂവലറി 2017 ൽ നഷ്ടത്തിലായെങ്കിലും ലീഗുകാരുടെ പോക്കറ്റിൽ കൈയിട്ടുവാരുന്നത് തുടർന്നു; 132 കോടിയുടെ ജൂവലറി നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ലീഗും കുരുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

 കാസർഗോഡ്: ജൂവലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമെന്ന് പലവട്ടം പറഞ്ഞൊഴിഞ്ഞെങ്കിലും, മഞ്ചേശ്വരം എംഎൽഎ എം.സി കമറുദീൻ കൂടുതൽ കുരുക്കുകളിലേക്ക് നീങ്ങുകയാണ്. എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വം നിർദ്ദേശം നൽകിയതോടെ പാർട്ടിയും അദ്ദേഹത്തെ കൈവിടുകയാണ്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് എം.സി.കമറുദ്ദീന് പിടിച്ചുനിൽക്കാൻ ആവാതെ പോയത്. പാർട്ടിക്ക് ഇതിലൊന്നും പങ്കില്ലെന്ന് കമറുദ്ദീൻ പലവട്ടം പറഞ്ഞിരുന്നെങ്കിലും ലീഗിന്റെ മേൽവിലാസം ഉപയോഗിച്ചായിരുന്നു പണപ്പിരിവ് എന്ന കാര്യം നിഷേധിക്കാനാവില്ല.

2003 ൽ ചെറുവത്തൂരിൽ തുടങ്ങിയ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ജൂവലറിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പാണ് എം.സി.കമറുദ്ദീനെ വിവാദച്ചുഴിയിലാക്കിയത്. എം.സി ഖമറുദ്ദീൻ ചെയർമാനും ടി.കെ പൂക്കോയ തങ്ങൾ എംഡിയുമായാണ് ജൂവലറിക്ക് തുടക്കമിട്ടത്. കേസും കൂട്ടവുമായതോടെ എംഎൽഎ മുങ്ങിയെന്നാണ് ജനസംസാരം. ഓഗസ്റ്റിൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ എം.സി.കമറുദ്ദീൻ പറഞ്ഞത് ഇങ്ങനെ:'2019 -ൽ ബ്രാഞ്ചുകൾ പൂട്ടി. സ്വത്തുവകകൾ വിറ്റ് പ്രശ്‌നം പരിഹരിക്കാനിരുന്നതാണ്. ലോക് ഡൗൺ ചെറിയ തടസ്സമായി. പിന്നീട് ഷെയർ ഹോൾഡേഴ്‌സിനെ വിളിച്ച് കൂട്ടി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചു. മൂന്ന് മാസം കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ തീരുമാനിച്ചതാണ്. എന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിലവിലെ കേസ്. ഫാഷൻ ഗോൾഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. കൊടുത്ത് തീർക്കാനുള്ളവരുടെ പണം ഉടൻ കൊടുത്തുതീർക്കും- കമറുദ്ദീൻ അന്ന് പറഞ്ഞു. എന്നാൽ ഒന്നും തന്നെ നടന്നില്ല.

കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ടതോടെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പകരക്കാരെ തേടുകയാണ്. ലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ.അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്. മുൻ എംഎൽഎ പി ബി അബ്ദുൽ റസാഖ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് കമറുദ്ദീൻ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച കമറുദ്ദീൻ യുഡിഎഫ് ജില്ലാ ചെയർമാൻ ആയി തുടരുകയായിരുന്നു.

പരാതിയുടെ പിന്നാമ്പുറം

ഒന്നര വർഷം മുൻപ് സ്ഥാപനം പൂട്ടി പോയതോടെ തുക തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ 17 പേർ നിലവിൽ പൊലീസിൽ പരാതി നൽകി. ചന്തേര പൊലീസ് സ്റ്റേഷനിൽ 12 ഉം, കാസർഗോഡ് ടൗൺ സ്റ്റേഷനിൽ 5 ഉം കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊത്തം ഒരു കോടി 83 ലക്ഷം രൂപ തിരിച്ചു കിട്ടാനുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. 800 ഓളം നിക്ഷേപകരിൽ നിന്ന് 132 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിയമ വിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചതിന് സിവിൽ, ക്രിമിനൽ കേസുകൾ വേറെയുമുണ്ട്. അഞ്ച് ചെക്കുകേസുകളിൽ നേരിട്ട് ഹാജരാകാൻ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം

ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഡിവൈഎസ്‌പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കേസുകളുടെ എണ്ണം ഏറിയതോടെയാണ് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്.
ജൂവലറിയിൽ പണം നിക്ഷേപിച്ച മദ്രസ അദ്ധ്യാപകനുൾപ്പെടെയുള്ള ഏഴുപേർ ജില്ലാ പൊലീസ് മേധാവിക്ക് നേരത്തെ പരാതി നൽകിയിരുന്നു. സിവിൽ കേസായാണ് പരിഗണിച്ചത്. ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിക്കുകയും തിരിച്ചുചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ക്രിമിനൽ കേസെടുത്തത്. ആദ്യ മൂന്ന് പരാതികളിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ പരാതിക്കാർ രംഗത്തുവന്നു.

എന്താണ് സംഭവിച്ചത്?

2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഫാഷൻ ഗോൾഡ് ഓർണമെന്റ്, ഖമർ ഫാഷൻ ഗോൾഡ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾ രജിസ്റ്റാർ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റർ ചെയ്തതു. ഒന്നര വർഷം മുൻപ് കമ്പനി അടച്ച് പൂട്ടി. ഇതോടെ നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ചിട്ടും തരുന്നില്ലെന്ന് കാട്ടിയാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്.

പൊതുപ്രവർത്തകരെന്ന സ്വാധീനം ഉപയോഗപ്പെടുത്തിയാണ് ജൂവലറിക്ക് കോടികൾ നിക്ഷേപമായി സ്വീകരിച്ചത്. ഡയറക്ടർമാരായ 15 പേരും ലീഗ് നേതാക്കളാണ്. കബളിപ്പിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും ലീഗ് പ്രവർത്തകരാണ്. 2014ൽ കാസർകോടും 15ൽ പയ്യന്നൂരിലും ശാഖ ആരംഭിച്ചു. 2017 മുതൽ ജൂവലറി നഷ്ടത്തിലാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, കച്ചവടം പൊട്ടിയിട്ടും ജൂവലറിക്ക് 2019 ജൂണിൽവരെ മുദ്രപത്രത്തിൽ കരാർ എഴുതി ലക്ഷങ്ങൾ സമാഹരിച്ചു. ജൂവലറിയുടെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ നവീകരിക്കാനെന്നപേരിൽ അടച്ചു. കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും വിറ്റു

ചട്ടങ്ങൾ കാറ്റിൽ പറത്തി ജൂവലറി പ്രവർത്തനം

ഓരോ വർഷവും ജൂവലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിക്കണം. എന്നാൽ 2017 മുതൽ ഒരു വിവരവും ഫയൽ ചെയ്തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർ.ഒ.സിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല. നിക്ഷേപകരിൽ നിന്നും വൻ തുക ഓഹരിയായി സമാഹരിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം.

സ്ഥാപനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ധാരാളം പേർ നിക്ഷേപം നടത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ബിസിനസ് ഗെറ്റു ടു ഗദറിനു ശേഷം മുന്നറിയിപ്പില്ലാതെ സ്ഥാപനം പൂട്ടിയതോടെയാണ് പണമിടപാടിലെ ദുരൂഹത പലരും തിരിച്ചറിയുന്നത്. പൊതുപ്രവർത്തകരും സമുദായ സംഘടനാ നേതാക്കളുമുൾപ്പടെയുള്ളവരെ വിശ്വസിച്ച് പണം മുടക്കിയവർക്കൊന്നും സ്ഥാപനത്തിന്റെ മൂലധനം സംബന്ധിച്ചോ, നിക്ഷേപകരെ കുറിച്ചോ യാതൊരു വിവരവും ഇല്ല. ഒന്നര വർഷം മുൻപ് കടകൾ അടച്ചുപൂട്ടുന്ന കാര്യവും നിക്ഷേപകർ അറിഞ്ഞിരുന്നില്ല.

വണ്ടിചെക്ക് കേസും

2019 ഡിസംബർ 31ന് എസ്‌ബിഐയുടെ കയ്യൂർ ബ്രാഞ്ചിൽ മാറാനായി 50 ലക്ഷത്തിന്റെ മൂന്ന് ചെക്കു, ജനുവരി 20ന് ചെറുവത്തൂർ യൂണിയൻ ബാങ്കിൽ മാറാനായി 28 ലക്ഷത്തിന്റെ രണ്ട് ചെക്കും നൽകി വഞ്ചിച്ചുവെന്നാണ് പരാതി. ചെക്കുകൾ പണമില്ലെന്ന കാരണത്താൽ മടങ്ങി. അഞ്ച് ചെക്കിലും ഫാഷൻ ഗോൾഡ് ചെയർമാനായ എം സി ഖമറുദ്ദീനും മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളുമാണ് ഒപ്പിട്ടത്.2012ൽ 50 ലക്ഷവും 2013ൽ 50 ലക്ഷവും രണ്ട് തവണയായാണ് ഇവർ ജൂവലറിയിൽ നിക്ഷേപിച്ചത്.പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2017ൽ 22 ലക്ഷം രൂപ നൽകി. ബാക്കി തുകക്ക് അവധി പറഞ്ഞ് ഒഴിഞ്ഞുമാറി. തുടർന്ന് എംഡിയുടെ ചന്തേരയിലെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോഴാണ് എംഎൽഎ ചെക്ക് നൽകിയത്.

അഞ്ച് ചെക്കും മടങ്ങിയതോടെയാണ് കഴിഞ്ഞ മാർച്ചിൽ കോടതിയെ സമീപിച്ചത്. സിവിൽ കേസിൽ ഒക്ടോബർ നാലിനും വണ്ടിച്ചെക്ക് കേസിൽ ഡിസംബറിലും ഹാജരാകണം. ജൂവലറിയുടെ പേരിൽ പയ്യന്നൂരിലുണ്ടായിരുന്ന ഭൂമിയും കെട്ടിടവും അറ്റാച്ച് ചെയ്താണ് സിവിൽ കേസ് നൽകിയത്. ഈ കെട്ടിടം കോടതി അറിയാതെ കഴിഞ്ഞ ജൂൺ 23ന് സബ് രജിസ്ട്രാറെ കബളിപ്പിച്ച് മറിച്ചുവിറ്റെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. രണ്ട് വർഷംവരെ തടവും ഇരട്ടി തുക പിഴവരെ ശിക്ഷ ലഭിക്കാവുന്ന എൻഐ ആക്ട് 138 പ്രകാരമാണ് ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്.

പരാതിക്കാരിൽ ഏറെയും ലീഗുകാർ

ജൂവലറി തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ ദിനംപ്രതി പരാതിക്കാർ കൂടുകയാണ്. നിലവിൽ പരാതി നൽകിയവരിൽ അധികവും ലീഗ് പ്രവർത്തകരാണ്. കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ 30 ലക്ഷമാണ് നിക്ഷേപിച്ചത്. എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം), മുട്ടം വെങ്ങരയിലെ നാലകത്ത് അബ്ദുൾ റഹിമാൻ (15 ലക്ഷം), കാടങ്കോട് സ്വദേശികളായ കെ എം മഹമൂദ്, കദീജ (പത്ത് ലക്ഷം), കെ സി അബ്ദുൾ റസാഖ് (പത്ത് ലക്ഷം), തളിപ്പറമ്പ് ചപ്പാരപടവ് സ്വദേശിനി എ ഷാഹിദ (മൂന്ന് ലക്ഷം), കാങ്കോലിലെ കെ സുബൈദ (അഞ്ച് ലക്ഷം), തൃക്കരിപ്പൂർ തങ്കയത്തെ സി കെ അബ്ദുൾ റഹിമാൻ (ഏഴ് ലക്ഷം), കവ്വായിലെ എം ടി പി ഇല്യാസ് (ആറ് ലക്ഷം), കാങ്കോൽ നോർത്തിലെ അബ്ദുൾ ഖാദർ (എട്ട് ലക്ഷം) എന്നിങ്ങനെയാണ് തുക നിക്ഷേപിച്ചത്. ഇവരാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്.

കാസർകോട് സ്റ്റേഷനിൽ ഉദുമ സ്വദേശികളായ മുഹമ്മദ് ഷാഫി (10 ലക്ഷം), മുഹമ്മദ്കുഞ്ഞി (35 ലക്ഷം), അബ്ദുള്ള മൊയ്തീൻകുഞ്ഞി (3ലക്ഷം), കെ കെ മുഹമ്മദ് ഷാഫി (15ലക്ഷം), അസൈനാർ മൊയ്തീൻകുട്ടി (10 ലക്ഷം) എന്നിവരുടെ പരാതിയാണുള്ളത്. എന്നാൽ, ലീഗിന് ജൂവലറി നിക്ഷേപവുമായി ബന്ധമില്ലെന്ന നിലപാടാണ് കമറുദ്ദീൻ ആദ്യം മുതലേ സ്വീകരിച്ചത്. പാർട്ടിയുടെ മേൽവിലാസവും നേതാവെന്ന വിശ്വാസ്യതയും നിക്ഷേപം സ്വീകരിക്കാൻ ഉപയോഗിച്ച പശ്ചാത്തലത്തിൽ ഈ വാദം ഇനി വിലപ്പോവണമെന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP