Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൃഷിക്ക് മാത്രമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ പാടില്ലെന്ന് ഉത്തരവ്; ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ; കോടതിയലക്ഷ്യ കേസിൽ നിന്നും പിന്മാറാൻ ഉപാധികളോടെ ഉത്തരവ് നടപ്പിലാക്കിയന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവും; ഭൂമി എന്തിനു വേണ്ടി പതിച്ചു നൽകിയെന്ന് കൈവശ സർട്ടിഫിക്കറ്റിൽ റവന്യു ഉദ്യോഗസ്ഥർ രേഖപ്പെടുത്തി നൽകണം

കൃഷിക്ക് മാത്രമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ പാടില്ലെന്ന് ഉത്തരവ്; ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ; കോടതിയലക്ഷ്യ കേസിൽ നിന്നും പിന്മാറാൻ ഉപാധികളോടെ ഉത്തരവ് നടപ്പിലാക്കിയന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവും; ഭൂമി എന്തിനു വേണ്ടി പതിച്ചു നൽകിയെന്ന് കൈവശ സർട്ടിഫിക്കറ്റിൽ റവന്യു ഉദ്യോഗസ്ഥർ രേഖപ്പെടുത്തി നൽകണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പട്ടയ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ തടയാൻ കർശന നടപടി വേണമെന്ന നിലപാടിൽ ഹൈക്കോടതി. കേസിൽ ഹൈക്കോടതി സ്വരം കടുപ്പിച്ചതോടെ ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെ, കോടതിയലക്ഷ്യ കേസിൽ നിന്നു തലയൂരാൻ ഉപാധികളോടെ ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.

സുപ്രീംകോടതിയിൽ സർക്കാർ നൽകിയ പ്രത്യേകാനുമതി ഹർജിയിലെ അന്തിമ ഉത്തരവിനു വിധേയമായി ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കണമെന്നു കാണിച്ചാണ് ഇക്കഴിഞ്ഞ 4നു സെക്രട്ടറി ഉത്തരവിറക്കിയത്. പ്രസക്തമായ 2 കോടതി ഉത്തരവുകൾ തുടർനടപടികൾക്കായി ലാൻഡ് റവന്യു കമ്മിഷണർക്കും എല്ലാ കലക്ടർമാർക്കും എത്തിച്ചു നൽകിയിട്ടുണ്ട്.

ഭൂമി എന്തിനു വേണ്ടി പതിച്ചു നൽകിയതാണെന്ന് കൈവശ സർട്ടിഫിക്കറ്റിൽ റവന്യു ഉദ്യോഗസ്ഥർ രേഖപ്പെടുത്തണമെന്നും നിർമ്മാണ പെർമിറ്റ് നൽകും മുൻപു തദ്ദേശസ്ഥാപനങ്ങൾ അതു പരിശോധിക്കണമെന്നും ഉത്തരവിറക്കാൻ റവന്യു, തദ്ദേശ സെക്രട്ടറിമാരോടു നിർദ്ദേശിക്കുന്ന 2020 ജൂൺ 25ലെ കോടതി ഉത്തരവാണ് ഒന്ന്. സർക്കാർ ഉത്തരവിറക്കുന്നില്ലെന്നു കണ്ടപ്പോൾ എല്ലാ റവന്യു അധികാരികൾക്കും തുടർനടപടിയെടുക്കാനായി കോടതി ഉത്തരവു തന്നെ അയച്ചു നൽകണമെന്ന് ജൂലൈ 29നു പുറപ്പെടുവിച്ച നിർദ്ദേശമാണു മറ്റൊന്ന്.

ഈ ഉത്തരവുകൾ നടപ്പാക്കാത്തതിന് ഹൈക്കോടതി കോടതിയലക്ഷ്യക്കേസിൽ നടപടി തുടങ്ങിയിരുന്നു. വകുപ്പു സെക്രട്ടറിമാർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് ഓഗസ്റ്റ് 14നു കോടതി നിർദ്ദേശിച്ചു. സർക്കാർ ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്നു സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഈയാഴ്ച ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണു റവന്യു വകുപ്പിന്റെ പുതിയ നീക്കം.

കൃഷിക്കു പതിച്ചു നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതു തടയാൻ നടപടി വേണമെന്നാണു കോടതിയുടെ ആവർത്തിച്ചുള്ള നിലപാട്. സംസ്ഥാനമൊട്ടാകെ നിർമ്മാണ പെർമിറ്റിന് അപേക്ഷിക്കാൻ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നുള്ള 2020 ജനുവരി 30ലെ കോടതി ഉത്തരവും തുടർന്നുണ്ടായ വിവിധ ഉത്തരവുകളും സർക്കാർ നടപ്പാക്കാത്തതാണു വകുപ്പു സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടികളിൽ കലാശിച്ചത്. എന്നാൽ, ഈ ഉത്തരവുകൾ സർക്കാരിന്റെ നിയമ നിർമ്മാണ, ഭരണ നിർവഹണ മേഖലകളിലുള്ള കോടതിയുടെ കടന്നുകയറ്റമാണെന്ന വാദമുന്നയിച്ചാണു സർക്കാരിന്റെ അപ്പീൽ.

നേരത്തെ പട്ടയ വ്യവസ്ഥ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിർമ്മാണ അനുമതിക്കു വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്യാൻ 2019 ഓഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒരു വർഷമായിട്ടും ചട്ടഭേദഗതിക്കു സർക്കാരിനു താൽപര്യമില്ലെന്ന് ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. '' പട്ടയ ഭൂമിയിലെ നിർമ്മാണങ്ങളിൽ ഇടപെടേണ്ടെന്നാണു സർക്കാരിന്റെ തീരുമാനമെങ്കിൽ കാരണം വ്യക്തമാക്കി മുന്നോട്ടുപോകാം. മറിച്ച്, നിർമ്മാണം തുടങ്ങിയ ശേഷം ഇടപെടുന്നതും പട്ടയം റദ്ദാക്കുന്നതും ശരിയല്ല. വായ്പയെടുത്തും മറ്റും നിർമ്മാണം നടത്തുന്നവർക്ക് അതു വലിയ നഷ്ടമുണ്ടാക്കും.'' കോടതി വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ മാത്രം നിർമ്മാണത്തിന് റവന്യു എൻഒസി നിർബന്ധമാക്കിയതു വിവേചനപരമെന്നു കാണിച്ച് കൂമ്പൻപാറ സ്വദേശി മേരി ജോസഫ്, വെള്ളത്തൂവൽ സ്വദേശി സി.എസ്. നാസർ തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP